നോട്ട് നിരോധനം: വിഡ്​ഢിത്തങ്ങൾ അവസാനിക്കുന്നില്ല

നോട്ട് നിരോധനത്തിന് സുപ്രീംകോടതി നൽകിയ അംഗീകാരം വലിയതോതിൽ ചർച്ചയാക്കാൻ കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും കഴിഞ്ഞിരുന്നു. നോട്ട് നിരോധിക്കാൻ സർക്കാറിന് നിയമപരമായി അവകാശമുണ്ടെന്നുപറഞ്ഞ കോടതി പക്ഷേ, നോട്ട് നിരോധനം സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധികളോ അതുണ്ടാക്കിയ സാമ്പത്തിക അസമത്വങ്ങളോ ചർച്ചചെയ്യാൻ തയാറായില്ല.

അതിന് കാരണമായി പറഞ്ഞത്, ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നില്ല എന്നാണ്. തത്ത്വത്തിൽ ഇത് ശരിയുമാണ്, എന്നാൽ രാജ്യത്തെ അസംഘടിത തൊഴിൽ സാമ്പത്തിക മേഖലകളിൽ നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികൾ ഇന്നും ചർച്ചക്ക് പുറത്താണ്.

നോട്ട് നിരോധനത്തിന് കാരണമായി 2016ൽ സർക്കാർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഒന്നുംതന്നെ പ്രായോഗികവത്കരിക്കപ്പെട്ടില്ല എന്ന വസ്തുത മുന്നിൽനിൽക്കെയാണ് ഇപ്പോൾ വീണ്ടും ഈ പരീക്ഷണത്തിന് സർക്കാർ മുതിരുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2018ലെ കണക്കുകൾ പ്രകാരം 99.30 ശതമാനം നിരോധിത നോട്ടുകളും മാറിയെടുക്കലി​ന്റെ ഭാഗമായി ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു. നോട്ട് നിരോധന കാരണമായി സർക്കാർ പറഞ്ഞ കാരണങ്ങളെ നിഷേധിക്കുന്നതായിരുന്നു ബാങ്കുകളിലേക്കുള്ള നോട്ടുകളുടെ തിരിച്ചുവരവ്.

റിസർവ് ബാങ്കിന്റെ 2016-17 വാർഷിക റിപ്പോർട്ട് പ്രകാരം നോട്ട് നിരോധന​ ശേഷം പുതിയ നോട്ടുകൾ അച്ചടിക്കാൻ ചെലവായത് 79.65 ബില്യൺ രൂപയാണ്. നോട്ട് നിരോധനം മൂലമുണ്ടായ ഉല്പാദന മുരടിപ്പുകൂടി കണക്കിലെടുത്താൽ രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണിതെന്ന്​ വ്യക്​തം. 2016ലെ നോട്ട് നിരോധനത്തിനുപിന്നിലെ സാമ്പത്തിക യുക്തി എന്താണ് എന്ന് വ്യക്തമാക്കാൻ റിസർവ് ബാങ്കിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഒരു ആലോചനയും കൂടാതെ നടപ്പിലാക്കിയ ഈ ദുരൂഹ തീരുമാനം കൊണ്ട്​ ഏറ്റവുമധികം തൊഴിൽ നഷ്ടവും വരുമാന നഷ്ടവും നേരിടേണ്ടി വന്നത്​ അസംഘടിത തൊഴിൽ മേഖലക്കാണ്. മൊത്തം സമ്പദ്​ വ്യവസ്ഥയുടെ 92 ശതമാനവും നിലനിൽക്കുന്നതും മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 50 ശതമാനവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതും അസംഘടിത മേഖലകളിലാണ്.

നിക്ഷേപത്തിനും വിപണിക്കുമൊക്കെ രീതികളുണ്ട്, അവയെ സിദ്ധാന്തവത്കരിക്കാനും കഴിയും. എന്നാൽ, നോട്ട് നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ വിശദീകരിക്കാൻ നിലവിലെ സാമ്പത്തിക സിദ്ധാന്തങ്ങൾ അപര്യാപ്തമാണ്.

