അസാധ്യങ്ങളെ മറികടന്ന് വീണ്ടും ലുല

മൂന്നാഴ്ച മുൻപ് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ രാഷ്ട്രീയ ചരമക്കുറിപ്പുകൾ എഴുതപ്പെട്ടിരുന്നു. തടവിൽ കഴിയുന്ന മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മകനും തീവ്ര വലതുപക്ഷ സ്ഥാനാർഥിയുമായ ഫ്ലാവിയോ ബോൾസൊനാരോ, പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടിൽ മറികടക്കൽ അസാധ്യമെന്നു തോന്നിപ്പിക്കുന്ന വൻ മുന്നേറ്റമാണ് കൈവരിച്ചിരുന്നത്. ബ്രസീലിയൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ലുല തന്റെ എൺപതാം വയസ്സിൽ നിശബ്ദമായ ഒരു വിടവാങ്ങലിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയായിരുന്നു. എന്നാൽ എല്ലാ നിഗമനങ്ങളും തെറ്റാണെന്ന് ലുല തെളിയിച്ചു. രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിൽ വിജയം വരിച്ച അദ്ദേഹം നാലാമതൊരിക്കൽക്കൂടി ബ്രസീലിന്റെ പ്രസിഡന്റായി സ്ഥാനമുറപ്പിച്ചു. ഈ തെരഞ്ഞെടുപ്പുഫലം ബ്രസീലിയൻ രാഷ്ട്രീയത്തിൽ പല അർഥത്തിലും സവിശേഷമാണ്. രണ്ടു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പുസമ്പ്രദായം നിലവിൽ വന്നതിനുശേഷം ആദ്യ റൗണ്ടിൽ വിജയിച്ച ഒരു പ്രസിഡന്റ് സ്ഥാനാർഥിയും രണ്ടാം റൗണ്ടിൽ (റൺഓഫ്) പരാജയപ്പെട്ട ചരിത്രമില്ല. ഒന്നാം റൗണ്ടിൽ ഏകദേശം 22 ലക്ഷം വോട്ടുകൾക്ക് പിന്നിലായിപ്പോയ ലുല മൂന്നാഴ്ചകൊണ്ട് വ്യക്തമായ വിജയമാക്കി മാറ്റി ചരിത്രത്തെ തിരുത്തിയെഴുതി.

ബ്രസീലിനു പുറത്തും പ്രസക്തമായ ജയം

മൂന്ന് സുപ്രധാന കാരണങ്ങളാൽ ലുലയുടെ വിജയം ബ്രസീലിന്റെ അതിരുകൾക്കപ്പുറത്തും കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കും. ലാറ്റിനമേരിക്കയിലും യൂറോപ്പിലും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തീവ്ര വലതുപക്ഷ പാർട്ടികളും നേതാക്കളും മുന്നേറ്റം നടത്തിയെങ്കിൽ ആ പ്രവണതയെ മാറ്റിമറിച്ച് ആഗോളതലത്തിൽ, തീവ്ര വലതുപക്ഷത്തിന്റെ വളർച്ചക്കെതിരെയുള്ള പ്രതിരോധക്കോട്ടയായി ബ്രസീൽ തലയുയർത്തി നിൽക്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദമായി ലാറ്റിനമേരിക്കയിൽ ഭരണകക്ഷികൾ പണപ്പെരുപ്പം, അരക്ഷിതാവസ്ഥ, സാമ്പത്തികമുരടിപ്പ് എന്നിവയുടെ പേരിൽ വോട്ടർമാരുടെ ശിക്ഷയേറ്റുവാങ്ങി പരാജയപ്പെടുന്നതാണ് പതിവെങ്കിൽ, ‘ഭരണവിരുദ്ധ വികാരം’ എന്ന പതിവിനെയും ലുല മറികടന്നിരിക്കുന്നു.

തീരുവകൾ, ഭീഷണികൾ, രാഷ്ട്രീയ ആശ്രിതത്വം എന്നിവയിലൂടെ പടിഞ്ഞാറൻ ഗോളാർധത്തെ യു.എസ്. സ്വാധീനമേഖലയിലേക്ക് കൂടുതൽ വലിച്ചടുപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ സൂചിപ്പിക്കുന്ന ‘ഡോൺറോ ഡോക്ട്രിൻ’ (Donroe Doctrine) നയങ്ങൾക്കുള്ള തിരിച്ചടികൂടിയാണ് ഈ തെരഞ്ഞെടുപ്പുഫലം.

