രക്തം രക്തത്തെ തിരിച്ചറിയുമ്പോൾ...

ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ കൊലപാത കങ്ങളും രാജ്യത്ത് സാധാരണവത്കരിക്കപ്പെടവെ രക്തസാക്ഷിയായ സഹോദരന്റെ ഓർമക്ക് ഒരു യുവാവ് നടത്തുന്ന അസാധാരണ പോരാട്ടം

‘തും ബംഗ്ലാദേശി?’- നീ ബംഗ്ലാദേശിയല്ലേടാ എന്ന ചോദ്യത്തോടെ, വർഗീയ വിദ്വേഷം തലക്കുപിടിച്ച ഒരുപറ്റം ആളുകൾ വാളയാറിലെ അട്ടപ്പള്ളം മാതാളിക്കാട് ഭാഗത്തുവെച്ച് നട്ടെല്ലും വാരിയെല്ലും തകരും വരെ അടിച്ചുകൊന്ന ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ബഘേൽ എന്ന നാൽപതുകാരന്റെ ഉയിരറ്റ ദേഹം തൃശൂർ മെഡിക്കൽ കോളജിലെ ഇരുട്ടുമുറിയിൽ കിടന്നു- ഒരു മനുഷ്യൻ അർഹിക്കുന്ന ഏറ്റവും ചുരുങ്ങിയ പരിഗണന പോലും ലഭ്യമാവാതെ. മർദനമേൽക്കാത്ത ഒരിഞ്ച് ഇടം പോലും ആ ശരീരത്തിൽ അവശേഷിച്ചിരുന്നില്ല എന്നാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഫോറൻസിക് വിദഗ്ധൻ ഡോ. ഹിതേഷ് ശങ്കർ സങ്കടവും അപമാനവും സഹിക്കാനാവാതെ തുറന്നുപറഞ്ഞത്. എട്ടും പത്തും വയസ്സുള്ള രണ്ട് മക്കളും അമ്മയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ വിശപ്പകറ്റാൻ മാർഗം തേടി നാലുനാൾ മുമ്പ് കിലോമീറ്ററുകൾ താണ്ടി ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ വന്നതാണീ ദരിദ്രനാരായണൻ. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്കുപോലും അഭയം നൽകിയിരിക്കുന്ന രാജ്യത്താണ് ഒരു ദരിദ്ര പൗരൻ ബംഗ്ലാദേശിയാണെന്ന സംശയത്തിൽ അടിച്ചുകൊല്ലപ്പെടുന്നത്.

വംശീയവൈരത്തിലൂന്നിയ ആൾക്കൂട്ടക്കൊലപാതകമാണെന്നും പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കർശന നടപടി കൈക്കൊള്ളണമെന്നുമൊക്കെ അറിഞ്ഞിട്ടും എല്ലാം മറച്ചുവെച്ച്, മൃതദേഹം ഛത്തിസ്ഗഢിലേക്ക് ‘പാക്ക്’ ചെയ്യാൻ കേരളത്തിലെ ജനമൈത്രി പൊലീസ് വട്ടംകൂട്ടുന്നതിനിടെ അബ്ദുൽ ജബ്ബാർ എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ മെഡിക്കൽ കോളജിലേക്ക് ഓടിക്കിതച്ചെത്തി. പരിചയസമ്പന്നനായ അഭിഭാഷകനെപ്പോലെ നിയമങ്ങളും ചട്ടങ്ങളും സുപ്രീംകോടതി മാർഗനിർദേശങ്ങളും എണ്ണിപ്പറഞ്ഞ്, മരിച്ചുകിടക്കുന്ന മനുഷ്യനുവേണ്ടി വാദിക്കാൻ തുടങ്ങി. ‘‘ഇതൊക്കെപ്പറയാൻ നീയാര്?’’ എന്ന പൊലീസിന്റെ കണ്ണുരുട്ടലിനുമുന്നിൽ വാക്കുകൾ ഇടറാതെ അയാൾ പറഞ്ഞു: ‘‘ഈ മരിച്ചുകിടക്കുന്നത് എന്റെ ജ്യേഷ്ഠനാണ്. ഈ മൃതദേഹം മാന്യമായി അദ്ദേഹത്തിന്റെ നാട്ടിലെത്തുന്നതുവരെ മാത്രമല്ല, അവസാന നീതി ഉറപ്പാകുന്നതുവരെ ഞാൻ ഈ കേസിന് പിന്നാലെയുണ്ടാവും.’’

