ഐക്യകേരളത്തിന് സപ്തതി
സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് കേരളം മൂന്നു മുറിയായി ഒടിഞ്ഞ വില്ലുപോലെ കിടക്കുകയായിരുന്നു, മൂന്നു ഭരണത്തിൻകീഴിൽ. മലബാർ ‘ബ്രിട്ടീഷ് മലബാർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. അത് മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്നു. കൊച്ചി രാജ്യത്തിന്റെ അധിപൻ കൊച്ചി മഹാരാജാവ് ആയിരുന്നു. തിരുവിതാംകൂറിന്റെ ഭരണകർത്താവ് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്നു.
ഇങ്ങനെ മൂന്നു ഭരണം ആയിരുന്നുവെങ്കിലും ഭാഷ ഒന്നാണ് എന്നുള്ളതുകൊണ്ട് കേരളം ഒരു സംസ്ഥാനം പോലെയാണ് സാംസ്കാരികമായി കഴിഞ്ഞുകൂടിയിരുന്നത്. പക്ഷേ ഭരണസംവിധാനത്തിന്റെ കാര്യത്തിൽ മൂന്നു വിഭാഗം ആയിരുന്നു.
കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള സംയോജനം സ്വാതന്ത്ര്യലബ്ധിക്കുശേഷം രണ്ടു കൊല്ലത്തിനുള്ളിൽ നടന്നു. പക്ഷേ മലബാറിനോടുകൂടി മലബാറും കൂടി ചേർന്ന് ഏകകേരളം ഉണ്ടായത് പിന്നീടും കുറെക്കാലം കഴിഞ്ഞിട്ടാണ്. അത് കഴിഞ്ഞിട്ടിപ്പോൾ 70 കൊല്ലമായി. അങ്ങനെ ഏകകേരളം വന്നിട്ട് സപ്തതിപൂർത്തിയാവുകയാണ്.
കേരളത്തിന്റെ ഷഷ്ടിപൂർത്തി വേളയിൽ നമ്മുടെ സാംസ്കാരിക ജീവിതത്തിൽ ഉണ്ടാകേണ്ട മൂന്നു തരത്തിലുള്ള ലക്ഷ്യങ്ങൾ- ‘സത്യം, ശിവം, സുന്ദരം’ എന്ന സുപ്രസിദ്ധമായ ഭാരതീയമായ സങ്കല്പം ഉൾപ്പെടുത്തി ഒരു കേരളഗാനം എഴുതിയിരുന്നു. അതിന്റെ
ആദ്യ ഭാഗത്തിൽ ‘സത്യത്തിന്റെ വഴിക്ക് ഞങ്ങളെ നയിക്കേണമേ’ എന്നാണ് കേരളാംബയോട് പ്രാർത്ഥിക്കുന്നത്. പിന്നീട് ശിവത്തിന്റെ വഴിയിൽ, മംഗളത്തിന്റെ വഴിയിൽ ഞങ്ങളെ നയിക്കേണമേ എന്നും സൗന്ദര്യത്തിന്റെ നേർവഴിയിലേക്ക് ഞങ്ങളെ നയിക്കേണമേ എന്നും. ഈ മൂന്നു ലക്ഷ്യങ്ങൾക്കൊപ്പം ത്രിവിധ തപസ്സ് കേരളത്തിൽ അനുഷ്ഠിക്കാൻ കേരളത്തിന്റെ മക്കൾക്ക് കഴിയണമെന്നുള്ള ആശംസയും ചേർത്തിരുന്നു.
ത്രിവിധ തപസ്സ് എന്ന് വെച്ചാൽ മനസ്സ് കൊണ്ടും വചസ്സുകൊണ്ടും വപുസ്സുകൊണ്ടുമുള്ള തപസ്സ്. കായംകൊണ്ടും മനംകൊണ്ടും വാക്കുകൊണ്ടും മൂന്നു തരത്തിലുള്ള തപസ്സ്. തപസ്സ് എന്ന് വെച്ചാൽ ഏകാഗ്രമായിട്ടുള്ള നിഷ്ഠ ഉണ്ടാവുക എന്നാണ്. അങ്ങനെ ആ തപസ്സിൽ കേരളത്തിന്റെ ചൈതന്യം വിലയിക്കണം എന്ന് പറയുമ്പോൾ പശ്ചിമഘട്ടത്തിന്റെ ഔന്നത്യവും ഗൗരവവും പശ്ചിമസാഗരത്തിന്റെ ഗഹനതയും നമ്മുടെ ഈ ത്രിവിധ തപസ്സിൽ ഉണ്ടാവണേ എന്നാണ് പിന്നത്തെ പ്രാർത്ഥന.
സ്ത്രീകൾക്കു ജനപ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സ്ഥാനാർത്ഥിത്വം നല്കുന്നതിലും കുട്ടികൾക്കു ഗർഭസ്ഥരായിരിക്കുന്ന കാലം മുതൽ കൗമാരം കഴിയുവോളം പോഷകാഹാരം ലഭ്യമാക്കുന്നതിലും യുവജനങ്ങൾക്ക് തൊഴിലില്ലായ്മ എന്ന അവസ്ഥയ്ക്ക് പരിണാമം വരുത്തുന്നതിലും സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയും വിധം അവർക്കു തൊഴിലുണ്ടാക്കിക്കൊടുക്കുന്നതിലും, ആഡംബരത്തോടുള്ള അമിത താല്പര്യം ഇല്ലാതാകുന്ന ഉദ്ബോധനം നല്കുന്നതിലും ഭൂമിയിൽ ഒരിടവും തരിശാക്കാതെ കൃഷി വികസിപ്പിക്കുന്നതിലും കേരളം ഒരു മാതൃകയാകട്ടെ എന്ന് കേരളപ്പിറവിയുടെ സപ്തതി വേളയിൽ ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.