ഇനിയവർ എഡിസനെയും ന്യൂട്ടനെയും വെട്ടും

നെഹ്​റുവിനെയും ഗാന്ധി വധത്തെയും മൗലാനാ അബുൽ കലാം ആസാദിനെയും ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റി സവർക്കറെപ്പോലുള്ള വ്യാജ ബിംബങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തതിന്റെ തുടർച്ചയായി ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും എൻ.സി.ഇ.ആർ.ടി ചവറ്റുകുട്ടയിൽ ഇട്ടിരിക്കുന്നു. മിത്തുകളെ ചരിത്രവും ശാസ്​ത്രവുമായി അവതരിപ്പിക്കുന്നവർക്ക്​ ശാസ്​ത്രത്തെയും വെറുതെ വിടാനാവില്ല. ഇനിയിപ്പോൾ ഐസക് ന്യൂട്ടനും ആൽബർട്ട് ഐൻ​സ്റ്റൈനും മേരി ക്യൂറിയും ആര്യഭടനും വഴിമാറി നടക്കേണ്ടിവരും, തീർച്ച

മതത്തിനും ഭാഷക്കും പ്രാദേശികതക്കുമെല്ലാം അതീതമായി ഒന്നിച്ചുനിന്ന് പൊരുതി നേടിയതാണ്​ നമ്മുടെ നാടി​െൻറ സ്വാതന്ത്ര്യം. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ബലിപീഠത്തിൽ ജീവനും ജീവിതവുമർപ്പിച്ചത്​ എണ്ണമറ്റ ദേശാഭിമാനികളാണ്​.എന്നാൽ, രാജ്യത്തെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനൊരു​െമ്പടുന്ന കേന്ദ്ര സർക്കാർ തങ്ങൾക്ക് ഹിതകരമല്ലാത്ത പാഠഭാഗങ്ങൾ വെട്ടിനിരത്തിയും ചരിത്രത്തെ വളച്ചൊടിച്ചുമാണ്​ മുന്നോട്ടുപോകുന്നത്​.

ഇന്ത്യയെ രൂപപ്പെടുത്തിയ ബഹുസ്വരമായ രാഷ്ട്രീയ ചരിത്രം വിദ്യാർഥികൾക്ക് വിലക്കുന്ന എൻ.സി.ഇ.ആർ.ടി യുടെ സിലബസ് പരിഷ്‍ക​രണങ്ങൾ നമ്മുടെ ഭാവിതലമുറക്ക്​ വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച്​ ആഴമേറിയ പരിശോധന ആവശ്യമുണ്ട്​.

കോവിഡാനന്തര കാലത്ത് വിദ്യാർഥികളുടെ പഠനഭാരം ലഘൂകരിക്കാനാണ് സിലബസ് യുക്തിസഹമായി പരിഷ്കരിക്കുന്നത് എന്നാണ് എൻ.സി.ഇ.ആർ.ടി യുടെ വിശദീകരണം. ആഗോള തലത്തിൽതന്നെ അക്കാദമികമായും അല്ലാത്തതുമായ വൈജ്ഞാനിക മേഖലയിൽ കോവിഡ് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ വിഭവശേഷിയുള്ള ഇന്ത്യക്ക് ഈ മാറ്റത്തിൽനിന്ന് മാറി നിൽക്കാനാവില്ല. എന്നാൽ, ഈയൊരു പശ്ചാത്തലമല്ല എൻ.സി.ഇ.ആർ.ടി യുടെ ചരിത്ര നിർമിതിക്ക് പിറകിൽ. മറിച്ച്​, കേന്ദ്ര ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രവും രൂപപ്പെടുത്തിയെടുക്കുന്ന വർഗീയ ദേശനിർമിതിക്കു വേണ്ട ശിലപാകലാണ്.

അത്, ഇന്ത്യ എന്ന രാജ്യത്തെ രൂപപ്പെടുത്തിയ, ചരിത്രത്തിന്റെയും സാമൂഹിക ശാസ്​ത്രത്തിന്റെയും സകല അടിത്തറകളെയും തകർക്കാൻ ലക്ഷ്യമിടുന്ന ഒന്നാണ്.

11ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. ആസൂത്രണ കമീഷൻ, പഞ്ചവത്സരപദ്ധതി സമ്പദ് വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവ നീക്കി.

വിദേശ നയത്തിൽ നിന്ന് ഒഴിവാക്കിയത് അയൽ രാജ്യങ്ങളുമായുള്ള ബന്ധം, നവ സാമൂഹിക മുന്നേറ്റങ്ങൾ, ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവ വാണിജ്യ നയങ്ങളിൽ ഉണ്ടാക്കിയ മാറ്റം, നോട്ട് നിരോധനം എന്നീ ഭാഗങ്ങൾ പന്ത്രണ്ടാം ക്ലാസിൽ നിന്ന്​ ഒഴിവാക്കി.

പത്താം ക്ലാസിലെ സോഷ്യൽ സയൻസിൽ നിന്നാവട്ടെ ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, വൈവിധ്യം, ജാതി, മതം, ലിംഗം, തുടങ്ങിയ ഭാഗങ്ങളിൽ കത്രിക വെച്ചു. ഒമ്പതാം ക്ലാസിലെ സിലബസിൽ നിന്ന് ഒഴിവാക്കിയത് ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമുള്ള ഭാഗങ്ങൾ.

