മുനിനാരായണ പ്യസാദിനൊപ്പം ഒരു ചടങ്ങിൽ ഡോ.അബ്ദുസ്സമദ് സമദാനി
അഭിവന്ദ്യനായ ഗുരു മുനിനാരായണ പ്രസാദ് കുറച്ചുകാലമായി രോഗബാധിതനായിരുന്നെങ്കിലും, സ്വാമിജിയുടെ നിര്യാണ വാർത്ത ഉള്ളിൽ വലിയ നടുക്കവും വേദനയും ഉളവാക്കി. പൊടുന്നനെ വിടപറഞ്ഞു പോയതുപോലെയുള്ള അവസ്ഥ, അതിന്റേതായ ദുഃഖവും. അറിവിന്റെ മറ്റൊരു നക്ഷത്രമാണ് പൊലിഞ്ഞിരിക്കുന്നത്. ജീവിതരഥ്യ കൊണ്ടും കർമസപര്യ കൊണ്ടും ജ്ഞാനോദയത്തിന്റെയും വിവേകസംക്രമണത്തിന്റെയും ദിഗ് നക്ഷത്രം. ഭാരതീയ ഋഷിപരമ്പരയിലെ, നമ്മുടെ കാലത്തെ ശക്തമായ കണ്ണി.
അതിന്റെ സമുദ്രതീരത്ത് നിലകൊണ്ട് സംസാരസാഗരത്തിന്റെ മറുകര പറ്റുന്നതിനായി സഹജീവികളെ പ്രാപ്തരാക്കാൻ തന്റെ വാക്കും നോക്കും സർവത്ര ജീവിത വ്യവഹാരങ്ങളും സമർപ്പിച്ച യോഗിവര്യൻ. അറിവിന്റെ ആഴം എങ്ങനെയാണ് നിത്യപ്രസക്തമായ സമാധാന തുരുത്തുകൾ നിർമ്മിക്കുന്നതെന്ന് തന്റെ കാലത്തിനും സാമൂഹിക മേഖലകൾക്കും കാട്ടിക്കൊടുത്ത ശാന്തിദൂതൻ. ഇതൊക്കെ ഓർക്കുമ്പോൾ നാം തിരിച്ചറിയും എത്ര വലിയ ആലംബങ്ങളാണ് ഇതുപോലുള്ള ഉന്നത വ്യക്തിത്വങ്ങളുടെ ദേഹവിയോഗത്തോടെ ഇല്ലാതാകുന്നതെന്ന്. ഗുരു മുനിനാരായണ പ്രസാദ് സ്വാമി ജ്ഞാനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആലംബമായിരുന്നു.
എന്റെ ജീവിതത്തിൽ അവിസ്മരണീയമായൊരു അധ്യായത്തിന്റെ താരശോഭയായിട്ടുള്ള മഹാജ്ഞാനി ഗുരു നിത്യചൈതന്യയതിയുടെ കാലശേഷം നാരായണ ഗുരുകുല അധ്യക്ഷനായി ഗുരു മുനിനാരായണ പ്രസാദ് സ്വാമിയുമായി ഏറ്റവും അടുപ്പമുള്ള ഹൃദയബന്ധത്തിന് അവസരമുണ്ടായതിന്റെ ഓർമ്മകൾ ഇന്ന് വിഷാദം പൂണ്ടെങ്കിലും മനോമുകുരത്തിൽ അത് എന്നും ജ്വലിച്ചു തന്നെ നിൽക്കും.
നടരാജ ഗുരുവിനെ പറ്റി ഒരു പുസ്തകം ഗുരു എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുകയും അദ്ദേഹത്തോട് അത് പറയുകയും ചെയ്തിരുന്നു. അങ്ങനെ അത് എഴുതിയപ്പോൾ അതിലേക്ക് ഈ എളിയവനോട് ഒരു മുഖലേഖനം ആവശ്യപ്പെട്ടത് അത്ഭുതവും ആ അവതാരികയോടെ പ്രസ്തുത പുസ്തകം പ്രസിദ്ധീകൃതമായപ്പോൾ അഭിമാനവും തോന്നി.
