പവർകട്ട് വീണ്ടും വരുമ്പോൾ

കേരളത്തിൽ വീണ്ടും വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്താൻ പോവുകയാണ്. കഴിഞ്ഞ മാസങ്ങളിൽ പ്രതിദിനം ഒന്നര മണിക്കൂർ വൈദ്യുതിനിയന്ത്രണം ഉണ്ടായിരുന്നു. ഒക്ടോബറിൽ മാത്രമാണ് പവർകട്ടിന് അല്പം അയവുണ്ടായത്. ഇങ്ങനെ പോയാൽ അടുത്ത വേനൽക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതിയുടെ സ്ഥിതി എന്താകുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന കേരളത്തിൽ ആകെ ആവശ്യകതയുടെ 20 മുതൽ 25 ശതമാനം വരെ മാത്രമാണ് സംസ്ഥാനത്തിനകത്തെ ഉൽപാദനത്തിലൂടെ ലഭിക്കുന്നത്. ബാക്കി 75 മുതൽ 80 ശതമാനം വരെ വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് അതീവ പ്രസരണശേഷിയുള്ള ഹൈ വോൾട്ടേജ് ലൈനുകളിലൂടെ എത്തിക്കുകയാണ് ചെയ്യുന്നത്. 2025-ൽ കേരളത്തിൽ ആകെ 31,162 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഇതിൽ 23,683 ദശലക്ഷം യൂണിറ്റും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയതാണ്. ഇതിനായി 11,000 കോടി രൂപ സംസ്ഥാനത്തിന് ചെലവഴിക്കേണ്ടിവന്നു.

സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ഉൽപാദനശേഷി ഏകദേശം 4,800 മെഗാവാട്ടാണ്. ഇതിൽ പുരപ്പുറ സൗരോർജ പദ്ധതികളിൽനിന്ന് മാത്രം 2,200 മെഗാവാട്ട് ലഭിക്കുന്നു. എന്നാൽ ഇപ്പോഴത്തെ കൂടിയ ആവശ്യകത (പീക്ക് ലോഡ്) തന്നെ 6,000 മെഗാവാട്ടാണ്. വരുംവർഷങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. 2030-ഓടെ ആവശ്യകത 10,000 മെഗാവാട്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്; പ്രതിദിനം ഏകദേശം 200 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് തുല്യമാണിത്.

പരിഹാരങ്ങളും ബദൽമാർഗങ്ങളും

നിലവിലെ സ്ഥിതിയും കേരളത്തിന്റെ പ്രത്യേക സാമൂഹിക-രാഷ്ട്രീയ സാഹചര്യവും കണക്കിലെടുക്കുമ്പോൾ വൈദ്യുതിപ്രതിസന്ധിക്ക് അഞ്ച് പ്രധാന മാർഗങ്ങൾ പരിഗണിക്കാം. ഇവയെ ദീർഘകാല പരിഹാരങ്ങളെന്നും ഹ്രസ്വകാല പരിഹാരങ്ങളെന്നും തരംതിരിക്കാം. താപവൈദ്യുതനിലയം, ആണവനിലയം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ എന്നിവയാണ് ദീർഘകാല പരിഹാരങ്ങൾ. സംഭരണശേഷിയോടെയുള്ള സൗരോർജവും ചെറുകിട ജലവൈദ്യുത പദ്ധതികളും ഹ്രസ്വകാല പരിഹാരങ്ങളുമാണ്.

താപവൈദ്യുതനിലയം

സംസ്ഥാനത്തിന്റെ അടിസ്ഥാന വൈദ്യുതി ആവശ്യകത നിറവേറ്റാൻ 1,980 മെഗാവാട്ട് ശേഷിയെങ്കിലുമുള്ള താപവൈദ്യുതനിലയം അനിവാര്യമാണ്. സ്ഥലപരിമിതിയും പരിസ്ഥിതിപ്രശ്നങ്ങളും കാരണം കേരളത്തിൽ ഇത് നേരത്തേ സ്ഥാപിക്കാൻ കഴിഞ്ഞില്ല. കൽക്കരിഖനികൾക്ക് സമീപം നിലയം സ്ഥാപിക്കുകയാണ് പ്രായോഗികമാർഗം. ഒഡീഷ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേരളത്തിന് സ്വന്തമായി നിലയം നിർമിക്കാം. അവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകി, ആനുപാതികമായ വൈദ്യുതി സംസ്ഥാനത്ത് ഉപയോഗപ്പെടുത്തുന്ന ‘ക്യാപ്റ്റീവ് പവർ പ്ലാന്റ്’ (സി.പി.പി) മാതൃക സ്വീകരിക്കാം.

ആണവനിലയം

ജനസാന്ദ്രതയേറിയ കേരളത്തിൽ വലിയ ആണവനിലയം സ്ഥാപിക്കുന്നത് പ്രായോഗികമല്ല. എന്നാൽ ‘സ്മോൾ മോഡുലാർ റിയാക്ടർ’ (എസ്.എം.ആർ) സാങ്കേതികവിദ്യയിലെ പുതിയ മുന്നേറ്റങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണ്. ഭാവിയുടെ ബദൽമാർഗമായി ഇതിനെ ഗൗരവത്തോടെ കാണണം.

പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ

നാല് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നിലവിൽ സജീവ പരിഗണനയിലുണ്ട്:

ഇടുക്കി - 700 മെഗാവാട്ട്

പള്ളിവാസൽ - 600 മെഗാവാട്ട്

മുതിരപ്പുഴ - 100 മെഗാവാട്ട്

മഞ്ഞപ്പാറ - 30 മെഗാവാട്ട്

ഇതിനുപുറമെ ഒമ്പത് കേന്ദ്രങ്ങൾ കൂടി പദ്ധതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിൽ കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിന്റെ മുൻകാലപ്രവർത്തനങ്ങൾ ഒട്ടും ആശാവഹമല്ല. കഴിഞ്ഞ മാർച്ച് 12-ന് ഉദ്ഘാടനം ചെയ്ത 60 മെഗാവാട്ടിന്റെ പള്ളിവാസൽ വികസനപദ്ധതി പൂർത്തിയാക്കാൻ ബോർഡ് 19 വർഷമെടുത്തു. അതിനാൽ ഇത്തരം പദ്ധതികൾ വേഗത്തിലാക്കാൻ ബദൽ സംവിധാനങ്ങൾ ആലോചിക്കണം.

സംഭരണശേഷിയോടെയുള്ള സൗരോർജം

ഭൂമധ്യരേഖയോട് ചേർന്നുകിടക്കുന്നതിനാൽ കേരളത്തിൽ സുലഭമായി സൂര്യപ്രകാശം ലഭിക്കുന്നുണ്ട്. സൗരോർജം മികച്ച ബദലാണെങ്കിലും ഉൽപാദിപ്പിക്കുന്ന വൈദ്യുതി രാത്രികാല ആവശ്യങ്ങൾക്കായി സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങളുടെ (ബാറ്ററി) ഭാരിച്ച ചെലവാണ് പ്രധാന വെല്ലുവിളി. വലിയ സോളാർ പ്ലാന്റുകൾക്ക് ഭൂമി കണ്ടെത്തലും പ്രയാസമാണ്; ഒരു മെഗാ വാട്ടിന് ഏകദേശം രണ്ടരയേക്കർ ഭൂമി വേണ്ടിവരും. ഇതിനൊരു പരിഹാരമായി റോഡുകൾക്ക് മുകളിലെ സൗരോർജപാനലുകൾ പരിഗണിക്കാം. നിർമാണത്തിലിരിക്കുന്ന ദേശീയപാത 66-ന്റെ വിസ്തൃതി മാത്രം ചുരുങ്ങിയത് 12,500 ഏക്കറോളം വരും. റോഡിൽനിന്ന് അഞ്ച് മീറ്ററോളം ഉയരത്തിൽ പാനലുകൾ നിരത്തിയാൽ ആയിരക്കണക്കിന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും.

ചെറുകിട ജലവൈദ്യുത പദ്ധതികൾ

സംസ്ഥാനത്ത് ആകെ 652 മെഗാവാട്ട് ശേഷിയുള്ള 122 ചെറുകിട ജലവൈദ്യുത പദ്ധതികൾ വർഷങ്ങളായി മുടങ്ങിക്കിടപ്പാണ്.

പ്രധാന പദ്ധതികളും ശേഷിയും (മെഗാവാട്ടിൽ)

മാങ്കുളം (40), പാമ്പാർ (40), ഭൂതത്താൻകെട്ട് (24), ചിന്നാർ (24), അപ്പർ ചെങ്കുളം (24), കക്കാടംപൊയിൽ (20), കീരിത്തോട് (12), പഴശ്ശിസാഗർ (8), മാർമല (7), അപ്പർ പൊരിങ്ങൽ (7), ചെമ്പുകടവ്-3 (6), മറിപ്പുഴ (6), വഞ്ചിയം (3).

24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താൻകെട്ട് പദ്ധതി 32 വർഷമായിട്ടും പൂർത്തിയായിട്ടില്ല. വർഷത്തിൽ 365 ദിവസവും വൈദ്യുതിയുൽപാദനം സാധ്യമാകുന്ന കേരളത്തിലെ ഏക ചെറുകിട പദ്ധതിയാണിത്. നിയമക്കുരുക്കുകളിൽ പെട്ടുകിടക്കുന്ന ഈ പദ്ധതിയുടെ ശാപമോക്ഷം കെ.എസ്.ഇ.ബിക്കുപോലും നിശ്ചയമില്ല. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ മൂന്ന് മെഗാവാട്ടിന്റെ വഞ്ചിയം 1993-ൽ നിർമാണം തുടങ്ങിയതാണ്; ഇന്നുമത് പാതിവഴിയിലാണ്. പദ്ധതിക്കായി ഏറ്റെടുത്ത 16 ഏക്കറിലധികം സ്ഥലം കാടുമൂടിക്കിടക്കുന്നു. വിനോദസഞ്ചാരസാധ്യത ഏറെയുള്ള ഈ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇത്തരം പദ്ധതികൾ ജില്ലാ പഞ്ചായത്തുകൾ, സഹകരണ ബാങ്കുകൾ, സ്വകാര്യസംരംഭകർ എന്നിവർക്ക് വിഭജിച്ചുനൽകിയാൽ അടുത്ത രണ്ടുമൂന്ന് വർഷത്തിനകം ഇരുന്നൂറിലധികം മെഗാവാട്ട് അധികവൈദ്യുതി സംസ്ഥാനത്തിന് സ്വന്തമാക്കാൻ സാധിക്കും.

(പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതിയുടെ മുൻ പ്രോജക്ട് മാനേജറാണ് ലേഖകൻ)

jacobjosem@yahoo.com

Tags:    
News Summary - Kerala Power Crisis: Challenges and Long-Term Solutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.