നാ​ട്ടി​ക​ അപകടത്തിൽ കാലുകൾ തകർന്ന ജാൻസിക്കൊപ്പം അ​ബ്ദു​ൽ ജ​ബ്ബാ​റും ഗീതയും

ആരോരുമില്ലാത്ത ഒരുവന്റെ അസ്വാഭാവിക മരണമായി എഴുതിത്തള്ളപ്പെടുമായിരുന്ന സംഭവത്തിന്റെ ഗതി അതോടെ മാറിത്തുടങ്ങി. മറുവാക്ക് മാഗസിൻ എഡിറ്ററും ആക്ടിവിസ്റ്റുമായ പി. അംബിക വിളിച്ചറിയിച്ചതിൻപ്രകാരം കൂടുതൽ മനുഷ്യാവകാശ-രാഷ്ട്രീയ പ്രവർത്തകർ സ്ഥലത്തെത്തി. കൃത്യമായ വകുപ്പുകൾ പ്രകാരം കേസുകൾ ചുമത്തണമെന്നും ആൾക്കൂട്ടക്കൊലപാതകങ്ങളിൽ തെഹ്സീൻ പൂനവാല കേസിൽ സുപ്രീംകോടതി നിഷ്കർഷിച്ച നിയമപരിരക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മൂന്ന് ട്രെയിനുകൾ മാറിമാറിക്കയറി ഛത്തിസ്ഗഢിൽ നിന്നെത്തിയ കുടുംബത്തെ ജസ്റ്റിസ് ഫോർ രാം നാരായൺ ആക്ഷൻ കൗൺസിലിന്റെയും മാനവീയം സാംസ്കാരിക വേദിയുടെയും പ്രവർത്തകർ സമാശ്വസിപ്പിച്ച് ധൈര്യം പകർന്നു. ആക്ടിവിസ്റ്റുകളും കുടുംബവും പിറകോട്ടില്ലെന്ന് വന്നതോടെ, സംഭവം നടന്ന് അഞ്ചുനാൾ കണ്ണടച്ചുനിന്ന സംസ്ഥാന സർക്കാർ ഒടുവിൽ വിഷയത്തിൽ ഇടപെട്ടു. നീതി ഉറപ്പാക്കാതെയും മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെയും മൃതദേഹം ഏറ്റുവാങ്ങേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചപ്പോൾ മന്ത്രി കെ. രാജൻ ചർച്ചക്കെത്തി ആവശ്യങ്ങൾ അംഗീകരിച്ചു. കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. വിമാനമാർഗം മൃതദേഹം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 30 ലക്ഷം രൂപ അനുവദിക്കപ്പെട്ടു. പ്രതികൾക്ക് അതിവേഗം നൽകിയ ജാമ്യവും റദ്ദാക്കി. പോരാട്ടം ഇനിയും ബാക്കിയുണ്ട്, അത് തുടരുന്നുമുണ്ട്.

