കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള വീടിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഒരു വിനോദയാത്രക്കോ തൊഴിൽപരമോ ഔദ്യോഗികമോ ആയ ആവശ്യങ്ങൾക്കോ എന്തിനേറെ അടുത്ത ബന്ധുക്കളുടെ കല്യാണത്തിനോ മരണത്തിനോപോലും സ്വന്തം വീടുവിട്ട് രണ്ടുനാൾ മാറിനിൽക്കാനാകാത്ത രക്ഷിതാക്കളാണ് അവിടങ്ങളിലെല്ലാം. തങ്ങളുടെ കാലശേഷമെങ്കിലും ഈ കുഞ്ഞുങ്ങൾക്കാരുണ്ട് തുണയെന്നോർത്ത് നെടുവീർപ്പുകളിൽ തുടങ്ങി നെടുവീർപ്പുകളിലവസാനിക്കുന്നതാണ് ആ വീടുകളിലെ ഓരോ ദിനവും. ഈ ആധികൾക്കൊരു അറുതിയുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം രക്ഷിതാക്കളുണ്ട് ഇവിടെ. അവരുടെ കൈയിൽ പദ്ധതിയുണ്ട്, സ്ഥലമുണ്ട്, ഇത്തരം കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സന്നദ്ധതയുമുണ്ട്. സർക്കാർ കൂടി മനസ്സുവെച്ചാൽ ‘റസ്പൈറ്റ് കെയർ’ എന്ന പേരിലുള്ള ആ പദ്ധതി യാഥാർഥ്യമാകും.
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ താൽക്കാലികമായി സംരക്ഷിക്കുന്ന കേന്ദ്രമാണ് ‘റസ്പൈറ്റ് കെയർ’. രണ്ടോ മൂന്നോ ദിവസത്തെ അത്യാവശ്യത്തിന് രക്ഷിതാക്കൾക്ക് പുറത്തുപോകേണ്ടി വരുമ്പോൾ റസ്പൈറ്റ് കെയറിനെ ആശ്രയിക്കാം. അവിടെ കുട്ടികളെ പരിചരിക്കാൻ ശാസ്ത്രീയ പരിശീലനം നേടിയവരുണ്ടാകും. ഒപ്പം ‘പാരഡൈസ്’ കൂട്ടായ്മയിലെ രക്ഷിതാക്കളും. സർക്കാറോ മറ്റേതെങ്കിലും പൊതുമേഖല /സ്വകാര്യ സ്ഥാപനങ്ങളോ സഹായിച്ചാൽ ‘റസ്പൈറ്റ് കെയർ’ ഉടൻ യാഥാർഥ്യമാകും. സ്ഥലവും മറ്റനുബന്ധ സൗകര്യങ്ങളും ‘പാരഡൈസ്’ നൽകും. നടത്തിപ്പ് ചുമതലയും അവർ ഏറ്റെടുക്കും.
ഓട്ടിസം, മൾട്ടിപ്പിൾ ഡിസെബിലിറ്റി, സെറിബ്രൽ പാൾസി, ബൗദ്ധിക ഭിന്നശേഷി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കൾ മക്കളുടെ ആജീവനാന്ത സംരക്ഷണത്തിനായി രൂപം കൊടുത്ത പദ്ധതിയാണ് ‘പാരഡൈസ്’ അഥവാ പാരന്റ്സ് അസോസിയേഷൻ ഫോർ ദി റീഹാബിലിറ്റേഷൻ ആൻഡ് അസിസ്റ്റൻസ് ഫോർ ദി ഡിഫറന്റ്ലി ഏബിൾഡ് ഇൻഡിവിഡ്വൽസ് ടു സപ്പോർട്ട് ആൻഡ് എംപവർ. രക്ഷിതാക്കൾ സ്വന്തം നിലയിൽ പണമെടുത്ത് സ്ഥിരം താമസസൗകര്യവും തൊഴിൽ പരിശീലനകേന്ദ്രവുമെല്ലാം ഒരുക്കുന്നതാണ് പാരഡൈസ് പദ്ധതി. ഇതിനായി കീഴരിയൂർ പഞ്ചായത്തിലെ മീറോഡ് മലയിൽ മൂന്ന് ഏക്കർ സ്ഥലം ട്രസ്റ്റ് വാങ്ങിയിട്ടുണ്ട്. 800 ചതുരശ്ര അടിയിൽ മുപ്പതോളം വീടുകൾ ഇവിടെ പണിയാനാണ് ഉദ്ദേശിക്കുന്നത്.
രക്ഷിതാക്കൾക്ക് അവരുടെ മക്കളോടുകൂടി താമസിക്കാനുള്ള വീടുകൾക്കൊപ്പം മക്കൾക്ക് മാത്രം താമസിക്കാനുള്ള ഡോർമിറ്ററികളും നിർമിക്കും. തൊഴിൽ പരിശീലനത്തിനും പഠനത്തിനും തെറപ്പിക്കും ആവശ്യമായ സൗകര്യങ്ങളും മാനസിക ഉല്ലാസത്തിനുള്ള പാർക്കുകളും തിയറ്ററുകളും ടർഫുകളും ഒരുക്കും. പൊതുഅടുക്കള, ചികിത്സ സൗകര്യങ്ങൾ എന്നിവയുമുണ്ടാകും.
ഇന്ത്യയിൽതന്നെ ആദ്യത്തേതായിരിക്കും രക്ഷിതാക്കളുടെ മുൻകൈയിൽ ഇതുപോലൊരു സമ്പൂർണ പദ്ധതി. ഇപ്പോൾ 15 പേർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. അഞ്ച് വീടുകൾ ഏറെക്കുറെ പൂർത്തിയായി. പൊതുസമൂഹത്തിന്റെ പിന്തുണകൂടി അർഹിക്കുന്നതാണ് ഇത്തരം പദ്ധതികളെന്നും അതുണ്ടെങ്കിൽ നല്ലനിലയിൽ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും പാരഡൈസ് പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്ന പ്രഫ. കെ. കോയട്ടിയും ഡോ. ഡി.കെ. ബാബുവും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.