ഇസ്രായേലിലെ അറബ് വസന്തം
ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ബ്രസീലിലെയും ഇസ്രായേലിലെയും തെരഞ്ഞെടുപ്പുഫലങ്ങൾ സ്വേച്ഛാധിപത്യം, സൈനികവൽക്കരണം, തീവ്രവലതുപക്ഷ രാഷ്ട്രീയം എന്നിവയുടെ ആഗോള വളർച്ചയിൽ ആശങ്കപ്പെടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകളാണ് സമ്മാനിച്ചത്. ബ്രസീലിൽ, ഫ്ലേവിയോ ബോൾസൊനാരോയെ പരാജയപ്പെടുത്തി ലൂയിസ് ഇനാസിയോ ലുല ഡ സിൽവ 51.79 ശതമാനം വോട്ടുകളോടെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് കനത്ത തിരിച്ചടിയാണുണ്ടായത്. അതേസമയം, അറബ് രാഷ്ട്രീയപ്രാതിനിധ്യം അഭൂതപൂർവമായ രീതിയിൽ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇസ്രായേൽ ജനവിധി പ്രതിപക്ഷത്തിന് തിളക്കമാർന്ന വിജയം നൽകിയില്ലെങ്കിലും, കടുത്ത യുദ്ധങ്ങൾ, ജനാധിപത്യത്തകർച്ച, ഫലസ്തീനികളുടെ വ്യവസ്ഥാപിതമായ പാർശ്വവൽക്കരണം എന്നിവയാൽ സമീപകാല ചരിത്രം അടയാളപ്പെടുത്തപ്പെട്ട രാജ്യത്ത് രാഷ്ട്രീയമാറ്റത്തിനായുള്ള സാധ്യത തുറന്നിരിക്കുകയാണ്. 120 അംഗ നെസെറ്റിൽ (പാർലമെന്റ്) നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകൾ നേടിയപ്പോൾ, അദ്ദേഹത്തിന്റെ ഭരണസഖ്യത്തിന് മുൻ പാർലമെന്റിലെ 68 സീറ്റുകളിൽനിന്ന് 53 സീറ്റുകളിലേക്ക് പിന്നോട്ടുപോവേണ്ടിവന്നു. ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷ ബ്ലോക്ക് 48 സീറ്റുകൾ നേടി. ഏറ്റവും ശ്രദ്ധേയമായ കാര്യം, അറബ് നേതൃത്വത്തിലുള്ള പാർട്ടികൾ അവരുടെ എക്കാലത്തെയും ഉയർന്ന പ്രാതിനിധ്യമായ 19 സീറ്റുകൾ നേടി എന്നതാണ്. ഇരട്ടിയോളം സീറ്റുകളാണ് വർധിച്ചത്. ജോയിന്റ് ലിസ്റ്റ് 11 സീറ്റുകളും മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റഅം എട്ട് സീറ്റുകളും നേടി. ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകളിലേക്ക് ഇരു പ്രധാന ബ്ലോക്കുകൾക്കും അടുക്കാനാകാത്ത സാഹചര്യത്തിൽ, ഇസ്രായേലിന്റെ രാഷ്ട്രീയഭാവി നിർണയിക്കുന്നതിൽ അറബ് പാർട്ടികൾ നിർണായകശക്തികളായി മാറിയിരിക്കുന്നു. പശ്ചിമേഷ്യയിലാകെത്തന്നെ ഉണർവു നൽകുന്നതാണ് ഈ അറബ് ഉയിർത്തെഴുന്നേൽപ്പ്.
