സമാധാനം നിലനിർത്തുന്നതിനായി, ജാമ്യക്കാരനൊപ്പം 10,000 രൂപയുടെ ബോണ്ട് എന്തുകൊണ്ട് സമർപ്പിച്ചുകൂടാ എന്ന് വിശദീകരിക്കണമെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നോട് ആവശ്യപ്പെടുകയുണ്ടായി. ഈ നോട്ടീസ് കിട്ടിയപ്പോൾ തികച്ചും ലളിതമായ ഒരു ചോദ്യമാണ് എന്നിലുയർന്നത്: എന്നോട് സംരക്ഷിക്കാൻ ആവശ്യപ്പെടുന്ന ഈ ‘സമാധാനം’ യഥാർത്ഥത്തിൽ എന്താണ്? അതിന് ഭംഗം വരുത്തുന്നവിധത്തിൽ ഞാനെന്ത് തെറ്റാണ് ചെയ്തത്? ഈ നോട്ടീസിന്റെ ഉള്ളടക്കം മനസ്സിലാകണമെങ്കിൽ, ഞങ്ങൾ എന്തിനാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചതെന്ന് ആദ്യം അറിയണം.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയും പൗരജനങ്ങൾ വോട്ടർപട്ടികയിൽനിന്ന് പുറന്തള്ളപ്പെടുമെന്ന ഭീതിയും തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർഥികളും ആക്ടിവിസ്റ്റുകളും സാധാരണക്കാരുമെല്ലാം ഡൽഹിയിലെ തെരുവുകളിൽ ഒത്തുകൂടിയത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യാവകാശമായ വോട്ടവകാശം കവർന്നെടുക്കപ്പെടുമോ എന്നതായിരുന്നു ഞങ്ങളുടെ ആശങ്ക. വോട്ടർപട്ടികയിൽനിന്ന് ഒരാളുടെ പേര് വെട്ടിമാറ്റുന്നത് വെറുമൊരു ഭരണപരമായ നടപടിയല്ല; തങ്ങളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമാണ് അവിടെ ഇല്ലാതാകുന്നത്. തങ്ങൾ തുല്യ പൗരരാണോ എന്ന ചോദ്യമാണ് അവിടെ ഉയരുന്നത്.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ബാധ്യസ്ഥരായവർ ജനങ്ങളോട് മറുപടി പറയാൻ കടപ്പെട്ടവരാണ് എന്നതുകൊണ്ടാണ് ഞങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് കാര്യങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. ഞങ്ങൾ സമരം ചെയ്തത് ജനാധിപത്യത്തെ സംരക്ഷിക്കാനാണ്. നീതിപൂർവമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നത് എങ്ങനെയാണ് സമാധാനത്തിന് ഭീഷണിയാവുക? ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് ക്രമസമാധാന പ്രശ്നമാകുന്നത് എങ്ങനെയാണ്? എന്നിട്ട് തെരുവിൽ ഞങ്ങൾക്ക് നേരിടേണ്ടി വന്നത് എന്താണ്? പൊലീസുകാർ ഞങ്ങളെ വഴിനീളെ തടഞ്ഞു, വലിച്ചിഴച്ചു, അന്യായമായി കസ്റ്റഡിയിലെടുത്തു. പൊലീസ് എന്നെ കൈയേറ്റം ചെയ്ത് ദേഹമാകെ പരിക്കേൽപ്പിച്ചതിന്റെ തെളിവുകൾ ഞാൻ പുറത്തുവിട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകരും മറ്റ് വനിതാ പ്രവർത്തകരുമെല്ലാം ഈ അതിക്രമങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഒക്ടോബർ 16ന് മണ്ഡി ഹൗസിൽ വെച്ച് അറസ്റ്റ് ചെയ്ത എന്നെ രാത്രി മുഴുവൻ സ്റ്റേഷനിൽ അടച്ചു. അതിനെല്ലാം ശേഷമാണ്, ഞാൻ സമാധാനം തകർക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് എനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്!

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടതും, എസ്.ഐ.ആർ. പിൻവലിക്കാൻ പറഞ്ഞതും, 2023ലെ തെരഞ്ഞെടുപ്പ് കമീഷണർ നിയമന നിയമം റദ്ദാക്കണമെന്ന് പറഞ്ഞതുമാണോ സമാധാന ലംഘനം? നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ നീതി തേടി 23 ദിവസമാണ് ഞാൻ നിരാഹാര സമരം നടത്തിയത്. ഒരിക്കൽപ്പോലും സമാധാനം തകർക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ അനീതി കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരിക്കുന്നതിനെ ‘സമാധാനം’ എന്ന് വിളിക്കാൻ എനിക്ക് സാധിക്കില്ല. നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് സമരങ്ങളും മുദ്രാവാക്യം വിളികളും ഒത്തുകൂടലുകളുമാണ്; അല്ലാതെ ഞാൻ ചെയ്ത ഏതെങ്കിലും അക്രമമല്ല.

സമാധാനം പാലിക്കുമെന്ന് ബോണ്ട് എഴുതിക്കൊടുക്കാൻ എന്നോട് ആവശ്യപ്പെടുമ്പോൾത്തന്നെ, സമാധാനം സംരക്ഷിക്കേണ്ടവർ തെരുവിൽ അഴിച്ചുവിട്ട അതിക്രമങ്ങൾ സംബന്ധിച്ച് യാതൊരു ചോദ്യവും പറച്ചിലുമില്ല. ആളുകൾ തെരുവിലിറങ്ങാതിരിക്കുന്നതാണോ സമാധാനം? പ്രതിഷേധക്കാരെ ഭയപ്പെടുത്തിയും തല്ലിയോടിച്ചും വീട്ടിലിരുത്തുമ്പോൾ ഉണ്ടാകുന്ന മൂകതയാണോ സമാധാനം? അനീതിക്കിരയായവരുടെ വായടപ്പിച്ചതുകൊണ്ട് മാത്രം ഒരു നാട് സമാധാനപൂർണമാണെന്ന് പറയാനാകുമോ?

ചരിത്രം സമാധാനത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. റോമാ സാമ്രാജ്യം ‘പാക്സ് റൊമാന’ (റോമൻ സമാധാനം) ആഘോഷിച്ചിരുന്നു. സ്ഥിരതയുടെയും ക്രമസമാധാനത്തിന്റെയും പേരുപറഞ്ഞാണ് അത് കൊണ്ടാടപ്പെട്ടതെങ്കിലും അടിമത്തവും അധിനിവേശവും എതിർശബ്ദങ്ങളെ അടിച്ചമർത്തലുമായിരുന്നു അതിന്റെ അടിത്തറ. അധികാരികൾ കൊണ്ടാടിയ ആ സമാധാനം ജനതയ്ക്ക് ഒരിക്കലും ലഭിച്ചിരുന്നില്ല.

നീതിയില്ലാതെ ശാന്തത അടിച്ചേൽപ്പിക്കാൻ കഴിയുമോ? ദുരിതങ്ങൾ പരിഹരിക്കാതെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സാധിക്കുമോ? കൊടും അസമത്വങ്ങൾക്കും അക്രമങ്ങൾക്കും മീതെ നിന്നുകൊണ്ട് സമാധാനം പ്രഖ്യാപിക്കാൻ കഴിയുമോ? ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ സമാധാനത്തെക്കുറിച്ച് നമുക്ക് ഇങ്ങനെയൊരു സങ്കല്പം ഉണ്ടാകാൻ പാടില്ല.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ 1958ൽ എഴുതിയത് ഇവിടെ ഓർക്കേണ്ടതുണ്ട്: ‘‘യഥാർത്ഥ സമാധാനം എന്നത് സംഘർഷങ്ങൾ ഇല്ലാതിരിക്കലല്ല, മറിച്ച് അവിടെ നീതി പുലരുന്നതാണ്.’’ സമാധാനത്തെ അദ്ദേഹം രണ്ടാക്കി തിരിച്ചു; വെറുതെ അനിഷ്ടങ്ങളൊന്നുമില്ലാത്ത വെറും ‘നെഗറ്റീവ് സമാധാന’വും നീതിയിൽ അധിഷ്ഠിതമായ ‘പോസിറ്റീവ് സമാധാന’വും.

പ്രതിഷേധങ്ങൾ സ്വാഭാവികമായും ചില അസ്വസ്ഥതകൾ ഉണ്ടാക്കും. മറുപടി പറയാൻ മടിക്കുന്ന ചോദ്യങ്ങളെ ഭരണകൂടത്തിന് മുന്നിൽ കൊണ്ടുവെക്കും. എന്നാൽ ആ ചോദ്യങ്ങളുണ്ടാക്കുന്ന അസ്വസ്ഥതയെ ഒരിക്കലും അനീതിക്ക് തുല്യമായി കാണരുത്.

അധികാരക്കസേരയിൽ ഇരിക്കുന്നവർക്ക് തോന്നുമ്പോൾ പ്രഖ്യാപിക്കാനുള്ളതല്ല സമാധാനം. അത് ജനങ്ങൾ അനുഭവിച്ചറിയേണ്ടതാണ്; തുല്യതയുടെ ഉറപ്പിലൂടെയും, സ്ഥാപനങ്ങളുടെ നീതിബോധത്തിലൂടെയും, ചോദ്യങ്ങൾ ചോദിച്ചാൽ അവകാശങ്ങൾ തട്ടിയെടുക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലൂടെയുമാണ് അത് തിരിച്ചറിയേണ്ടത്. ഭരണഘടനയുടെ 19(1)(a) അനുച്ഛേദം അഭിപ്രായസ്വാതന്ത്ര്യവും 19(1)(b) ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശവും പൗരജനങ്ങൾക്ക് നൽകുന്നുണ്ട്. പൊതുസമാധാനത്തിന് അനിവാര്യമായ ന്യായമായ നിയന്ത്രണങ്ങൾ ഭരണകൂടത്തിന് ഏർപ്പെടുത്താം. എന്നാൽ ആ പേരുപറഞ്ഞ് പൗരാവകാശങ്ങളെ മൊത്തമായി തടഞ്ഞുവെക്കാൻ നിയമം അനുവദിക്കുന്നില്ല. അഡ്വ. വൃന്ദാ ഗ്രോവറെപ്പോലുള്ളവർ വ്യക്തമാക്കിയതുപോലെ, പ്രതിഷേധങ്ങൾക്ക് മേൽ ചുമത്തപ്പെടുന്ന വിലക്കുകൾ നിയമപരവും ആനുപാതികവുമാണോ എന്ന് പരിശോധിക്കപ്പെടണം. ഒരു നിരോധനാജ്ഞ ഇറക്കിയതുകൊണ്ടുമാത്രം പൗരരുടെ മൗലികാവകാശങ്ങൾ അസാധുവാകില്ല.

അക്രമം തടയാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. എന്നാൽ പൊലീസിന്റെ അമിതാധികാര പ്രയോഗത്തിൽനിന്ന് പൗരജനങ്ങളെ സംരക്ഷിക്കാനും സമാധാനപരമായി അവകാശങ്ങൾ വിനിയോഗിക്കാൻ അവർക്ക് വഴിതുറക്കാനും ഭരണകൂടം ബാധ്യസ്ഥരാണ്.

അതുകൊണ്ട്, ഈ നോട്ടീസിനെതിരെയുള്ള എന്റെ പോരാട്ടം വെറും പതിനായിരം രൂപയുടെ പ്രശ്നമല്ല. ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്ന പൗരജനങ്ങളെ ഒരു തെളിവുമില്ലാതെ മുൻകരുതൽ വകുപ്പുകൾ ചുമത്തി സമാധാന ലംഘകരായി ചിത്രീകരിക്കാൻ അധികാരകേന്ദ്രങ്ങൾക്ക് അവകാശമുണ്ടോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. അധികാര ദുർവിനിയോഗത്തേക്കാൾ വലിയ കുറ്റമായി അതിനെ ചോദ്യം ചെയ്യുന്നത് മാറിയാൽ എന്താണ് സംഭവിക്കുക?

ഭിന്നാഭിപ്രായങ്ങളില്ലാത്ത ഒരു ലോകമല്ല ജനാധിപത്യം. പരസ്പരം തുല്യതയും സ്വാതന്ത്ര്യവും വകവെച്ചുകൊടുത്തുതന്നെ ഭിന്നിച്ചുനിൽക്കാനും ജീവിക്കാനുമുള്ള ഇടമാണത്. തെരുവുകളിൽ മുദ്രാവാക്യങ്ങൾ മുഴങ്ങും; ഭരണകൂടങ്ങൾ വിചാരണ ചെയ്യപ്പെടും. ഇതൊന്നും ജനാധിപത്യം തകരുന്നതിന്റെ ലക്ഷണങ്ങളല്ല. മറിച്ച്, തങ്ങളുടെ ശബ്ദത്തിന് ഇപ്പോഴും ശക്തിയുണ്ടെന്നും കൂട്ടായ പോരാട്ടങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും ജനങ്ങൾ വിശ്വസിക്കുന്നതിന്റെ ലക്ഷണമാണ്.

ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുന്നതിനെയല്ല നാം ഭയപ്പെടേണ്ടത്; മറിച്ച് ശബ്ദിക്കാൻ പോലും അവർ പേടിക്കുന്ന കാലത്തെയാണ്. രബീന്ദ്രനാഥ ടാഗോർ സ്വപ്നം കണ്ടതുപോലെ, ‘‘മനസ്സ് ഭയരഹിതവും തല ഉയർന്നുനിൽക്കുന്നതുമായ’’ ഒരു നാട്ടിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആർക്കും നിർഭയമായി ചോദ്യങ്ങൾ ചോദിക്കാൻ കഴിയണം. തല്ലുവാങ്ങാതെയും ജയിലിൽ കിടക്കാതെയും ചെറുപ്പക്കാർക്ക് ഭരണഘടനയ്ക്കായി നിലകൊള്ളാൻ കഴിയണം. ഭരണകൂടത്തോട് വിയോജിക്കുന്നവരെപ്പോലും പൊലീസ് ചേർത്തുപിടിക്കണം. അവിടെ സമാധാനമെന്നാൽ നിശബ്ദതയാകരുത്.

ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന പൂർണബോധ്യത്തോടെയാണ് ഞങ്ങൾ തെരുവിലിറങ്ങിയത്. ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും; കാരണം ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നമ്മുടെ നാളെയെ നിർണയിക്കാനുള്ള അവകാശം കൂടിയാണ്. സമാധാനപരമായ പ്രതിഷേധം ഒരിക്കലും ജനാധിപത്യത്തിന് ഭീഷണിയല്ല; മറിച്ച് ആ സമാധാനം എല്ലാവർക്കും അനുഭവവേദ്യമാക്കാനുള്ള വഴിയാണത്.

(ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ-ഐസ ദേശീയ പ്രസിഡന്റായ ലേഖിക ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹം)

Tags:    
News Summary - We will keep asking questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.