ധനമന്ത്രി പിടിക്കുന്ന പുലിവാലുകള്‍

ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിനെതിരായി ഞാന്‍ നല്‍കിയ അവകാശലംഘന നോട്ടീസിൽ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സുപ്രധാനമായ തീരുമാനമെടുത്തിരിക്കുകയാണ്. നോട്ടീസ് പരിശോധിച്ച് അദ്ദേഹം അത് നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ്‌ എത്തിക്സ് കമ്മിറ്റിയുടെ പരിശോധനക്ക് അയച്ചിരിക്കുന്നു. കേരള നിയമസഭയില്‍ ആദ്യമായാണ്‌ മന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് സ്പീക്കര്‍ നിയമസഭ കമ്മിറ്റിയുടെ പരിഗണനക്ക് അയച്ചിരിക്കുന്നത് എന്നതുകൊണ്ട് ഈ തീരുമാനം ചരിത്രത്തി​െൻറ ഭാഗമാവുകയാണ്.

എന്താണ്​ അവകാശലംഘനം?

എന്താണ് അവകാശലംഘന നോട്ടീസ് നല്‍കാൻ കാരണം? കംപ്​​ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഭരണഘടന സ്ഥാപനമാണ്‌. അതി​െൻറ നടപടിക്രമങ്ങളും ഭരണഘടനാപരമാണ്. സി.എ.ജി വിവിധ വകുപ്പുകളില്‍ നിയമപരമായ ഓഡിറ്റ്​ നടത്തുമ്പോള്‍ നിരവധി പ്രാവശ്യം സര്‍ക്കാറുമായി ബന്ധപ്പെടും. ഭരണഘടനയുടെ 151 (2) വകുപ്പ് പ്രകാരം സി.എ.ജി ഫൈനല്‍ റിപ്പോര്‍ട്ട് ഗവർണര്‍ക്ക് സമര്‍പ്പിക്കേണ്ടതും ഗവർണര്‍ അതു നിയമസഭയില്‍ വെക്കേണ്ടതുമാണ്. ഗവർണര്‍ക്കുവേണ്ടി ഇതു ചെയ്യാറുള്ളത് സംസ്ഥാന ധനമന്ത്രിയാണ്. സി.എ.ജിയുടെ ഓഡിറ്റ്​ റിപ്പോര്‍ട്ട് രഹസ്യസ്വഭാവമുള്ളതാണ്. 2013ല്‍ സി.എ.ജി ഇറക്കിയ സര്‍ക്കുലറില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. റിപ്പോര്‍ട്ട് തയാറാക്കുന്നതി​െൻറ തുടക്കം മുതല്‍ ഒടുക്കം വരെ, അതായത് നിയമസഭ മേശപ്പുറത്ത്​ വെക്കുന്നതുവരെ അത് രഹസ്യരേഖയായിത്തന്നെ സൂക്ഷിക്കണം. ഭരണഘടനയില്‍ കൃത്യമായി നിയമസഭയില്‍ വെക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഇല്ലെങ്കില്‍ സി.എ.ജിക്ക് വാർത്താസമ്മേളനം വിളിച്ചുകൂട്ടി പറയാമായിരുന്നു. പാര്‍ലമെൻറിലും നിയമസഭയിലും സി.എ.ജി റിപ്പോര്‍ട്ട് ​െവക്കണമെന്ന് പറയുന്നതുകൊണ്ട് തന്നെ അത് സഭയുടെ അവകാശമാണ്. സഭയില്‍ വരുന്നതിനുമുമ്പ് പുറത്ത് പറഞ്ഞാല്‍ അത്​ സഭയുടെ അവകാശ ലംഘനമാകും.

