ഒ.പി.എസ്: ഉടഞ്ഞുവീണ വിഗ്രഹം

2014 സെപ്റ്റംബർ 29. വിങ്ങിപ്പൊട്ടിയ ഒ. പന്നീർസെൽവം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ രാജ്യമാകെ പ്രചരിച്ചു. ജയലളിത അഴിക്കകത്തായതിന്റെ ദുഃഖമായിരുന്നു അവിടെ. മന്ത്രിമാരിൽ ചിലർ കണ്ണീർ പൊഴിച്ചു. ചിലർ വിങ്ങിപ്പൊട്ടി. എല്ലാം ജയലളിതയോടുള്ള കൂറും സ്നേഹവും കാണിക്കാനുള്ള അവസരമായിരുന്നു.

ജയലളിതയുടെ കാലത്ത് പാർട്ടിയിലെ രണ്ടാമനായിരുന്നു ഒ.പി.എസ്. തോഴി ശശികലയുടെ അദൃശ്യ കരങ്ങളുണ്ടെങ്കിലും ജയലളിതയുടെ അഭാവത്തിൽ ആര് എന്ന ചോദ്യത്തിന് ഒന്നിലേറെ തവണ ഉത്തരം ഒ. പന്നീർസെൽവം എന്നുതന്നെയായിരുന്നു. അതേ ഒ.പി.എസാണിപ്പോൾ എ.ഐ.എ.ഡി.എം.കെ എന്ന സ്വന്തം പാർട്ടിയുടെ പ്രാഥമിക അംഗത്വം പോലുമില്ലാതെയിരിക്കുന്നത്.


ആരായിരുന്നു ഒ.പി.എസ്?

ജയലളിതയുടെ വിശ്വസ്തരായ പാർട്ടി നേതാക്കൾ മൂന്ന് പേരായിരുന്നു. ഒ. പന്നീർശെൽവം, എടപ്പാടി പളനിസാമി, ഡിണ്ടിഗൽ സി. ശ്രീനിവാസൻ. ജയലളിതയുടെ അഭാവത്തിൽ രണ്ടുതവണ മുഖ്യമന്ത്രിയാവാൻ ഭാഗ്യം ലഭിച്ചത് ഒ.പി.എസിനായിരുന്നു. ആദ്യമായി മുഖ്യമന്ത്രിയായത് 2001ൽ. അതേവർഷമാണ് പെരിയകുളം നിയോജക മണ്ഡലത്തിൽനിന്ന് അദ്ദേഹം ആദ്യമായി എം.എൽ.എയായി സഭയിലെത്തുന്നത്. 1996 മുതൽ 2001വരെ പെരിയകുളം നഗരസഭ ചെയർമാനായിരുന്നു. ശശികലയുടെ മരുമകൻ ടി.ടി.വി. ദിനകരന്റെ അടുപ്പക്കാരനായിരുന്നു ഒ.പി.എസ്. ഇടുക്കിയോട് അതിർത്തി പങ്കിടുന്ന തേനി ജില്ലയാണ് തട്ടകം. ശശികലയുടെ അതേ ജാതിയായ തേവർ വിഭാഗത്തിലാണ് ഒ.പി.എസും. ശശികലയുടെ സ്വാധീനത്തിലാണ് കന്നിയങ്കത്തിൽ എം.എൽ.എ ആയപ്പോൾ ആറുമാസം മുഖ്യമന്ത്രിയായതെന്ന് അന്ന് തമിഴകം അടക്കം പറഞ്ഞിരുന്നു.

2001ൽ തമിഴ്നാട് ചെറുകിട വ്യവസായ കോർപറേഷന്റെ (താൻസി) ഭൂമി ചുരുങ്ങിയ വിലക്ക് ജയലളിതക്ക് പങ്കാളിത്തമുള്ള ജയ പബ്ലിക്കേഷനും ശശികലയുടെ ഉടമസ്ഥതയിലുള്ള ശശി എന്റർപ്രൈസസിനും വിറ്റെന്ന ആരോപണം കേസായി മാറുകയും വിചാരണ കോടതി ജയലളിതയെ മൂന്നു വർഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു. ഇക്കാരണത്താൽ 2001ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജയലളിത സമർപ്പിച്ച പത്രിക തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. പക്ഷേ, തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ ഗവർണർ ഫാത്തിമ ബീവി ജയലളിതയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ചത് വിവാദമായി. വിവാദം വകവെക്കാതെ അധികാരമേറ്റ ജയലളിതയെ സുപ്രീംകോടതി പിടിച്ചിറക്കിയതോടെയാണ് ഒ.പി.എസിന് തമിഴകം ഭരിക്കാൻ അന്ന് ഭാഗ്യം ലഭിച്ചത്. താൻസി ഭൂമി ഇടപാട് കേസിലെ വിചാരണ കോടതി വിധി മദ്രാസ് ഹൈകോടതി റദ്ദാക്കിയതിനെ തുടർന്ന് 2002ൽ ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചുവന്ന് ജയലളിത മുഖ്യമന്ത്രിയായി.

