കളഞ്ഞുപോയ കൗമാരം
ഒരു കുട്ടി വളരുന്നത് മാതാപിതാക്കളുടെ തണലിലാണ്; മനസ്സ് പാകപ്പെടുന്നത് ആ തണലിൽനിന്ന് അവർ പഠിച്ചെടുക്കുന്ന മൂല്യങ്ങളിലൂടെയും. സ്നേഹവും കരുതലും മാത്രമല്ല, തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകവും മറ്റൊരു മനുഷ്യന്റെ വേദന മനസ്സിലാക്കാനുള്ള ഹൃദയവും ആ വളർച്ചയുടെ ഭാഗമാകണം. മക്കൾക്ക് ജീവിതത്തിലെ ഭൗതികസൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കുന്നതിനിടയിൽ, ഈ അടിസ്ഥാനമൂല്യങ്ങൾ പകർന്നുനൽകാൻ നാം മറന്നുപോകുന്നുണ്ടോ?
നെടുമ്പാശ്ശേരി വിഐപി റോഡിൽ മൂന്ന് യുവജീവനുകൾ പൊലിഞ്ഞ വാഹനാപകടം നമ്മുടെ മനസ്സാക്ഷിക്കു മുന്നിലേക്ക് നീട്ടിവെക്കുന്നത് ഇത്തരം ചില അസ്വസ്ഥജനകമായ ചോദ്യങ്ങളാണ്. വാർത്തകളിൽനിന്ന് പേരുകളും ഓർമകളിൽനിന്ന് അപകടദൃശ്യങ്ങളും മാഞ്ഞുപോയേക്കാം; എന്നാൽ ആ മൂന്ന് വീടുകളിലെ ശൂന്യതയ്ക്കും ഉറ്റവരുടെ തീരാവേദനയ്ക്കും ആര് പകരം നിൽക്കും? അപകടത്തിനു പിന്നാലെ വാഹനം ഓടിച്ചയാൾ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന അതീവ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. ഒരു കൊടിയ അപകടമുഖത്തുനിൽക്കുമ്പോഴും എല്ലാം സ്വന്തം വീട്ടുകാർ നോക്കിക്കൊള്ളുമെന്ന് ഒരു കൗമാരപ്രായക്കാരൻ കൂസലില്ലാതെ പറയുന്നുവെങ്കിൽ, പണവും സ്വാധീനവുമുണ്ടെങ്കിൽ നിയമത്തെയും മറികടക്കാമെന്ന അപകടകരമായ ചിന്താഗതിയുടെ ബഹിർസ്ഫുരണമാണത്. വീടാണ് കുട്ടിയുടെ ആദ്യ വിദ്യാലയം. അവിടെനിന്നാണ് അധികാരത്തോടും സമ്പത്തിനോടും നിയമത്തോടുമുള്ള കാഴ്ചപ്പാടുകൾ അവർ രൂപപ്പെടുത്തുന്നത്. പണം ജീവിക്കാനുള്ള ഉപാധി മാത്രമാണെന്നും, നിയമം എല്ലാവർക്കും തുല്യമാണെന്നുമുള്ള തിരിച്ചറിവ് പകർന്നുനൽകുന്നിടത്താണ് യഥാർഥ പേരന്റിംഗിന്റെ വിജയം.
ബാല്യത്തിൽനിന്ന് കൗമാരത്തിലേക്കുള്ള ചുവടുമാറ്റം നിർണായകമാണ്. കുട്ടികൾക്ക് സ്വാതന്ത്ര്യത്തിനൊപ്പം വ്യക്തമായ അതിരുകളും ആവശ്യമായ ഘട്ടമാണിത്. എന്നാൽ ഇന്ന് പല വീടുകളിലും കൗമാരം വഴിതെറ്റുന്നു. പരീക്ഷാഫലങ്ങളുടെ സമ്മർദം, കുടുംബങ്ങളിലെ കലഹങ്ങൾ, സമൂഹമാധ്യമങ്ങൾ നൽകുന്ന മിഥ്യാധാരണകൾ എന്നിവയ്ക്കിടയിൽ യഥാർഥ ജീവിതമൂല്യങ്ങൾ പലർക്കും അന്യമാകുന്നു. സ്വന്തം തെറ്റുകളുടെ പ്രത്യാഘാതങ്ങൾ നേരിടാതെ, പണത്തിന്റെ ഹുങ്കിൽ എല്ലാം ഒതുക്കിത്തീർക്കാമെന്ന അഹങ്കാരത്തിൽ വളരുന്ന കുട്ടികൾക്ക് മറ്റുള്ളവരുടെ ജീവന്റെ വില മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.
പേരന്റിങ് എന്നത് കുട്ടികളെ അടക്കിഭരിക്കലല്ല; അവരെ ഉത്തരവാദിത്തമുള്ള പൗരരായി വളർത്തലാണ്. അമിതനിയന്ത്രണം അവരെ രഹസ്യങ്ങളിലേക്കും, അതിരുകളില്ലാത്ത സ്വാതന്ത്ര്യം അച്ചടക്കമില്ലായ്മയിലേക്കും നയിക്കും. തെറ്റുകൾ ചെയ്യുമ്പോൾ ചേർത്തുപിടിക്കണം; ഒപ്പം അതിന്റെ ഗൗരവം ബോധ്യപ്പെടുത്തി ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കുകയും വേണം. സ്നേഹത്തിന്റെ പേരിൽ തെറ്റുകളെ ന്യായീകരിക്കുന്നത് അവരുടെ ഭാവിയെ കൂടുതൽ വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയേ ഉള്ളൂ. ഇതിനൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഭരണകൂടത്തിനും വ്യക്തമായ പങ്കുണ്ട്. മാർക്കുകൾക്കപ്പുറം പൗരബോധവും റോഡ് സുരക്ഷയും നിയമബോധവും പാഠ്യപദ്ധതിയുടെ ഭാഗമാകണം. അതോടൊപ്പം, നിയമത്തിനു മുന്നിൽ സാധാരണക്കാരെന്നോ സ്വാധീനമുള്ളവരെന്നോ ഉള്ള വേർതിരിവുകൾ ഉണ്ടാകരുത്. നീതി നടപ്പാക്കപ്പെടുക മാത്രമല്ല, അത് നിഷ്പക്ഷമായി നടപ്പാക്കപ്പെടുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം.
നമുക്ക് മക്കളെ വളർത്താം; അഹങ്കാരത്തിന്റെ ഉയരങ്ങളിലേക്കല്ല, ആർദ്രതയുടെ ആഴങ്ങളിലേക്ക്. അവർക്ക് വാരിക്കോരി വാത്സല്യവും പണവും നൽകുന്നതിന് മുൻപ് മറ്റുള്ളവരെ മനസ്സിലാക്കാനും സഹജീവികളോട് അനുതാപപൂർവം ഇടപെടാനും പഠിപ്പിക്കാം. കാരണം, കളഞ്ഞുപോകുന്ന കൗമാരത്തെ തിരിച്ചുപിടിക്കേണ്ടത് കുട്ടികളെ മാത്രം തിരുത്തിക്കൊണ്ടല്ല, അവരെ വളർത്തുന്ന നമ്മുടെ രീതികളെക്കൂടി തിരുത്തിക്കൊണ്ടാണ്.
(സന്തോഷ വീടകം എന്ന പേരെന്റ്റിങ് പുസ്തകത്തിന്റെ രചയിതാവാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.