“ഭരണാധികാരി എന്ന നിലയിൽ സി.എച്ച്. മുഹമ്മദ് കോയയുടെ ഔദ്യോഗിക ജീവിതത്തെ അനശ്വരമാക്കിത്തീർത്ത സ്മാരക സ്തംഭങ്ങളിലൊന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി. അദ്ദേഹത്തിന്റെ അബോധമനസ്സിൽ അനേകം വർഷങ്ങളോളം അടങ്ങിയിരുന്ന ഒരു അഭിരാമ സങ്കൽപ്പത്തിന്റെ സാക്ഷാത്കാരമാണ് ആ സർവകലാശാല.” –‘സി.എച്ച്. മുഹമ്മദ്കോയ - രാഷ്ട്രീയ ജീവിതചരിത്രം’ എന്ന ഗ്രന്ഥത്തിൽ എം.സി. വടകര കുറിച്ചതാണ് മുകളിലെ വാക്യങ്ങൾ.
1967-ലെ ഇ.എം.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വമികവും നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും മൂലമാണ് അധികാരമേറ്റ് 16 മാസം കൊണ്ട് കേരളത്തിൽ രണ്ടാമതൊരു സർവകലാശാല കൂടി രൂപവത്കരിക്കപ്പെട്ടത്. പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി 1967 ഡിസംബറിലാണ് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. സാമുവൽ മത്തായി ചെയർമാനായി കമ്മിറ്റിക്ക് രൂപം നൽകിയത്. കോഴിക്കോട് കേന്ദ്രമായി ഒരു അഫിലിയേറ്റിങ്ങ് ടൈപ്പ് യൂണിവേഴ്സിറ്റിയും എറണാകുളം തൃക്കാക്കരയിൽ ഫെഡറൽ മാതൃകയിലുള്ള യൂണിവേഴ്സിറ്റിയുമാണ് അവർ ശിപാർശ ചെയ്തത്.
യു.ജി.സി. നിയോഗിച്ച ഉസ്മാനിയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.എസ്. റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ കമീഷൻ നൽകിയ അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാലിക്കറ്റിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടു. 1968 ജൂലൈ 23-ന് ഗവർണർ വി. വിശ്വനാഥൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രഫ. കെ.സി. ചാക്കോ ആയിരുന്നു പ്രഥമ പ്രൊ-വൈസ് ചാൻസലർ.
ആ വർഷം ഓഗസ്റ്റ് 29-ന് ചേർന്ന നിയമസഭാ സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിൽ പാസ്സാക്കി. ബിൽ അവതരിപ്പിച്ചുകൊണ്ട് സഭയിൽ നടത്തിയ പ്രസംഗത്തിൽ സി.എച്ച്. പറഞ്ഞു: “കേരളത്തിൽ വടക്കൻ ജില്ലകളിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ. അവിടുത്തെ പിന്നാക്കാവസ്ഥ മെച്ചമാക്കാൻ കൂടി ഒരു പുതിയ സർവകലാശാലയുടെ ആവിർഭാവം സഹായകമാവുമെന്നാണ് വിശ്വസിക്കുന്നത്. കാലിക്കറ്റ് സർവകലാശാല ഉണ്ടായത് അതിപ്രധാനമായ ഒരു സംഭവവികാസമാണെന്ന് ഈ സഭാംഗങ്ങൾ അംഗീകരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”
യൂണിവേഴ്സിറ്റിയുടെ പേര് ‘മലബാർ യൂണിവേഴ്സിറ്റി’ എന്നാവണമെന്ന നിർദ്ദേശത്തെ കാലിക്കറ്റിന്റെ ചരിത്ര പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രതിരോധിച്ച അദ്ദേഹം കോഴിക്കോടിന്റെ ഇംഗ്ലീഷ് പദമായി മാത്രം ‘കാലിക്കറ്റിനെ’ കാണരുതെന്നും, അത് മാതൃഭാഷയോടുള്ള സ്നേഹക്കുറവുകൊണ്ടല്ലെന്നും സമർഥിച്ചു. സെപ്റ്റംബർ 22-ന് ഗവർണറുടെ അസ്സന്റ് ലഭിച്ചതോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ട് - 1968 പ്രാബല്യത്തിൽ വന്നു. ബാംഗ്ലൂർ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ ഡയറക്ടറായിരുന്ന പ്രഫ. എം.എം. ഗനിയാണ് ആദ്യ വി.സി.യായി നിയമിക്കപ്പെട്ടത്.
