ഭരണനിർവഹണ രംഗത്തെ വേഗപ്പൂട്ടുകൾ

കേരളം ഒരു ഭരണത്തുടർച്ചയിലൂടെ വീണ്ടുമൊരു ഭരണകാലഘട്ടത്തിലേക്ക്​ പ്രവേശിച്ചിരിക്കുന്നു. മന്ത്രിമാരിൽ ഭൂരിപക്ഷവും കന്നിക്കാരും ചിലർ സഭയിൽ ആദ്യമായി എത്തുന്നവരുമാണ്. റൂൾസ് ഓഫ് ബിസിനസിൽ തീരെ അഭിജ്ഞരല്ലാത്തവരുടെ വലിയ കൂട്ടായ്മ ഭരണരംഗത്ത് സൃഷ്​ടിക്കാവുന്ന വേഗപ്പൂട്ടുകൾ അത്ര നിസ്സാരമായിരിക്കില്ല.

ഭരണനേതൃത്വത്തി​െൻറ ചുക്കാൻ ഏതു മുന്നണിയുടെ ​ൈകയിലായിരുന്നാലും ആത്യന്തികമായി ഏകോപനവും നിർവഹണവും സിവിൽ സർവിസ് കൈകാര്യം ചെയ്യുന്നവരിൽതന്നെ ആയിരിക്കും. അതുകൊണ്ടായിരിക്കണം കഴിഞ്ഞ പ്രാവശ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ഉടൻ സെക്ര​േട്ടറിയറ്റ് ഉദ്യോഗസ്ഥരെ മുഴുവൻ വിളിച്ചുകൂട്ടി പിണറായി വിജയൻ പറഞ്ഞത്: 'ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന്'. സാമൂഹിക പ്രതിബദ്ധതയുള്ള, ജനക്ഷേമതൽപരനായ ഒരു ഭരണാധികാരിക്ക് ത​െൻറ ഉദ്യോഗസ്​ഥർക്ക്​ നൽകാവുന്ന ഏറ്റവും വൈകാരികമായൊരു താക്കീതാണത്. പ്രത്യേകിച്ച്, സംസ്ഥാനത്തെ അമ്പതോളം വകുപ്പുകളും ഉപവകു പ്പുകളും നൂറിലേറെ പൊതുമേഖലാ സ്ഥാപനങ്ങളിലുമായി പ്രവർത്തിക്കുന്ന അഞ്ചേകാൽ ലക്ഷം വരുന്ന ജീവനക്കാരുടെയും മുഴുവൻ കാര്യങ്ങളിലും അന്തിമ തീട്ടൂരം പുറപ്പെടുവിക്കാൻ നിയോഗിതരായിട്ടുള്ള ഭരണസിരാകേന്ദ്രത്തിലെ 148 ഐ.എ.എസ് കാരും, അവർക്ക് കീഴിലെ അയ്യായിരത്തോളം വരുന്ന സെക്ര​േട്ടറിയറ്റ് ജീവനക്കാരോടുമാകുമ്പോൾ എന്തുകൊണ്ടും പ്രസക്തം.

എന്നാൽ, ആ താക്കീതി​െൻറ പ്രതിഫലനമെന്തെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തെ ഫയൽ ചംക്രമണത്തിൽ കണ്ടുവോ? സാധാരണ ജനങ്ങൾ ആവലാതികളിൽ കാലവിളംബം ഇല്ലാതെ കാര്യങ്ങൾ തീർപ്പായെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടോ? അങ്ങനെ ആർക്കും ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ മാറ്റിമറിക്കാവുന്നതല്ല സിവിൽ സർവിസിലെ ഉരുക്കുചട്ടക്കൂടെന്ന്​ ഉദ്യോഗസ്ഥർ തെളിയിക്കുകതന്നെ ചെയ്തു. എന്തായാലും രണ്ടാം വരവിൽ സമാന സാഹസത്തിന് മുഖ്യമ​ന്ത്രി മുതിർന്നതേയില്ല. അദ്ദേഹത്തിന് കീഴിലെ വകുപ്പുകളിലൊന്നായ പി.ആൻഡ്​ എ.ആർ.ഡിയുടെ കണക്കു പ്രകാരം സെക്ര​േട്ടറിയറ്റിൽ മാത്രം തീർപ്പാക്കപ്പെടാതെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം 1,21,000 ആണ്​. ഇതു കൂടാതെ വിവിധ വകുപ്പുകൾക്ക് കീഴിലെ ഡയറക്ടറേറ്റുകളിലും റീജനൽ - ജില്ല - താലൂക്ക് ഓഫിസുകളിലും മറ്റും കെട്ടിക്കിടക്കുന്ന മറ്റു ഫയലുകളുടെ എണ്ണം കൂടി തിട്ടപ്പെടുത്തിയാൽ ഒരു പക്ഷേ, കേരളത്തിലെ മൊത്തം ജനസംഖ്യയെക്കാൾ കൂടുതലായിരിക്കുമത്.