ഗുരു എഴുതിയ ഉപനിഷത്ത് വ്യാഖ്യാനത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നപ്പോൾ ഗവർണറിൽനിന്ന് അത് സ്വീകരിക്കാൻ അദ്ദേഹം ക്ഷണിച്ചിട്ട് പോയതടക്കമുള്ള എത്രയോ മധുര മനോഹരമായ കൂടിക്കാഴ്ചകൾ, നിരവധി ഗുരുകുല കൺവെൻഷനുകൾ... എല്ലാം അറിവിൽ അധിഷ്ഠിതം, സർവ്വം സ്നേഹമയം. ‘മദീനയിലേക്കുള്ള പാത’ എന്ന എന്റെ വാർഷിക പ്രഭാഷണ പരിപാടിയിൽ മിക്കപ്പോഴും മുഖ്യാതിഥി പ്രിയങ്കരനും അഭിവന്ദ്യനുമായ എം.ടി വാസുദേവൻ നായരായിരുന്നു. ഒരിക്കൽ അതിൽ ഗുരു മുനിനാരായണ പ്രസാദ് സ്വാമി അതിഥിയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഇത്രയും ദൂരം യാത്ര ചെയ്യാൻ പ്രയാസമായിരുന്ന ശാരീരികാവസ്ഥയിലും കോഴിക്കോട്ട് വന്ന്, മഹത്തായ ഒരു പ്രഭാഷണവും നടത്തി. കോഴിക്കോട് സ്വപ്ന നഗരിയിൽ പതിനായിരക്കണക്കിനാളുകൾ ആ വചനകൗമുദിയിൽ ലയിച്ചുനിന്നു.
കൊല്ലം, തിരുവനന്തപുരം വഴി റോഡുമാർഗം യാത്ര ചെയ്യുമ്പോഴൊക്കെ വർക്കലയിലെ ഗുരുകുലത്തിൽ ചെന്ന് ഗുരുവിനെ കാണുമായിരുന്നു. അവിടെ നിന്ന് ഗുരുവിനോടൊപ്പം ഏറെ സ്വാദിഷ്ടമായ പലപ്പോഴും ഗുരു കഴിക്കാറുള്ള ലളിതഭക്ഷണം കഴിച്ചു. ഒരിക്കൽ അവിടെ എത്തിയപ്പോൾ രാത്രി വൈകിയിരുന്നു. ഗുരു മുറിക്ക് പുറത്തിറങ്ങി ഞങ്ങൾ നിലാവിൽ പുറത്തെ മരച്ചുവട്ടിൽ ഇരുന്നു സംസാരിച്ചു.
അതിലെ അവസാനത്തേതായിരുന്നു കഴിഞ്ഞ മാർച്ച് ആറിന് ലഭ്യമായതെന്ന് ആരറിഞ്ഞു! കൊല്ലത്ത് നടന്ന ശ്രീനാരായണഗുരുവുമായുള്ള മഹാത്മാഗാന്ധിയുടെ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ പതിവുപോലെ ഗുരുവിനെ പോയി കാണാൻ ആഗ്രഹിച്ചു. ഗുരു അവിടെ തന്നെയില്ലേ എന്നറിയാൻ നിത്യ ഗുരുവിന്റെ കാലം മുതൽ പ്രിയ സുഹൃത്തും സ്നേഹസമ്പന്നനുമായ ശശിയെ വിളിച്ചു. അങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോൾ ഏറെ സന്തോഷഭരിതനായിത്തീ ർന്ന ശശി സംസാരത്തിനിടയിൽ പറഞ്ഞു: ഇന്ന് തന്നെ വരണേ, ഗുരുവിനെ അസുഖം ഉള്ളതല്ലേ?
പ്രിയപ്പെട്ട ശശിയുടെ വാക്കിൽനിന്ന് ഗുരുവിന്റെ രോഗാവസ്ഥയുടെ നിജസ്ഥിതി മനസ്സിലായി. ഗുരുകുലത്തിൽ എത്തിയപ്പോൾ പതിവിൽ കവിഞ്ഞ സ്നേഹത്തോടെയായിരുന്നു ഗുരുവിന്റെ പെരുമാറ്റങ്ങളും സംസാരങ്ങളും. വിവിധങ്ങളായ വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്തുകൊണ്ടിരുന്നു, ഇടക്ക് ചില കാര്യങ്ങളിൽ ഇതിനെക്കുറിച്ച് എന്താണ് സമദാനിയുടെ അഭിപ്രായം? എന്ന് പലതവണ ചോദിച്ചുകൊണ്ടിരുന്നു.
യാത്ര വൈകുന്നതിനാൽ എനിക്ക് പുറപ്പെടാൻ സമയമാകും വരെ ഗുരു സംസാരിച്ചുകൊണ്ടിരുന്നു. ഗുരു തന്റെ ഏറ്റവും പുതിയ പുസ്തകങ്ങൾ എനിക്ക് സമ്മാനിച്ചു. ഞാൻ മടങ്ങി തീരാത്ത മോഹത്തോടെ... ഇപ്പോഴും മോഹിക്കുന്നു, അവാച്യമായ അന്തർദാഹത്തോടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.