തെക്കേ അമേരിക്കയിലെ വാഷിങ്ടന്റെ പ്രിയപ്പെട്ട പങ്കാളിയെന്ന നിലയിലാണ് എതിർസ്ഥാനാർഥി ബോൾസൊനാരോ പ്രചാരണം നടത്തിയത്. എന്നാൽ ബ്രസീലിലെ വോട്ടർമാർ അദ്ദേഹത്തെ തിരസ്കരിച്ചു.

ആഭ്യന്തരമായി, ഇടതുപക്ഷത്തിന്റെ ജനകീയ മുന്നേറ്റത്തിന്റെ കരുത്തുകൂടിയാണ് ഈ ഫലം വ്യക്തമാക്കുന്നത്. ഒന്നാം റൗണ്ടിലെ മോശം പ്രകടനത്തിനുശേഷം, നിരാശരായ അനുയായികൾ പ്രചാരണം വീണ്ടും ഊർജസ്വലമാക്കുകയും വലിയൊരു വോട്ടർകൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. അവരിൽ പലരും ബോൾസൊനാരോ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾക്കെതിരായാണ് വോട്ട് ചെയ്തത്. ഒന്നാം റൗണ്ടിൽ മടിച്ചുനിന്ന ആളുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും ഇതിനു കഴിഞ്ഞു.

പോരാട്ടം അവസാനിക്കുന്നില്ല

ഈ തെരഞ്ഞെടുപ്പുവിജയത്തെ തന്റെ മുൻകാല ഭരണത്തിനുള്ള സമ്പൂർണ അംഗീകാരമായി ലുല തെറ്റിദ്ധരിക്കരുത്. ശരിയാണ്, അദ്ദേഹം തെറ്റുകൾ തിരുത്തി. കഴിഞ്ഞ നാല് വർഷത്തെ ഭരണത്തിൽ, പ്രത്യേകിച്ച് നിരുത്സാഹജനകമായ ഒന്നാം റൗണ്ട് പ്രചാരണവേളയിൽ താൻ വരുത്തിയ തെറ്റുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ സന്ദേശം കൂടുതൽ മൂർച്ചയുള്ളതാക്കി, കൈവിട്ടുപോയ വോട്ടർമാരോട് നേരിട്ട് സംസാരിച്ചു. എത്ര പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനായാലും ഇതൊരു ചെറിയ നേട്ടമല്ല. എന്നാൽ എന്നത്തേക്കാളും ധ്രുവീകരിക്കപ്പെട്ട ഒരു രാജ്യത്തെയാണ് അദ്ദേഹത്തിന് ഇനി ഭരിക്കേണ്ടത്. തെരുവുകളിൽ രാഷ്ട്രീയ അക്രമങ്ങൾ വർധിക്കുകയും വിദ്വേഷ പ്രസംഗങ്ങൾ ഓൺലൈനിൽ നിർബാധം പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

നിക്കോളാസ് ഫെറേര, ലൂക്കാസ് പാവനാറ്റോ എന്നിവരുൾപ്പെടെയുള്ള തീവ്ര വലതുപക്ഷത്തെ പ്രമുഖർ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താൻ പരാജയം സമ്മതിക്കില്ലെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടുമെന്നും ഞായറാഴ്ച രാത്രി ബോൾസൊനാരോ പറഞ്ഞു. ബോൾസൊനാരോ കുടുംബവുമായി വൈറ്റ് ഹൗസിനുള്ള അടുത്ത ബന്ധം കണക്കിലെടുക്കുമ്പോൾ, ട്രംപ് ഭരണകൂടം ഈ തെരഞ്ഞെടുപ്പുഫലത്തെ ചോദ്യം ചെയ്യാനോ അംഗീകരിക്കാൻ വിസമ്മതിക്കാനോ ഉള്ള സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പുദിനത്തിൽത്തന്നെ ഉണ്ടായ നിയമപോരാട്ടം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. പല നഗരങ്ങളിലും ലുലയുടെ അനുയായികളുടെ വോട്ട് തടഞ്ഞുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ, വോട്ടിങ് സമയം നീട്ടണമോ എന്ന കാര്യത്തിൽ ബ്രസീലിലെ സുപ്രീം കോടതിയിലെയും സുപ്രീം ഇലക്ടറൽ കോർട്ടിലെയും ജഡ്ജിമാർ തമ്മിൽ ഭിന്നതയുണ്ടായി. ഈ തർക്കം പരാജയപ്പെട്ട വിഭാഗത്തിന് ‘വോട്ടിങ്ങിലെ ക്രമക്കേടുകൾ’ എന്ന ആഖ്യാനം ചമയ്ക്കാൻ അവസരമൊരുക്കുന്നു.

ഭരണത്തിനു മുന്നിൽ മൂന്ന് ചോദ്യങ്ങൾ

ജനുവരി അഞ്ചിന് ലുല അധികാരമേൽക്കുമ്പോൾ, മൂന്ന് ചോദ്യങ്ങളാകും അദ്ദേഹത്തിന്റെ നാലാം ഊഴത്തെ നിർവചിക്കുക:

ഒന്നാമതായി, കോൺഗ്രസിൽ യാഥാസ്ഥിതിക ഭൂരിപക്ഷവും ഒരു ഡസനിലധികം വലതുപക്ഷ ഗവർണർമാരുമുള്ള, ആഴത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്തെ ലുല എങ്ങനെ ഭരിക്കും എന്നതാണ്.

രണ്ടാമത്തേത്, കക്ഷിരാഷ്ട്രീയ തർക്കങ്ങൾക്കപ്പുറമുള്ള പ്രശ്നങ്ങളെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. ഒരു കാലത്ത് ജനാധിപത്യക്രമം ഉറപ്പുവരുത്തിയിരുന്ന സുപ്രീം കോടതിയുടെ വിശ്വാസ്യത, ബാങ്കോ മാസ്റ്ററുമായി ബന്ധപ്പെട്ട വലിയൊരു സാമ്പത്തിക അഴിമതിയിലൂടെ തകർന്നുപോയിട്ടുണ്ട്. പ്രസിഡന്റിന് ഒരു കോടതിയെ ‘നന്നാക്കാൻ’ കഴിയില്ലെങ്കിലും, ഈ പ്രതിസന്ധിയെ മറ്റാരുടെയോ പ്രശ്നമായി തള്ളിക്കളയാതിരിക്കാൻ അദ്ദേഹത്തിനു കഴിയും.

മൂന്നാമത്തെ ചോദ്യമാണ് ഏറ്റവും പ്രധാനം. ലുലയും അദ്ദേഹത്തിന്റെ വർക്കേഴ്സ് പാർട്ടിയും ബ്രസീലിലെ വിശാല ജനാധിപത്യ ശക്തികളും ഈ ഇടവേളയെ ബ്രസീലിയൻ രാഷ്ട്രീയത്തെ നവീകരിക്കാൻ ഉപയോഗിക്കുമോ എന്നതാണ്.

നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തെ അടക്കിവാണ പ്രായമായ നേതാക്കൾക്കപ്പുറം പുതിയ രാഷ്ട്രീയ നേതൃത്വ ബദലുകൾ കണ്ടെത്തുക, ഒരൊറ്റ കരിസ്മാറ്റിക് വ്യക്തിത്വത്തെ മാത്രം ആശ്രയിക്കാത്തവിധം പുതിയ രീതിയിലുള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുക, അനിശ്ചിതത്വത്തിലുള്ള തൊഴിലാളികളോടും കുടുംബങ്ങളോടും തീവ്ര വലതുപക്ഷത്തേക്ക് ആകർഷിക്കപ്പെട്ട രോഷാകുലരായ വോട്ടർമാരോടും സംവദിക്കുന്ന പുതിയൊരു രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കുക എന്നിവയാണ് അത് അർഥമാക്കുന്നത്.

ധ്രുവീകരണത്തിനുള്ള ഏക യഥാർഥ പ്രതിവിധി ഇതാണ്, അത് ഒരു തെരഞ്ഞെടുപ്പിൽനിന്നോ ഒരു നേതാവിൽനിന്നോ മാത്രം ഉണ്ടാകില്ല.

(ഫ്ലോറിഡ ഇന്റർനാഷനൽ യൂനിവേഴ്സിറ്റിയിലെ ബ്രസീലിയൻ സ്റ്റഡീസ് അസോസിയേറ്റ് പ്രഫസറായ ഗിൽഹെർമി കസറോയസ് theconversation.comൽ എഴുതിയത്)

Tags:    
News Summary - Overcoming the Impossible: The Historic Political Comeback of Brazil's Lula da Silva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.