മെഡിക്കല്‍ കൗണ്‍സിലിന്‍െറ ചുവടു തെറ്റുമോ?

പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ചക്കുവരാന്‍ സാധ്യതയുള്ള ബില്ലാണ് ദേശീയ വൈദ്യശാസ്ത്ര കമീഷന്‍ (National Medical Commission Bill, 2016) ബില്‍. നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഈ ബില്‍ ചര്‍ച്ചക്കെടുക്കാതെ പോകാനിടയുണ്ട്. നിതി ആയോഗ് മുന്നോട്ടുവെക്കുന്ന ബില്ലിന്‍െറ കരടുരൂപം പുറത്തുവന്നപ്പോള്‍ത്തന്നെ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ വന്നുതുടങ്ങി. ഇതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്നു വേണം കരുതാന്‍. നിതി ആയോഗ് സംവിധാനത്തില്‍ മെഡിക്കല്‍ കമീഷന്‍ രൂപപ്പെടുമ്പോള്‍, വൈദ്യശാസ്ത്ര ഭരണത്തിലും നടത്തിപ്പിലും വരാനിടയുള്ള പ്രതികൂല ഘടകങ്ങളാണ് ആശങ്കകള്‍ക്കാധാരം. അവ പരിഹരിക്കപ്പെടേണ്ടതാണ്.

പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധമുയര്‍ത്തുന്നത്. ഒന്ന്, മെഡിക്കല്‍ കമീഷനിലെയും കീഴ്ഘടകങ്ങളിലെയും അംഗങ്ങളെ നോമിനേഷന്‍ വഴിയാണ് നിയമിക്കുക; ഏതെങ്കിലും ഇലക്ടറല്‍ ലിസ്റ്റ് പ്രകാരം തെരഞ്ഞെടുപ്പിലൂടെയല്ല. ഇത് സങ്കീര്‍ണമായ വൈദ്യശാസ്ത്ര മാനേജ്മെന്‍റിലെ പ്രാതിനിധ്യസ്വഭാവത്തെയും ജനാധിപത്യമൂല്യങ്ങളെയും ഇല്ലാതാക്കും. ഈ ഭയം അസ്ഥാനത്താണെന്ന് കരുതാനാവില്ല. വൈദ്യശാസ്ത്ര പ്രാക്ടിസ് വിപുലവും ബൃഹത്തായ സാങ്കേതിക പരിജ്ഞാനം ആവശ്യപ്പെടുന്ന മേഖലയുമാണ് എന്നിരിക്കെ അത്തരം വിജ്ഞാനമില്ലാത്ത വ്യക്തികളിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസവും പ്രാക്ടിസും നിയന്ത്രിക്കാമെന്ന ധാരണ അപകടകരമാവില്ളേ?

രണ്ട്,  സര്‍ക്കാറിന്‍െറയും നിതി ആയോഗിന്‍െറയും നിലപാടനുസരിച്ച് കമീഷനിലോ അതിന്‍െറ ഘടകങ്ങളിലോ ഉണ്ടാകുന്ന സ്റ്റാറ്റ്യൂട്ടറി പദവികളില്‍ ഉദ്യോഗസ്ഥരോ ഡോക്ടര്‍മാരല്ലാത്ത സര്‍ക്കാറനുഭാവികളോ ആകാനുള്ള സാധ്യതയേറെയാണ്. ഇതിലൂടെ  സുതാര്യത നഷ്ടപ്പെടുകയും ബ്യൂറോക്രാറ്റിക് രീതിയിലേക്ക് കമീഷന്‍ വഴുതിപ്പോകുകയും ചെയ്യും. ഇത് ഏറക്കുറെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരുന്ന ജനാധിപത്യ സ്ഥാപനത്തെ സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലേക്കു കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി കാണാനേ കഴിയൂ. അങ്ങനെയായാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ അവശ്യം വേണ്ട ഇടപെടലുകള്‍ നടത്തുന്നതിനോ പ്രാക്ടിസില്‍ വേണ്ട ഗുണമേന്മ ഉറപ്പാക്കാനോ സാധ്യത ഇല്ലാതാകും.