ഭരണവേഗത കൂട്ടാനാണ് സെക്ര​േട്ടറിയറ്റിൽ കോടികൾ ചെലവഴിച്ച് ഇ -ഫയലിങ്​ കൊണ്ടുവന്നത്. അതോടെ കാര്യങ്ങൾ ശരവേഗത്തിലാകുമെന്ന പ്രതീക്ഷ കൂടുതൽ തകിടം മറിഞ്ഞതേയുള്ളൂ. ഇ -ഫയലിങ്​ നടപ്പാക്കുന്നതിന് മുമ്പ്​ ഉത്തരമലബാറിൽനിന്നുമൊക്കെ സ്വന്തം ഫയലുകളുടെ മേൽ മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും തുടർ നടപടി ഇല്ലാത്തതിനാൽ വണ്ടിക്കൂലിയും കടംവാങ്ങി തിരുവനന്തപുരം സെക്ര​േട്ടറിയറ്റിൽ എത്തുന്ന കുറെ പാവം ഉദ്യോഗസ്ഥരുണ്ട്. ബന്ധപ്പെട്ട സെക്​ഷനിൽ ചെന്ന്​ മേലുദ്യോഗസ്​ഥ​രെ കാര്യം പറഞ്ഞ്​ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ഫിസിക്കൽ ഫയൽ എടുത്ത് കാര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. എന്നാൽ, ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് മാറിയതോടെ ആ സാധ്യതയും ഇല്ലാതായി. യഥാർഥത്തിൽ ഒരൽപം ഇച്ഛാശക്തിയും സഹജീവികളോട് അനുതാപവും ഉണ്ടെങ്കിൽ ഇ- ഫയലിങ്ങി​െൻറ അനന്തസാധ്യത ലോക്ഡൗൺ കാലത്തും ഒരനുഗ്രഹമാക്കി തീർക്കാം.

സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരത്തിൽ വന്ന മന്ത്രിമാരിലധികപേരും ത​െൻറ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകളിന്മേൽ ഉടൻ തീർപ്പുകൽപിക്കുന്നതിനെ കുറിച്ച് പറഞ്ഞു കേട്ടില്ല. എങ്കിലും, വില്ലേജ് ഓഫിസർമാരെ മുഖ്യമന്ത്രി അടുത്തിടെ ഉദ്​ബോധിപ്പിച്ചത്​ ഫലിച്ചാൽ കൂടുതൽ 'സാംകുട്ടി' സംഭവങ്ങളെങ്കിലും ആവർത്തിക്കാതിരിക്കുമെന്ന്​ പ്രത്യാശിക്കാം. തിരുവനന്തപുരം വെള്ളറട വില്ലേജ്​ ഓഫിസിൽ വർഷങ്ങളായി കയറിയിറങ്ങിയിട്ടും പോക്കുവരവ് സർട്ടിഫിക്കറ്റ് കിട്ടാത്ത ദേഷ്യത്തിലാണ്​ താൻ വില്ലേജ്​ ഓഫിസ് കത്തിച്ചതെന്ന് പൊലീസിനോട് ഉറക്കെ വിളിച്ചുപറഞ്ഞ സാംകുട്ടി, നിസ്സഹായരായ സാധാരണ മലയാളിയുടെ പ്രതിനിധിയാണ്​. കേരളമാകെ ചർച്ച ആ സംഭവം കൊണ്ടെങ്കിലും ഉദ്യോഗസ്​ഥ മനോഭാവത്തിൽ എന്തെങ്കിലും മാറ്റമുണ്ടായോ ​? ഇല്ല തന്നെ, 2018 ൽ തൃപ്പൂണിത്തുറക്കടുത്തുള്ള ആമ്പല്ലൂർ വില്ലേജ്​ ഓഫിസിന്​​ രവി എന്നൊരാൾ തീവെച്ചു. 1983 ൽ വില കൊടുത്തു വാങ്ങിയ ഭൂമിക്ക്​ 35 വർഷമായി കരമടച്ചിട്ടും തണ്ടപ്പേര് നൽകാതെ വട്ടം കറക്കിയതിലുള്ള അമർഷം കൊണ്ടാണ് ഈ 70കാരൻ അതിനു മുതിർന്നത്​.

