ഗുണ്ടകളെല്ലാം ജയിലിൽ; ഗുണ്ടായിസം നാട്ടിൽ

ഗുണ്ടകളെ മുഴുവൻ അമർച്ചചെയ്​തെന്ന്​ ​കേരള പൊലീസിലെ ഏമാന്മാർ ചാനൽ കാമറക്കു​ മുന്നിലും ​സേനയിലെ പി.ആറുകാർ ഫേസ്​ബുക്കിലും നടത്തുന്ന തള്ളുകളെയെല്ലാം തകർത്തുകളയുന്ന കൊലപാതകമാണ്​ കോട്ടയത്ത്​ നടന്നത്​.

കാപ്പ ചുമത്തി ജില്ലയിൽനിന്ന്​ പുറത്താക്കിയെന്നറിയിച്ച്​ ചിത്രസഹിതം പൊലീസ്​ പുറത്തിറക്കിയ കുറിപ്പിലെ എട്ടാമനാണ്​ രണ്ടാഴ്ച പിന്നിടുമ്പോള്‍ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് മീറ്ററുകള്‍ മാത്രം അകലെ യുവാവിനെ കൊന്നിട്ടത്. ജില്ലയില്‍ പുതുവര്‍ഷത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകം. ദിവസങ്ങൾക്കുമുമ്പ്​​ വീടുകയറി ആക്രമണത്തില്‍ കാപ്പുന്തല പാലേക്കുന്നേല്‍ സജി ഭാസ്‌കരന്‍ കൊല്ലപ്പെട്ടിരുന്നു. 2021ല്‍ ജില്ലയില്‍ 11 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന് കങ്ങഴയില്‍ യുവാവിനെ പട്ടാപ്പകല്‍ കൊലപ്പെടുത്തി കാല്‍പാദം വെട്ടിയെടുത്തു കവലയിലെറിഞ്ഞത് കേരളത്തെതന്നെ ഞെട്ടിച്ചു. 2020ല്‍ 22 കൊലപാതകങ്ങളാണുണ്ടായത്.

കോട്ടയത്തോളംതന്നെ പഴക്കമുണ്ടാകും ഇവിടത്തെ ഗുണ്ടായിസത്തിനും. പാലാ ജൂബിലിക്ക് ആരെയും കുത്താൻ കിട്ടിയില്ലെങ്കിൽ കവലച്ചട്ടമ്പിമാർ സ്വന്തം പേരുകൾ നറുക്കിട്ടെടുത്ത് ഒരാളെ കുത്തുമെന്നായിരുന്നു നാട്ടുവർത്തമാനം. രണ്ടുരണ്ടര പതിറ്റാണ്ടുമുമ്പ് ചങ്ങനാശ്ശേരിയായിരുന്നു ഗുണ്ടാവിളയാട്ട കേന്ദ്രം. പ്രധാനികളായിരുന്ന കാലൻ സാബു, ജലീൽ, അംബി എന്നിവരെല്ലാം എതിരാളികളാൽ കൊല്ലപ്പെടുകയായിരുന്നു. പിന്നെ പാലാക്കാരൻ ആയി സജിയുടെ യുഗം തുടങ്ങി. കേരളത്തിനകത്തും പുറത്തുമായി നൂറോളം കേസുകളുമായി അരങ്ങുവാഴവെ 2003ല്‍ എറണാകുളം ഏലൂരില്‍ പൊലീസി​ൽനിന്ന്​ രക്ഷപ്പെടാൻ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയ സജിയുടെ അരക്കു താഴേക്കു തളർന്നു. വികലാംഗനെന്ന പേരില്‍ കോടതി വെറുതേ വിട്ടു. അതിനുശേഷവും മണല്‍ലോറി തട്ടല്‍, മോഷണം, വീട് ആക്രമണം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്​. 2009 സെപ്റ്റംബറിൽ പാലാ തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിലെ പെട്രോള്‍പമ്പില്‍നിന്ന് പണം കൊടുക്കാതെ പെട്രോള്‍ അടിച്ച്​ കടന്ന ആയിയുടെ ഷെവര്‍ലെ കാര്‍ ഒരു പകല്‍ നീണ്ട കാര്‍ ചെയ്‌സിനൊടുവില്‍ പുതുവേലിയില്‍ പൊലീസ്​ പിടികൂടി, സജിയെ കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവരെയും പൊലീസ് പിടികൂടി.