അവനായിരുന്നു മനസ്സു മുഴുവൻ

ജീവിച്ചിരിക്കെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ബഘേലുമായി നിങ്ങൾക്കെന്ത് ബന്ധം? ഈ കേസിൽ നിങ്ങൾക്കെന്താണിത്ര താൽപര്യം എന്നു ചോദിക്കുന്നവരോടെല്ലാം മലപ്പുറം പറപ്പൂർ സ്വദേശി എം.അബ്ദുൽ ജബ്ബാർ പറയും: ‘‘ആൾക്കൂട്ട അതിക്രമങ്ങൾക്കിരയാവുന്ന, നീതി നിഷേധിക്കപ്പെടുന്ന ഓരോ ഇന്ത്യക്കാരും എനിക്കെന്റെ അഷ്റഫിനെപ്പോലെയാണ്.’’ രാം നാരായണന്റെ ആൾക്കൂട്ടക്കൊലയുടെയും മരണശേഷവും അദ്ദേഹം നേരിടുന്ന അനീതിയുടെയും വിവരമറിഞ്ഞ് തൃശൂരിലേക്ക് പുറപ്പെടുമ്പോൾ ജബ്ബാർ ആലോചിച്ചത് 2025 ഏപ്രിൽ 27ന് മംഗളൂരുവിലെ കുടുപുവിൽ വർഗീയവാദികൾ അടിച്ചുകൊന്ന സ്വന്തം സഹോദരൻ അഷ്റഫിനെപ്പറ്റിയാണ്.ഒരാളെയും വേദനിപ്പിക്കാതെ ജീവിച്ച,മണ്ണിൽ വീണ കരിയിലകളെപ്പോലും ഞെരിക്കാതെ നടന്ന അദ്ദേഹം അവസാന നിമിഷങ്ങളിൽ കടന്നുപോയ വേദനകളെക്കുറിച്ച്, മംഗളൂരു ഗവ. വെൻലോക്ക് ആശുപത്രി മോർച്ചറിയിൽ ആ മൃതദേഹം കാണേണ്ടിവന്ന നിമിഷത്തിന്റെ നടുക്കത്തെക്കുറിച്ച്...

രാം ​നാ​രാ​യ​ൺ

മലയാളിയായ അഷ്റഫ് മംഗളൂരുവിലും, എട്ടു മാസങ്ങൾക്കുശേഷം രാം നാരായൺ കേരളത്തിലുമാണ് കൊല്ലപ്പെട്ടതെങ്കിലും ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ വിചാരധാര സമാനമാണ്-രണ്ടിടത്തും പ്രതിസ്ഥാനത്ത് ഹിന്ദുത്വ വർഗീയവാദികളാണ്. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതെ ആഭ്യന്തര കുടിയേറ്റം നടത്താൻ നിർബന്ധിതരായ സാധുക്കളാണ് രണ്ടുപേരും. രാം നാരായണനെ ബംഗ്ലാദേശി മുസ്‍ലിമാണെന്ന് സംശയിച്ചാണ് മർദിച്ചതെങ്കിൽ, ‘പാകിസ്താൻ സിന്ദാബാദ്’ വിളിച്ചു എന്ന വ്യാജാരോപണമാണ് അഷ്റഫിന്റെ മേൽ അക്രമികൾ കെട്ടിച്ചമച്ചത്.

ഏഴാം ക്ലാസ് വരെ സ്കൂളിലെ ഏറ്റവും നല്ല കൈയക്ഷരത്തിനുടമയായ, ക്രിക്കറ്റിൽ കമ്പമുള്ള, മിടുമിടുക്കൻ വിദ്യാർഥിയായിരുന്നു അഷ്റഫ്. പതിയെ അവന്റെ ഓർമ മങ്ങാൻ തുടങ്ങി, പഠനത്തിൽ ശ്രദ്ധിക്കാനാവാത്തതിന്റെ വേദനയായി,മനസിന്റെ നൂലിഴകൾ പൊട്ടി ... പത്താം ക്ലാസിൽ തോറ്റപ്പോൾ പഠിപ്പ് നിർത്തി. പ്രദേശത്തെ കടകൾ വൃത്തിയാക്കിയും പരിസരവാസികളെ സഹായിച്ചും കുറെക്കാലം നാട്ടിൽ നിന്നു. പിന്നീട് മംഗളൂരുവിലേക്ക് വണ്ടികയറി. പഴയ പ്ലാസ്റ്റിക് സാധനങ്ങൾ പെറുക്കി വിറ്റ് ജീവിച്ചു, ബസ് ഷെൽട്ടറുകളിലും റെയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങി. കിട്ടുന്ന നൂറും ഇരുന്നൂറും സ്വരുക്കൂട്ടി വെച്ച് അതുമായി ഇടക്ക് വയനാട് പുൽപ്പള്ളിയിലെ വീട്ടിൽ ഉമ്മയെക്കാണാൻ വന്ന് മടങ്ങും. ഒരു നാൾ റെയിൽവേ ട്രാക്കിനരികിൽനിന്ന് സാധനങ്ങൾ പെറുക്കി നീങ്ങുന്നതിനിടയിലാണ് ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്നതുകണ്ട് അവിടേക്ക് ചെന്നത്. അൽപം കഴിഞ്ഞ് അവിടെ നിന്ന് വെള്ളമെടുത്ത് കുടിച്ചെന്നോ ഉപയോഗിച്ചൊഴിവാക്കിയ കുടിവെള്ളക്കുപ്പികൾ പെറുക്കിയെന്നോ ആരോപിച്ച് അവർ അഷ്റഫിനെ ബാറ്റുകളും കമ്പുകളും കൂർത്ത വസ്തുക്കളുമുപയോഗിച്ച് അതിക്രൂരമായി മർദിച്ചു. മരണവേദനയിൽ പുളയവെ ചവിട്ടി വലിച്ചിഴച്ചു.ഉൻമാദിച്ച് മതിയായപ്പോൾ മടങ്ങിപ്പോയി ക്രിക്കറ്റ് കളി തുടർന്നു. വെള്ളം കുടിച്ചതോ കുപ്പിയെടുത്തതോ ആയിരുന്നില്ല യഥാർഥ പ്രശ്നം- കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സംഘ്പരിവാർ രാജ്യത്ത് പടർത്തിവിട്ട മുസ്‍ലിം വെറുപ്പിന്റെ പ്രതിഫലനമായിരുന്നു ആ അതിക്രമം. യുവാവ് മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ, പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് മർദിച്ചതെന്ന് കള്ളം പടച്ചു.

ദേശീയതാ സംരക്ഷണത്തിന്റെ മൂടുപടമിട്ട് കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്ന പതിവ് ഫാഷിസ്റ്റ് തന്ത്രം തന്നെ. നാടിനെ വിദ്വേഷശക്തികൾക്ക് വിട്ടുകൊടുക്കില്ലെന്ന് വാശിപിടിച്ച, മുൻ നഗരസഭാംഗവും കോൺഗ്രസ് നേതാവുമായ പ്രകാശ് ബി. സാലിയനെയും ലോറൻസിനെയും ദീപക്കിനെയും പോലുള്ള ആക്ടിവിസ്റ്റുകൾ, ‘വാർത്താഭാരതി’യുടെ ഷബീർ അഹ്മദ്, പി.യു.സി.എല്ലിന്റെയും എ.പി.സി.ആറിന്റെയും സോളിഡാരിറ്റിയുടെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകർ, സി.പി.എം ദക്ഷിണ കന്നഡ ജില്ല സെക്രട്ടറി മുനീർ കട്ടിപ്പള്ള, കോൺഗ്രസ് ന്യൂനപക്ഷസെൽ നേതാവ് കെ.കെ. ഷാഹുൽ ഹമീദ്, നിയമോപദേശത്തിനും വസ്തുതാന്വേഷണത്തിനും ഇറങ്ങിവന്ന ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസിലെ അഭിഭാഷകർ എന്നിങ്ങനെ ഒരുപിടി മനുഷ്യർ പുലർത്തിയ ജാഗ്രതയുടെ ഫലമായി, വ്യാജ ആഖ്യാനത്തിൽ പൊതിഞ്ഞ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൊളിഞ്ഞു. അസ്വാഭാവിക മരണമായി ചിത്രീകരിക്കാൻ തിടുക്കപ്പെട്ട പൊലീസ് മരിച്ചത് ഒരു മലയാളിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് എഫ്.ഐ.ആർ തയാറാക്കാൻ പോലും സന്നദ്ധമായത്.

