മുനി നാരായണ പ്രസാദ്
തിരുവനന്തപുരം: സന്ധ്യക്ക് വിളക്ക് കൊളുത്തിയാൽ പാഠപുസ്തകം തുറന്ന് പഠിക്കണമെന്നതാണ് വീട്ടിലെ ചിട്ട. സ്ലേറ്റിനൊപ്പം ആകെയുണ്ടായിരുന്ന പാഠാവലി കളഞ്ഞുപോയ സങ്കടത്തിൽ കരഞ്ഞുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരനായ പ്രസാദിന് അച്ഛൻ ഒരു പുസ്തകം നൽകി. നാരായണഗുരുവിന്‍റെ ദൈവദശമായിരുന്നു അത്. മുനി നാരായണ പ്രസാദ് എന്ന സന്യാസിവര്യനിലേക്കുള്ള വളർച്ചയുടെ തുടക്കമായിരുന്നു അത്. ഒരു വര്‍ഷം ദൈവദശകം മാത്രമായിരുന്നു വായന. വരികൾ പലതും ഹൃദിസ്ഥമായി.
പത്ത് വയസ് പിന്നിട്ടതോടെ സാംസ്‌കാരിക സമ്മേളനങ്ങൾ കേൾക്കാൻ അച്ഛനൊപ്പം യാത്രകൾ പതിവായി. കുമാരനാശാന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാന്‍ നഗരൂരിൽനിന്ന് 20 കിലോമീറ്റര്‍ നടന്ന് കായിക്കരവരെ പോയിട്ടുണ്ട്. സമീപസ്ഥലങ്ങളിൽ മുസ്‍ലിം മതപ്രഭാഷണങ്ങൾ ഉണ്ടെങ്കിൽ പോകും. അച്ഛന്‍ തന്നെയായിരുന്നു അവിടെയും കൂട്ട്. ഇസ്‍ലാം മതത്തിലെ അടിസ്ഥാനതത്ത്വങ്ങള്‍ പലതും അന്നേ മനസ്സില്‍ പതിഞ്ഞെന്ന് പിന്നീട് അഭിമുഖങ്ങളിൽ മുനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പത്താം വയസിലാണ് അച്ഛനൊപ്പം ആദ്യമായി ശിവഗിരി തീർഥാടനത്തിന് പോയത്. ജീവിതത്തിലെ ഏറ്റവും വലിയ ആഘാതവും പത്താം വയസ്സിൽ സംഭവിച്ചു. മാതാവിന്റെ മരണമായിരുന്നു അത്. സന്ന്യാസ വഴിയിലേക്കുള്ള തന്റെ മാറ്റത്തിന് ഈ വിയോഗം കാരണമായെന്ന് അദ്ദേഹം ആത്മകഥയായ ‘ആത്മായനത്തിൽ’ രേഖപ്പെടുത്തിയിട്ടുണ്ട്.
വക്കത്ത് എൻജിനീയറിങ് പഠനകാലത്താണ് ശ്രീനാരായണ ഗുരുകുലവുമായി ബന്ധപ്പെടുന്നത്. വക്കത്ത് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എം.കെ. കുഞ്ഞുകൃഷ്ണൻ നടരാജഗുരുവിന്‍റെ ഭക്തനായിരുന്നു. ഗുരുകുലത്തിൽനിന്ന് ആർ. ജയചന്ദ്രൻ എന്നൊരാൾ ഇടക്ക് കുഞ്ഞുകൃഷ്ണനെ കാണാനെത്തുമായിരുന്നു. പിൽകാലത്ത് ഗുരു നിത്യചൈതന്യ യതി എന്ന പേരിൽ പ്രശസ്തനായ ജയചന്ദ്രനുമായുള്ള സൗഹൃദം ഗുരുദർശന വഴികളിൽ പിടിവള്ളിയായി. പഠനകാലത്ത് ക്ഷേത്രത്തിനുള്ള പ്ലാൻ വരക്കാൻ നടരാജഗുരുവിന്‍റെ നിർദേശപ്രകാരമാണ് പ്രസാദ് ആദ്യമായി ഗുരുകുലത്തിലെത്തിയത്. പിന്നീടത് ജൈവബന്ധമായി വളർന്നു.
മുനി നാരായണ പ്രസാദ് എന്ന സന്ന്യാസി രൂപപ്പെട്ടത് ശ്രീനാരായണ ഗുരുകുലത്തിലെ മൂന്ന് തലമുറയിലെ ഗുരുക്കന്മാരുടെ ദർശനങ്ങളിലൂടെയാണ്. ശ്രീനാരായണ ഗുരുവിന്റെ അദ്വൈത ദർശനം, നടരാജ ഗുരുവിന്റെ ശാസ്ത്രീയ സമന്വയം, നിത്യചൈതന്യ യതിയുടെ മാനവിക വീക്ഷണം എന്നിവ അദ്ദേഹത്തിൽ സമ്മേളിച്ചു. ‘മുനി നാരായണ പ്രസാദ്’ എന്ന പേര് നൽകിയത് നടരാജഗുരുവാണ്.
നടരാജഗുരുവിന്റെ ശിഷ്യനായിരുന്ന കാലത്ത് അദ്ദേഹം ദാർശനിക കൃതികളുടെ മലയാള വിവർത്തനത്തിലും ഗുരുകുലം മാസികയുടെ പ്രവർത്തനങ്ങളിലും സജീവമായി. നിത്യചൈതന്യ യതി ലോകസഞ്ചാരങ്ങളിൽ മുഴുകിയപ്പോൾ ഗുരുകുലത്തിന്റെ പൂർണ ചുമതല പ്രസാദിനായി. ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ സന്ദേശത്തെ അദ്ദേഹം ആധുനിക പശ്ചാത്തലത്തിൽ വ്യാഖ്യാനിച്ചു. ജാതി ചോദിക്കരുത് എന്ന് പറയുമ്പോൾ അത് രേഖകളിൽനിന്ന് നീക്കം ചെയ്യലല്ല, മറിച്ച് മനുഷ്യനെ മനുഷ്യനായി കാണുന്ന മാനസികാവസ്ഥയിലേക്ക് വളരലാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുനി നാരായണ പ്രസാദിന്റെ ഏറ്റവും വലിയ സംഭാവന വായനക്കാരിലേക്ക് ഭാരതീയ ചിന്തകളെ എത്തിച്ച 130ലധികം ഗ്രന്ഥങ്ങളാണ്. ഉപനിഷത്തുകൾക്കും ഭഗവദ്ഗീതക്കും അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങൾ ആധുനിക വേദാന്ത പഠനത്തിൽ ഒഴിച്ചുകൂടാനാവാത്തവയാണ്. നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘നാരായണ ഗുരു: കംപ്ലീറ്റ് വർക്സ്’ എന്ന ഗ്രന്ഥം ഗുരുവിന്റെ സമഗ്രമായ ദർശനങ്ങളെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടി. ഗുരുവിന്റെ ‘ദർശനമാല’, ‘വേദാന്ത സൂത്രം’ തുടങ്ങിയ ഗഹനമായ പദ്യകൃതികൾക്ക് അദ്ദേഹം ഗദ്യവ്യാഖ്യാനം നൽകി. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ആത്മായനം’ സന്ന്യാസിയുടെ വ്യക്തിജീവിതത്തിനപ്പുറം കേരളത്തിന്റെ സാമൂഹികവും ദാർശനികവുമായ മാറ്റങ്ങളെക്കൂടി അടയാളപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.