രാജ്യത്ത് ചരക്കുസേവന നികുതി നിലവിൽവന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണെങ്കിലും തർക്ക പരിഹാര സംവിധാനത്തിന് ഒരു അപ്പീൽ അതോറിറ്റി കൊണ്ടുവരാൻ സാധിച്ചത് സംസ്ഥാനത്തെ വ്യാപാരി വ്യവസായികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
നികുതി സംബന്ധമായ കോടതി വ്യവഹാരങ്ങൾ കുറക്കുക, കാലതാമസം പരിഹരിക്കുക, ബിസിനസിൽ പണമൊഴുക്കിന് വേഗം കൂട്ടുക, വ്യാപാരികൾക്കും വ്യവസായികൾക്കും ആത്മവിശ്വാസമുണ്ടാക്കുക തുടങ്ങിയവയാണ് ജി.എസ്.ടി അപ്പലറ്റ് ട്രൈബ്യൂണലിന്റെ (ജി.എസ്.ടി.എ.ടി) ഉദ്ദേശ്യലക്ഷ്യങ്ങൾ.
തർക്കങ്ങളുടെമേൽ അപ്പീൽ അധികാരികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നീതിയുക്തമല്ലെന്ന് നികുതിദായകന് ബോധ്യമുണ്ടെങ്കിൽ ഇനിമുതൽ അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനാകും. ലളിതമായി പറഞ്ഞാൽ തർക്കമുണ്ടാകുമ്പോൾ, ഒരു നികുതിദായകന് ആദ്യ അപ്പീലുമായി ജി.എസ്.ടി വകുപ്പിനെ സമീപിക്കാം. അതിന്റെ ഉത്തരവിൽ തൃപ്തനല്ലെങ്കിൽ രണ്ടാമത്തെ അപ്പീൽ ജി.എസ്.ടി.എ.ടി എന്ന ഏക സ്വതന്ത്ര ഫോറത്തിൽ സമർപ്പിക്കാനാകും. നേരത്തെ ഇതിനായി ഹൈകോടതികളെയാണ് സമീപിച്ചിരുന്നത്.
2025 സെപ്റ്റംബർ 24ന് പ്രിൻസിപ്പൽ ബെഞ്ച് ഡൽഹിയിൽ നിലവിൽ വന്നെങ്കിലും സംസ്ഥാന ബെഞ്ച് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. രാജ്യത്തെ 45 സ്ഥലങ്ങളിലായി 31 സംസ്ഥാന ബെഞ്ചുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ബെഞ്ചിലും ഒരു ജുഡീഷ്യൽ അംഗം, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഓരോ സാങ്കേതിക അംഗങ്ങൾ എന്നിവർ ഉൾപ്പെടും.
ഇത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിയമ വൈദഗ്ധ്യത്തിന്റെയും സാങ്കേതിക പരിജ്ഞാനത്തിന്റെയും സന്തുലിത ഘടന ഉറപ്പാക്കുന്നു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ബെഞ്ചുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിലേക്കായുള്ള കേന്ദ്ര സർക്കാർ പ്രതിനിധികളെ ഇതിനോടകം തന്നെ നിയമിച്ചുകഴിഞ്ഞു. അംഗങ്ങളുടെ നിയമനം സംബന്ധിച്ച മാർഗരേഖ 2024 ജൂലൈയിൽ പുറത്തിറക്കിയെങ്കിലും സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലെ നിബന്ധനകളിൽ ചിലത് അപ്രായോഗികമാണ്.
കേന്ദ്രം നിശ്ചയിച്ച മാനദണ്ഡപ്രകാരം, അഡീഷനൽ കമീഷണർ റാങ്കിന് മുകളിൽ, ‘എ’ ഗ്രൂപ് സർവിസിൽ കുറഞ്ഞത് 25 വർഷം പരിചയമുള്ള ഉദ്യോഗസ്ഥന് മാത്രമേ മെംബറാകാനാകൂ. കേന്ദ്ര സർവിസിലുള്ള ഐ.ആർ.എസുകാർക്ക് ഇത് സാധ്യമാണ്. എന്നാൽ, ഗ്രൂപ് ‘എ’ യിൽ പരമാവധി 10 വർഷംവരെ സർവിസ് ഉള്ളവരേ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമുള്ളൂ. രാജസ്ഥാനും ഹിമാചൽ പ്രദേശും ചെയ്തതുപോലെ എ ഗ്രൂപ്പിൽ 25 വർഷം സർവിസ് എന്നത് 10 വർഷമാക്കി കുറച്ച് ജി.എസ്.ടി കൗൺസിലിന്റെ അംഗീകാരം നേടിയാൽ മാത്രമേ കേരളത്തിൽ സമയബന്ധിതമായി അപ്പലറ്റ് ട്രൈബ്യൂണലിന്റെ രൂപവത്കരണം സാധ്യമാകൂ.
01.07.2025ൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന സേർച് /സെക്ഷൻ കമ്മിറ്റി മീറ്റിങ്ങിൽ, മെംബറാകാനുള്ള യോഗ്യത ‘എ’ ഗ്രൂപ് സർവിസ് 25 വർഷമെന്നത് 20 വർഷമായി കുറക്കാൻ നിർദേശിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് 10 വർഷമെങ്കിലുമാക്കി കുറച്ചില്ലെങ്കിൽ ടെക്നിക്കൽ മെംബറെ സംസ്ഥാന ജി.എസ്.ടി വകുപ്പിൽനിന്ന് ലഭിക്കില്ല. കെ.ജി.എസ്.ടി വാറ്റ് ട്രൈബ്യൂണലുകളിൽ ടെക്നിക്കൽ മെംബറായി ജോലി ചെയ്ത് പരിചയമുള്ള ധാരാളം ഉദ്യോഗസ്ഥർ വകുപ്പിൽ ഉള്ളപ്പോൾ ഈ തസ്തിക ഗ്രൂപ് ‘എ’ സർവിസിന്റെ കാരണം പറഞ്ഞ് നിഷേധിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.
കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹത്തിന് അർഹമായ നീതി നിഷേധിക്കുന്നതിലേക്കോ സമയബന്ധിതമായി ലഭിക്കാതിരിക്കുന്നതിലേക്കോ വരെ കാര്യങ്ങൾ എത്തിയേക്കാം. ആയതിനാൽ സംസ്ഥാന ടെക്നിക്കൽ മെംബറുടെ യോഗ്യത എ ഗ്രൂപ്പിൽ 10 വർഷം എന്നാക്കി കുറച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ തന്നെ ടെക്നിക്കൽ മെംബറാക്കി കൊണ്ടുവരാനുള്ള അടിയന്തര ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.