സംസ്ഥാനത്ത് ഇനിമേൽ സാംകുട്ടിമാരും രവിമാരും ഉണ്ടാകാതിരിക്കാനുള്ള ശാശ്വത നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെങ്കിലും കൗൺസിൽ ഓഫ് മിനിസ്​റ്റേഴ്​സി​െൻറ കൂടി മൊത്തം അധികാരം മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കാനായി റൂൾസ് ഓഫ് ബിസിനസ്​ ഭേദഗതി ചെയ്യാനായുള്ള ഫയൽ വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. 2020 ൽ നടന്ന ഈ നീക്കം കൗൺസിലി​െൻറ പരമാധികാരം നഷ്​ടപ്പെടുമെന്ന വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് ഉപേക്ഷിക്കപ്പെട്ടത്. സംസ്​ഥാനത്തെ ഏതെങ്കിലും വകുപ്പിൽ ജോലി ചെയ്യുന്ന ഒരു പ്യൂണി​െൻറ ​െഡപ്യൂട്ടേഷൻ അപേക്ഷ തീർപ്പാക്കണമെങ്കിൽ താലൂക്ക് - ജില്ല - റീജനൽ - സംസ്ഥാന ഡയറക്ടറേറ്റുകളൂം കഴിഞ്ഞ് തിരുവനന്തപുരത്ത് വകുപ്പ് സെക്രട്ടറിയും മന്ത്രിയും മുഖ്യമന്ത്രിയും വരെ കാണണമെന്ന അർഥശൂന്യവും അശാസ്ത്രീയവുമായ ഈ നടപടി അല്ലേ ആദ്യം അവസാനിപ്പിക്കേണ്ടത്?

1957 മുതൽ പ്രവർത്തിച്ചുവരുന്ന ഭരണ പരിഷ്​കാരകമീഷനുകളുടെ ഇതുവരെയും ആരും തുറന്നു നോക്കാത്ത മുൻ മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും ചേർന്ന് തയാറാക്കിയ, തുറന്നു നോക്കാതെ പൊടിയടിച്ചുകിടക്കുന്ന യമണ്ടൻ ശിപാർശകൾ പാവപ്പെട്ട നികുതി ദായകരുടെ കോടികൾ ചെലവഴിച്ച് ഉൽപാദിപ്പിച്ചവയാണെന്ന് വിസ്മരിക്കരുത്.

എല്ലാ ദിവസവും പൊതുകടത്തി​െൻറ പെരുപ്പം പറഞ്ഞുകൊണ്ടിരിക്കാതെ കുറഞ്ഞപക്ഷം സി.എ.ജി കണ്ടെത്തിയ നികുതി കുടിശ്ശികയായ 20,146 കോടി രൂപ പിരിച്ചെടുക്കാനുള്ള ശക്തമായ നടപടികൾ ഉണ്ടാകണം. വൻ തുക കുടിശ്ശിക വരുത്തിയ മുതലാളിമാർക്ക് അതിനെതിരെ സ്​റ്റേ കിട്ടാൻ പാകത്തിൽ ഉദ്യോഗസ്ഥരെ പരുവപ്പെടുത്തി കൊടുക്കാതിരിക്കാനുള്ള ആർജ്ജവം ഉണ്ടാവണം. ജൂൺ 11 മുതൽ ആരംഭിച്ച നൂറുദിന കർമപരിപാടിയുടെ ഭാഗമായി 77,350 പേർക്ക് വിവിധ വകുപ്പുകൾക്ക് കീഴിൽ തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷനൽകുന്ന കാര്യമാണ്. നൂറുദിനംകൊണ്ട് ഇതു യാഥാർഥ്യമാകുന്നതോടെ ഈ സർക്കാറിന് ഇനി ശേഷിക്കുന്ന 1700 ദിനങ്ങളിലൂടെ കേരളത്തിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവതീയുവാക്കൾക്കു വേണ്ടി ഒരുക്കി​െവച്ചിരിക്കുന്നത് മൊത്തം 13, 14, 950 പേർക്ക് ലഭിക്കുന്ന തൊഴിലവസരങ്ങളാണോ? ഒരുപക്ഷേ, ഭരണരംഗത്തെ വേഗപ്പൂട്ടുകൾ ഒഴിവാക്കിയാൽ അതിലുമേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ആർക്കാണ് അറിയാത്തത്.

Tags:    
News Summary - The pace of governance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.