നയങ്ങളാണ് മുഖ്യം നേതാക്കളല്ല...

സംഘ്പരിവാർ രാഷ്ട്രീയം രാജ്യത്ത് എന്നത്തേക്കാളും പിടിമുറുക്കിയ കാലത്താണ് സി.പി.എമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാകുന്നത്. മതേതര രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്, സി.പി.എമ്മിന്റെ അതിജീവന ശ്രമങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി `മാധ്യമ​​'ത്തോട് സംസാരിക്കുന്നു...

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സംഘ്പരിവാർ ഒന്നുകൂടി ശക്തരായിരിക്കുന്നു. മതേതര, ജനാധിപത്യകക്ഷികൾക്ക് മുന്നിലുള്ള വഴി എന്താണ്?

ഒന്നിക്കുക. അതു മാത്രമാണ് മുന്നിലുള്ള മാർഗം. ജനങ്ങളെ ഹിന്ദു - മുസ്ലിം എന്ന നിലയിൽ ഭിന്നിപ്പിക്കുക മാത്രമാണ് സംഘ്പരിവാർ ചെയ്യുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ പരിശോധിച്ചാൽ അതു വ്യക്തമാകും. വിദ്വേഷ രാഷ്ട്രീയം എല്ലാ പരിധികളും ലംഘിക്കുന്നതാണ് മോദിയുടെയും യോഗിയുടെയും നേതൃത്വത്തിൽ കാണുന്നത്. മതേതര, ജനാധിപത്യ പാർട്ടികൾ ശക്തിപ്രാപിക്കുകയും ഒന്നിച്ചുനിൽക്കുകയും ചെയ്താൽ മാത്രമേ സംഘ്പരിവാറിനെ തടയാൻ സാധിക്കുകയുള്ളൂ.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ അത്തരമൊരു പ്രതിപക്ഷ കൂട്ടായ്മ സാധ്യമാണോ?

തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയതലത്തിൽ പ്രതിപക്ഷസഖ്യം സാധ്യമാണ് എന്നു കരുതുന്നില്ല. രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രം അതാണ് നമ്മോട് പറയുന്നത്. തെരഞ്ഞെടുപ്പിനുശേഷം സാഹചര്യം ഒത്തുവന്നാൽ പ്രതിപക്ഷ സഖ്യം രൂപപ്പെടുക തന്നെ ചെയ്യും. നേരത്തേ സംഭവിച്ചിട്ടുള്ളതും അതാണ്. അതേസമയം, സംസ്ഥാനതലത്തിൽ മതേതര ജനാധിപത്യ പാർട്ടികൾ തമ്മിൽ സഹകരണം ഉണ്ടാകണം. അത്തരം സഹകരണത്തിന് സി.പി.എമ്മിന് തുറന്ന മനസ്സാണുള്ളത്. അതതിടങ്ങളിലെ സാഹചര്യം അനുസരിച്ചായിരിക്കും അത്.

ബി.ജെ.പി വിരുദ്ധ സഖ്യത്തിൽ കോൺഗ്രസി​െൻറ പങ്ക് സംബന്ധിച്ച് സി.പി.എമ്മിൽ ആശയക്കുഴപ്പമുണ്ടോ?

ആശയക്കുഴപ്പമൊന്നുമില്ല. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ എല്ലാ മതേതര ജനാധിപത്യ കക്ഷികൾക്കും അവരുടേതായ പങ്ക് നിർവഹിക്കാനുണ്ട്. അതുപോലെ, കോൺഗ്രസിനുമുണ്ട്. ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങങ്ങളിൽ സാന്നിധ്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അവരുടെ പങ്ക് അവർക്കും നിർവഹിക്കാനുണ്ട്. എന്നാൽ, കോൺഗ്രസിന് എന്തു പങ്ക് ചെയ്യാൻ കഴിയുമെന്നത് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്.

ബി.ജെ.പിക്കെതിരെ കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നാണ് സി.പി.എം കേരള ഘടകത്തി‍​െ ൻറ നിലപാട്?

കോൺഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളിലെല്ലാം അവരുടെ പ്രമുഖ നേതാക്കൾ തന്നെ ബി.ജെ.പിയിലേക്ക് പോവുകയാണ്. കേരളഘടകത്തി‍െൻറ സന്ദേഹത്തി‍െൻറ സാഹചര്യം അതാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നുവെന്ന് അവർ പരിശോധിക്കണം. പരിഹരിക്കണം. കോൺഗ്രസുകാർ ആദ്യം അവരുടെ വീട്ടിൽ കാര്യങ്ങൾ നേരെയാക്കട്ടെ.