കോഴിക്കോട് ഗവ. പോളിടെക്നിക് കോളജിന്റെ ഒരു കെട്ടിടത്തിലാണ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. സിവിൽ എഞ്ചിനീയറിംഗ് വിദഗ്ധൻകൂടി ആയിരുന്ന പ്രഫ. ചാക്കോയുടെ അക്ഷീണവും ഭാവനാപൂർണവുമായ കഠിനാദ്ധ്വാനത്തിന്റെ ഫലമായി തേഞ്ഞിപ്പലത്ത് പുതുതായി ഏറ്റെടുത്ത 600 ഏക്കർ സ്ഥലത്ത് പുതിയ കാമ്പസ് രൂപംകൊണ്ടു. പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ നിർവ്വഹിച്ചു. 1968 സെപ്റ്റംബർ 13-ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന പൊതുചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. തൃഗുൺ സെൻ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
1968 നവംബർ 2-ന് ചേർന്ന പ്രഥമ സിൻഡിക്കേറ്റ് യോഗത്തിലും വിദ്യാഭ്യാസ മന്ത്രി സി.എച്ച്. പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്ഥാനത്തെ കേവലം മറ്റൊരു യൂണിവേഴ്സിറ്റിയായല്ല താൻ വിഭാവനം ചെയ്തിരിക്കുന്നതെന്നും അതൊരു നൂതന സർവകലാശാലയായി വളരണമെന്നാണ് അഭിലഷിക്കുന്നതെന്നും സി.എച്ച്. വ്യക്തമാക്കി.
ഒരു വർഷം കഴിഞ്ഞ് 1969 ഒക്ടോബർ 12-ാം തിയ്യതി തേഞ്ഞിപ്പലം സർവകലാശാല കാമ്പസും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട്ടെ വിവിധ കോളജുകളിൽ പ്രവർത്തിച്ചിരുന്ന കെമിസ്ട്രി, സുവോളജി, ബോട്ടണി, ഹിസ്റ്ററി പഠനവകുപ്പുകളും കാമ്പസിൽ പ്രവർത്തനമാരംഭിച്ചു.
1968-69-ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി രൂപീകരിക്കപ്പെടുമ്പോൾ മലബാറിൽ (തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്) ആകെ 14 ഗവൺമെന്റ് കോളജുകളും 42 പ്രൈവറ്റ് കോളജുകളും നാല് യൂണിവേഴ്സിറ്റി പഠനവകുപ്പുകളും മാത്രമാണുണ്ടായിരുന്നത്. 58 വയസ്സ് തികയവെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാത്രം 34 പഠനവകുപ്പുകളും 400-ൽ പരം കോളജുകളുമാണുള്ളത്. അസംഖ്യം മെഡിക്കൽ കോളജുകളും എഞ്ചിനീയറിംഗ് കോളജുകളും ലോ കോളജുകളും ബി.എഡ്. കോളജുകളും വേറെയുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിഭജിക്കപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള കണക്കാണിത്.
വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നാക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ അര നൂറ്റാണ്ടിനുള്ളിൽ ഉണ്ടായ വിദ്യാഭ്യാസ വിപ്ലവത്തിന് കാലിക്കറ്റ് സർവകലാശാല ചെലുത്തിയ സ്വാധീനവും പിന്തുണയും അദ്വിതീയമാണ്. മലബാറിലെ നാട്ടിൻപുറങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ചെറുപ്പക്കാർ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും കരസ്ഥമാക്കി സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ എത്തിച്ചേർന്നു. യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന തേഞ്ഞിപ്പലം-പള്ളിക്കൽ പഞ്ചായത്തിൽ നിന്നൊരു അധ്യാപകൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായതും, യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെ ബിരുദങ്ങൾ നേടിയ ഒരു വ്യക്തി ഐ.എ.എസ്. നേടിയതും, മെഡിക്കൽ-എഞ്ചിനീയറിംഗ്-ഐ.ഐ.എം.-ഐ.ഐ.ടി. തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകളിൽ മലപ്പുറത്തെ കുട്ടികൾ ഉന്നത റാങ്കുകൾ കരസ്ഥമാക്കുന്നതും ഇന്നൊരു വാർത്തയല്ലാതായി കഴിഞ്ഞു.