സംഘ്പരിവാർ എഴുതിക്കൊണ്ടിരിക്കുന്ന പുതിയ ഇന്ത്യചരിത്രത്തിലെ അധ്യായങ്ങൾ അക്ഷരത്തെറ്റില്ലാതെ പുതിയ പാഠപുസ്തകത്തിൽ കാണാവുന്നതാണ്. ഹിന്ദു മുസ്‍ലിം ഐക്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ, ഗാന്ധി വധത്തിനു പിറകി​ലെ ഗൂഢാലോചന വൃത്താന്തങ്ങൾ, ആർ.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ, സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരങ്ങൾ ഇതെല്ലാം മായ്ച്ചു കളഞ്ഞിരിക്കുന്നു.

ജനാധിപത്യവും വൈവിധ്യവും ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും ഒഴിവാക്കുക വഴി ഒരു പുതു ചരിത്രനിർമിതിയാണ് ഇവിടെ നടക്കുന്നത്. അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി എന്ന ഭാഗത്തായിരുന്നു ഗുജറാത്ത് വംശഹത്യയെ കുറിച്ച് പരാമർശിച്ചിരുന്നത്. അത് പഠിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുന്നു.

പന്ത്രണ്ടാം ക്ലാസിലെ ഹിസ്റ്ററി പുസ്തകത്തിലെ രണ്ടാം ഭാഗത്തിൽ നിന്ന് മുഗൾ ചരിത്രം കരിച്ചു കളഞ്ഞിരിക്കുന്നു. മധ്യകാലത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഗൾ സാമ്രാജ്യവും വിജയനഗര സാമ്രാജ്യവുണ് ഏറ്റവും പ്രധാനപ്പെട്ടവ. മുഗളന്മാരെക്കുറിച്ചുള്ള അധ്യായം ഇല്ലാതായെങ്കിലും വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായം നിലനിൽക്കുന്നു.

ഇതൊന്നും പോരാതെ പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഭരണഘടന - എന്തുകൊണ്ട്, എങ്ങനെ, എന്ന ഭാഗത്ത് നിന്ന് മൗലാനാ അബുൽ കലാം ആസാദിന്റെ പേര് ഒഴിവാക്കിയിരിക്കുന്നു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി രൂപവത്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന നടപടിക്രമങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആസാദ് എന്ന് ഇനി കുട്ടികൾ പഠിക്കേണ്ടതില്ല എന്ന് ചുരുക്കം.

നെഹ്​റുവിനെയും ഗാന്ധി വധത്തെയും മൗലാനാ അബുൽ കലാം ആസാദിനെയും ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റി സവർക്കറെപ്പോലുള്ള വ്യാജ ബിംബങ്ങളെ പ്രതിഷ്ഠിച്ചതിന്റെ തുടർച്ചയായി ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും എൻ.സി.ഇ.ആർ.ടി ചവറ്റുകുട്ടയിൽ ഇട്ടിരിക്കുന്നു.

മിത്തുകളെ ചരിത്രവും ശാസ്​ത്രവുമായി അവതരിപ്പിക്കുന്നവർക്ക്​ ശാസ്​ത്രത്തെയും വെറുതെ വിടാനാവില്ല. ഇനിയിപ്പോൾ ഐസക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റൈനും മേരി ക്യൂറിയും ആര്യഭടനും വഴിമാറി നടക്കേണ്ടിവരും, തീർച്ച.

പൗരത്വവും ഫെഡറലിസവും സംരക്ഷിക്കുന്നതിനും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനുമായി സമീപകാലത്ത്​ ഇന്ത്യയിൽ നടന്ന സമരങ്ങളുടെയെല്ലാം മുന്നണിപ്പോരാളികൾ വിദ്യാർഥികളായിരുന്നു. അതു കൊണ്ടുകൂടിയാവാം വളർന്നു വരുന്ന തലമുറ മതേതരത്വത്തി​െൻറയും തുല്യതയുടെയും ജനാധിപത്യത്തി​െൻറയും അടിസ്ഥാന തത്ത്വങ്ങളെ മനസ്സിലാക്കുന്നതിനെ സംഘ്പരിവാർ ഭരണകൂടം ഭയപ്പെടുന്നത്.

വെട്ടിമാറ്റുന്നത്​ ചില പാഠഭാഗങ്ങള്‍ മാത്രമല്ല. മതാതീത മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് വിളനിലമാകേണ്ട വിദ്യാഭ്യാസ പ്രക്രിയയുടെ അന്തസ്സിനെത്തന്നെയാണ്. പ്ലസ് ടു പൂര്‍ത്തിയാക്കി അടുത്തവര്‍ഷം സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ഒരുങ്ങുന്ന യുവതയുടെ നീതി, തുല്യത, സത്യസന്ധത, സഹിഷ്ണുത, സേവനസന്നദ്ധത, സംവാദക്ഷമത തുടങ്ങിയ ഭരണഘടനാമൂല്യങ്ങളിലെ പരിശീലനത്തെ ഈ ഒഴിവാക്കല്‍ അപൂർണമാക്കും.

അതിലൂടെ രാഷ്ട്രീയ പ്രബുദ്ധതയും, സാമൂഹിക പ്രതിബദ്ധതയും നഷ്ടപ്പെട്ട യുവത്വനിർമിതിക്കാണ് കളമൊരുങ്ങുന്നത്. വിവേചനത്തിന്റെ വിവേകശൂന്യത വിഭജനത്തിനിടയാക്കുമെന്നതാണ് ഇന്ത്യയുടെ ആധുനിക ചരിത്രം. അത് വിദ്യാഭ്യാസ പ്രക്രിയയുടെ കൂടി ഭാഗമാകുമ്പോള്‍ ഇന്ത്യയുടെ വര്‍ത്തമാനം മാത്രമല്ല ഭാവികൂടിയാണ് ഇരുളിലാവുന്നത്.

Tags:    
News Summary - ncert textbook-syllabus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT