ഭാരതീയ ജനത പാർട്ടി (ബി.ജെ.പി)യിൽ എല്ലാമെല്ലാമാണ് നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വസ്തനായ അമിത് ഷായെ പാർട്ടി അധ്യക്ഷനായി അവരോധിച്ചിട്ടുണ്ട് അദ്ദേഹം. ജനങ്ങൾക്ക് പക്ഷേ, ഒാർമ തീരെ ശുഷ്കമാണ്. പാർട്ടി സ്ഥാപകൻ അടൽ ബിഹാരി വാജ്പേയി ആയിരുന്നു. അദ്ദേഹം പിന്നീട് നിരവധി പാർട്ടികളുടെ സഖ്യമായ എൻ.ഡി.എയുടെ ബാനറിൽ പ്രധാനമന്ത്രിവരെയായി. കോൺഗ്രസിെൻറ പതനമെന്ന മഹാത്ഭുതം അന്ന് സംഭവിച്ചത് ഗാന്ധിയൻ സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണിെൻറ നേതൃത്വത്തിലായിരുന്നു. എല്ലാ കോൺഗ്രസ് ഇതര കക്ഷികളെയും അണിനിരത്താൻ മാത്രം ശക്തമായിരുന്നു അദ്ദേഹം നയിച്ച പ്രസ്ഥാനം. അന്ന് ജനസംഘം നേതാക്കളൊക്കെയും ആർ.എസ്.എസുമായി ബന്ധം നിലനിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തി. പാർട്ടിയുടെ സാമുദായിക അജണ്ട നിർണയിച്ചത് ഹിന്ദുത്വ തന്നെയായിരുന്നുവെന്ന് സാരം. ഹിന്ദുത്വ ചായ്വുള്ള ജനസംഘം ജയപ്രകാശ് നാരായണിെൻറ മതേതര വേഷഭൂഷകളുമായി ചേർന്നു പോകുന്നതായിരുന്നില്ല. എന്നിട്ടും, ഇന്ദിരഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ രൂപം നൽകിയ പ്രതിപക്ഷ സഖ്യത്തിലേക്ക് അതിനെ വിളിച്ചുകൊണ്ടുവന്നത് ജയപ്രകാശ് നാരായണനായിരുന്നു. ആർ.എസ്.എസിെൻറ രാഷ്ട്രീയ ജിഹ്വയാണ് ജനസംഘമെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു നടപടി. രണ്ടും വഴിപിരിഞ്ഞശേഷമേ സഖ്യത്തിെൻറ ഭാഗമാകൂ എന്ന ഉറപ്പിന്മേലായിരുന്നു കൂടെക്കൂട്ടിയതെന്നു മാത്രം.
ജനതപാർട്ടി നിലവിൽ വരുകയും സർക്കാറിൽ ജനസംഘം ഉൾപ്പെടെ ഭാഗമാകുകയും ചെയ്തപ്പോൾ പദവികൾ വഹിക്കുന്നവർ ആർ.എസ്.എസുമായി ബന്ധം വെടിയണമെന്ന് ജയപ്രകാശ് വീണ്ടും ഒാർമിപ്പിച്ചു. മഹാത്മഗാന്ധിയെ ഒരു ഹിന്ദു അറുെകാല ചെയ്യുംവിധം അന്തരീക്ഷം രൂപപ്പെടുത്തിയത് ആർ.എസ്.എസാണെന്ന് ജയപ്രകാശിന് അറിയാമായിരുന്നു. നാഥുറാം ഗോദ്സെ മഹാത്മ ഗാന്ധിയുടെ പാദം സ്പർശിച്ചശേഷം പോയൻറ് ബ്ലാങ്കിലായിരുന്നു വെടിയുതിർത്തത്. ആസൂത്രിതമായാണ് കൊല നടപ്പാക്കിയതെന്ന് വ്യക്തം. ആർ.എസ്.എസ് നിരോധിക്കപ്പെട്ടു. സംഘടനയുടെ മേധാവി എം.എസ്. ഗോൾവൽക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ്, രാഷ്ട്രീയത്തിലേക്ക് ഉണ്ടാകില്ലെന്ന ഉറപ്പിന്മേൽ അദ്ദേഹം ഏറെ വൈകാതെ മോചിതനുമായി. എല്ലാറ്റിനും മുന്നിൽനിന്ന ശക്തി തങ്ങളായിരുന്നുവെന്നത് അവർ മറച്ചുവെച്ചു. എന്നാൽ, സംസ്ഥാന സഭകളിലേക്കുപോലും സ്ഥാനാർഥികളെ നിയമിക്കുന്നത് ഇന്ന് ആർ.എസ്.എസാണ്. വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലും പ്രവണത സമാനമായിരിക്കും.