ബില്ലിന്‍െറ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നുള്ള വ്യതിയാനമായേ ഇതിനെ കാണാനാകൂ.  ഈ രണ്ടു വാദങ്ങളിലും കഴമ്പുണ്ടെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, എന്തുകൊണ്ടാണ് ജനനന്മയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുന്ന പ്രശ്നമായിട്ടും സ്വതന്ത്ര ചിന്തകരോ മാധ്യമങ്ങളോ ഗൗരവമായ ചര്‍ച്ച മുന്നോട്ടുവെക്കാത്തത്? ഒരു സംഘടനയും സ്റ്റാറ്റ്യൂട്ടറി കൗണ്‍സിലുമായുള്ള അടിസ്ഥാന വ്യത്യാസം, സംഘടനകള്‍ അതിലെ അംഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുമ്പോള്‍ കൗണ്‍സില്‍ ജനനന്മ മാത്രം ലക്ഷ്യമിടുന്നു എന്നതാണ്. ജനനന്മ ആവശ്യപ്പെടുന്നെങ്കില്‍ ജനപക്ഷത്തു നിന്ന് പ്രഫഷനലുകള്‍ക്കെതിരായിപ്പോലും കൗണ്‍സില്‍ നടപടിയെടുക്കേണ്ടതുണ്ട്.

മെഡിക്കല്‍ കൗണ്‍സില്‍ 1956ല്‍ സൃഷ്ടിക്കപ്പെട്ടത് ഈ ലക്ഷ്യങ്ങളോടെയായിരുന്നു. എന്നാല്‍, തൊണ്ണൂറുകള്‍ക്കുശേഷം സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രികള്‍, കോര്‍പറേറ്റ് ആശുപത്രികള്‍ എന്നിവ വ്യാപകമായപ്പോള്‍ നിലവിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങള്‍ പോരാതെ വന്നു. അനിവാര്യമായ നിയമ മാറ്റങ്ങള്‍ ഉണ്ടാകാതെയും ഉള്ളവ കാര്യക്ഷമമായി ഉപയോഗിക്കാതെയും വന്നപ്പോള്‍ വൈദ്യശാസ്ത്ര മേഖലയാകെ വിശ്വാസത്തകര്‍ച്ചയിലേക്ക് നീങ്ങി.

പലപ്പോഴും ജനപക്ഷചിന്തകര്‍ സംശയിച്ചിരുന്നത് മെഡിക്കല്‍ കൗണ്‍സില്‍, വിദ്യാഭ്യാസത്തിലും കോര്‍പറേറ്റ് ആശുപത്രികളും സൃഷ്ടിക്കുന്ന ലോബിയുമായി ചങ്ങാത്തത്തിലാണ് എന്നാണ്. ഈ തോന്നലുകള്‍ സാധൂകരിക്കുന്ന സംഭവങ്ങളാണ് നടന്നത്. സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ കടന്നുകയറ്റം 2001 മുതല്‍ തുടങ്ങി. മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ അറിവും അംഗീകാരവും വേണം എന്നിരിക്കെ, സ്വകാര്യ മെഡിക്കല്‍ മേഖലയിലുണ്ടായ നിലവാരത്തകര്‍ച്ചയും അഴിമതിയും ഈ മേഖലയിലെ അശാന്തിക്ക് കാരണമായി. ഉയര്‍ന്ന പദവിയിലുള്ള പല കൗണ്‍സില്‍ ഉദ്യോഗസ്ഥരും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ വരുകയും 2009ല്‍ സമുന്നതനായ പ്രസിഡന്‍റ് അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. തെറ്റുകളും പ്രശ്നങ്ങളും ഉണ്ടാകാം. എന്നാല്‍, പരിഹാരമാര്‍ഗങ്ങള്‍ കണ്ടത്തെി നടപ്പില്‍വരുത്താനുള്ള പരിശ്രമം ഇല്ലാതായാല്‍ കൗണ്‍സിലിന്‍െറതന്നെ ഉദ്ദേശ്യശുദ്ധിയെ സംശയത്തോടെ കാണാന്‍ സമൂഹം നിര്‍ബന്ധിതമാകും. ഇവിടെ സംഭവിച്ചതും അതൊക്കത്തെന്നെ.

