ഡോ. മുഹമ്മദ്​ റഫ്​അത്ത്​

ഡോ. റഫ്​അത്ത്: സൗമ്യനായ ധിഷണാശാലി

ജമാഅത്തെ ഇസ്‌ലാമി ഹിന്ദി​െൻറ കേന്ദ്ര കൂടിയാലോചന സമിതിയംഗവും ഡൽഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ ഫിസിക്‌സ് വിഭാഗം മുൻമേധാവിയുമായിരുന്ന ഡോ. മുഹമ്മദ് റഫ്​അത്തി​െൻറ നിര്യാണവാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിന് പൊതുവിലും ഇസ്​ലാമിക പ്രസ്ഥാനത്തിന് പ്രത്യേകിച്ചും വലിയ നഷ്​ടമാണ് ആ വിയോഗത്തിലൂടെ സംഭവിച്ചിട്ടുള്ളത്.

പരിണതപ്രജ്ഞനായ പണ്ഡിതനും ധിഷണാശാലിയായ എഴുത്തുകാരനുമായിരുന്നു ഡോ. റഫ്​അത്ത്​. ഖുർആനിക വിഷയങ്ങളും ശാസ്ത്രവിഷയങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവം പണ്ഡിതരിൽ ഒരാളായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിന് അടുത്തുള്ള ഗ്രാമത്തിൽ ജനിച്ച അദ്ദേഹം അലീഗഢിൽ ആയിരുന്നു ചെറുപ്പകാലം കഴിച്ചുകൂട്ടിയത്. പ്രാഥമിക വിദ്യാഭ്യാസവും ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസവും അലീഗഢ്​ മുസ്‌ലിം യൂനിവേഴ്സിറ്റിയിൽനിന്നു പൂർത്തിയാക്കി. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാൺപുർ ഐ.ഐ.ടിയിൽനിന്ന്​ ഡോക്ടറേറ്റ് കരസ്ഥമാക്കി.

സ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ശാസ്ത്രവിഷയങ്ങളിൽ പ്രതിഭ തെളിയിച്ചു. ജീവിതത്തിലുടനീളം യുക്തിഭദ്രമായ ചിന്തയും അവഗാഹമുള്ള വിജ്ഞാനവും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇസ്‌ലാമിക വിദ്യാർഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാലം മുതൽ പണ്ഡിതന്മാരുമായും ഇസ്‌ലാമിക തത്ത്വചിന്തകരുമായും മത തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളുമായും ബന്ധപ്പെടാനും അടുത്തിടപഴകാനും അവസരം ലഭിച്ചിരുന്നു.

ഏത് സങ്കീർണ വിഷയവും യുക്തിഭദ്രമായും അയത്​നലളിതമായും അവതരിപ്പിക്കാനുള്ള അദ്ദേഹത്തി​െൻറ കഴിവ് പലപ്പോഴും ശ്രോതാക്കളെ അത്ഭുതപ്പെടുത്താറുണ്ട്. പൊതുപരിപാടികളിൽ മാത്രമല്ല, കൂടിയാലോചന സമിതികളിലും വിഷയം അവതരിപ്പിക്കുമ്പോൾ ഇതൾവിരിഞ്ഞുവരുന്ന ആശയങ്ങൾ കേൾവിക്കാരിൽ കൗതുകമുണർത്താറുണ്ട്. വിദ്യാസമ്പന്നരെയും ബുദ്ധിജീവികളെയും ധാരാളമായി ആകർഷിക്കാനും അവരിൽ പരിവർത്തനങ്ങൾ ഉണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ആധുനിക കാലഘട്ടത്തിലും ആധുനികാനന്തര കാലഘട്ടത്തിലും മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ധൈഷണികപ്രശ്നങ്ങളെയും പ്രായോഗിക പ്രതിസന്ധികളെയും വിശകലനം ചെയ്യുന്ന ലേഖനങ്ങളും എഴുത്തുകളും അദ്ദേഹത്തി​േൻറതായി ധാരാളമുണ്ട്. അദ്ദേഹം ബന്ധപ്പെട്ടുനിന്ന പ്രസ്ഥാനങ്ങളിൽ മാത്രമല്ല, സമൂഹത്തി​െൻറ എല്ലാ വിഭാഗങ്ങളിലും അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ധാരാളം ശിഷ്യന്മാരുണ്ട്.

