ഇസ്ഫഹാൻ യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രവേശന കവാടം
ഇസ്രായേൽ ചാര സംഘടനയായ മൊസാദിന്റെ ആസ്ഥാനത്ത് ഇറാന്റെ മിസൈലാക്രമണമെന്ന് വാർത്ത. തലസ്ഥാനമായ തെൽഅവിവിനടുത്തുന്നുള്ള ഹെർസിയയിലെ മൊസാദ് ആസ്ഥാന മന്ദിരത്തിന്റെ സമീപത്തുനിന്നും പുകച്ചുരുളുകൾ ഉയരുന്ന വിഡിയോദൃശ്യങ്ങൾ സഹിതമാണ് വിവിധ വാർത്ത ഏജൻസികളുടെ റിപ്പോർട്ട്. ഇറാൻ അതിർത്തിയിലുള്ള സൈനിക കേന്ദ്രമായ ഷിറാസിൽനിന്ന് തെൽ അവിവിലേക്ക് 2000 കിലോമീറ്റർ ദൂരമുണ്ട്; മധ്യ ഇറാനിലെ ഇസ്ഫഹാനിൽനിന്നുമുണ്ട് അത്രയും ദൂരം.
ഇനി വടക്കു പടിഞ്ഞാറൻ മേഖലയിലെ തബ്രീസിൽനിന്നാണെങ്കിൽ, 1700 കിലോമീറ്റർ ദൂരമുണ്ട് തെഹ്റാനിലേക്ക്. ഇറാഖും ജോർഡനുമെല്ലാം പിന്നിട്ടുവേണം ഇത്രയും ദൂരം സഞ്ചരിക്കാൻ. ഇസ്രായേലിന്റെ കരുത്തുറ്റ അയേൺ ഡോമുകളെ ഭേദിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കാൻതക്ക സാങ്കേതിവിദ്യ ഇറാന്റെ പക്കലുണ്ടാകുമോ? ഈ ‘സംശയ’ത്തിന്റെ ബലത്തിൽ പലപ്പോഴും ഇറാന്റെ പ്രത്യാക്രമണങ്ങൾ ലഘൂകരിക്കപ്പെടാറുണ്ട്. ഈ ‘സംശയം’ സ്വാഭാവികവുമാണ്. കാലങ്ങളായി അന്താരാഷ്ട്ര ഉപരോധത്തിന് കീഴിൽ ജീവിക്കുന്ന ഒരു രാജ്യത്തിനും ജനതക്കും ഇവ്വിധം പ്രതികരിക്കാനാകുമോ?
രണ്ടു വർഷം മുമ്പ്, ഇറാൻ സന്ദർശിക്കുമ്പോൾ ഈ ലേഖകനുമുണ്ടായിരുന്നു ആ സംശയം. രണ്ടര പതിറ്റാണ്ടോളമായി അമേരിക്ക അടക്കമുള്ള വൻശക്തി രാഷ്ട്രങ്ങളുടെ ഉപരോധത്തിലാണ് ഇറാൻ. മരുന്ന് ഉൾപ്പെടെ അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്കുപോലും നിയന്ത്രണമുണ്ട്. അതിനിടയിൽ എങ്ങനെയായിരിക്കും ഇറാൻ അതിജീവിക്കുന്നത്? ഇപ്പോൾ, തെഹ്റാൻ കഴിഞ്ഞാൽ ഇസ്രായേൽ കാര്യമായി ലക്ഷ്യംവെച്ചിരിക്കുന്ന ഇസ്ഫഹാനിലെത്തിയപ്പോഴാണ് ആ സംശയം മാറിയത്. അറബ് ലോകത്തെ നൊബേൽ എന്നറിയപ്പെടുന്ന ‘മുസ്തഫ പുരസ്കാര’ദാന ചടങ്ങിനോടനുബന്ധിച്ച് നടന്ന ശാസ്ത്ര സമ്മേളനത്തിൽ പ്രബന്ധാവതരണത്തിനാണ് ഞാൻ ഇസ്ഫഹാനിലെത്തിയത്.