മയക്കുമരുന്ന് വിപണനം വ്യാപകമായതോടെ ഗുണ്ടാസംഘങ്ങളും അക്രമങ്ങളും പെരുകി. 2018ൽ കഞ്ചാവുകേസിൽ ഒറ്റിയെന്നാരോപിച്ചാണ് കോട്ടയം കോടിമത സ്വദേശി ഷാഹുല്‍ ഹമീദിനെ ഗുണ്ട വിനീത് സഞ്ജയ​ന്റെ നേതൃത്വത്തിൽ വെട്ടിയത്​. പ്രത്യേകിച്ച്​ വലിയ കാരണമൊന്നും വേണ്ട കോട്ടയത്ത്​ ഒരു ഗുണ്ടാ ആക്രമണമോ കൊലപാത​കമോ ഉണ്ടാകാൻ​. 2019 ഒക്ടോബറിൽ വിവാഹവീട്ടിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായി അറുപുഴയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി. താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് വെട്ടേറ്റു. തലയോലപ്പറമ്പ് സ്വദേശികളായ ഷുക്കൂർ, കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവരായിരുന്നു പ്രതികൾ. 2020 ജൂലൈയിൽ ഗുണ്ടാത്തലവൻ വിനീത് സഞ്ജയന്റെ സംഘവും നാട്ടുകാരും തമ്മിൽ നടന്ന സംഘർഷം നോക്കുക. ചെങ്ങളം മൂന്നുമൂല ഭാഗത്ത് വിനീതിന്റെ സംഘത്തിൽപെട്ട ആളുകൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടു. റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടറിനും ഫർണിച്ചർ സ്ഥാപനത്തിനും അപകടത്തിൽ നാശമുണ്ടായി. ബൈക്ക് ഉപേക്ഷിച്ചുകടന്ന ഇവർ ദിവസങ്ങൾക്കുശേഷം 25 പേരടങ്ങിയ സംഘമായി എത്തി ബൈക്ക് കൊണ്ടുപോകാൻ നോക്കി. ഇതു തടഞ്ഞ നാട്ടുകാരെ ഗുണ്ടകൾ കുത്തിവീഴ്​ത്തി. വിനീത് ജയിലിലായപ്പോൾ സംഘാംഗങ്ങളെല്ലാം ചേർന്ന്​ വിനീതിന്റെ അയ്മനത്തെ വീട്ടിൽ താമസിച്ച്​ പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. സഹികെട്ട നാട്ടുകാർ സംഘടിച്ച്​ വട്ടക്കാട് പാലത്തിനു സമീപം ഗുണ്ടകളുമായി ഏറ്റുമു​ട്ടേണ്ടിവന്നു.

നിലവിൽ മുപ്പതോളം കേസുകളിൽ പ്രതിയായ ജെയിസ് മോൻ ജേക്കബ് എന്ന അലോട്ടിയും കുടമാളൂർ സ്വദേശി അരുൺ ഗോപനും നയിക്കുന്ന സംഘങ്ങളാണ് സജീവം. ഇത്രയും ശല്യക്കാരനായ അലോട്ടിയെ പിടിച്ച്​ അകത്തിട്ടൂടേ എന്ന ചോദ്യത്തിന്​ പ്രസക്തിയില്ല. മൂപ്പർ ജയിലിലിരുന്നാണ്​ സംഘത്തെ നയിക്കുന്നത്​. കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിലെ ലോ‌ഡ്‌ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ കേസിന്റെ വിചാരണഘട്ടത്തിൽ സാക്ഷികളെ മുഴുവൻ ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടക്കാണ്​ ആന്ധ്രയിൽനിന്ന്​ 60 കിലോ കഞ്ചാവ് വിൽപനക്കായി എത്തിച്ച കേസിൽ അലോട്ടിയെ കടുത്തുരുത്തി പൊലീസ് പിടികൂടിയത്. ജയിലിലേക്കു കൊണ്ടുവരുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമുണ്ട്. ജില്ല ജയിലിൽ കിടന്നു ക്വട്ടേഷൻ ഏറ്റെടുക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തതോടെ 2021 ജൂലൈയിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. തൊട്ടടുത്ത മാസം വിവിധ കേസുകളിലായി 12 ഗുണ്ടകളെ പൊലീസ് അകത്താക്കി. അലോട്ടിയുടെയും അരുണ്‍ഗോപന്റെയും സംഘത്തിൽപെട്ട യുവാക്കളാണ്​ ഏറെയും. അക്രമങ്ങൾക്ക്​ എന്നിട്ടും കുറവില്ല. ആർപ്പൂക്കരയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ എതിർസംഘത്തിൽപെട്ടയാളുടെ വീടിനുനേരേ പെട്രോൾബോംബെറിഞ്ഞ് ആക്രമണം നടത്തിയത് 2021 ആഗസ്റ്റിലാണ്. അരുൺ ഗോപനെതിരെ ലുക്കൗട്ട് നോട്ടീസുണ്ട്. കോട്ടയം നഗരത്തിൽ ജ്വല്ലറി ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രകനായ അരുൺ നേരത്തേ മണർകാട് ക്രൗൺ ക്ലബിലെ ശീട്ടുകളി നടത്തിപ്പുകാരനുമായിരുന്നു.