യുവതലമുറയെ വിശ്വാസവുമായി അടുപ്പിക്കുന്നതിലും അവരുടെ സ്വഭാവചര്യകളെ സംസ്കരിച്ചെടുക്കുന്നതിലും അദ്ദേഹത്തി​െൻറ പ്രകൃതവും ധിഷണയും വലിയ പങ്കുവഹിച്ചു. അബുൽ അഅ്​ല മൗദൂദിയുടെ ചിന്തകളിലും രചനകളിലും ചെറുപ്പത്തിൽതന്നെ ആകൃഷ്​ടനായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ അവയെ മുന്നോട്ടുനയിക്കുന്നതിൽ ഡോക്ടർ വലിയ പങ്കുവഹിച്ചു.

ഇന്ന് രാജ്യത്തിനകത്തും പുറത്തും മഹത്തായ സേവനങ്ങൾ അർപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി പേർ അദ്ദേഹത്തി​െൻറ ഔപചാരികവും അല്ലാത്തതുമായ ശിഷ്യരായുണ്ട്. മാതൃകായോഗ്യനായ ആ അധ്യാപകൻ വിദ്യാർഥികളുടെ പാഠ്യ-പാഠ്യാനുബന്ധ-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥിസമൂഹത്തി​െൻറ മെൻററായി പ്രവർത്തിച്ചു. ജാമിഅ മില്ലിയ്യയിൽ കഴിവുതെളിയിച്ച വകുപ്പ്മേധാവിയായിരുന്നു അദ്ദേഹം.

അദ്ദേഹത്തി​െൻറ ജീവിതം ആദ്യന്തം ലളിതമായിരുന്നു. ജീവിതവിഭവങ്ങൾ വളരെ കുറച്ച് മാത്രമേ അദ്ദേഹം ഉപയോഗിച്ചുള്ളൂ. ഭക്ഷണം, വസ്ത്രം, യാത്ര, വീട്-എല്ലാം ലളിതമായിരുന്നു. ഒരു ജോടി വസ്ത്രം വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കും. ഡൽഹി ജാമിഅ മില്ലിയ്യ കാമ്പസിലൂടെ നടക്കുമ്പോൾ സർവാദരണീയനായ ഒരു അധ്യാപകനാണ് നടന്നുനീങ്ങുന്നതെന്ന് മനസ്സിലാക്കാൻ കഴിയില്ല. സുഖാഡംബരങ്ങളോട് ഒട്ടും ഭ്രമമില്ലാത്ത ഒരു വിശ്വാസി. ആത്മീയപ്രഭ ചൊരിയുന്ന സൂഫി വര്യൻ. അദ്ദേഹത്തി​െൻറ തുറന്ന പ്രകൃതവും സൗമ്യമായ പെരുമാറ്റവും ആരെയും ആകർഷിക്കുന്നതായിരുന്നു.

തനിക്ക് ബോധ്യപ്പെട്ട സത്യം ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന ധീരനായിരുന്നു. ചുറ്റുമുള്ളവർ എന്തു ചിന്തിക്കുന്നു എന്നത് ഒരിക്കലും അദ്ദേഹത്തി​െൻറ പരിഗണന വിഷയമാകാറില്ല. ദാനധർമം അദ്ദേഹത്തി​െൻറ സ്വകാര്യശീലമായിരുന്നു. സ്വന്തം ജീവിതസൗകര്യത്തെ ഏറ്റവും ചുരുക്കി മറ്റുള്ളവരുടെ ജീവിതം സൗകര്യമായിത്തീരാൻ അദ്ദേഹം ആഗ്രഹിച്ചു.

ഭൗതികശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ട സെമിനാറുകളിലും അക്കാദമിക പ്രവർത്തനങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ഡോ റഫ്​അത്ത്​. മരിക്കുമ്പോൾ സെൻറർ ഫോർ സ്​റ്റഡീസ് ആൻഡ് റിസർച്ച് (സി.എസ്.ആർ) എന്ന ഗവേഷണകേന്ദ്രത്തി​െൻറ മേധാവിയായിരുന്നു ഡോ. റഫ്​അത്ത്​.

വ്യത്യസ്ത വിജ്ഞാനശാഖകളെ ഇസ്‌ലാമി​െൻറ മൗലിക വീക്ഷണകോണിലൂടെ നോക്കിക്കാണുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുകയാണ് സി.എസ്.ആറി​െൻറ ദൗത്യം. വീക്ഷണങ്ങളിലെ സന്തുലിതത്വമായിരുന്നു ഡോക്​ടറുടെ വലിയ സവിശേഷതകളിലൊന്ന്. മറ്റൊരു പണ്ഡിതൻ വന്ന് പൂരിപ്പിക്കും വരെ അദ്ദേഹത്തി​െൻറ അസാന്നിധ്യം ഇന്ത്യൻ പണ്ഡിതലോകത്ത് അനുഭവപ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.