ഗുജറാത്തില്‍ 30 വയസ്സുള്ള അനേകം സ്ത്രീകളില്‍ ഗര്‍ഭപാത്രം മാറ്റല്‍ (Hysterectomy) ശസ്ത്രക്രിയ ധാരാളമായി നടക്കുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ട്്. ‘ഓക്സ്ഫാം’ സംഘടന,  സപ്നാ ദേശായി എന്ന സ്ത്രീരോഗശാസ്ത്ര ഗവേഷക എന്നിവരുടെ പഠനങ്ങളില്‍ ഈ കാര്യം പുറത്തുവന്നു. ബിഹാറില്‍ 2012ല്‍ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജനയുടെ മറവില്‍ 703 സ്ത്രീകളില്‍ ഗര്‍ഭപാത്രം മാറ്റല്‍ ശസ്ത്രക്രിയ നടന്നു. വലിയൊരു അഴിമതിയായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും നാളിതുവരെ ഇതില്‍ ആരോപിതരായ ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തില്ല. ബിഹാറിലെ മനുഷ്യാവകാശ കമീഷന്‍, 33 ആശുപത്രികളെയും 13 ഡോക്ടര്‍മാരെയും പേരെടുത്തുപറഞ്ഞു വിഷയം പരിശോധിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല.

100 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്ന 1980ല്‍നിന്നും 2015 ആയപ്പോള്‍, സര്‍ക്കാര്‍ മേഖലയില്‍ 183ഉം സ്വകാര്യ മേഖലയില്‍ 215ഉം ആയി മാറി. ഈ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്കു പകരം അടുത്തുള്ള ഗ്രാമവാസികളെ കിടത്തി വാര്‍ഡുകള്‍ നിറക്കുന്നു. മെഡിക്കല്‍ കോളജ് അധ്യാപകരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പല പ്രഫസര്‍മാരും പരിശോധനകാലത്തു എത്തുന്ന ദേശാടകരാണ്. ഇതിനു പുറമെ മെഡിക്കല്‍ കോളജുകളില്‍ ചുരുങ്ങിയ സമയം പ്രവര്‍ത്തിക്കാനായി ഡോക്ടര്‍മാരെ കണ്ടത്തൊന്‍ സഹായിക്കുന്ന കമ്പനികള്‍ (ഉദാ: ഹൈ ഇംപാക്ട് കണ്‍സല്‍ട്ടന്‍റ്സ്) നിലവില്‍വന്നിട്ടുണ്ട്.

2012ലെ പൊതുജനാരോഗ്യ പഠനമനുസരിച്ചു വ്യാജ ബിരുദക്കാരും കൗണ്‍സില്‍ അംഗീകാരമുള്ള ബിരുദധാരികളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല എന്ന് തെളിഞ്ഞു. പഠിതാക്കളുടെ അനുമാനം, ഇന്ത്യയില്‍ പരിശീലനം നിലവാരത്തിന്‍െറ അളവായി കാണാനാവില്ല എന്നാണ്. ഇന്ത്യയില്‍നിന്ന് ബിരുദമെടുത്തു ബ്രിട്ടനില്‍ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടര്‍മാരില്‍ നൂറിലധികം പേരുടെ മേല്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ശിക്ഷാനടപടികള്‍ എടുക്കുകയും അവരെ പ്രാക്ടിസില്‍നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഇത് 2008-14 കാലഘട്ടത്തിലെ കണക്കാണ്.

