ഫ്രാൻസ്: പ്രക്ഷോഭത്തിന്റെ ഭാവിയെന്ത്?

ഫ്രാൻസിലെ കൂറ്റൻ ജനകീയ പ്രതിഷേധങ്ങൾ അക്രമാസക്തമായ കലാപങ്ങൾക്ക് വഴിമാറിയിരിക്കുന്നു. രാജ്യത്തുടനീളം അഞ്ചു മുതൽ എട്ടു ലക്ഷം വരെ ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്; ഭൂരിഭാഗവും വിദ്യാർഥികൾ. നൂറിലധികം പൊലീസുകാർക്കും അതിലേറെ പ്രതിഷേധക്കാർക്കും പരിക്കേൽക്കുകയും ഇതിനകം രണ്ടായിരത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ലിമോഷിലെ ടൗൺ ഹാളും ലിയോണിലെ ചരിത്രപ്രസിദ്ധമായ ടൂറിസം ഓഫീസും മറ്റു പല സർക്കാർ കെട്ടിടങ്ങളും തീയിട്ട് നശിപ്പിക്കപ്പെട്ടു. നൂറുകണക്കിന് കടകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

സെപ്റ്റംബർ 21-ന് തെക്കുകിഴക്കൻ പാരീസിലെ തൊഴിലാളി ഭൂരിപക്ഷ മേഖലയായ ക്രേത്തെയ്‌ലിലാണ് ഈ പ്രക്ഷോഭങ്ങളുടെ തുടക്കം. സ്കൂളുകളുടെ ശോചനീയാവസ്ഥ, അധ്യാപക ക്ഷാമം, ഞെരുക്കമുള്ള പഠനക്രമം (ഫ്രാൻസിലെ സ്കൂളുകളിൽ ശനിയാഴ്ച രാവിലെ ഉൾപ്പെടെ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ക്ലാസുകൾ നീളാറുണ്ട്; ഒരൊറ്റ ദിവസം മാത്രമാണ് ഉച്ചതിരിഞ്ഞ് ഒഴിവുള്ളത്) തുടങ്ങിയവയ്ക്കെതിരെ ഹൈസ്കൂൾ വിദ്യാർഥികൾ രംഗത്തിറങ്ങുകയായിരുന്നു.

ഈ വേനൽക്കാലത്തെ കടുത്ത ചൂടിന്റെ ആഘാതം, ശീതീകരണ സംവിധാനങ്ങളൊന്നുമില്ലാത്ത ക്ലാസ് മുറികളിൽ സെപ്റ്റംബറിലും അനുഭവപ്പെട്ടിരുന്നു. ഇതിനുപുറമെ, സർവകലാശാലാ പ്രവേശനത്തിനായുള്ള ‘പാർക്കൂർസ്യൂപ്’ (Parcoursup) ഓൺലൈൻ പോർട്ടലിലെ വീഴ്ചകളും വിവേചനങ്ങളും മുതിർന്ന സ്കൂൾ വിദ്യാർഥികളുടെ അതൃപ്തി വർധിപ്പിച്ചു. രാജ്യത്തെ ഭൂരിഭാഗം സ്കൂൾ അധ്യാപകരും വിദ്യാർഥികളുടെ ആശങ്കകളെ പിന്തുണയ്ക്കുന്നുണ്ട്. വിദ്യാർഥികളെ കുത്തിനിറച്ച ക്ലാസ് മുറികളും മോശം തൊഴിൽ സാഹചര്യങ്ങളും, മറ്റ് ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ശമ്പളവും (പൊലീസുകാർക്ക് അധ്യാപകരേക്കാൾ ഉയർന്ന ശമ്പളമുണ്ട്) അവരെയും അലട്ടുന്നു. വ്യക്തമായ ഒരു നേതൃത്വമോ സമരപദ്ധതിയോ ഇല്ലാതെ തന്നെ, ഈ പ്രതിഷേധം രാജ്യത്തുടനീളമുള്ള മറ്റ് 700 സ്കൂളുകളിലേക്ക് ഇത്ര വേഗത്തിൽ പടരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ചരിത്രം ആവർത്തിക്കുന്നു