ലോകപ്രശസ്തരായ ഗവേഷകരും ശാസ്ത്രജ്ഞരുമെല്ലാം ഒത്തുകൂടുന്ന വേദിയാണത്. ഇന്ത്യയിൽനിന്ന് പ്രമുഖ വൈറോളജിസ്റ്റ് ശാഹിദ് ജമീൽ അടക്കമുള്ള പ്രഗല്ഭരുണ്ട്. ഇറാന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നഗരമാണ് ഇസ്ഫഹാൻ. ആ സാംസ്കാരിക പൈതൃകത്തോട് ചേർന്നുനിന്നാണ് പുതിയ കാലത്ത് അവരുടെ ശാസ്ത്ര-സാങ്കേതിക മേഖലയിലെ ഗവേഷണങ്ങളത്രയും. ഇറാന്റെ അതിജീവനത്തിന്റെ പരീക്ഷണ ലാബ് എന്നും ഇസ്ഫഹാനെ വിശേഷിപ്പിക്കാം. ഇസ്ഫഹാന്റെ വിവിധ ഭാഗങ്ങളിലായി വികസിച്ച പലവിധ പരീക്ഷണ ലാബുകളെ പരിചയപ്പെടുത്താൻകൂടി സമ്മേളന കാലയളവിൽ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചു.
ഇസ്ഫഹാൻ ന്യൂക്ലിയർ ടെക്നോളജി റിസർച് സെന്റർ, ഇസ്ഫഹാൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഇസ്ഫഹാൻ യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നീ കേന്ദ്രങ്ങളാണ് ഞങ്ങളുടെ സംഘം സന്ദർശിച്ചത്. ന്യൂക്ലിയർ ടെക്നോളജി റിസർച് സെന്ററിന്റെ പുറം കാഴ്ചകൾ മാത്രമാണ് കാണാൻ കഴിഞ്ഞത്. എന്നാൽ, ഇറാന്റെ ഊർജ പ്രതിസന്ധിക്ക് ഇത്തരം കേന്ദ്രങ്ങൾ എങ്ങനെയെല്ലാം പരിഹാരമാകുന്നെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഉപരോധക്കാരായ രാഷ്ട്രങ്ങൾ ഈ കേന്ദ്രത്തിനുനേരെ വളരെ മുമ്പേ കണ്ണുവെച്ചതായി സംഘാടകരിലൊരാൾ പറഞ്ഞു. അതുകൊണ്ടുതന്നെ, മേഖല പ്രത്യേക നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഒക്ടോബറിൽ ന്യൂക്ലിയർ ടെക്നോളജി റിസർച്സെന്ററിനുനേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇസ്ഫഹാനിലെ പല മേഖലകളിലും നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായിരുന്നു അത്. എന്നാൽ, ന്യൂക്ലിയർ കേന്ദ്രത്തിനുനേരെ വന്ന ഡ്രോൺ ഇറാൻ സേന വെടിവെച്ചിട്ടു. ഇപ്പോഴും, ഈ കേന്ദ്രം ആക്രമണനിഴലിലാണ്.
ഇസ്ഫഹാൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഇസ്ഫഹാൻ യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നീ സ്ഥാപനങ്ങൾ രണ്ടു ദിവസമെടുത്താണ് കണ്ടുതീർത്തത്. യഥാർഥത്തിൽ, അതൊരു കേവല സർവകലാശാലയല്ല, അതിജീവനത്തിന്റെ പാഠശാലകളാണ്. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള ഗവേഷണമാണ് അവിടെ നടക്കുന്നത്. ഞാനും ബിറ്റ്സ് പിലാനിയിലെ ഫാർമസി വിഭാഗം പ്രഫസറുമായ ഡോ. അഹ്മദ് കബീറും ഉൾപ്പെടുന്ന അഞ്ചംഗ സന്ദർശകരുടെ വഴികാട്ടിയായി ഉണ്ടായിരുന്നത് മർയം സദർ എന്ന ഗവേഷകയായിരുന്നു.
ഈജിപ്തിൽനിന്ന് മെഡിക്കൽ ബിരുദം നേടിയ അവർ പിന്നീട് യൂറോപിലെ ഒരു സർവകലാശാലയിൽനിന്ന് മൈക്രോബയോളജിയിൽ ഗവേഷണ ബിരുദവും നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ വലിയ കരിയർ സാധ്യതയുണ്ടായിരുന്ന മർയം പഠനശേഷം ഗവേഷണം സ്വന്തം രാജ്യത്തിനു സമർപ്പിക്കുകയായിരുന്നു. മൈക്രോ ബയോളജി, ബയോ ടെക്നോളജി മേഖലകളിൽ രാജ്യം പിന്നാക്കമാണെന്നും തന്നെപ്പോലുള്ളവരുടെ സേവനം ആവശ്യമായതിനാലാണ് കരിയർ ഉപേക്ഷിച്ച് ഇസ്ഫഹാനിൽതന്നെ തുടരുന്നതെന്നുമുള്ള അവരുടെ വാക്കുകൾ ഉപരോധം എന്ന യുദ്ധ മുറയോടുള്ള ഇറാനി പൗരന്മാരുടെ വികാരത്തെ അടയാളപ്പെടുത്തുന്നുണ്ട്.