മെഡിക്കല്‍ കൗണ്‍സിലിന്‍െറ രണ്ടു രേഖകള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മാര്‍ഗരേഖയാണ്. ബിരുദപഠനത്തിനു വിശദമായ കരിക്കുലമുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ നാളിതുവരെ കൗണ്‍സില്‍ ഒന്നും ചെയ്തില്ല. ബിരുദാനന്തര ബിരുദ പഠനത്തിനാകട്ടെ, കര്‍ശനമായ കരിക്കുലം സൃഷ്ടിച്ചിട്ടുമില്ല. രണ്ട്, ഒരു മെഡിക്കല്‍ കോളജ് നടത്താന്‍ ആവശ്യം വേണ്ട നിലവാരം. ഇതിന്‍െറ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിജയകരമായ പഠനാനുഭവം നല്‍കുന്നുണ്ടോ എന്നാരും ശ്രദ്ധിക്കാറില്ല.  വിദ്യാര്‍ഥികള്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലെ അല്‍പപ്രാധാന്യമുള്ള ഘടകമാണ്.

വിദ്യാര്‍ഥികളുടെ പ്രാവീണ്യം പ്രധാനമല്ലാതായാല്‍ സ്ഥിരമായി ജോലിചെയ്യുന്ന അധ്യാപകരും ആവശ്യമില്ലല്ളോ. പല മെഡിക്കല്‍ കോളജുകളിലും കൗണ്‍സില്‍ പരിശോധന സമയത്തുമാത്രം ഹാജരാവുകയും മറ്റുള്ളപ്പോള്‍ വേറേയിടങ്ങളില്‍ ജോലിനോക്കുകയും ചെയ്യുന്ന അധ്യാപകര്‍ നിലവിലുണ്ട്. കൗണ്‍സിലിന്‍െറ ഇത്തരം അയഞ്ഞ മനോഭാവം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ ശക്തിയാണ് നല്‍കുന്നത്.

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിതി ആയോഗ് കടന്നുവരുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടത്. സുപ്രീംകോടതിയും 165 പേജുള്ള വിധിന്യായത്തില്‍ കാര്യക്ഷമതയില്ലായ്മ, അഴിമതി, ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും നൈപുണ്യവികസനത്തിനുള്ള അശ്രദ്ധ, കരിക്കുലം ക്വാളിറ്റി എന്നിവയെ വിമര്‍ശിച്ചിരുന്നു. അങ്ങനെയാണ് ജസ്റ്റിസ് ലോധ കമ്മിറ്റി നിലവില്‍വന്നത്.

ഒരു മേല്‍നോട്ട സമിതി എന്നനിലയില്‍ മെഡിക്കല്‍ കൗണ്‍സില്‍ എടുക്കുന്ന എല്ലാ നടപടികളെയും പരിശോധിക്കാന്‍ ലോധ കമ്മിറ്റിക്കു കഴിയും. സമിതി ഇതിനകം ഒരു ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിലും പ്രാവീണ്യത്തിലും എന്തൊക്കെയാണ് വേണ്ടതെന്ന ആശയങ്ങള്‍ സമര്‍പ്പിക്കാം. തെറ്റുപറ്റുന്നതിലല്ല, തിരുത്താന്‍ സമയമുണ്ടായിട്ടും അത് നടപ്പാക്കാത്തതിനാല്‍ തന്നെയാണ് കോടതിവിധിയും അനുബന്ധ മാറ്റങ്ങളും. എങ്കിലും, പുതിയ ബില്ലില്‍ അടങ്ങിയ അപ്രാതിനിധ്യസ്വഭാവം പരിഹരിക്കേണ്ട ചര്‍ച്ചയും മുന്നോട്ടുപോകേണ്ടതുണ്ട്.

 

Tags:    
News Summary - medical council of india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.