പഞ്ചാബിൽ ഭരണം നേടിയ ആം ആദ്മി പാർട്ടി ഡൽഹിക്ക് പുറത്തും ചുവടുറപ്പിക്കുമ്പോൾ ഇടതുപക്ഷം കേരളത്തിൽ മാത്രമായി ഒതുങ്ങി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

ആം ആദ്മി പാർട്ടിയുടെ പോലെ മുന്നേറ്റം ഇടതുപക്ഷത്തിന് നേടാനാകുന്നില്ലെന്നത് ശരിയാണ്. അതിന് കാരണമുണ്ട്. സി.പി.എമ്മിന്‍റേത് വർഗരാഷ്ട്രീയമാണ്. അത് എല്ലാവർക്കും എളുപ്പം സ്വീകാര്യമായ ഒന്നല്ല. നമുക്ക് ആരുമായും എന്തുമായും ഒത്തുതീർപ്പ് സാധ്യമല്ല. വർഗരാഷ്ട്രീയം ജനങ്ങളെ പറഞ്ഞുബോധ്യപ്പെടുത്തുക എളുപ്പവുമല്ല. ആം ആദ്മി ഉൾപ്പെടെയുള്ള പാർട്ടികൾ നിലവിലെ സാമൂഹിക ഘടനയിൽ കാതലായ മാറ്റങ്ങൾക്കുള്ള ആശയങ്ങൾ മുന്നോട്ടുവെക്കുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് വേഗത്തിൽ സ്വീകാര്യത കിട്ടിയേക്കാം. പക്ഷേ, കാതലായ മാറ്റം സമൂഹത്തിൽ വരുത്താനാകില്ല. ഇടതുപക്ഷം ഒരിടത്ത് മാത്രമാണ് അധികാരത്തിലുള്ളതെങ്കിലും അവരെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഓർമയുണ്ടല്ലോ. ഇടതുജനപക്ഷ നയങ്ങളുടെ കരുത്താണ് മോദിയുടെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

സി.പി.എമ്മിൽ തലമുറമാറ്റത്തി‍െൻറ കാലമാണ്. എന്നാൽ, കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും വനിത, ന്യൂനപക്ഷ, ദലിത് പ്രാതിനിധ്യം ഇപ്പോഴും വേണ്ടത്ര ഇല്ല?

പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും വനിത- ദലിത്- ന്യൂനപക്ഷ പ്രാതിനിധ്യം വർധിക്കേണ്ടതുണ്ട്. പാർട്ടി കോൺഗ്രസ് അക്കാര്യം ചർച്ച ചെയ്യും. എന്തുതീരുമാനിക്കുമെന്നത് എനിക്ക് ഇപ്പോൾ പറയാനാകില്ല. ഉന്നത നേതൃത്വത്തിൽ വനിത- ദലിത്- ന്യൂനപക്ഷ പ്രാതിനിധ്യത്തിന് കുറവു വന്നത് ബോധപൂർവം ഉണ്ടാക്കിയതല്ല. അങ്ങനെ സംഭവിച്ചതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. സ്ത്രീ യുവ മുന്നേറ്റത്തി‍െൻറ കാലമാണിത്. അതനുസരിച്ചുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. കേന്ദ്രനേതൃത്വത്തിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും വനിതകൾ ഉണ്ടാകണമെന്നാണ് താൽപര്യം. അതനുസരിച്ചുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിലുണ്ടാകും. പുതിയ തലമുറ പാർട്ടിയുടെ തലപ്പത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ജനസംഖയിൽ ഭൂരിപക്ഷവും 40 വയസ്സിന് താഴെയുള്ളവരാണ്. ആ നിലക്കുള്ള മാറ്റം സി.പി.എം നേതൃഘടനയിലും വേണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇക്കുറി 75 വയസ്സ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കും. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി വളരെ കൃത്യമായി നടപ്പാക്കി കഴിഞ്ഞു. ബംഗാളിൽ ഇക്കുറി സംസ്ഥാന കമ്മിറ്റിയിലേക്ക് വന്നത് 30 ശതമാനത്തിലേറെ പേർ പുതുമുഖങ്ങളാണ്. മറ്റു സംസ്ഥാനങ്ങളിലും അതുതന്നെയാണ് നടന്നത്.

