പുതുതലമുറക്ക്​ പാ​ഠമാകേണ്ട നായനാർ

കല്യാശ്ശേരി ഏറമ്പാല നാരായണി അമ്മയുടെയും എം. ഗോവിന്ദൻ നമ്പ്യാരുടെയും രണ്ടാമത്തെ മകനായി 1918 ഡിസംബർ ഒമ്പതിന് ജനിച്ച് മലയാളിയുടെ പ്രിയ നേതാവും മുഖ്യമന്ത്രിയും കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ സമുന്നത സാരഥിയുമായി ലോകത്തോട് വിടപറഞ്ഞ വലിയ മനുഷ്യനാണ് നായനാർ. കേരളത്തിൽ ഏറെക്കാലം മുഖ്യമന്ത്രിയായിരുന്ന അസാധാരണ രാഷ്​ട്രീയവ്യക്തിത്വത്തെ അനുസ്​മരിക്കാൻ കമ്യൂണിസ്​റ്റ്​പാർട്ടികൾ കേരളം ഭരിക്കുന്ന വേളയിലും വലുതായൊന്നും ചെയ്തിട്ടില്ല. വൈകിയറിഞ്ഞ ശതാബ്​ദിയെ വലിയ ഘോഷമില്ലാതെയാണെങ്കിലും നായനാരുടെ ജന്മനാടായ കല്യാശ്ശേരിയിൽ ചിത്രപ്രദർശനവും അനുസ്മരണ സമ്മേളനങ്ങളുമായി ഇന്ന് ആഘോഷിക്കുന്നുണ്ട്.


ജീവിച്ചിരിക്കുേമ്പാൾതന്നെ ജന്മദിനാഘോഷങ്ങൾക്ക് വഴങ്ങിക്കൊടുക്കാത്ത പ്രകൃതക്കാരനായിരുന്നു നായനാർ. കൃത്രിമമായ എല്ലാ ഉപചാരങ്ങളെയും നിരാകരിച്ചിരുന്ന നായനാരുടെ രാഷ്​ട്രീയ ജീവിതം പുതുതലമുറക്ക് പാഠമാകേണ്ടതാണ്. ഏതു സാധാരണക്കാരനും മുന്നിൽ കയറി ഹൃദയം തുറന്നുവെച്ച ലാളിത്യത്തി​െൻറ ഉടമയായിരുന്നു നായനാർ. കമ്യൂണിസ്​റ്റ്​ വീക്ഷണത്തിൽ ചങ്കുറപ്പി​​െൻറ പര്യായമാണ്​ അദ്ദേഹം. എന്നാൽ,ബന്ധങ്ങളിൽ ആർദ്രമായ സ്നേഹത്തി​െൻറയും ത്യാഗത്തി​െൻറയും തരളിതഭാവം മികച്ചുനിന്നു.

പച്ചയായ സംസാര രീതിയായിരുന്നു നായനാരുടേത്. ഒരിക്കല്‍ ഇടപെട്ട ആര്‍ക്കും മറക്കാനാവില്ല അദ്ദേഹത്തെ. നർമം കലര്‍ന്ന സംസാരമാണ് നായനാരെ വളരെപ്പെട്ടെന്ന് ജനകീയനാക്കിയത്. ജനകീയ ഇടപെടലുകളും നായനാരെ പ്രിയങ്കരനാക്കി. രാഷ്​ട്രീയത്തിലെ ബദ്ധശത്രുക്കള്‍ പോലും (കെ. കരുണാകരനടക്കം) നായനാരുടെ ആത്മമിത്രങ്ങളായിരുന്നു.

സരസവും ലളിതവുമായ നായനാരുടെ പ്രസംഗം കേൾക്കാൻ സാധാരണക്കാരും പ്രായമുള്ളവരും തിക്കിത്തിരക്കി. കേരളത്തെ ലക്ഷ്യമിട്ട് സംഘ്പരിവാർ അജണ്ടകൾ ആവിഷ്​കരിക്കപ്പെടുന്നതി​െൻറ എല്ലാ ഭാവിയും മുന്നിൽ കണ്ട് നായനാർ താമരയെക്കുറിച്ച് പറഞ്ഞ ഉപമകൾ പഴയ തലമുറക്ക് മറക്കാനാവില്ല. ‘താമര വിടരും, വൈകീട്ട് വാടും, പിന്നെ അത് അഴുകി വീഴും’ നായനാരുടെ ഇത്തരത്തി​െല ലളിതമായ ഉദാഹരണങ്ങളായിരുന്നു അന്നത്തെ രാഷ്​ട്രീയവേദികളിൽ അദ്ദേഹത്തെ ഏറ്റവും ജനകീയനാക്കിയത്. നായനാരുടെ വിയോഗത്തോടെ സി.പി.എമ്മിന് അത്തരമൊരു ലളിതഭാഷയുള്ള പ്രഭാഷകനെ കണ്ടെത്താനായിട്ടില്ല.