മലയാളി ഇനിയും മനസ്സിലാക്കാത്തത്

ദാദ്രിയിൽ അഖ് ലാഖും അട്ടപ്പാടിയിൽ മധുവും കൊല്ലപ്പെട്ട വാർത്തകൾ വായിച്ച് ഓരോ മലയാളിയെയും പോലെ ജബ്ബാറും സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ, ഫാഷിസം നാളെ നമ്മുടെ വീട്ടുപടിക്കലും വന്നെത്തിയേക്കാമെന്നത് വെറും ആശങ്കയല്ല, യാഥാർഥ്യമാണെന്ന് തിരിച്ചറിയുന്നത് സ്വന്തം സഹോദരന്റെ ദാരുണവിയോഗത്തോടെയാണ്. ഒരു മലയാളി മറ്റൊരു സംസ്ഥാനത്ത് വിദ്വേഷക്കൊലക്കിരയായ ആദ്യ സംഭവം.

ഇപ്പോൾ രാം നാരായണന്റെ കുടുംബം കേരളത്തിലെത്തുമ്പോൾ ആദ്യം വിളിക്കുക ജബ്ബാറിനെയാണ്. വിദ്വേഷക്കൊലകൾ സൃഷ്ടിക്കുന്ന ട്രോമയുടെ ഗുരുതരാവസ്ഥ മലയാളി പൊതുസമൂഹത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ജബ്ബാർ കരുതുന്നു. രാം നാരായണന്റെ കൊലപാതകത്തിന് പിന്നാലെ ശ്രീകണ്ഠപുരത്ത് യു.പി സ്വദേശിയായ നഈം സൽമാനി എന്ന ബാർബർ തൊഴിലാളിയും ആൾക്കൂട്ട മർദനത്തിന്റെ ഫലമായി മരിച്ചു. ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കിയതുപോലെ ‘‘മലയാളിക്കെന്നല്ല, ഒരു മനുഷ്യനും ചേരാത്ത ക്രൂരതയാണത്, ആൾക്കൂട്ടം ഒത്തുചേർന്ന് ചെയ്യുമ്പോൾ അതൊരു കുറ്റമല്ല എന്ന മാനസികാവസ്ഥ ജനങ്ങളിലുണ്ടാവുന്നത് ഇരട്ടി അപകടകരമാണ്’’.

വർഗീയതയും വിദ്വേഷവും വിഭാഗീയതയും പരത്തുന്ന സംഘങ്ങൾക്കെതിരെ പൊരുതാൻ ഏവരും തയാറാവുന്ന ദിവസം മാത്രമേ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കാനാകൂ എന്ന് ജബ്ബാർ പറയുന്നു. ദൗർഭാഗ്യവശാൽ ഇത്രയധികം ആളുകൾ രാജ്യത്ത് അന്യായമായി കൊലചെയ്യപ്പെട്ടിട്ടും പാർട്ടികളോ സമുദായ സംഘടനകളോ ഈ ഭീഷണി തിരിച്ചറിഞ്ഞിട്ടില്ല. ഇമ്മട്ടിൽ നിസ്സംഗത തുടർന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ഇതൊരു സാധാരണ സംഭവമായി മാറും. കത്തിയും ബോംബും കൊണ്ടല്ല, രാജ്യത്തിന്റെ ഭരണഘടന ഉപയോഗിച്ച്, നിയമസംവിധാനത്തെ മാനിച്ച് പൊരുതി മാത്രമേ നീതിയും സമാധാനവും വീണ്ടെടുക്കാനാവൂ. പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും നിയമ-പൗരാവകാശ സമൂഹവുമെല്ലാം കൈകോർത്തു നിന്നാൽ മാത്രമേ അത് സാധ്യമാവൂ.

