വിളക്കുകളണച്ച്, ആൾതിരക്കില്ലാതെ ജമാ മസ്ജിദ്...

ണ്ണെത്താ ദൂരം കാണുന്ന വിഭവങ്ങളുടെയും വസ്ത്രങ്ങളുടെയും കച്ചവടങ്ങൾ വന്നെത്തി നിൽക്കുന്ന ജമാ മസ്ജിദിന്‍റെ പടവുകളിൽ ഈത്തപ്പഴപെട്ടികളോ വിവിധ നിറത്തിലുള്ള കുർത്തയും തൊപ്പിയും വിൽക്കുന്ന ഒരാളെയും കാണാനില്ല. വിളക്കുകളാൽ അലങ്കരിച് ബാങ്കൊലികൾ മുഴങ്ങിയിരുന്ന മിനാരങ്ങൾ തെളിച്ചമില്ലാതെ നിശ്ചലമാണ്.
ആളുകളുടെ നടത്തവും ഇരുത്തവും കൊണ്ടെല്ലാം നിബിഡമാവാറുള്ള, ആകാശം മാത്രം മേൽക്കൂരയായ വിശാലമായ സ്വഫുകൾക്കിടയിൽ പ്രാവുകൾ കൂട്ടമായി വന്നിരിക്കുന്നു. പള്ളി മാത്രമല്ല, ജനത്തിരക്ക് കൊണ്ട് വീർപ്പുമുട്ടാറുള്ള  പരിസരത്തുള്ള ഓരോ ഗല്ലികളും വിജനമായി കണ്ണെത്താദൂരം നമ്മെ നയിക്കും...
ലോകം മുഴുവൻ പടർന്ന മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ രാജ്യത്തെ ലോക്ഡോൺ നിയന്ത്രങ്ങൾ  മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പുണ്യ മാസത്തിലെ പ്രത്യേകതകളും  നോമ്പുതുറയുമായെല്ലാം കൂടുതൽ മുഖരിതമാകേണ്ട, രാജ്യത്തെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നായ ഡൽഹിയിലെ  ജമാ മസ്ജിദിലെ ഇപ്പോഴത്തെ കാഴ്ചകൾ നമ്മെ വല്ലാതെ പിടിച്ചുലക്കുന്നതാണ്.
 

വിജനമായ ജമാ മസ്ജിദിന്‍റെ ആകാശ ദൃശ്യം
 

റമദാൻ മാസത്തിൽ ജമാ മസ്ജിദിൽ നോമ്പു തുറക്കാനും മറ്റുമായി നിരവധി ആളുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ എത്താറുണ്ട്. അവരവരുടെ വീടുകളിൽ നിന്ന് തയാറാക്കിയ വിഭവങ്ങളുമായി എത്തി പരസ്പരം പങ്കിട്ട് നോമ്പുതുറക്കുന്ന കാഴ്ചകൾ മനോഹരമായിരിക്കും. മുഗൾ ഭരണത്തിന്‍റെ അവസാന കാലത്ത് ഒന്നാം സ്വാതന്ത്ര്യ സമരകാല പോരാട്ട വേളയിൽ നമസ്കാരങ്ങൾ കുറച്ചുസമയത്തേക്ക് മുടങ്ങിയിരുന്നതൊഴിച്ചാൽ 1656ൽ സ്ഥാപിതമായ പ്രശസ്തമായ ഈ മസ്ജിദിൽ റമദാൻ കാലം നിശ്ചലമായി നിൽക്കുന്നത് ചരിത്രത്തിലാദ്യം.

വിജനമായ ജമാ മസ്ജിദിൽ നോമ്പ് തുറക്കുന്ന ഒരാൾ (Adnan Abidi, Reuters)
 

ഗല്ലികൾ കേന്ദ്രീകരിച്ചും മറ്റുമായി നിരവധി പള്ളികളുള്ള ഡൽഹി ജീവിതങ്ങളിൽ ബാങ്കിന് ശേഷം, എല്ലാവരും വീടുകളിൽ വെച്ച് തന്നെ നമസ്കരിക്കാനും  നോമ്പുതുറക്കാനും നിരന്തരമായി പറയുന്നത് ഹൃദയമിടറി കേൾക്കേണ്ടത് വിശ്വാസികൾക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവില്ല.

ആകാശം മാത്രം മേൽകൂരയായ ജീവിതങ്ങൾ... ജമാ മസ്ജിദിന് പുറത്തുള്ള റോഡിലിരുന്ന് പ്രാർത്ഥിക്കുന്നവർ
 

പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബറിലെ ഒരു ജുമുഅ ദിവസം ജമാ മസ്ജിദിന്‍റെ പടവുകൾ ജനനിബിഡമായ ചിത്രം നാം മറന്നിട്ടുണ്ടാവില്ല.
മഹാമാരിയുടെ ആശങ്കകളുടെയും വംശീയതയുടേയുമെല്ലാം ദിനങ്ങൾ വിടപറയട്ടെ. ഇന്നലകളുടെ ഓർമകളേറ്റ പടവുകൾ കടന്ന് വാതിലുകൾ തുറക്കപ്പെടും. മിനാരങ്ങളിൽ വിളക്കുകൾ തെളിഞ്ഞ് ബാങ്കുകൾ ഉയരും...