1968-ൽ പരമ്പരാഗതവും വീർപ്പുമുട്ടിക്കുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ സർവകലാശാലാ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭവുമായി ഇപ്പോഴത്തെ സംഭവങ്ങൾക്ക് വലിയ സമാനതകളുണ്ട്. നിശ്ചലമായ സമൂഹം(സോസ്യെത്തെ ബ്ലോക്കേ)എന്ന് പ്രക്ഷോഭകർ വിളിച്ച യാഥാസ്ഥിതിക രാഷ്ട്രീയത്തിനും പരിമിതമായ അവസരങ്ങൾക്കുമെതിരെ കൂടിയായിരുന്നു അന്നത്തെ പോരാട്ടം. ഇപ്പോൾ തെരുവിലിറങ്ങിയ ഹൈസ്കൂൾ വിദ്യാർഥികളിലും സമാനമായ ഒരു മാനസികാവസ്ഥ വ്യക്തമായി കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ യാഥാർത്ഥ്യങ്ങളും അന്താരാഷ്ട്ര യുദ്ധങ്ങളും തങ്ങളുടെ ഭാവിയെയും ജീവിതസാധ്യതകളെയും അടച്ചുപൂട്ടുകയാണെന്ന് അവർ ഭയപ്പെടുന്നു. ഇമ്മാനുവൽ മാക്രോണിന്റെ മധ്യ-വലതുപക്ഷ സർക്കാരിലോ, അധികാരത്തിൽ വരാൻ സാധ്യതയുള്ള മരീൻ ലെ പെന്നിന്റെ റസ്സോംബ്ലെമോങ് നാസ്യോനാൽ (Rassemblement National) എന്ന തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിലോ അവർ പ്രതീക്ഷ പുലർത്തുന്നില്ല.

സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, ബെൽജിയം എന്നിവിടങ്ങളിൽ അടുത്തകാലത്തുണ്ടായ വിദ്യാർഥി-ജനകീയ പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്, ഈ പ്രശ്നങ്ങൾ ഫ്രാൻസിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്നാണ്.

ഉദാഹരണത്തിന് സ്പെയിനിൽ, അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ പ്രതിഷേധങ്ങളുടെ പ്രധാന കാരണം താങ്ങാനാവുന്ന ചെലവിൽ വീടുകൾ ലഭ്യമല്ലാത്തതായിരുന്നു. പാശ്ചാത്യ ലോകത്തുടനീളം, പ്രത്യേകിച്ച് 2020 മുതൽ, കോവിഡ് നിയന്ത്രണങ്ങൾ, ജീവിതച്ചെലവ് വർധനവ്, ഭവന പ്രതിസന്ധി എന്നിവയാൽ ജീവിതം തകിടം മറിഞ്ഞ സാധാരണക്കാരുടെ കടുത്ത രോഷമാണ് കാണാനാകുന്നത്. ഈ പ്രതിസന്ധികൾ സമൂഹത്തിലെ ചില വിഭാഗങ്ങളെ രൂക്ഷമായി ബാധിച്ചപ്പോൾ, മറ്റു ചിലർ ഇതിൽനിന്ന് വൻ നേട്ടമുണ്ടാക്കുകയും ചെയ്തു. ഇതിനുപുറമെ, പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധങ്ങൾ രൂക്ഷമാക്കിയ ഊർജ്ജ പ്രതിസന്ധിയും കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

ഇവിടെ ഒരു കാര്യം വ്യക്തമായി വേർതിരിച്ചു കാണേണ്ടതുണ്ട്: നീതിക്കായി സമരം ചെയ്യുന്ന സ്കൂൾ വിദ്യാർഥികളും അവരെ പിന്തുണയ്ക്കുന്ന അധ്യാപകരും രക്ഷിതാക്കളും ഒരു ഭാഗത്തും, മുഖംമൂടി ധരിച്ച് അക്രമം അഴിച്ചുവിടുന്ന കാസ്സർ(casseurs) എന്നറിയപ്പെടുന്ന സംഘങ്ങൾ മറ്റൊരറ്റത്തുമാണ്. ഈ അക്രമകാരികളാണ് കടകൾ തല്ലിത്തകർക്കുകയും പൊതുസ്ഥാപനങ്ങൾക്ക് തീയിടുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, തൊഴിലാളി സമരങ്ങളിലും ജീവിതച്ചെലവ് വർധനവിനെതിരെ ഉയർന്നുവന്ന ഴീലേ ഴോൻ(gilets jaunes - മഞ്ഞക്കുപ്പായക്കാർ) പ്രക്ഷോഭങ്ങളിലും പോലും ഇത്തരം അക്രമങ്ങളും നാശനഷ്ടങ്ങളും പതിവായിട്ടുണ്ട്. ഫ്രഞ്ച് സ്ഥാപനങ്ങളെയും സമൂഹഘടനയെയും അക്രമത്തിലൂടെ നിരാകരിക്കുന്ന മനപ്പൂർവമായ സാമൂഹികവിരുദ്ധ നടപടികളാണിത്.