കഴിഞ്ഞ നവംബര്‍ 14ന്​ ധനകാര്യമന്ത്രി ഒരു വാർത്താസമ്മേളനം വിളിച്ചു 2018-19ലെ ഇനിയും പുറത്തുവരാത്ത സി.എ.ജി റിപ്പോര്‍ട്ടിെൻറ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുകയും സി.എ.ജിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഏജന്‍സിയായ 'കിഫ്ബി' സംസ്ഥാന സര്‍ക്കാറി​െൻറ ഗാരൻറിവെച്ചു വിദേശ ലോണ്‍ എടുത്തത് ഭരണഘടനയുടെ 293 (1) വകുപ്പി​െൻറ ലംഘനമാണെന്ന സി.എ.ജി നിരീക്ഷണമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ആദ്യ വാർത്താസമ്മേളനത്തില്‍ കരട് റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞ മന്ത്രി പിന്നീട് ഫൈനല്‍ റിപ്പോര്‍ട്ട് തന്നെയായിരുന്നു എന്ന് തിരുത്തി. കരട് ആണോ ഫൈനല്‍ റിപ്പോര്‍ട്ട് ആണോ എന്നതിനും റിപ്പോര്‍ട്ടി​െൻറ ഉള്ളടക്കത്തിനും ഇവിടെ പ്രസക്തിയില്ല. റിപ്പോര്‍ട്ട് നിയമസഭയുടെ മുന്നില്‍ വെക്കുന്നതിനു മുമ്പുള്ള ഏത് ഘട്ടത്തിലായാലും അത് പുറത്ത് പറയുന്നത് ഗുരുതരമായ തെറ്റും, ഭരണഘടനാലംഘനവും നിയമസഭയുടെ അവകാശലംഘനവുമാണ്.

റിപ്പോര്‍ട്ട് നിയമസഭ ടേബിളില്‍ വെക്കുന്നതിനു മുമ്പും ശേഷവും സി.എ.ജി നിരീക്ഷണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാറിനു നിരവധി അവസരങ്ങളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ വിശദ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സര്‍ക്കാറിനു എല്ലാ രീതിയിലുമുള്ള അവസരങ്ങള്‍ നല്‍കാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് തോമസ്‌ ഐസക്കിനെപ്പോലെ പത്തു പ്രാവശ്യം നിയമസഭയില്‍ സി.എ.ജി റിപ്പോര്‍ട്ട് ​െവച്ച ഒരു ധനമന്ത്രി, മുമ്പ് പി.എ.സി ചെയര്‍മാനായിരുന്ന ഒരാള്‍ വാർത്താസമ്മേളനം വിളിച്ചു സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയത്‌.

പിറകില്‍ രാഷ്​ട്രീയ കാരണങ്ങള്‍

സാധാരണ നിയമസഭയില്‍ റിപ്പോര്‍ട്ട് വരുന്നത് 2021 ഫെബ്രുവരിയിലാകും. അപ്പോള്‍ കിഫ്ബിയെക്കുറിച്ച റിപ്പോര്‍ട്ടിലെ നിരീക്ഷണം വലിയ ചര്‍ച്ചയാകുകയും ധനമന്ത്രി പ്രതിരോധത്തിലാകുകയും ചെയ്യും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുമ്പോള്‍ അത് തെരഞ്ഞെടുപ്പ് വിഷയമായേക്കാം. അതുകൊണ്ട് കൗശലത്തോടെ ഒരു മുഴം നീട്ടിയെറിഞ്ഞു. പ്രതിരോധത്തിലാകേണ്ട മന്ത്രി സി.എ.ജിക്കെതിരെ ആഞ്ഞടിച്ചു. നിലവില്‍ കേരളത്തിലെ സി.പി.എം കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സമരം ചെയ്യുന്നതി​െൻറ കൂടെ സി.എ.ജിയെക്കൂടി ചേര്‍ത്തുവെച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളും സി.എ. ജിയും തമ്മില്‍ അജഗജാന്തരമുണ്ട് എന്ന കാര്യം ഐസക്കിന് അറിയാഞ്ഞിട്ടല്ല. കേന്ദ്രവിരുദ്ധ സമരത്തി​െൻറ കൂടെ സി.എ.ജി വിരുദ്ധസമരം കൂടിയാ കട്ടെ എന്ന് അദ്ദേഹം തീരുമാനിച്ചു. നിയമസഭയുടെ അവകാശം ലംഘിച്ചാല്‍ വരാവുന്ന കുഴപ്പം ഇത്ര വലുതാകുമെന്ന്​ അദ്ദേഹം ചിന്തിച്ചുമില്ല.

