ഇക്കുറി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് നിഷ്പക്ഷമതികൾക്കെല്ലാം ബോധ്യമുണ്ടായിരുന്നെങ്കിലും, അത് ഇടതുപക്ഷത്തിന്റെ എല്ലാ കോട്ടകൊത്തളങ്ങളെയും തകർത്തെറിയുന്ന സുനാമിയായിരിക്കുമെന്ന് ആരും നിനച്ചിരുന്നില്ല. കാരണം ഭരണത്തിന്റെ സമസ്ത മേഖലകളിലും സമ്പൂർണ പരാജയമായിരുന്നില്ല പിണറായി സർക്കാർ. കേന്ദ്രസർക്കാർ കേരളത്തിനർഹതപ്പെട്ട സാമ്പത്തിക വിഹിതം തടഞ്ഞുവെച്ചും, പേമാരിയും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളിൽ ചില്ലിക്കാശുപോലും സഹായിക്കാതെയും കേരളത്തെ വരിഞ്ഞുമുറുക്കിയപ്പോഴും, കേരള ജനതയുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ ഒരു പരിധിവരെ വിജയിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് ശേഷം സി.പി.എം വർഗീയ കാർഡ് ഇറക്കിക്കളിച്ചതിന്റെ ശിക്ഷയാണ് തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലായി അവർ ഏറ്റുവാങ്ങിയത്. ഇടതുപക്ഷവുമായി മറ്റേത് കാര്യങ്ങളിൽ എതിർപ്പുള്ളവർ പോലും മുൻകാലങ്ങളിൽ അവർ പുലർത്തിയ മതനിരപേക്ഷ നിലപാടിനെ മാനിച്ചിരുന്നു. പക്ഷേ,അവസാന അഞ്ചു വർഷങ്ങളിൽ പിണറായി സർക്കാർ നടത്തിയ പ്രസ്താവനകളും ചെയ്തികളും കേരള ജനതയെ നടുക്കി. സി.പി.എമ്മിന്റെ പല നേതാക്കളും സംഘപരിവാർ ശൈലിയിൽ സംസാരിച്ചു തുടങ്ങിയപ്പോൾ നാക്കുപിഴയായിരിക്കുമെന്നാണ് ആദ്യം ധരിച്ചത്. സി.പി.എം വിതച്ചത് കൊയ്യുന്നത് ബി.ജെ.പിയായിരിക്കുമെന്ന് ഏവരും ഓർമ്മപ്പെടുത്തിയിട്ടും പാർട്ടിയത് മുഖവിലയ്ക്കെടുത്തില്ല.
കേരളത്തിന്റെ സാമുദായിക സൗഹാർദാന്തരീക്ഷത്തെ തകർക്കുന്ന വിഷലിപ്ത പ്രസ്താവനകളുമായി വെള്ളാപ്പള്ളി നടേശൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ, സർക്കാർ അതിനെ തടയിടുമെന്ന് ധരിച്ചവരെ ഞെട്ടിച്ചുകൊണ്ട് പട്ടും വളയും നൽകി ആദരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്! തീർത്തും അന്യായമായ ഇത്തരം ചെയ്തികൾക്കെതിരിൽ പ്രതികരിക്കാൻ കേരള ജനത തീരുമാനിച്ചുറപ്പിച്ചതിന്റെ അനന്തരഫലമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്റെ ജനപിന്തുണയുടെ ഗ്രാഫ് റോക്കറ്റ് വേഗതയിൽ കുതിച്ചുയർന്നതും വർഗീയതയെ നേരിട്ടെതിർക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവത്തിനുള്ള അംഗീകാരമായിരുന്നു. വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയിൽനിന്ന് മറ്റെന്തിനേക്കാളും ജനം പ്രതീക്ഷിക്കുന്നത് മതനിരപേക്ഷ സമീപനവും സാമൂഹികനീതിയെ മുൻനിർത്തിയുള്ള ഭരണവുമാണ്.
എന്നാൽ, മന്ത്രിസഭ പ്രവർത്തനം തുടങ്ങിയ പ്രാരംഭഘട്ടത്തിൽത്തന്നെ മന്ത്രിമാരിൽ ചിലർ നടത്തുന്ന കോമാളിത്തരങ്ങൾ സർക്കാരിന്റെ മുഖം കെടുത്തുമെന്ന് പറയാതെവയ്യ! വർഗീയ വിദ്വേഷം വിളമ്പി നാടുമുഴുവൻ കുട്ടിച്ചോറാക്കാൻ ഇറങ്ങിയവർക്ക് മുന്നിൽ കുമ്പിടാനുള്ള ചില മന്ത്രിമാരുടെ താൽപര്യം അപകടകരമായ സൂചനയാണ്. സമുദായ നേതാക്കളെ സന്ദർശിക്കലോ അനുഗ്രഹം വാങ്ങലോ ഒന്നും തെറ്റല്ല; എന്നാൽ, സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ ആദരിക്കാനല്ല തിരുത്താനാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്.