ഈ പ്രക്ഷോഭങ്ങൾ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്. 1968-ലേതുപോലെ, പൊതുജീവിതം സ്തംഭിപ്പിക്കുന്നതിലും പൊതുമുതൽ നശിപ്പിക്കുന്നതിലുമുള്ള ജനങ്ങളുടെ അതൃപ്തി, ഇതുവരെ വിദ്യാർഥികളോട് ഉണ്ടായിരുന്ന അനുഭാവം ഇല്ലാതാക്കാനും അവർക്കെതിരായ ഒരു ജനരോഷമായി മാറാനും ഇടയാക്കിയേക്കാം. വിദ്യാർഥികളും തൊഴിലാളി യൂണിയനുകളും തമ്മിൽ ഭിന്നതകൾ ഉടലെടുക്കാനും സാധ്യതയുണ്ട്. ഒരുപക്ഷേ ഈ പ്രതിഷേധാഗ്നി യൂറോപ്പിലുടനീളം പടർന്നുപിടിച്ചേക്കാം.

എന്തായാലും, 2027 ഏപ്രിലിൽ നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിർണായക ഘടകമായി ഈ സംഭവങ്ങൾ മാറിക്കഴിഞ്ഞു. നിലവിൽ പരസ്പരം സഹകരിക്കാൻ വിസമ്മതിക്കുന്ന മൂന്ന് ചേരികളായാണ് ഫ്രഞ്ച് രാഷ്ട്രീയം വിഭജിക്കപ്പെട്ടിരിക്കുന്നത്: തീവ്ര വലതുപക്ഷം, മധ്യ-വലതുപക്ഷം, തീവ്ര ഇടതുപക്ഷം.

സ്കൂളുകളിൽ കർശന അച്ചടക്കം തിരികെ കൊണ്ടുവരുമെന്നും, പൊലീസിനുള്ള ഫണ്ട് വർദ്ധിപ്പിക്കുമെന്നും, അക്രമി സംഘങ്ങളെ നാടുകടത്തപ്പെടേണ്ട അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുമെന്നും വാഗ്ദാനം നൽകുക എന്നത് ലെ പെന്നിനും മറ്റ് വലതുപക്ഷ രാഷ്ട്രീയക്കാർക്കും എളുപ്പമാണ്.

സമാധാനപരമായി തുടങ്ങിയ ഈ കൂറ്റൻ പ്രക്ഷോഭങ്ങളുടെ മറവിൽ നടന്ന അക്രമസംഭവങ്ങൾ സത്യത്തിൽ ലെ പെന്നിന് ലഭിച്ച ഒരു അപ്രതീക്ഷിത സമ്മാനമാണ്. അതേസമയം, വിദ്യാർഥി പ്രക്ഷോഭങ്ങളെ ശക്തമായി പിന്തുണച്ച ഴോങ്-ല്യൂക് മേലോങ്ഷോങ്ങിന്റെ ഇടതുപക്ഷ പാർട്ടിയായ ‘ലാ ഫ്രോൻസ് ആൻസൂമീസ്’ (La France Insoumise)-ന് ഇത് വലിയ രാഷ്ട്രീയ തിരിച്ചടിയാവാനും സാധ്യതയുണ്ട്. അത്യധികം പ്രകോപിതരായിരിക്കുന്ന ഒരു ജനതയുടെ രോഷം ശമിപ്പിക്കുംവിധം, വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് ഫലപ്രദമായി മറുപടി നൽകാൻ മാക്രോൺ സർക്കാരിന് സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

(മെൽബൺ സർവകലാശാലയിലെ എമറിറ്റസ് പ്രഫസറും ഫ്രഞ്ച് ചരിത്രകാരനുമായ പീറ്റർ മക്ഫീ theconversation.com ൽ എഴുതിയ ലേഖനത്തിന്റെ സംഗ്രഹം)

Tags:    
News Summary - France: What is the Future of the Protests?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.