2024 നവംബർ 26ന് തൃശൂർ നാട്ടികയിൽ പാതയോരത്ത് ഉറങ്ങിക്കിടക്കവെ തടിലോറി പാഞ്ഞുകയറി ജീവൻ ഹനിക്കപ്പെട്ട നാടോടി മനുഷ്യരുടെ ബന്ധുക്കൾക്ക് നീതിയും നഷ്ടപരിഹാരവും ലഭ്യമാക്കാനുള്ള ശ്രമത്തിലും ജബ്ബാറുണ്ട്. അപകടത്തിൽ മരിച്ച അഞ്ചുപേരുടെയും കുടുംബങ്ങൾക്കായി ആകെ ലഭ്യമായത് ആറുലക്ഷം രൂപയാണ്. പാതയോരത്തെ മനുഷ്യർക്ക് ഭരണകൂടം കൽപിച്ച വില! മനുഷ്യാവകാശ-പട്ടികജാതി കമീഷനുകളുമെല്ലാം ഇവിടെയുണ്ടായിട്ടും അപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടവർക്ക് ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇവരുടെ ദുരിതാവസ്ഥ വിവരിച്ച് ഗീത എന്ന പൊതുപ്രവർത്തക റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായി, അവർ കർണാടകക്കാരാണ് എന്ന മറുപടിയാണ് ലഭിച്ചത്. കേരളത്തിൽ വോട്ടവകാശമുള്ള ആളുകളാണവർ. ഏതു നാട്ടുകാരായാലും കേരളത്തിൽ സംഭവിച്ച അപകടത്തിന് നഷ്ടപരിഹാരമൊരുക്കാൻ, നീതി ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയില്ലേ.

നമുക്ക് നീതിയെക്കുറിച്ച് സംസാരിക്കാം

അഷ്റഫ് കൊല്ലപ്പെട്ട ശേഷം രാജ്യത്ത് നടക്കുന്ന ഓരോ ആൾക്കൂട്ട അതിക്രമങ്ങളും കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട് ജബ്ബാർ. ആൾക്കൂട്ടക്കൊലകൾക്കെതിരെ കർമ പദ്ധതികളുണ്ടാക്കണമെന്നും നിയമപഠനം പൂർത്തിയാക്കി ഇരകൾക്കായി കൂടുതൽ വീറോടെ വാദിക്കണമെന്നും ആഗ്രഹിക്കുന്നു. അഷ്റഫിന് സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. നല്ല വസ്ത്രങ്ങൾ പോലും മോഹിക്കാതെ, വയറുനിറച്ചുണ്ണാതെ ഫഖീറിനെപ്പോലെ ജീവിച്ചവനാണവൻ. ഇപ്പോഴുമുണ്ടെങ്കിൽ അടുത്ത മാസം നാൽപത് വയസ്സാകുമായിരുന്നു.

അ​ഷ്റ​ഫ്

ഒരു നഷ്ടപരിഹാരവും അവന്റെ കാര്യത്തിൽ പര്യാപ്തമല്ല;പരിപൂർണ നീതിയാണ് വേണ്ടത്. ഇനിയൊരു മനുഷ്യനും അത്തരത്തിൽ കൊലചെയ്യപ്പെടരുത്, ഞങ്ങൾ അനുഭവിക്കുന്ന വേദന ഇനി മറ്റൊരു വീട്ടുകാർക്കുമുണ്ടാവരുത്. നാടിന്റെ സാമൂഹിക സൗഹാർദത്തിന് വിഘാതങ്ങളുണ്ടാവരുത്. കർണാടകയിലെ രാഷ്ട്രീയ നേതാവ് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം തികച്ചും അർഹരായ ഒരു ഹിന്ദു കുടുംബത്തിനുവേണ്ടി ചെലവിടാനാണ് ഞങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നത്-ജബ്ബാർ പറയുന്നു. തന്റെ ഓർമക്കായി ചെയ്യുന്ന ഓരോ നന്മകളും, മറ്റുള്ളവർക്ക് നീതി ഉറപ്പാക്കാൻ നടത്തുന്ന യത്നങ്ങളും കോട്ടക്കൽ ചോലക്കുണ്ട് പള്ളിയിലെ മൈലാഞ്ചി നാട്ടിയ ഖബറിനുള്ളിലുറങ്ങുന്ന അഷ്റഫ് അറിയുന്നുണ്ടാവും; നിഷ്കളങ്കമായി പുഞ്ചിരിക്കുന്നുണ്ടാവും.

Tags:    
News Summary - When blood recognizes blood Relations...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.