സമിതി സഭയുടെ അന്തസ്സ്​ ഉയർത്തും

ഇനി നിയമസഭ എത്തിക്സ് കമ്മിറ്റിയാണ് ഇതു പരിശോധിക്കേണ്ടത്. അവര്‍ക്ക് പരാതിക്കാരനായ എന്നെയും മന്ത്രിയെയും വിളിച്ചു വരുത്തി ചര്‍ച്ചചെയ്യാം. ഭരണകക്ഷിക്ക് ആളുകള്‍ കൂടുതലുള്ള സമിതിയാണിത്. ഇത്തരം സമിതികളിലെ ഭൂരിപക്ഷമല്ല പ്രധാനം. സ്പീക്കര്‍ നിയമസഭയുടെ നാഥന്‍ എന്ന നിലയില്‍ സഭാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എടുത്ത പ്രധാനപ്പെട്ട തീരുമാനം പോലെതന്നെ സഭാസമിതിയും അവസരത്തിനൊത്തുയരണം. സഭയുടെ അവകാശലംഘനം നടത്തിയ മന്ത്രിക്കെതിരെ, അദ്ദേഹം ചെയ്ത തെറ്റിന് ആനുപാതികരീതിയില്‍ ഒരു നടപടി നിർദേശിക്കണം. അത് സഭയുടെ അന്തസ്സുയര്‍ത്തും.

ധനമന്ത്രി സഭാ അവകാശലംഘനം മാത്രമല്ല നടത്തിയത്. 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തി​െൻറ ലംഘനവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയിട്ടുണ്ട്. ബജറ്റ് രേഖകള്‍, സി.എ.ജി റിപ്പോര്‍ട്ട് എന്നിവ പ്രസിദ്ധപ്പെടുത്തുന്നതുവരെ ഔദ്യോഗിക രഹസ്യങ്ങളാണ്. ആദ്യ കേരളമന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സി. അച്യുതമേനോ​െൻറ ആദ്യ ബജറ്റ് ചോര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അത് ചോര്‍ത്തിയ കൗമുദി ബാലകൃഷ്ണനെതിരായി നിയമനടപടികള്‍ സ്വീകരിച്ചു. ഇതുസംബന്ധിച്ച്​ 1960ലെ സുപ്രധാനമായ കേരള ഹൈകോടതി വിധിയില്‍ ഔദ്യോഗികരഹസ്യം ചോര്‍ത്തിയാൽ കുറ്റമെന്താണെന്നു വിശദമായി പ്രതിപാദിക്കുന്നുണ്ട്. സമാനമായ സാഹചര്യം നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ഔദ്യോഗികരഹസ്യം ചോര്‍ത്തിയതിനു ധനമന്ത്രിക്കെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

മന്ത്രിമാരും ചട്ടക്കൂട്ടിലാണ്​

മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന്, ഭരണഘടനയോടു കൂറും വിധേയത്വവും പുലര്‍ത്തുമെന്നും (Oath of the Office) രണ്ടാമത്​, ഔദ്യോഗികരഹസ്യങ്ങള്‍ സൂക്ഷിക്കുമെന്നും (Oath of Secrecy). ഐസക്​ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. മന്ത്രിയെന്ന നിലയില്‍ കാത്തുസൂ ക്ഷിക്കേണ്ട ഔദ്യോഗികരഹസ്യം പരസ്യമായി വിളിച്ചുപറഞ്ഞപ്പോൾ തന്നെ അത് ലംഘിച്ചു. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ കുറിച്ച പരാമര്‍ശവും നിയമലംഘനമാണ്. വിജിലന്‍സിനെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ കടത്തരുതെന്നാണ് അദ്ദേഹം പറഞ്ഞത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലീസ് കയറുന്നതിനെ തടയുന്നതിനു തുല്യമാണിത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് അദ്ദേഹത്തിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 353 ാം വകുപ്പനുസരിച്ച് കേസെടുക്കണം.

മന്ത്രിമാരുടെ അതിര്‍ത്തി തലക്കു മുകളില്‍ ആകാശവും താഴെ ഭൂമിയുമാകരുത്. അവര്‍ ഭരണഘടനയുടെയും വി.ഡി. സതീശൻ എം.എൽ.എനിയമങ്ങളുടെയും ചട്ടക്കൂട്ടില്‍നിന്നു വേണം പ്രവര്‍ത്തിക്കേണ്ടത്.

Tags:    
News Summary - the trouble of finance minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.