ലോകത്തേതൊരു സർവകലാശാലയുടെയും യശ്ശസ്സ് നിർണയിക്കുന്നത് അവിടുത്തെ അധ്യാപകരുടെ അക്കാദമിക നേട്ടങ്ങളും വൈജ്ഞാനിക മേഖലയ്ക്കും സാമൂഹിക പുരോഗതിക്കും അവർ നൽകുന്ന സംഭാവനകൾ വിലയിരുത്തിയുമാണ്. കാലിക്കറ്റ് സർവകലാശാലയുടെ തുടക്കത്തിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രാമാണ്യം നേടിയ ഒരുപറ്റം അക്കാദമിക്കുകളെ സംഭാവന ചെയ്യാൻ കഴിഞ്ഞതാണ് സർവകലാശാലയുടെ ക്രമാനുഗതമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായിട്ടുള്ളത്.
കളങ്കരഹിതമായ കർമ്മത്തിലൂടെയുള്ള മഹാത്മ്യം എന്ന അർത്ഥം വരുന്ന ‘നിർമ്മായ കർമ്മണാശ്രീ’ പ്രമാണ വാക്യത്തോടെ നീതി പുലർത്തുന്ന ഒരു ഭരണസംവിധാനമായിരുന്നു സർവകലാശാലയുടെ ശില്പികൾക്കും ആദ്യകാല ഭരണകർത്താക്കൾക്കും ഉണ്ടായിരുന്നത്. കാലക്രമേണ സ്ഥാപിത-രാഷ്ട്രീയ താല്പര്യങ്ങൾ സർവകലാശാലാ ഭരണസംവിധാനത്തിൽ പിടിമുറുക്കി തുടങ്ങിയതോടെ സർവകലാശാലയുടെ അക്കാദമിക് മൂല്യങ്ങൾക്ക് സാരമായ ഇടിവ് തട്ടിയിട്ടുണ്ടെന്നത് നിസ്തർക്കമായ വസ്തുതയാണ്.
മാനവികതയുടെയും സഹിഷ്ണുതയുടെയും സത്യാന്വേഷണത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ആധുനിക ജനാധിപത്യമൂല്യങ്ങളുടെയും ഉദാത്ത മാതൃകകളായിരിക്കണം ഇന്ത്യൻ സർവകലാശാലകൾ എന്ന പണ്ഡിറ്റ് നെഹ്രുവിന്റെ സങ്കല്പനങ്ങളെ അപ്പാടെ തിരസ്കരിച്ചും സർവകലാശാലകളെ ചരിത്ര നിഷേധത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും മതാന്ധതയുടെയും വർഗ്ഗീയതയുടെയും സങ്കുചിത കേന്ദ്രങ്ങളായി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിതമായ നീക്കങ്ങളെ പ്രതിരോധിക്കുവാനും, വിജ്ഞാന വിസ്ഫോടന കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കാലിക്കറ്റ് സർവകലാശാലയെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റാനും ഈ ദശാസന്ധിയിൽ ഈ മഹത്തായ സ്ഥാപനത്തിന്റെ ഭരണചക്രം തിരിക്കുവാൻ നിയോഗം ലഭിച്ച അധികൃതർക്കും ഭരണസമിതികൾക്കും കഴിയട്ടെ.
(റിട്ട. ജോയിന്റ് രജിസ്ട്രാറും മുൻ സിൻഡിക്കേറ്റ് മെംബറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.