അയ്യപ്പഭക്തരും അക്രമികളും

വിശ്വപ്രസിദ്ധമായ കാനനക്ഷേത്രമാണ് ശബരിമല അയ്യപ്പസന്നിധാനം. അയ്യപ്പ​​​​െൻറ പൂങ്കാവനം എന്നറിയപ്പെടുന്ന ശബരിമല ഇന്ന് അക്രമകാരികളുടെ പ്രതിഷേധകേന്ദ്രമാക്കാന്‍ ചില ക്ഷുദ്രശക്തികള്‍ ആസൂത്രിതമായി ശ്രമിച്ചുവരുകയാണ്. ഇതില്‍ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് കടുത്ത സങ്കടമുണ്ട്. പൂങ്കാവനത്തി​​​െൻറ പ്രശാന്തി തകര്‍ക്കാന്‍ കറുപ്പുടുത്ത് മാലയണിഞ്ഞ് ഇരുമുടിക്കെട്ടുമായാണ് സംഘ്​പരിവാര കര്‍സേവകര്‍ ശബരിമലയിലേക്ക് നുഴഞ്ഞുകയറുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തില്‍ തപസ്സനുഷ്ഠിക്കുന്നതിനാൽ ഇവിടെ യുവതി സാന്നിധ്യം അലോസരമാണെന്നാണ്​ ഇവരുടെ വാദം.

ഈ വാദഗതി ഉയര്‍ത്തി എത്തിയ ഒരു കത്താണ് ഹരജിയായി കണക്കിലെടുത്ത് ഹൈകോടതി 1991ല്‍ ശബരിമലയില്‍ യുവതിപ്രവേശനം വിലക്കിക്കൊണ്ടുള്ള വിധിന്യായം പുറപ്പെടുവിക്കുന്നത്. 1991 മുതല്‍ 2018 സെപ്​റ്റംബര്‍ 28 വരെ ഹൈകോടതി വിലക്കിയ യുവതിപ്രവേശനം കടുകിടെ തെറ്റാതെ പരിപാലിക്കുകയാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാറുകൾ ചെയ്തിരുന്നത്. യുവതിപ്രവേശനം വിലക്കാന്‍ വേണ്ടുന്ന വാദഗതികളും വസ്തുതകളും അക്കാലത്ത് ഉന്നയിച്ചത് ഇപ്പോള്‍ ഗവർണര്‍ പദവിയിലിരിക്കുന്ന ആര്‍.എസ്.എസ് പ്രചാരകനായ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു. യുവതികള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ഹൈകോടതി വിധി മാനിച്ച സംസ്ഥാന സര്‍ക്കാറുകള്‍ക്ക് യുവതികള്‍ക്ക് പ്രവേശനം ആകാം എന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചി​​​െൻറ ഉത്തരവും നടപ്പാക്കാന്‍ ബാധ്യതയുണ്ട്.

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാറിനുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ‘‘ദാ, കമ്യൂണിസ്​റ്റുകാരനായ മുഖ്യമന്ത്രി ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്നു’’ എന്നു പറഞ്ഞ് ഒരുകൂട്ടർ മുക്രയിടുന്നു. ഇത്തരം മുക്രയിടലുകളില്‍ അയ്യപ്പഭക്തിയല്ല, അന്ധമായ രാഷ്​​ട്രീയ വിരോധം മാത്രമാണുള്ളത്! യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്നു പറയുന്ന പിണറായി സര്‍ക്കാറിനെ അവിശ്വാസികളുടെ സര്‍ക്കാര്‍ എന്ന് അധിക്ഷേപിക്കുന്നവര്‍ ഹൈകോടതിയുടെ ‘യുവതിപ്രവേശനം വിലക്കിക്കൊണ്ടുള്ള’ 1991ലെ ഉത്തരവ് അതേപടി നടപ്പാക്കിയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിനെ ‘വിശ്വാസികളുടെ സര്‍ക്കാറായി കാണാന്‍’ തയാറുണ്ടോ? ഈ ചോദ്യമാണ് പ്രബുദ്ധകേരളത്തിന്​ കറുപ്പുടുത്ത കര്‍സേവകരെ അണിനിരത്തി കേരളത്തെ കലാപകലുഷിതമാക്കാന്‍ കരുക്കള്‍ നീക്കുന്ന സംഘ്​പരിവാരത്തോടു ചോദിക്കാനുള്ളത്. എന്തായാലും ഡോ. അംബേദ്കര്‍ അധ്യക്ഷനായുള്ള സമിതി തയാറാക്കിയ ഭരണഘടന നിലവിലുള്ള ഇന്ത്യയില്‍ അധികാരത്തില്‍ വരുന്ന കേന്ദ്രസര്‍ക്കാറുകളോ സംസ്ഥാന സര്‍ക്കാറുകളോ അയ്യപ്പനെ സംരക്ഷിക്കാം, ശ്രീരാമനെ സംരക്ഷിക്കാം എന്നൊന്നും പറഞ്ഞല്ല ഭരണത്തിലേറുന്നത്; മറിച്ച്, ഭരണഘടനയോടു കൂറും വിശ്വാസ്യതയും പുലര്‍ത്തിക്കൊള്ളാം എന്നു പ്രതിജ്ഞ ചെയ്തിട്ടാണ്.

യുവതികളെ എന്തിനു വിലക്കുന്നു എന്ന ചോദ്യത്തിന് അവളുടെ ആര്‍ത്തവം എന്ന അശുദ്ധികരമായ വിസർജനമാണ് കാരണം എന്നാണ് വേദസമ്മതമല്ലാത്ത നാട്ടാചാരങ്ങളെ പ്രമാണമാക്കി പലരും വാദിക്കുന്നത്.
ഈ വാദം ജൈവിക സവിശേഷതകളെ മുന്‍നിര്‍ത്തിയുള്ള അയിത്താചാരമാണ്. പറയന്‍ എന്നു വിളിക്കപ്പെട്ടു വരുന്ന പുരുഷന്​ പറയത്തി എന്നു വിളിക്കപ്പെടുന്ന സ്ത്രീയില്‍ ഉണ്ടായ പ്രജകളെല്ലാം പറയരാണെന്നും, അതിനാല്‍ അവര്‍ ചിലേടങ്ങളില്‍ പ്രവേശിക്കരുതെന്നും പറയുന്നതാണല്ലോ അയിത്തം. ഈ അയിത്താചരണവാദത്തി​​​െൻറ അടിസ്ഥാനം ജന്മവും ശരീരവുമാണ്. ആര്‍ത്തവം സ്ത്രീ ശരീരത്തി​​​െൻറ സ്വഭാവമാണ്. അതിനാല്‍, ആര്‍ത്തവം എന്ന ശരീര പ്രക്രിയയുടെ പേരില്‍ സ്ത്രീകളെ ചിലേടങ്ങളില്‍ അകറ്റുന്നതിനുള്ള ഏതു ശ്രമവും പറയനെ അകറ്റിനിര്‍ത്തിയതിനു സമാനമായ അയിത്താചാരമാണ്.

ഉമ്മന്‍ ചാണ്ടി നേതൃത്വം നൽകിയ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെ’ന്ന നിലപാടാണ് എടുത്തത്. കമ്യൂണിസ്​റ്റുകള്‍ നേതൃത്വം നൽകിയ ഇടതുപക്ഷ സര്‍ക്കാറുകള്‍ (അച്യുതാനന്ദന്‍ സര്‍ക്കാറും പിണറായി സര്‍ക്കാറും) ‘യുവതികള്‍ പ്രവേശിക്കുന്നതില്‍ വിരോധമില്ല’ എന്ന നിലപാടാണ് എടുത്തത്! കോണ്‍ഗ്രസുകാരും കമ്യൂണിസ്​റ്റുകാരും അവരുടെ നിലപാടുകളില്‍തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ട്.

എന്നാല്‍, 1999ൽ ഒരു പത്രത്തി​​​​െൻറ ശബരിമല സപ്ലിമ​​​െൻറില്‍ ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എഴുതിയ ലേഖനത്തി​​​െൻറ തലക്കെട്ടുതന്നെ ‘സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം’ എന്നായിരുന്നു. ആര്‍.എസ്​.എസിൻറ ദേശീയ ബൗദ്ധിക്ക് പ്രമുഖായിരുന്ന രംഗനാഥഹരി എന്ന ആര്‍. ഹരി എഴുതിയതും കുരുക്ഷേത്ര പ്രാകശന്‍ പ്രസിദ്ധീകരിച്ചതുമായ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകത്തിലെ നിലപാടും ‘യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം’ എന്നതായിരുന്നു. ജനം ടി.വിയുടെ ചുക്കാന്‍ പിടിക്കുന്ന, ബി.ജെ.പിയുടെ ഇൻറലക്​ച്വല്‍ സെല്ലി​​​െൻറ മേധാവിയായ ടി.ജി. മോഹന്‍ ദാസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചി​​​െൻറ വിധി വന്ന ദിവസം പങ്കെടുത്ത ചാനല്‍ ചര്‍ച്ചകളിലെല്ലാം ഘോരഘോരം വാദിച്ചത് ‘ശബരിമല അയ്യപ്പസന്നിധിയില്‍ യുവതികളെ പ്രവേശിപ്പിക്കണം’ എന്നായിരുന്നു.

നോട്ടുനിരോധനം, കര്‍ഷക ആത്മഹത്യ, റഫാല്‍ വിമാന ഇടപാടിലെ അഴിമതി, പെട്രോള്‍ ഡീസല്‍ വിലവർധന, പാചക വാതക വിലവർധന, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, മാട്ടിറച്ചിയുടെ പേരിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ വേണ്ടി ബി.ജെ.പി ‘ഉത്തരേന്ത്യയില്‍ അയോധ്യയും’ കേരളം ഉള്‍പ്പെട്ട ദക്ഷിണേന്ത്യയില്‍ ‘അയ്യപ്പസന്നിധാനവും’ വൈകാരികമായി ഉയര്‍ത്തിക്കൊണ്ടു വരുകയാണ്​.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കരുതെന്നുള്ള യാഥാസ്ഥിതികതയുള്ളവര്‍ക്ക് അക്കാര്യത്തില്‍ ആടിയുലയാത്ത നിലപാടുള്ള കോണ്‍ഗ്രസിനൊപ്പം നിൽക്കാം. നാരായണ ഗുരു, വി.ടി. ഭട്ടതിരിപ്പാട്, അയ്യങ്കാളി എന്നിവരുടെ നവോത്ഥാന പാത പിന്‍പറ്റി ആചാരങ്ങളേതിലും കാലോചിതമായ മാറ്റങ്ങള്‍ ആകാം എന്നു കരുതുന്ന പുരോഗമന ബോധമുള്ളവര്‍ക്ക് ‘യുവതികൾക്ക് ശബരിമലയില്‍ പ്രവേശനം ആകാം’ എന്ന നിലപാടുള്ള ഇടതുപക്ഷത്തിനൊപ്പവും നില്‍ക്കാം.
(തൃശൂര്‍ ശക്തിബോധി ഗുരുകുലം ട്രസ്​റ്റ്​​ ചെയര്‍മാന്‍ ആണ്​ ലേഖകൻ)

Tags:    
News Summary - Sabarimala Devotees vt-bhattathiripad o-rajagopal -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.