കേരള ജനത ഒരു സമുദായ നേതാവിന്റെയും പോക്കറ്റിലല്ല ജീവിക്കുന്നത്. നേരും നെറിയുമില്ലാത്ത സമീപനം ഏതു സമുദായ നേതാവിൽ നിന്നുണ്ടായാലും അതേ സമുദായത്തിലെ അണികൾതന്നെ അതിനെതിരിൽ ശക്തമായി പ്രതികരിക്കുമെന്നതാണ് പ്രബുദ്ധ കേരളത്തിന്റെ നാളിതുവരെയുള്ള ശൈലി. ഇത് തിരിച്ചറിയാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സാധിക്കണമെന്ന് മാത്രം.
മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് നിശ്ചയിച്ചയുടൻ അനുഗ്രഹം തേടിയെത്തിയ വി.ഡി. സതീശനോട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞ വാക്കുകൾ മുഴുവൻ മന്ത്രിമാർക്കുമുള്ള സന്ദേശമാണ്: ‘‘വർഗീയ പ്രസ്ഥാനങ്ങൾക്കും ജനങ്ങളെ ഒന്നായി കാണാൻ കഴിയാത്ത സാമുദായിക പ്രമാണിമാർക്കും അനർഹമായ സ്ഥാനം നൽകരുത്. അതുപോലെ അധികാരത്തിന് ചുറ്റും ഒത്തുകൂടുന്ന അവതാരങ്ങളെ കാര്യമായി സൂക്ഷിച്ചോണം’’.
പുതുയുഗ യാത്രയിലൂടെ ഒരു നവകേരളം ഉറപ്പുനൽകിയ സതീശനും കൂട്ടർക്കും അതിന് സാധിക്കേണ്ടതുണ്ട്. കേരളത്തെ ഭ്രാന്താലയമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന വർഗീയ വേതാളങ്ങൾക്ക് കൊത്തിവലിക്കാൻ കേരളത്തെ എറിഞ്ഞുകൊടുക്കരുത്. വിദ്വേഷ പ്രചാരകരിൽനിന്ന് കേരളജനതയെ രക്ഷിക്കാൻ വിദ്വേഷ പ്രചാരണ വിരുദ്ധ ബിൽ അടിയന്തരമായി പാസാക്കുവാൻ സർക്കാർ സന്നദ്ധമാകണം.
സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കിയ സർക്കാർ, കേരളത്തിലെ ഉദ്യോഗരംഗങ്ങളിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചുകൂടി ധവളപത്രം ഇറക്കണം. അധികാര പങ്കാളിത്തവും സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും സംബന്ധിച്ച് തെറ്റിദ്ധാരണകളും ആക്ഷേപങ്ങളും ഉയർത്തിയാണ് പലപ്പോഴും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാൻ ദുഷ്ടശക്തികൾ ശ്രമിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എപ്പോഴും ആവശ്യപ്പെടുന്ന ജാതി സെൻസസ് കേരളത്തിൽ അടിയന്തരമായി നടത്തുവാനും സർക്കാർ ആർജ്ജവം കാട്ടണം.
സാമൂഹ്യനീതിയുടെ സംസ്ഥാപനമാണ് പരിഷ്കൃതമായ ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ അടയാളം. സാമൂഹ്യനീതിയിലേക്കുള്ള പ്രയാണത്തിൽ എല്ലാ വിഭാഗങ്ങളുടെയും സാമൂഹിക-സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഔദ്യോഗികമായ കണക്കുകൾ ലഭ്യമാക്കിയേ തീരൂ. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് ആവശ്യമായ ഇടങ്ങളിൽ ജില്ലകളും താലൂക്കുകളും പുതുതായി രൂപവത്കരിക്കാനും സർക്കാരിന് കഴിയേണ്ടതുണ്ട്. ഒരു പ്രദേശത്തിനും ഒരു സമൂഹത്തിനും അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടാ!
(കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറിയും മുസ്‍ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.