പിന്നീട് 2011ൽ മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽവന്ന ജയലളിതക്ക് 2014 സെപ്റ്റംബർ 27ന് അധികാരമൊഴിയേണ്ടിവന്നപ്പോഴാണ് വീണ്ടും നറുക്ക് വീണത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു പ്രത്യേക കോടതി നാല് വർഷം തടവിനും 100 കോടി രൂപ പിഴയും വിധിച്ചതിനെ തുടർന്നായിരുന്നു അത്. 2015 മേയ് 23 വരെയായിരുന്നു കസേരയിൽ. എന്നാൽ, ഹൈകോടതി ജയലളിതയെ വെറുതെവിട്ടു. അതിനുമുമ്പേ പ്രത്യേക വിചാരണ കോടതി വിധി വന്ന് 21 ദിവസങ്ങൾക്കകം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരിച്ചുവന്ന ജയലളിത 2015ൽ വീണ്ടും മുഖ്യമന്ത്രിയായി.


ആരാണ് ഇ.പി.എസ്

രണ്ടുതവണ മുഖ്യമന്ത്രിയായതുകൊണ്ട് തമിഴ്നാടിനകത്തും പുറത്തും ഒ.പി.എസിനെ അറിയാം. എന്നാൽ, പാർട്ടിയിൽ തുല്യ കരുത്തരായിരുന്നു എടപ്പാടി പളനിസാമിയും ഡിണ്ടിഗൾ സി. ശ്രീനിവാസനും.

സേലം ജില്ലയിലെ എടപ്പാടിയായിരുന്നു ഇ.പി.എസിന്റെ തട്ടകം. തമിഴ്നാടിന്റെ തുണി വ്യവസായത്തിന്റെ നട്ടെല്ലായ സേലത്തും പരിസര പ്രദേശങ്ങളിലും 80കളുടെ അവസാനം മുതൽ ഇ.പി.എസ് സ്വാധീനമുറപ്പിച്ചുതുടങ്ങിയിരുന്നു. തമിഴകത്ത് നിർണായ സ്വാധീനമുള്ള ഗൗണ്ടർ വിഭാഗക്കാരനായിരുന്നു ഇ.പി.എസ്. 1974 മുതൽ പാർട്ടിയുടെ ഭാഗമായിരുന്നു. 1989ൽ എടപ്പാടി നിയോജക മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. അഥവാ ഒ.പി.എസിനും 12 വർഷം മുമ്പ് സഭയിലെത്തിയ ആളാണ് ഇ.പി.എസ്. പക്ഷേ, ജയലളിതയോടുള്ള വിധേയത്വവും ശശികലയുടെ സ്വാധീനവും ഒ.പി.എസിനെ മുന്നിലെത്തിച്ചു എന്നുമാത്രം. ജയലളിതയുടെ മരണത്തോടെ സി. ശ്രീനിവാസനെ കൂട്ടുപിടിച്ച് ഒ.പി.എസിനെ എടപ്പാടി എളുപ്പത്തിൽ തറപറ്റിച്ചു. കാരണം അണികൾക്കിടയിൽ കാര്യമായ സ്വാധീനം ഒ.പി.എസിന് ഇല്ലായിരുന്നു.

74 ജില്ല സെക്രട്ടറിമാരിൽ പത്തും 66 എം.എൽ.എമാരിൽ അഞ്ചും പേർ മാത്രമാണ് പന്നീർസെൽവത്തെ പിന്തുണക്കാനുണ്ടായിരുന്നത്. ഇത് മുതലെടുത്ത എടപ്പാടി പാർട്ടി ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് ഇരട്ട നേതൃത്വം എന്ന രീതി ഭേദഗതി വരുത്തുകയും ഒ.പി.എസിനെയും അദ്ദേഹത്തിന്റെ വിശ്വസ്ഥരെയും പുറത്താക്കുകയും ചെയ്തു.