ആർ.എസ്.എസ് വിഷയത്തിൽ അന്ന് എടുത്ത പ്രതിജ്ഞ ജനത പാർട്ടിയുടെ ഭാഗമാകാൻ കണ്ടെത്തിയ ഉപായം മാത്രമായിരുന്നു. ജയപ്രകാശ് പലവുരു ഒാർമിപ്പിച്ചെങ്കിലും ജനസംഘം നേതൃത്വം നിലപാട് മാറ്റിയതേയില്ല. ഹിന്ദു രാഷ്ട്രം നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ആർ.എസ്.എസ് തന്നെ പടച്ചുവിട്ട സംഘടനയാണ് ജനസംഘം എന്നിരിക്കെ നിലപാട് എങ്ങനെ മാറും? തുടക്കത്തിൽ, മറിച്ചുവിശ്വസിപ്പിക്കാൻ ജനസംഘം നേതൃത്വം കിണഞ്ഞുശ്രമിച്ചിരുന്നു. പ്രശ്നം പ്രതിസന്ധിയായി പരിണമിച്ചപ്പോൾ, ബന്ധം വിച്ഛേദിക്കാനില്ലെന്ന് അവർ കട്ടായം പറഞ്ഞു. താൻ വഞ്ചിക്കപ്പെട്ടുവെന്ന് അതോടെ ജയപ്രകാശിന് ബോധ്യമായി. പക്ഷേ, ഏറെ വൈകിയതിനാൽ ജനസംഘത്തിനെ തുറന്നുകാട്ടാവുന്ന സാഹചര്യമായിരുന്നില്ല അപ്പോൾ. വിശ്വാസം ലംഘിക്കപ്പെട്ടുവെന്നും എന്നാൽ, എന്തെങ്കിലും ചെയ്യാൻ പ്രായം അനുവദിക്കുന്നില്ലെന്നും അന്ന് ജയപ്രകാശ് നാരായൺ പരസ്യമായി കുമ്പസാരിച്ചു.
അംഗത്വപ്രശ്നം ജനത പാർട്ടി എടുത്തിട്ടപ്പോൾ പുറത്തുപോകാനാണ് ജനസംഘം അംഗങ്ങൾ താൽപര്യം കാണിച്ചത്. ഗാന്ധി വധിക്കപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നേടിയെടുക്കാൻ പ്രയാസപ്പെട്ട ജനപ്രിയത ഇൗ കുറഞ്ഞ കാലയളവുകൊണ്ട് അവർ ആർജിച്ചിരുന്നു. രണ്ടുവർഷം ജനത പാർട്ടിക്കൊപ്പം ഭരണം പങ്കിടുകയും സുപ്രധാന തസ്തികകൾ വഹിക്കുകയും ചെയ്തത് ബി.ജെ.പിയുടെ വളർച്ചയെ തെല്ലൊന്നുമല്ല സഹായിച്ചത്. ഒരുവശത്ത്, പുതിയ അംഗങ്ങളെ അവർ കാവിയുടുപ്പിച്ചു. മറുവശത്ത്, വാർത്ത വിനിമയ-പ്രക്ഷേപണം പോലുള്ള സുപ്രധാന തസ്തികകളിൽ കൃത്യമായി ആളെ തെരഞ്ഞെടുത്തു നിയമിക്കുകയും ചെയ്തു. ഇന്ന്, ആർ.എസ്.എസിെൻറ പ്രവർത്തനം ദൈനംദിനമെന്ന തോതിൽ വളർന്നുകഴിഞ്ഞിരിക്കുന്നു.