അറബ് മുന്നേറ്റത്തിന്റെ അർഥങ്ങൾ
അറബ് രാഷ്ട്രീയപ്രാതിനിധ്യം തിരികെ ലഭിക്കുന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും രാഷ്ട്രീയപ്രാധാന്യമുള്ള സംഭവവികാസമാണ്. ദശാബ്ദങ്ങളായി, ജനസംഖ്യയുടെ അഞ്ചിലൊന്നു വരുന്ന ഇസ്രായേലിലെ ഫലസ്തീൻ പൗരർ കടുത്ത അസമത്വങ്ങൾ, വിവേചനം, രാഷ്ട്രീയമായ ഒഴിവാക്കലുകൾ എന്നിവ നേരിടുന്നുണ്ട്. ഇസ്രായേൽ സ്ഥാപനങ്ങളുടെ പക്ഷപാതിത്വങ്ങളും അറബ് രാഷ്ട്രീയസംഘടനകളുടെ ഭിന്നതയും കാരണം അവരുടെ തെരഞ്ഞെടുപ്പുപങ്കാളിത്തം പലപ്പോഴും പരിമിതപ്പെട്ടിരുന്നു. നിലവിലെ ഫലം അവരുടെ കൂട്ടായ രാഷ്ട്രീയസ്വാധീനം ഉറപ്പിക്കാനുള്ള പുതിയ ദൃഢനിശ്ചയത്തെയാണ് സൂചിപ്പിക്കുന്നത്. സൈനികാധിപത്യത്തിലൂടെയും സ്ഥാപനപരമായ പാർശ്വവൽക്കരണത്തിലൂടെയും ഫലസ്തീൻ ജനതയുടെ രാഷ്ട്രീയ ഐഡന്റിറ്റിയെ തകർക്കുന്നതിലൂടെയും ഫലസ്തീൻ പ്രശ്നം എന്നെന്നേക്കുമായി ഒതുക്കിവെക്കാം എന്ന സയണിസ്റ്റ് ധാരണയെ ചോദ്യംചെയ്യുന്ന ധീരമായ നിലപാടാണ് ഈ ‘അറബ് വസന്ത’ത്തിൽ തെളിയുന്നത്. കൂടുതൽ പ്രധാനമായി, ഈ തെരഞ്ഞെടുപ്പ് ഇസ്രായേൽ ജനാധിപത്യത്തിലെ അടിസ്ഥാനപരമായ ഒരു വൈരുദ്ധ്യത്തെ തുറന്നുകാട്ടുന്നു. അറബ് പൗരർക്ക് വോട്ടവകാശമുണ്ട്, എന്നാൽ അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ സയണിസ്റ്റ് രാഷ്ട്രീയവ്യവസ്ഥയിലെ ഭൂരിഭാഗവും രാഷ്ട്രീയമായി സ്വീകാര്യമല്ലാത്ത പങ്കാളികളായാണ് പരമ്പരാഗതമായി കണക്കാക്കുന്നത്. ഇപ്പോഴും പല പ്രതിപക്ഷപാർട്ടികളും അറബ് പാർലമെന്ററി പിന്തുണയെ ആശ്രയിക്കുന്ന ഒരു സർക്കാർ രൂപവത്കരിക്കാൻ തയ്യാറല്ല. അതിനാൽ, നെതന്യാഹുവിനെ മാറ്റിസ്ഥാപിക്കാൻ കഴിയുമോ എന്നതല്ല ചോദ്യം, മറിച്ച് സ്റ്റേറ്റിന്റെ രാഷ്ട്രീയദിശ നിർണയിക്കുന്നതിൽ അറബ് പൗരരെ തുല്യപങ്കാളികളായി അംഗീകരിക്കാൻ ഇസ്രായേൽ ജനാധിപത്യത്തിന് കഴിയുമോ എന്നതാണ്.
മാത്രമല്ല, ഈ മാറ്റത്തിന്റെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. സൈനികമേധാവിത്വത്തിലൂടെയും അമേരിക്കയുടെ തന്ത്രപരമായ പിന്തുണയിലൂടെയും അറബ് സർക്കാരുകളുമായുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കുന്നതിലൂടെയും ഫലസ്തീൻ പ്രശ്നം എന്നെന്നേക്കുമായി നീട്ടിവെച്ചുകൊണ്ട് ഇസ്രായേലിന് പ്രാദേശികാധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന അനുമാനത്തെയാണ് നെതന്യാഹുവിന്റെ തന്ത്രം ആശ്രയിച്ചിരുന്നത്. എന്നിരുന്നാലും, ഗസ്സയിലെ നാശനഷ്ടങ്ങളും മേഖലയിലുടനീളമുള്ള ഇസ്രായേലിന്റെ സൈനികനീക്കങ്ങളുടെ വ്യാപനവും ഫലസ്തീനികളെ ഒഴിവാക്കിക്കൊണ്ട് നിർമിച്ച ഒരു പ്രാദേശികക്രമത്തിന്റെ അസ്ഥിരതയെയാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, അറബ് പാർട്ടികളുടെ തെരഞ്ഞെടുപ്പുവിജയം മറ്റൊരു രാഷ്ട്രീയസാധ്യതയാണ് മുന്നോട്ടുവെക്കുന്നത്: ഇസ്രായേലിന്റെ ആഭ്യന്തര പാർലമെന്ററി കണക്കുകൂട്ടലുകളിൽപോലും ഫലസ്തീൻ പ്രശ്നം ഒഴിവാക്കാൻ കഴിയില്ല എന്നതാണത്. ഇസ്രായേലിന്റെ നയങ്ങളുടെ മാനുഷികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വർധിച്ചുവരുന്ന ആശങ്കയുള്ള യൂറോപ്യൻ സർക്കാരുകളെ സംബന്ധിച്ചിടത്തോളം, ഈ ഫലം സംയമനം, ഉത്തരവാദിത്തം, ഫലസ്തീൻ അവകാശങ്ങൾ എന്നിവയ്ക്കായി സമ്മർദം ചെലുത്താനുള്ള അവസരമാണ് നൽകുന്നത്. തീർച്ചയായും, അടുത്ത സർക്കാരിന്റെ രൂപവത്കരണത്തെയും രാഷ്ട്രീയചായ്വിനെയും ആശ്രയിച്ചായിരിക്കും ഈ സാധ്യതകൾ ഫലം കാണുന്നത് എന്നതിൽ തർക്കമില്ല. പക്ഷെ, അവഗണിക്കാൻ കഴിയാത്തതാണ് ഇസ്രായേലിലെ ഈ അറബ് സ്വത്വപുനർനിർവചനത്തിന്റെ രാഷ്ട്രീയം.
നെതന്യാഹുവിന്റെ തിരിച്ചുവരവ് അധാർമികം
ജനാധിപത്യപരവും ഭരണഘടനാപരവുമായ മാർഗങ്ങളിലൂടെ നെതന്യാഹുവിന്റെ തിരിച്ചുവരവിനെ ചെറുക്കേണ്ടതിന് ശക്തമായ കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയനിലനിൽപ്പ്, വർധിച്ചുവരുന്ന ആക്രമണാത്മക ദേശീയവാദത്തിലും, നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണങ്ങളിലും, ഫലസ്തീൻ സ്വയംനിർണയാവകാശത്തെ പരസ്യമായി എതിർക്കുന്ന മതതീവ്രവാദികളുമായുള്ള സഖ്യങ്ങളിലും അധിഷ്ഠിതമാണ്. സ്ഥിരമായ അധിനിവേശത്തെയും ഇസ്രായേൽ വിപുലീകരണത്തെയും നിരന്തരമായ സൈനികബലപ്രയോഗത്തെയും ഭരണകൂടനയത്തിന്റെ നിയമാനുസൃത ഉപാധികളായി കണക്കാക്കുന്ന സമീപനത്തെ നെതന്യാഹു അധികാരത്തിൽ തുടരുന്നത് കൂടുതൽ ശക്തിപ്പെടുത്തും. സമാധാനത്തിനുള്ള വലിയ വെല്ലുവിളിയായി അതും മാറുകയും ചെയ്യും. അതിനാൽ മറ്റൊരു നെതന്യാഹു സർക്കാറിനെ തടയുക എന്നത് കേവലമൊരു രാഷ്ട്രീയനേതാവിനെ മാറ്റിസ്ഥാപിക്കുക മാത്രമല്ല. ആഴത്തിൽ വേരോടിയിട്ടുള്ള സ്വേച്ഛാധിപത്യപരവും സൈനികവത്കരിക്കപ്പെട്ടതും വഞ്ചനഭരിതവുമായ രാഷ്ട്രീയഗതിയെ വഴിതിരിച്ചുവിടാനുള്ള അവസരമാണിത്.
എങ്കിലും, ഫലസ്തീൻ യുദ്ധത്തോടുള്ള ഇസ്രായേലിന്റെ വ്യക്തമായ എതിർപ്പായി ഈ തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുന്നത് തെറ്റായിരിക്കും. നെതന്യാഹുവിനോടുള്ള എതിർപ്പ് അർഥമാക്കുന്നത് ഇസ്രായേലി സൈനികവൽക്കരണത്തോടുള്ള എതിർപ്പാകണമെന്നില്ല. വാസ്തവത്തിൽ, പ്രമുഖ പ്രതിപക്ഷപാർട്ടികൾ ഫലസ്തീനികളോട് ഇസ്രായേൽ പുലർത്തുന്ന സമീപനത്തെ നിയന്ത്രിക്കുന്ന അടിസ്ഥാനപരമായ അനുമാനങ്ങളെ വെല്ലുവിളിക്കുന്നത് വലിയതോതിൽ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാ ആശങ്കകളും നെതന്യാഹുവിന്റെ നേതൃത്വത്തോടുള്ള അസംതൃപ്തിയും 2023 ഒക്ടോബറിലെ സംഘർഷത്തിൽ നെതന്യാഹുവിന്റെ നിരുത്തരവാദപരമായ സമീപനങ്ങളും തെരഞ്ഞെടുപ്പുഫലത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ‘നോ ടു നെതന്യാഹു’ എന്നതുതന്നെയാണ് ഇസ്രായേൽ ജനവിധിയുടെ ആത്യന്തികമായ അർഥം.