നിഷ്കളങ്കമായിരുന്നു ചിലപ്പോൾ നായാനാരുടെ വിമർശനങ്ങൾ. മനസ്സിൽ ഒന്നും അവശേഷിപ്പിക്കാതെ മുന്നിലുള്ളവരോട് എല്ലാം തുറന്നു പറയും. നാക്കുപിഴ എന്നത് നായനാരുമായി ബന്ധപ്പെടുത്തി രാഷ്​ട്രീയ എതിരാളികൾ ഉയർത്തിക്കാട്ടി വിവാദങ്ങളാക്കിയാലും നായനാർ പിന്നെയും വേദികളിൽ സ്വന്തം ശൈലി പിന്തുടർന്നു. കല്യാശ്ശേരി ബൂത്തിൽനിന്ന് വോട്ട് ചെയ്യവെ താൻ സീൽ പതിച്ച ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടിയ നായനാർ അതൊരു ഫലിതക്കാഴ്ച എന്ന നിലയിൽ മാത്രമാണ് കാമറകൾക്കു മുന്നിൽ അവതരിപ്പിച്ചത്. പക്ഷേ, നായനാരുടെ ഈ ഫലിതം പോലും അന്ന് രാഷ്​ട്രീയ എതിരാളികൾ വിവാദമാക്കി.

സ്വാതന്ത്ര്യസമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തി​േൻറത്. ബന്ധുവായ കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല കമ്യൂണിസ്​റ്റ്​ വിപ്ലവകാരികളിൽ പ്രമുഖനാണ്. കല്യാശ്ശേരി സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം, സ്കൂളിൽ രണ്ട് ഹരിജൻ വിദ്യാർഥികൾ വന്നു ചേർന്നത് ധാരാളം ഒച്ചപ്പാടുകൾ സൃഷ്​ടിച്ചു. മൂന്നാം ദിവസം കേളപ്പനാണ് ഹരിജൻ കുട്ടികളെ സ്കൂളിലാക്കാൻ വന്നത്. ആദ്യ ദിവസം കുട്ടികളെ മറ്റുള്ളവർ അടിച്ചോടിച്ചിരുന്നു. ഈ സംഭവം ബാലനായ നായനാരെ വല്ലാതെ വേദനിപ്പിച്ചു. കല്യാശ്ശേരി എലമ​െൻററി സ്കൂളിലെ പഠനം കഴിഞ്ഞ് പിന്നീട് തളിപ്പറമ്പ് മുടത്തേടത്ത് ഹൈസ്കൂളിൽ ചേർന്നു. 1958 ൽ കെ.പി.ആർ. ഗോപാല​​െൻറ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു.

ബാലസംഘത്തി​​െൻറ ആദ്യ രൂപമായ ദേശീയ ബാലസംഘത്തി​​െൻറ രൂപവത്​കരണം 1938 ഡിസംബർ 28ന് കല്യാശ്ശേരിയിലാണ് നടന്നത്.ആ സമ്മേളനത്തിൽ ദേശീയ ബാലസംഘത്തി​​െൻറ പ്രഥമ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലായിരിക്കുമ്പോൾതന്നെ പയ്യന്നൂരിലേക്കു വന്ന ഉപ്പുസത്യഗ്രഹ ജാഥയെ സ്വീകരിക്കുവാൻ അടുത്ത ബന്ധു കൂടിയായ കെ.പി.ആർ.ഗോപാല​​െൻറ കൂടെപ്പോയി. കോഴിക്കോട് സാമൂതിരി കോളജിൽ സംഘടിപ്പിച്ച അഖിലകേരള വിദ്യാർഥിസമ്മേളനത്തി​​െൻറ ഭാഗമായി രൂപംകൊണ്ട ഓൾ കേരള സ്​റ്റുഡൻറ്​സ്​ ഫെഡറേഷ​​െൻറ ജോയൻറ്​ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഓൾ കേരള സ്​റ്റുഡൻറ്​സ്​ ഫെഡറേഷ​​െൻറ മുഖപത്രമായ ‘സ്​റ്റുഡൻറി​’​െൻറ പത്രാധിപസമിതി അംഗമായി. ഉത്തരവാദ ഭരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വിദ്യാർഥി ജാഥയുടെ നേതാവായിരുന്നു നായനാർ.