2016ലെ നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്യാൻ വേണ്ടി എന്ന പേരിലാണ്​ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്​. നോട്ടിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച്​ ഭരണകൂടത്തിന്റെ പ്രചാരണ കേന്ദ്രങ്ങൾ നടത്തിയിരുന്ന അവകാശവാദങ്ങളും പ്രത്യേകതകളും ഇവിടെ ആവർത്തിക്കുന്നില്ല. 2017നുശേഷം 2000 രൂപ നോട്ട് വലിയതോതിൽ ഉപയോഗിക്കപ്പെടുന്നില്ല എന്നതിനാൽ നിരോധിക്കുന്നു എന്നാണ്​ ഇപ്പോഴത്തെ നിരോധനത്തിന്​ പറയുന്ന ന്യായം.

2000 രൂപക്ക് മുകളിൽ ക്രയവിക്രയം നടക്കുന്നില്ല എന്നും വാദിക്കാം. ഇത്തരം നയങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക അസ്ഥിരത ഗൗരവമായി കാണേണ്ടതാണ്. നോട്ട് നിരോധനം വഴി റിസർവ് ബാങ്കിനെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിനുകീഴിൽ കൊണ്ടുവന്നു എന്ന വിമർശനത്തെ സാധൂകരിക്കുന്നതാണ് 2000 രൂപയുടെ നിരോധനം.

നോട്ട് നിരോധനത്തെ ശക്​തമായ ഒരു സാമ്പത്തിക ഇടപെടലായാണ്​ സർക്കാർ അവതരിപ്പിക്കുന്നത്. സർജിക്കൽ സ്​ട്രൈക്ക്​ എന്നാണ്​ ഈ മണ്ടൻ തീരുമാനത്തെ അവർ അഭിമാനപൂർവം വിശേഷിപ്പിക്കുന്നത്​. കറൻസിയുടെ പുറത്തുള്ള അപരിമിതമായ നിയന്ത്രണമാണ് ഇതുമൂലം സർക്കാർ ലക്ഷ്യംവെക്കുന്നത്. 2016ൽ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഒന്നും തന്നെ 2023ൽ സർക്കാർ മുന്നോട്ടുവെക്കുന്നില്ല.

പകരം തികച്ചും സാങ്കേതികമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്, രാജ്യത്ത്​ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും വലിയ കറൻസി നിരോധിക്കുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ആത്മനിർഭർ ഭാരത് പദ്ധതികളൊന്നും ഫലപ്രദമായില്ല.

പണവ്യവസ്ഥകൊണ്ടാണ് കോവിഡ് കാലത്തെ പ്രതിസന്ധി പല ചെറുകിട വ്യാപാരികളും മറികടന്നത്. കാഷ്‌ലെസ് ഇക്കോണമി എന്നത് ഇന്ത്യപോലുള്ള ഒരു രാജ്യത്തെ അടിസ്ഥാന സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒന്നല്ല എന്ന് തെളിയിച്ചു കോവിഡ് കാലം.

മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നീ നാലു നഗരങ്ങളിലെ അസംഘടിത തൊഴിലാളികളുടെ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഒരു പഠനത്തിൽനിന്ന്​ മനസ്സിലായ വസ്തുത, പണവിപണിയാണ് ഇന്ത്യാ മഹാരാജ്യത്തെ ഭൂരിപക്ഷത്തെ നിലനിർത്തുന്നത് എന്നാണ്.

ഇത്തരം ഒരു സമൂഹത്തെക്കൂടി ഉൾക്കൊള്ളുന്ന സാമ്പത്തിക വ്യവസ്ഥയിൽ കൃത്യമായ കാരണങ്ങളില്ലാതെ സർക്കാർ നടത്തുന്ന സാമ്പത്തിക കേന്ദ്രീകരണ നയങ്ങൾ അസ്ഥിരതക്ക് വഴിവെക്കുമെന്ന കാര്യം അവിതർക്കിതമാണ്​.

(മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് അധ്യാപകനാണ് ലേഖകൻ)

Tags:    
News Summary - Demonetisation-The foolishness never end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT