ഇസ്രായേൽ: നെതന്യാഹു പുറത്തേക്കുള്ള വഴിയിലോ?

ഇസ്രായേലില്‍ ബെന്യമിൻ നെതന്യാഹു യുഗം അവസാനിക്കുമോ എന്നതായിരുന്നു ഈ തെരഞ്ഞെടപ്പില്‍ ലോകം ഉറ്റു നോക്കിയത്. ലക്ഷക്കണക്കിന് ഫലസ്തീനികളുടെ ചോരപുരണ്ട കൈകള്‍ ഇനി ആഗോള വേദികളില്‍ ഉയരരുതെന്ന് ആഗ്രഹിച്ചവരാണ് ലോകമെങ്ങുമുള്ള സമാധാനാകാംക്ഷികള്‍. പക്ഷേ ഇക്കാര്യത്തില്‍ ഒരു വ്യക്തത നല്‍കുന്നതല്ല ഇസ്രായേലിലെ ജനവിധി. ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കുസഭയാണ് ഇസ്രായേല്‍ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ബാക്കിപത്രം. ബെന്യമിൻ നെതന്യാഹുവിന്‍റെ ലിക്യുഡ് പാർട്ടി സഖ്യത്തിനും മുഖ്യ എതിരാളി മുൻ സൈനിക മേധാവി കൂടിയായ ഗാഡി ഐസൻകോട്ടിന്‍റെ പ്രതിപക്ഷ സഖ്യത്തിനും സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ല. ഇനി അറിയേണ്ടത് ജനവിധിയുടെ സന്ദേശം ഉള്‍ക്കൊണ്ട് നെതന്യാഹുവിനെ പുറത്താക്കാനുള്ള ഒരു വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടുമോ എന്നതാണ്. ഈ രാഷ്ട്രീയ അനിശ്ചിതത്വത്തിന്‍റെ മറവില്‍ നെതന്യാഹു തന്നെ അധികാരത്തില്‍ തിരിച്ചെുത്താനുള്ള സാധ്യതയും പുർണമായും തള്ളിക്കളയാനാകില്ല.

ജനവിധിയുടെ പൊരുള്‍

​120 അംഗ ഇസ്രായേല്‍ പാർലമെന്‍റില്‍ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. ബെന്യമിൻ നെതന്യാഹുവിന്‍റെ രാഷ്ട്രീയ മുന്നണിക്ക് 53 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിലേക്കെത്താൻ 8 സീറ്റുകളുടെ കുറവ്. പ്രതിപക്ഷ പാർട്ടി സഖ്യത്തിനാകട്ടെ 48 സീറ്റുകള്‍ കൈക്കലാക്കാനേ കഴിഞ്ഞുള്ളൂ. ഈ രണ്ട് മുന്നണികളുടെയും ഭാഗമല്ലാത്ത അറബ് പാർട്ടികള്‍ക്ക് 19 സീറ്റുകളുണ്ട്. ഫലസ്തീൻ വംശജരായ ഇസ്രായേല്‍ പൗരന്മാരെ പ്രതിനിധീകരിക്കുന്ന ഈ അറബ് പാർട്ടികളുടെ നിലപാടാണ് ഇസ്രായേല്‍ രാഷട്രീയത്തില്‍ ഇനി നിർണായകമാകാൻ പോകുന്നത്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും നിലവിലെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്‍റെ അധികാകരത്തുടർച്ച ഇസ്രായേല്‍ ജനത ആഗ്രഹിക്കുന്നില്ലെന്ന സൂചന ഈ ജനവിധിയിലുണ്ട്. ഏറ്റവും വലിയ ഒറ്റകക്കക്ഷിയായെങ്കിലും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 6 സീറ്റ് കുറവാണ് ഇത്തവണ ലിക്യുഡ് പാർട്ടിക്ക് ലഭിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ 21 സീറ്റ് നേടി ഒപ്പത്തിനൊപ്പമെത്താൻ ഐസൻകോട്ടിന്‍റെ യാഷർ പാർട്ടിക്ക് കഴിഞ്ഞു. അറബ് പാർട്ടികളാകട്ടെ 10ല്‍ നിന്ന് 19ലേക്ക് സീറ്റ് നില ഉയർത്തി മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു.

ജനവിധി തുറന്നിടുന്ന സാധ്യതകള്‍

ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇസ്രായേലിന്‍റെ രാഷ്ട്രീയഭാവിയില്‍ നാല് സാധ്യതകളാണ് ഉള്ളത്. ഒന്നാമതായി ഭരണ പ്രതിപക്ഷ സഖ്യങ്ങളിലെ ചെറു പാർട്ടികളെ മറുകണ്ടം ചാടിച്ച് ലിക്യുഡ് പാർട്ടിക്കോ യാഷർ പാർട്ടിക്കോ സർക്കാരുണ്ടാക്കാം. തീവ്രവലതുപക്ഷ സ്വഭാവമുള്ള ലിക്യുഡ് സഖ്യത്തിലെ ചെറുപാർട്ടികള്‍ ഐസൻകോട്ട് ക്യാമ്പിലേക്ക് മാറാനുള്ള സാധ്യത കുറവാണ്. അതേ സമയം പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് 8 സീറ്റുകള്‍ നേടിയ ദ ഡമോക്രാറ്റ് പാർട്ടിയേയോ 7 സീറ്റുള്ള ഇസ്രായേല്‍ ബെയ്തേയ്നു പാർട്ടിയെയോ മറ്റ് ചെറു പാർട്ടികളെയോ ചാക്കിട്ടു പിടിച്ചാല്‍ നെതന്യാഹുവിന് കഷ്ടിച്ച് കേവല ഭൂരിപക്ഷത്തിലേക്കെത്താം. ലിക്യുഡ് ക്യാമ്പുമായി തികഞ്ഞ ആശയ വൈരുദ്ധ്യമുള്ള ഈ പാർട്ടികള്‍ അതിന് തയ്യാറാകുമോ എന്നതാണ് പ്രശ്നം. അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള സർക്കാർ രൂപീകരണമാണ് രണ്ടാമത്തെതും ഏറ്റവും പ്രായോഗികവുമായ സാധ്യത. അറബ് പാർട്ടികളുടെ പിന്തുണയോടെ ഒരു സർക്കാരുണ്ടാക്കാൻ ഐസൻകോട്ട് തയ്യാറാകുമോ എന്നതാണ് അറിയാനുള്ളത്. ഒരു രാഷട്രീയ അനിശ്ചിതത്വത്തില്‍ നിന്ന് ഇസ്രായേലിനെ രക്ഷിക്കാൻ ലിക്യുഡ് പാർട്ടിയും യാഷർ പാർട്ടിയും ചേർന്ന് ഒരു ദേശീയ സഖ്യസർക്കാരുണ്ടാക്കാനുള്ള സാധ്യതയും ചില രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. ഇത്തരമൊരു രാഷ്ട്രീയ സഖ്യത്തിന് പ്രത്യയശാസ്ത്ര പ്രതിബന്ധങ്ങളൊന്നും ഇരുകൂട്ടർക്കുമിടയില്‍ ഇല്ലെങ്കിലും ജനവിധിയുടെ അന്തസത്ത ചോർത്തിക്കളയുന്ന അധാർമിക നീക്കമായിരിക്കും ഇതെന്നതാണ് പ്രതിപക്ഷസഖ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇസ്രായേല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയെന്നതാണ് നാലാമത്തെ സാധ്യത.

അറബ് പാർട്ടികള്‍ക്ക് കിംഗ് മേക്കറാകാം പക്ഷേ...

​ഈ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കിംഗ് മേക്കർ റോളിലെത്തിയത് അറബ് പാർട്ടി സഖ്യങ്ങളാണ്. അറബ് രാഷ്ട്രീയ കക്ഷികളായ ജോയിന്‍റ് ലിസ്റ്റും റആമും ചേർന്ന് നേടിയ പത്തൊമ്പത് സീറ്റുകളാണ് മുഖ്യ ഭരണ പ്രതിപക്ഷ പാർട്ടി സഖ്യങ്ങളെ കേവല ഭൂരിപക്ഷത്തില്‍ നിന്ന് അകറ്റിയത്. നെതന്യാഹു വിരുദ്ധ സുസ്ഥിര രാഷ്ട്രീയനിലപാടുള്ള അറബ് പാർട്ടികളുടെ പിന്തുണയോടെ ഐസൻകോട്ടന്‍റെ നേതൃത്വത്തില്‍ ഒരു സർക്കാരുണ്ടാക്കുകയാണ് ഏറ്റവും പ്രായോഗികമായ വഴി. യാഷർ പാർട്ടിയും അറബ് പാർട്ടികളും ചേർന്നാല്‍ 66 സീറ്റിന്‍റെ സുരക്ഷിത ഭൂരിപക്ഷം ഉറപ്പിച്ച് ഐസൻകോട്ടിന് ഒരു സുസ്ഥിര സർക്കാരുണ്ടാക്കാം. അറബ് പാർട്ടി സഖ്യങ്ങളാകട്ടെ നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ഏത് രാഷ്ട്രീയ നീക്കങ്ങള്‍ക്കും നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള രാഷ്ട്രീയ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന വാഗ്ദാനം ജോയിന്‍റ് ലിസ്റ്റ് നേതാവ് യൂസഫ് ജാബരീൻ നല്കിയിട്ടുണ്ട്. സർക്കാരിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു അറബ് രാഷ്ട്രീയമുന്നണിയായ റആമും പ്രതിപക്ഷ സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സർക്കാരിന്‍റെ ഭാഗമാകാനുള്ള സന്നദ്ധതയും അവർ അറിയിച്ചു. 2021-22 കാലത്ത് ബെന്നറ്റ് ലാപിഡ് സർക്കാരിന്‍റെ ഭാഗമായ പൂർവകാല ചരിത്രവും റആമിനുണ്ട്.

​എന്നാല്‍ അറബ് പാർട്ടികളുടെ പങ്കാളിത്തത്തോടെയുള്ള സർക്കാർ എന്ന ആശയം ഐസൻകോട്ട് പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇസ്രായേലില്‍ ഒരു ജ്യൂയിഷ് സർക്കാരുണ്ടാകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ ഉടനെ അദ്ദേഹം നടത്തിയ പ്രതികരണം. ജനാധിപത്യമെന്ന പുറംമോടിയുണ്ടെങ്കിലും അറബ് പൗരന്മാരോടും അറബ് പാർട്ടികളോടുമുള്ള വംശീയ മുൻവിധികള്‍ ആഴത്തില്‍ പതിഞ്ഞികിടക്കുന്ന രാഷ്ട്രീയ വ്യവസ്ഥയാണ് ഇസ്രായേലിലേത് എന്നത് കൊണ്ട് തന്നെ അറബ് പാർട്ടികളുമായുള്ള രാഷ്ട്രീയ ചങ്ങാത്തത്തിന് ഇരു മുന്നണികളും മുതിരാനുള്ള സാധ്യത തുലോം വിരളമാണ്. പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഇത്തരമൊരു മുന്നണിക്കുള്ള സമ്മർദ്ദം ഗാഡി ഐസൻകോട്ടിന് മുകളിലുണ്ട്. മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് വീണ്ടും ഇസ്രായേലിനെ നയിക്കരുതെന്ന പൊതുവികാരം കണക്കിലെടുത്ത് അറബ് പാർട്ടികളുടെ പുറത്ത് നിന്നുള്ള പിന്തുണയോടെ ഗാഡി ഐസൻകോട്ടിന്‍റെ നേതൃത്വത്തില്‍ ഒരു പുതിയ സർക്കാർ ഇസ്രായേലില്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് തെളിയുന്നത്.

(ഇഎംഇഎ കോളജ് കൊണ്ടോട്ടിയിലെ പൊളിറ്റിക്കല്‍ സയൻസ് എച്ച്.ഒ.ഡി ആണ് ലേഖകൻ)

Tags:    
News Summary - Israel post war election political deadlock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.