മെഡിക്കൽ യൂനിവേഴ്സിറ്റിയിലൊരിടത്തെ ഒരു ചെറിയ യൂനിറ്റിലേക്ക് അവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. എം.ആർ.ഐ മെഷീനുകൾ നിർമിക്കുന്ന യൂനിറ്റായിരുന്നു അത്. മറ്റു രാജ്യങ്ങളിൽനിന്നു ഇറാനിലെ ആശുപത്രികളിലേക്ക് എം.ആർ.ഐ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനാവില്ല; അതുപോലുള്ള മറ്റ് ഉപകരണങ്ങളും. ഉപരോധത്തെ അതിജീവിക്കാൻ സ്വന്തമായി ഇത്തരം മെഷീൻ യൂനിറ്റുകൾ നിർമിച്ച് സാധ്യമാകുന്നത്രയും വിതരണം ചെയ്യുകയാണ് ഇവിടെ. നിർമാണം പുരോഗമിക്കുന്തോറും, യൂനിറ്റുകളുടെ ക്ഷമതയും വർധിക്കുന്നു. അതുവഴി, ഒരു സാങ്കേതികവിദ്യ സ്വായത്തമാക്കുന്നു. ഇതുപോലെയാണ് മരുന്ന് നിർമാണവും മറ്റും.
അവിടെനിന്ന് പുറത്തിറങ്ങുമ്പോൾ മർയം എന്നോട് ചോദിച്ചു: ‘‘നിങ്ങളുടെ രാജ്യത്ത് എം.ആർ.ഐ മെഷീനുകൾ ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും ജർമനിയിൽനിന്നാണ്. ഏതെങ്കിലുമൊരു ഘട്ടത്തിൽ ഉപരോധത്താലോ മറ്റോ അതു നിലച്ചുപോയാൽ പിന്നെ നിങ്ങളുടെ ആശുപത്രികൾ എങ്ങനെ പ്രവർത്തിക്കും’’? ഉത്തരത്തിന് കാത്തുനിൽക്കാതെ അവർ തുടർന്നു: ‘‘ചെറുപ്പം മുതലേ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണിത്. അമേരിക്കയും ഇസ്രായേലും ഞങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. മുന്നോട്ടുപോകാൻ ഞങ്ങൾക്ക് സ്വന്തമായി എന്തെങ്കിലും ചെയ്തേ പറ്റൂ. ഞങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന കഥകളെല്ലാം അതുകഴിഞ്ഞേയുള്ളൂ’’.
മറിയം സദർ
സമാന കാഴ്ചകൾ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലകളിലും കാണാനായി. ഊർജം, പ്രതിരോധം എന്നീ മേഖലകളിലൂന്നിയാണ് അവിടെ നടക്കുന്ന ഗവേഷണങ്ങളിൽ നല്ലൊരു പങ്കും. സാങ്കേതികമായി പ്രതിരോധ മേഖലയിലും സുസജ്ജമെന്ന് അവർ പറയാതെ പറയുന്നുണ്ടായിരുന്നു. സഫവീ ഭരണകാലത്തെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന ആ പൈതൃക നഗരത്തിൽനിന്ന് തെഹ്റാനിലേക്ക് മടങ്ങുമ്പോൾ ഒരു കാര്യം ഉറപ്പായി: കാൽ നൂറ്റാണ്ട് കാലം അവർ ഉപരോധത്തിൽ ഞെരിഞ്ഞമരുകയായിരുന്നില്ല. ഉയിർത്തെഴുന്നേൽക്കാനുള്ള ഗൃഹപാഠം ചെയ്യുകയായിരുന്നു. ലബനാനിലെന്നപോലെ, ഏകപക്ഷീയമായി പോകുമായിരുന്ന ഇസ്രായേൽ മിസൈൽ വർഷത്തെ പ്രത്യാക്രമണംകൊണ്ട് പ്രതിരോധിച്ചതുതന്നെ അതിന്റെ തെളിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.