കുറിക്കുകൊള്ളുന്ന വിമർശനത്തിലും നർമത്തിലും പ്രശസ്തനായിരുന്നു നായനാർ. ‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങൾ’ എന്നു സൂര്യനെല്ലി സംഭവത്തി​​െൻറ പശ്ചാത്തലത്തിൽ പറഞ്ഞത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. മൂന്നു തവണയായി 11 വര്‍ഷത്തോളം മുഖ്യമന്ത്രിയായ നായനാർ പാർട്ടിയിൽ എന്നും കോളിളക്കങ്ങൾക്കിയിൽ വഞ്ചി തുഴഞ്ഞു. കണ്ണൂർ പാർട്ടിയുടെ ചുമതലയുണ്ടായിരുന്ന കാലം നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹം തോന്നി. അക്കാര്യം പാർട്ടി കമ്മിറ്റിയിൽ അവതരിപ്പിക്കാൻ നിയോഗിതനായ എം.വി. രാഘവൻ അക്കാര്യം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. പാർലമ​െൻററി ജീവിതത്തിലെ ഈ കടന്നുവരവിനു ശേഷവും ചില പടവുകൾ വിവാദങ്ങളോടെയായിരുന്നു. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കുമെന്ന ഘട്ടത്തിലാണ് നായനാർ സംസ്ഥാനഭരണത്തി​െൻറ മുന്നിലെത്തിയത്.

വിഭാഗീയതയിൽ പാർട്ടിയിൽ ഒരു ഗ്രൂപ്പി​െൻറ പക്ഷംതന്നെയായിരുന്നു നായനാർ. ബദൽരേഖയുടെ കാലത്ത് തന്നോടൊപ്പമായിരുന്നു നായനാരെന്ന് എം.വി. രാഘവൻ പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. ഗ്രൂപ്പിസത്തിൽ വി.എസി​െൻറ മറുപക്ഷത്താണ് അന്നും നായനാരുടെ ചുവട്. പിണറായി വിജയനുൾപ്പെടെ കണ്ണൂരിലെ പലരും ഗ്രൂപ്പിസത്തിൽ അന്ന് നായനാരുടെ മറുപക്ഷത്തായിരുന്നു. പാലക്കാട് വെട്ടിനിരത്തൽ സമ്മേളനം ഉൾപ്പെടെ വിവാദങ്ങളിലൂടെ കടന്നുപോയിട്ടും പാർട്ടിക്ക് പ്രിയപ്പെട്ടവനായി നായനാർ നിലനിന്നു.

മികച്ച ചികിത്സക്ക് 2004 ഏപ്രിൽ 25ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം മേയ് 19ന് നിര്യാതനായി. മൃതദേഹം വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കുകയും അവിടെ സെക്രട്ടേറിയറ്റിലും എ.കെ.ജി സ​െൻററിലും പൊതുദർശനത്തിനുശേഷം ജന്മദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയത് കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ വിലാപയാത്രയാണ്.
കണ്ണൂരിലും തിരുവനന്തപുരത്തുമുള്ള നായനാരുടെ ഗ്രന്ഥശേഖരംതന്നെ വലിയൊരു അക്ഷരലോകമാണ്. ഇവയെല്ലാം കേന്ദ്രീകരിച്ച് വിപുലമായ ആർക്കിയോളജിക്കൽ ലൈബ്രറി കണ്ണൂരിൽ തുടങ്ങാനുള്ള നടപടി ഇനിയും പൂർത്തിയാകാനുണ്ട്. കേരളത്തിൽ സി.പി.എമ്മിന് മറ്റെവിടെയും ഇല്ലാത്തത്ര വിപുലമായ കെട്ടിടസമുച്ചയത്തോടെ നായനാർഅക്കാദമി കണ്ണൂരിൽ പാർട്ടി സ്ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - ek nayanar-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.