അലോട്ടിക്കും വിനീത് സഞ്ജയനും പുറമെ അച്ചു സന്തോഷ്, പുൽച്ചാടി എന്നറിയപ്പെടുന്ന ലുതീഷ്, ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം എന്നിവർ ഉൾപ്പെടെ 25ഓളം ഗുണ്ടകൾ ജയിലിലാണ്. രാജേഷ് എന്ന കവല രാജേഷ്, ബിബിൻ ബാബു, സുജേഷ് എന്ന കുഞ്ഞാവ, സബീർ എന്ന അദ്വാനി, കാന്ത് എന്നുവിളിക്കുന്ന ശ്രീകാന്ത്, മോനുരാജ് പ്രേം, പാണ്ടൻ പ്രദീപ് എന്ന പ്രദീപ്, കെൻസ് സാബു, ചങ്ങനാശ്ശേരി ചെത്തിപ്പുഴ കുരിശുംമൂട് കാഞ്ഞിരത്തിങ്കൽ സാജു ജോജോ, പായിപ്പാട് നാലുകോടി വാലടിത്തറ വീട്ടിൽ ജിത്തു പ്രസാദ്, കുറവിലങ്ങാട് വില്ലേജ് കവളക്കുന്നേൽ വീട്ടിൽ ആൻസ് ജോർജ് എന്നിവർ ഉൾപ്പെടെ 26ഓളം പേരെ ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് കോട്ടയം ജില്ലയിൽനിന്ന്​ നാടുകടത്തിയിട്ടുണ്ട്. പക്ഷേ, ജയിലിലിരുന്നും ജില്ലക്ക്​ പുറത്തിരുന്നും കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇവരിൽ പലർക്കും പുഷ്​പംപോലെ കഴിയുന്നതെങ്ങനെ എന്ന ചോദ്യത്തിന്​ ആരാണ്​ മറുപടി നൽകുക?

 ഇടുക്കി സുരക്ഷിത ഇടത്താവളം

മറ്റു ജില്ലകളിൽനിന്നെത്തി ഒളിവിൽ താമസിക്കാൻ പറ്റിയ ഇടമെന്ന നിലയിൽ ഗുണ്ടകളുടെയും ക്രിമിനൽ കേസുകളിൽപെട്ടവരുടെയും ഇടത്താവളമാവുകയാണ് ഇടുക്കി. ജില്ല പൊലീസിന്റെ ഗുണ്ടാപട്ടികയിൽ 390 പേരാണുള്ളത്. ഇവരിൽ 15 പേർക്കെതിരെ കാപ്പ ചുമത്തിയതായാണ് വിവരം. പലതവണ ഗുണ്ടാനേതാക്കളെയും കൂട്ടാളികളെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പൊലീസ് പിടികൂടിയിടുണ്ട്. ഗുണ്ടാ ഏറ്റുമുട്ടലുകളും ലഹരിസംഘങ്ങൾ നടത്തുന്ന അക്രമങ്ങളും ഹൈറേഞ്ച് മേഖലകളിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിൽ വട്ടവട ചിലന്തിയാറില്‍ തമിഴ്‌നാട്ടില്‍നിന്നെത്തിയ ഗുണ്ടാസംഘം വീടുകയറി നടത്തിയ ഗുണ്ടാ ആക്രമണത്തിൽ സ്ത്രീകൾക്ക്​ സാരമായി പരിക്കേറ്റു.