പ്രായപരിധിയിൽ ഇളവ് പിണറായി വിജയന് മാത്രമാണ്?

പിണറായി വിജയന് ഇളവുണ്ടാകും. അത് പോളിറ്റ് ബ്യുറോ നേരത്തേ തന്നെ ധാരണയിലെത്തിയ കാര്യമാണ്. കേരളത്തിൽ പാർട്ടിയെ തുടർ ഭരണത്തിലേക്ക് നയിച്ച, പിണറായി സി.പി.എമ്മിൽ വളരെ സുപ്രധാനമായ ഉത്തരവാദിത്തം വഹിക്കുന്നയാളാണ്. അദ്ദേഹം പരമോന്നത സമിതിയിൽ തുടരേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്.

പിണറായി സർക്കാറി‍െൻറ അഭിമാന പദ്ധതി സിൽവർ ലൈനിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്?

സിൽവർ ലൈൻ പദ്ധതിയുടെ സർവേയാണ് ഇപ്പോൾ നടക്കുന്നത്. അത് പൂർത്തിയാക്കിയാൽ മാത്രമേ കാര്യങ്ങളിൽ വ്യക്തത കൈവരൂ. കേരളവും കേന്ദ്രവും തമ്മിലുള്ള സംയുക്ത പദ്ധതിക്ക് കേന്ദ്രത്തി‍െൻറ അനുമതിയും ലഭിക്കേണ്ടതുണ്ട്. പരിസ്ഥിതി നാശം എത്രത്തോളം സംഭവിക്കും, സാമ്പത്തികമായി നിലനിൽക്കുമോ തുടങ്ങിയ കാര്യങ്ങളെല്ലാം അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പാർട്ടി കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിക്കും. ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല.

സിൽവർ ലൈൻ സംബന്ധിച്ച കുറേയേറെ വിവരങ്ങൾ അടങ്ങിയ ഡീറ്റയിൽ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) നമ്മുടെ മുന്നിലുണ്ട്?

സിൽവർ ലൈൻ പദ്ധതി എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇപ്പോൾ നമുക്ക് മുന്നിലില്ല. ഡി.പി.ആറിനുശേഷമുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. കേന്ദ്രവും കേരളവും തമ്മിൽ ചർച്ച പൂർത്തിയാകട്ടെ. അതു പൂർത്തിയാക്കുന്നതിന് മുമ്പ് തീരുമാനങ്ങളിലേക്ക് കടക്കാനാകില്ല. സർവേ പൂർത്തിയാകുന്നതുവരെ എന്തുകൊണ്ട് കാത്തിരുന്നുകൂടാ.

അഹ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അവിടത്തെ സി.പി.എം ഘടകം എതിർക്കുകയാണ്...

അഹ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയോടുള്ള അവിടത്തെ പാർട്ടിയുടെ എതിർപ്പ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടതാണ്. ഭൂമി ഏറ്റെടുക്കലി‍െൻറ വ്യവസ്ഥകൾ എന്താണ് എന്നാണ് പ്രധാന വിഷയം. 2013ൽ ഇടതുപക്ഷത്തി‍െൻറ കൂടി താൽപര്യത്തോടെയാണ് യു.പി.എ സർക്കാർ ഭൂമി ഏറ്റെടുക്കൽ നിയമം പാസാക്കിയത്. എന്നാൽ, മോദി സർക്കാർ അതുനടപ്പാക്കിയിട്ടില്ല. ആ നിയമത്തി‍െൻറ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടക്കണം. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം. പരിസ്ഥിതി പ്രശ്നം കണക്കിലെടുക്കണം.

കേരളത്തിലൂടനീളം ഉയർന്ന പ്രതിഷേധങ്ങളെ അവഗണിച്ചാണ് പിണറായി സർക്കാർ സിൽവർ ലൈനുമായി മുന്നോട്ടുപോകുന്നത്...

ജനങ്ങൾ സമരം ചെയ്യുന്നുവെന്നതു കൊണ്ടുമാത്രം വിഷയം ശരിയാകണം എന്നില്ല. എന്നാൽ, ജനങ്ങൾക്ക് സമരം ചെയ്യാനുള്ള ജനാധിപത്യപരമായ എല്ലാ അവകാശങ്ങളുമുണ്ട്. അത് പാർട്ടി പൂർണമായും മാനിക്കുന്നു.