ഒ.പി.എസിന്റെ വഴി

വഴികൾ കുറവാണ് പന്നീർസെൽവത്തിന് മുന്നിൽ. നിയമപോരാട്ടത്തിന്റെ നേരിയ സാധ്യത മുന്നിലുണ്ട്. സുപ്രീം കോടതയിൽതന്നെ അപ്പീൽ പോവാനുള്ള സാധ്യതയുണ്ടെങ്കിലും വിജയസാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വഴിയുള്ള പോരാട്ടമാണ് മറ്റൊരു വഴി. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ സുപ്രീം കോടതി വിധി ബാധിക്കില്ലെന്നും ഒ.പി.എസിന് താൽക്കാലിക തിരിച്ചടി മാത്രമാണുണ്ടായതെന്നും ടി.ടി.വി ദിനകരൻ പറഞ്ഞിട്ടുണ്ട്. എന്നാലും പ്രതീക്ഷ കുറവാണ്.

പിന്നീടുള്ളത് പഴയ ഗോഡ്ഫാദറും ഒരു കാലത്ത് എ.ഐ.എ.ഡി.എം.കെയിലെ കരുത്തനുമായിരുന്ന ടി.ടി.വി. ദിനകരൻ രൂപവത്കരിച്ച എ.എം.എം.കെയിൽ (അമ്മ മക്കൾ മുന്നേറ്റ കഴകം) ചേരുകയെന്നതാണ്. ശശികലയുടെ മരുമകനാണ് ദിനകരൻ. ശശികലയെ എ.ഐ.എ.ഡി.എം.കെയിൽനിന്ന് പുറത്താക്കിയപ്പോൾ അവരുടെ കൂടെ ആശീർവാദത്തോടെ രൂപവത്കരിച്ച പാർട്ടിയാണ്. കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പറ്റിയ തട്ടകം അതുതന്നെ.

ബി.ജെ.പിയാണ് മാറ്റൊരു വഴി. എ.ഐ.എ.ഡി.എം.കെയെ ജയലളിതയുടെ മരണശേഷം നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്ന ആരോപണം തമിഴകത്ത് ശക്തമാണ്. ജയലളിതയുടെ മരണത്തിന് ശേഷം വന്നതും വരാനിരിക്കുന്നതുമായി നിരവധി കേസുകളെ എ.ഐ.എ.ഡി.എം.കെ നേതാക്കൾ ഭയക്കുന്നതിനാൽ അതിൽനിന്ന് സംരക്ഷണം തേടി ബി.ജെ.പിയുടെ ചൊൽപടിക്ക് നിൽക്കുകയാണ് എന്നാണ് വിലയിരുത്തൽ. ബി.ജെ.പിക്ക് അത്തരമൊരു അന്തർധാരയുണ്ടെങ്കിലും ഒ.പി.എസിനെ സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. വൈക്കോയുടെ എം.ഡി.എം.കെ ഉൾപ്പടെ ചെറുതും വലുതുമായ ദ്രാവിഡ കക്ഷികൾ വേറെയും ഉണ്ട് തമിഴ്നാട്ടിൽ. സ്വന്തമായി പാർട്ടി ഉണ്ടാക്കൽ ഒരു സാധ്യതയാണെങ്കിലും അതിന് മാത്രം ആൾബലം ഒ.പി.എസിനില്ല എന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ടാവണം.

തേനിയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി. രവീന്ദ്രനാഥ് ഒ.പി.എസിന്റെ മകനാണ്. 2019ൽ എ.ഐ.ഡി.എം.കെ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഏക എം.പി കൂടിയാണ് അദ്ദേഹം. ബാക്കി 38 സീറ്റിലും ഡി.എം.കെ സ്ഥാനാർഥികളായിരുന്നു വിജയിച്ചത്. തേനിഭാഗത്തെ ഒ.പി.എസിന്റെ സ്വാധീനമായി ഇതിനെ വിലയിരുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ജൂലൈയിൽ രവീന്ദ്രനാഥിനെയും സഹോദരൻ ജയ പ്രദീപിനെയും ഇ.പി.എസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി.

രാഷ്ട്രീയ ഭാവി ചാരമാവതെ നോക്കൽ ഒ.പി.എസിന്റെ മാത്രം ഉത്തരവാദിത്തമായതിനാൽ നീക്കങ്ങൾ കാത്തിരുന്നു കാണാം. പിഴച്ചാൽ തമിഴകത്ത് ഇനി ഒ.പി.എസ് എന്ന മൂന്നക്ഷരം ജനം എളുപ്പം മറക്കും.


Tags:    
News Summary - OPS: A Broken Idol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.