ഹിന്ദുത്വ ബുദ്ധിജീവികളെപ്പോലും കുതൂഹലപ്പെടുത്തിയ അനുഗുണ നിലപാട് ഇക്കാലയളവിൽ ബി.ജെ.പി സ്വീകരിച്ചു. അടൽ ബിഹാരി വാജ്പേയി അധികാരത്തിലിരുന്നപ്പോൾ രണ്ടു തോണികളിൽ കാലുറപ്പിച്ചുള്ള സാഹസിക യാത്രയായിരുന്നു അദ്ദേഹത്തിേൻറത്. ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങൾ കൂടിയായതോടെ, ഒറ്റയക്കം മാത്രം കണ്ടുപരിചയിച്ച പാർട്ടി 1998 ആകുേമ്പാഴേക്ക് 545 അംഗ സഭയിൽ 181 സീറ്റുകളിലേക്ക് വളർന്നു. അതോടെ, ജയപ്രകാശിെൻറ വിശ്വസ്തർക്കുപോലും എൻ.ഡി.എയോടും അതുവഴി ബി.ജെ.പിയോടും കൂട്ടുകൂടാമെന്നായി.
പാർട്ടി അടിത്തറ വളർത്താനുള്ള തത്രപ്പാടിലേക്ക് അതിനകം ബി.ജെ.പിയും മാറിക്കഴിഞ്ഞിരുന്നു. ഉപപ്രധാനമന്ത്രിയായ എൽ.കെ. അദ്വാനി രാഷ്ട്രീയ ബി.ജെ.പിയും സമ്പൂർണാധികാരം പുലർത്തുന്ന ആർ.എസ്.എസും തമ്മിലെ ഭിന്നതകൾ കുറച്ചുകൊണ്ടുവരുന്ന കണ്ണിയായി നിലകൊണ്ടു. ഹിന്ദുക്കളെ ‘ഒന്നാക്കാൻ’ സാധ്യമായതൊക്കെയും അദ്ദേഹം ചെയ്തു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ രഥയാത്ര അതിെൻറ ഭാഗമായിരുന്നു. നൂറ്റാണ്ടുകളായി ഒന്നിച്ചുനിന്ന മുസ്ലിമിനെയും ഹിന്ദുവിനെയും രണ്ടായി പകുക്കാൻ അദ്ദേഹത്തിനായി. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ ആനന്ദതുന്ദിലനായിരുന്ന അദ്ദേഹം രഥയാത്രയെ ഗാന്ധിയുടെ ദണ്ഡിയാത്രയോടാണ് ഉപമിച്ചത്. എന്നാൽ, നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പാർട്ടിക്ക് അതീതനാണ് താനെന്ന് ഉറപ്പിക്കുംവിധമാണ് മുന്നോട്ടുപോകുന്നത്. നാലു വർഷം പൂർത്തിയായിട്ടും, ഏതുദിശയിലാണ് രാജ്യത്തെ അദ്ദേഹം നയിക്കുന്നതെന്ന് വ്യക്തമാകുന്നില്ല. ഹിന്ദുത്വയുടെ വെള്ളംചേർത്ത രൂപം രാജ്യം കീഴടക്കുന്നുവെന്ന് സമ്മതിച്ചാൽതന്നെയും വിന്ധ്യാപർവതനിരകളോടു ചേർന്നുള്ള ഭാഗങ്ങളിൽ ഇതിന് കാര്യമായ വേരോട്ടമില്ല. ദക്ഷിണ സംസ്ഥാനങ്ങളിലും പിന്തുണ നന്നേ കുറവാണ്.
ജവഹർലാൽ നെഹ്റുവിെൻറ കാലത്ത് ഹിന്ദി നടപ്പാക്കാൻ ശ്രമം നടത്തിയപ്പോൾ അനുഭവിച്ച അതേ അസ്വസ്ഥതകൾ വീണ്ടും തിരിച്ചുവരുകയാണ്. ഹിന്ദി സംസാരിക്കാത്ത നാടുകൾ സമ്മതമറിയിക്കാതെ ഇനി ഹിന്ദി സമ്പൂർണമായി സ്വീകരിക്കില്ലെന്ന് മുമ്പ് ലാൽ ബഹദൂർ ശാസ്ത്രി ഉറപ്പുനൽകിയതാണ്. രണ്ടുതരം പ്രവണതകളെ മോദി എങ്ങനെ സമവായത്തിലെത്തിക്കും എന്നതാണ് നോക്കിക്കാണാനുള്ളത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ തല്ലിയും തലോടിയും പോകേണ്ടിവരുമെന്നുറപ്പാണ്. അതു ചെയ്യാനാകുമോ എന്ന് കാത്തിരുന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.