പാർട്ടി കേരള ഘടകം മുന്നോട്ടുവെക്കുന്ന കേരള വികസന നയരേഖ കമ്യൂണിസ്റ്റ് അടിസ്ഥാനങ്ങളിൽനിന്ന് വ്യതിയാനമാണെന്ന വിമർശനമുണ്ട്.

നിക്ഷേപങ്ങളുടെ കാര്യത്തിൽ അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് പ്രധാനം. സംസ്ഥാനത്തി‍െൻറ താൽപര്യത്തിന് അനുഗുണമാകുന്ന നിലയിലാണെങ്കിൽ സ്വകാര്യ നിക്ഷേപം സ്വീകാര്യമാണ്. പദ്ധതി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്നതാണോ, തൊഴിൽ നൽകുന്നതാണോ അതോ നിക്ഷേപകന് ലാഭം മാത്രം നൽകുന്നതാണോ എന്നതാണ് നോക്കേണ്ടത്. സംസ്ഥാനത്തിന് ഗുണകരമല്ലാത്ത ഒരു പദ്ധതിയെയും സി.പി.എം പിന്തുണക്കില്ല.

സി.പി.എം നയങ്ങൾ കേരളഘടകവും പിണറായി വിജയനും ഹൈജാക്ക് ചെയ്യുന്നുവെന്ന് പറയുന്നവർക്കുള്ള മറുപടി?

സി.പി.എമ്മിൽ മേൽക്കൈ പാർട്ടി പരിപാടിക്കാണ്. വ്യക്തികൾക്കല്ല. നയങ്ങളാണ് മുഖ്യം. നേതാക്കളല്ല.

പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് പാർട്ടി ജനറൽ സെക്രട്ടറി നൽകുന്ന മാർക്ക് എത്രയാണ്?

ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തി‍​െ ൻറ മികവിന് അതിനപ്പുറം ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ല.

താങ്കൾ ജനറൽ സെക്രട്ടറി സ്ഥാനത്ത് രണ്ടു കാലയളവ് പൂർത്തിയാക്കി. എത്രത്തോളം സംതൃപ്തനാണ്?

പാർട്ടി പ്രവർത്തനങ്ങളിൽ സംതൃപ്തനാണോ എന്ന ചോദ്യം ഒരു സഖാവിന് മുന്നിൽ വന്നാൽ സ്വാഭാവിക ഉത്തരം ഇല്ല എന്നതുതന്നെയാണ്. ഞാനും അങ്ങനെ തന്നെ. ജനറൽ സെക്രട്ടറി എന്ന നിലയലിൽ രണ്ടു കാലയളവ് പൂർത്തിയാക്കുമ്പോൾ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാമായിരുന്നു എന്ന തോന്നലാണ് മനസ്സിലുള്ളത്. ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന ബോധ്യവുമുണ്ട്.

തിരിച്ചുവരവിന് തീവ്രമായി ശ്രമിക്കുമ്പോഴും ബംഗാളിലും ത്രിപുരയിലും നില മോശമാണ്. കേരളം മാത്രമാണ് ബാക്കി?

പാർട്ടിയുടെ പുനരുജ്ജീവനം എന്നു പറയുന്നത് ഞങ്ങൾ കാണുന്നത് കേവലം തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല. പാർട്ടിയുടെ സാന്നിധ്യം വിപുലമാകേണ്ടതുണ്ട്. ജനകീയ പ്രശ്നങ്ങളും സമരങ്ങളും ഏറ്റെടുത്ത് മുന്നോട്ടുവരാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നടന്ന പ്രധാനപ്പെട്ട എല്ലാ ബഹുജന സമരങ്ങളിലും സി.പി.എം അതി‍െൻറ ഭാഗമായി നിന്നിട്ടുണ്ട്. അതിലൂടെ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

കണ്ണൂർ പാർട്ടി കോൺഗ്രസിന് വി.എസ്. അച്യുതാനന്ദന് വരാൻ കഴിഞ്ഞിട്ടില്ല...

വി.എസിനെ വല്ലാതെ മിസ് ചെയ്യുന്നു. വലിയ സംഭാവന നൽകിയ നേതാവാണ്. കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപവത്കരിച്ച ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളാണ് വി.എസ്. എവിടെയായിരുന്നാലും വി.എസ് പാർട്ടിയുടെ ഊർജ്ജമാണ്.

Tags:    
News Summary - Sitaram Yechury talks about CPM policy approaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.