ജനവിധിക്കു ശേഷം ഇനിയെന്ത്?
തെരഞ്ഞെടുപ്പുകൾ കേവലം സ്ഥാപിതമായ പ്രത്യയശാസ്ത്ര നിലപാടുകളുടെ പ്രകടനങ്ങൾ മാത്രമല്ല; അവയ്ക്ക് രാഷ്ട്രീയമാറ്റത്തിനുള്ള സാധ്യതകളും സൃഷ്ടിക്കാൻ കഴിയും. നെതന്യാഹുവിന്റെ സഖ്യത്തിന്റെ നിർണായകമായ തകർച്ചയും അറബ് വോട്ടർമാരുടെ അഭൂതപൂർവമായ രാഷ്ട്രീയമുന്നേറ്റവും പാർലമെന്റിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ അധികാരസമവാക്യങ്ങളും അവസാനമില്ലാത്ത യുദ്ധത്തിന്റെ രാഷ്ട്രീയവും ധാർമികവുമായ പ്രത്യാഘാതങ്ങളെ ഇസ്രായേലി സമൂഹം തിരിച്ചറിഞ്ഞുതുടങ്ങുന്നതിന്റെ സൂചനകളാണ്. ഈ തെരഞ്ഞെടുപ്പുഫലങ്ങളെ ഫലസ്തീൻ വിമോചനത്തിനുള്ള ജനകീയ അംഗീകാരമായി വിശേഷിപ്പിക്കാനാവില്ലെങ്കിലും, യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, നീതിയുക്തമായ ഒരു രാഷ്ട്രീയപരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾക്ക് കൂടുതൽ രാഷ്ട്രീയപ്രാധാന്യവും പൊതുസമൂഹത്തിൽ ദൃശ്യതയും കൈവരിക്കാനുള്ള അവസരമായിത്തന്നെ ഈ ജനവിധിയെ കാണാവുന്നതാണ്.
ആത്യന്തികമായി, ഇസ്രായേലിലെ തെരഞ്ഞെടുപ്പുവിധിയുടെ പ്രാധാന്യം നെതന്യാഹുവിനെ പുറത്താക്കുക എന്ന ഇടുങ്ങിയ ലക്ഷ്യത്തിനപ്പുറം സംഘർഷത്തെ നിലനിർത്തിയ അധിനിവേശത്തിന്റെയും ഒഴിവാക്കലിന്റെയും ഘടനകളെ ചോദ്യംചെയ്യാൻ അവിടത്തെ രാഷ്ട്രീയനേതൃത്വത്തിന് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും. അറബ് രാഷ്ട്രീയപ്രാതിനിധ്യത്തിന്റെ തെരഞ്ഞെടുപ്പുപുനരുജ്ജീവനം ഇസ്രായേൽ ജനാധിപത്യത്തിന്റെ അതിരുകളെ പുനർനിർവചിക്കാനുള്ള ചരിത്രപരമായ അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. ആ അവസരം സമാധാനത്തിലേക്കുള്ള അർഥവത്തായ മുന്നേറ്റമായി മാറുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എങ്കിലും ബ്രസീലിലെ ലുലയുടെ വിജയത്തോടൊപ്പം, ഇസ്രായേലിൽനിന്നുള്ള ഈ ഫലവും ഏത് ശക്തമായ സ്വേച്ഛാധിപത്യ രാഷ്ട്രീയസംവിധാനങ്ങളും അജയ്യരല്ലെന്നും ജനാധിപത്യ ചെറുത്തുനിൽപ്പുകളിൽനിന്ന് മുക്തരല്ലെന്നുമുള്ള ജാഗ്രത കലർന്ന പ്രതീക്ഷ നൽകുന്ന ഓർമപ്പെടുത്തലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.