രണ്ടാഴ്ച മുമ്പ് ചെറുതോണിയിൽ കാറിൽ പോകുകയായിരുന്ന പെട്രോൾപമ്പ് ഉടമ കിഴക്കേടത്ത് ബോബിക്കും കുടുംബത്തിനും നേരേയും ഗുണ്ടാ ആക്രമണം ഉണ്ടായി. കുട്ടികളുൾപ്പെടെയുള്ളവരാണ് ആക്രമിക്കപ്പെട്ടത്. കാറിനു മുന്നിൽ കാറിട്ട് ഡോർ വലിച്ചുതുറക്കുകയും ബോബിയുടെ ഭാര്യ ഐബിയെ വാഹനത്തിൽനിന്നു വലിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തു. ഭയന്നുവിറച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തരത്തിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മണ്ണ്, പാറ, ചന്ദനം, ലഹരിവസ്തുക്കൾ എന്നിവയുടെ കടത്തും സുരക്ഷയൊരുക്കലുമാണ്​ ഇടുക്കിയിലെ ഗുണ്ടാസംഘങ്ങളുടെ പ്രധാന വരുമാനമാർഗം. ഈ സംഘങ്ങളെ വളർത്തിയതിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ രാഷ്ട്രീയക്കാർക്കുവരെ പങ്കുണ്ട്. വിദേശമദ്യം കടത്തിയ ഗുണ്ടാസംഘത്തിലെ പ്രതികളെ വിട്ടയക്കാൻ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം തൊടുപുഴ മേഖലയിൽ സി.ഐ വകുപ്പുതല നടപടി നേരിട്ടിരുന്നു.

490 കുപ്പി വിദേശമദ്യവുമായി വന്ന വാഹനം കോട്ടയം നാർകോട്ടിക് സെൽ പിടികൂടിയ കേസിലെ പ്രതികളെ സി.ഐ വിളിക്കുകയും വിട്ടയക്കാൻ ഇടപെടുകയും ചെയ്തതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

ലഹരിക്കച്ചവടക്കാരെക്കുറിച്ച് കൃത്യമായി വിവരം ലഭിക്കാറുണ്ടെങ്കിലും ഇവർക്കെതിരെ നടപടികളൊന്നും ഉണ്ടാവാറില്ല. വല്ലപ്പോഴും ചില ചില്ലറവിൽപനക്കാർ മാത്രം വലയിലാവും. ഇവർക്കെതിരായ പരാതികളും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഒതുക്കാനും പൊലീസുകാർതന്നെ രംഗത്തിറങ്ങാറുണ്ട്.

മറയൂർ മേഖലയിൽ കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടെ നടന്ന അതിക്രൂര കൊലപാതകത്തിനു പിന്നിലും വലിയ ക്രിമിനൽ സംഘങ്ങളുണ്ട്. 2002 ജനുവരി 18നാണ് മറയൂർ ടൗണിലെ ടാക്സി ഡ്രൈവർമാരായ കരിമൂട്ടി പനന്താനത്ത് ജോർജ്, ബാബുനഗർ സ്വദേശി അഴകർ എന്നിവരുടെ മൃതദേഹങ്ങൾ പല കഷണങ്ങളാക്കി ഉദുമലക്കു സമീപമുള്ള പൂലാകിണർ കോമംഗലം ഗ്രാമത്തിലെ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടത്. ചന്ദനക്കടത്തിനായി ഇവരുടെ ജീപ്പ് വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 2016 മാർച്ച് 10ന് മറയൂർ പള്ളനാട് സ്വദേശി മുരുകേശന്റെ മകൻ ചന്ദ്രബോസ് കൊല്ലപ്പെട്ടതും ഉദുമലൈ റെയിൽപാളത്തിലാണ്. കഴുത്തറുത്തും കല്ലുകൊണ്ട് ഇടിച്ചും കൊന്നശേഷം റെയിൽപാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. 

(തുടരും)

Tags:    
News Summary - Goons in jail; Goondaism is in the native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.