തെരുവിൽ കഴിയുന്നവർ പ്രാർത്ഥന നടത്തുന്നു. ജമാ മസ്ജിദിന്‍റെ സമീപത്തെ തെരുവിൽനിന്നും (Tashi Tobgyal, Indian Express)
 


ഡൽഹിയിലെ നോമ്പനുഭവങ്ങൾ പ്രത്യേകതയുള്ളതാണ്. കുറച്ചുവർഷങ്ങളായി ചൂട് ഏറ്റവും കൂടുതലുള്ള മാസങ്ങളിലാണ് റമദാൻ കടന്നുപോകുന്നത്. കത്തുന്ന ചൂടിലും തൊണ്ടയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് തെളിഞ്ഞുകാണുമാറ് നിരവധി മനുഷ്യർ നോമ്പനുഷ്ഠിച്ച് റിക്ഷ വലിച്ചും മറ്റും ഉപജീവനം നടത്തുന്നത് നമുക്ക് ഡൽഹിയിലെ തെരുവുകളിൽ കാണാൻ കഴിയുമായിരുന്നു. അവസാനം തണുത്ത റൂഹ്ഫ്‌സയിലും കജൂറിലും നോമ്പ് തുറ നടക്കുന്ന ഒരു പള്ളിയെന്നല്ല, ഒരു മനുഷ്യനെയും എവിടെയും കാണാനില്ല.

ജമാ മസ്ജിദിൽ നടന്ന കോവിഡ് ശുചീകരണ പ്രവർത്തനങ്ങൾ
 

ഈ കാലത്ത് ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കേണ്ട തിരക്കു നിറഞ്ഞ ഓൾഡ് ഡൽഹിയിയെയും  ജമാ മസ്ജിദിനെയുമെല്ലാം വിജനമായി കാണുന്നത് മുതിർന്നവർക്ക് പോലും ആദ്യ അനുഭവമാണ്. ദിവസവേതനക്കാരുൾപ്പെടെ നിരവധി മനുഷ്യർക്ക് ആശ്വാസമാകേണ്ടിയിരുന്ന ജമാ മസ്ജിദിലെ നോമ്പുതുറകളില്ലാത്തത് മഹാമാരിക്കാലം തീർത്ത ദുരിതങ്ങളിലൊന്നാണ്.
വാടകയിൽ ഇളവ് വരുത്തി കിട്ടിയ കുറച്ച് ആളുകൾക്ക് മാത്രമാണ് ആശ്വാസമെങ്കിലും ഒട്ടേറെ മനുഷ്യർ ഇപ്പോഴും തെരുവുകളിൽ തന്നെ അന്തിയുറങ്ങുന്നതാണ് റമദാനിലെയും കാഴ്ചകൾ.

മാർച്ച് മാസത്തിലൊരിക്കൽ കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിച്ചു നടന്ന നമസ്കാരം
 

ഡൽഹി നോമ്പോർമ്മകൾ സുന്ദരമാണ്. വൈകുന്നേരങ്ങളിൽ തിരക്കു നിറഞ്ഞ മാർക്കറ്റുകളിൽ വലിയ പാത്രങ്ങളിൽ സൗജന്യമായി റൂഹഫ്സ വിതരണം ചെയ്യുന്ന ആളുകൾ. ഓരോ ഗല്ലികൾ കേന്ദ്രീകരിച്ചുള്ള പള്ളികളിലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ നോമ്പുതുറകൾ. അതുകഴിഞ്ഞു കുറച്ചു വൈകിയായിരുന്നു തറാവീഹ് നമസ്കാരങ്ങൾ ആരംഭിക്കാറുണ്ടായിരുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ എല്ലാവരും പള്ളിയിൽ ഒത്തുകൂടുന്ന തറാവീഹ് നമസ്കാരങ്ങൾ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും അവക്ക് താഴെയും സംഘടിത
നമസ്കാരങ്ങൾ നടക്കുന്നത് കണ്ടിട്ടുണ്ട്. രാത്രി വൈകി അവസാനിക്കുന്ന തറാവീഹ് നമസ്കാരങ്ങൾ.
അതുകഴിഞ്ഞ് അത്താഴം വരെ സജീവമാവുന്ന മാർക്കറ്റ്. അങ്ങിനെ സുബഹി നമസ്‍കാരം കഴിഞ്ഞ് പതിയെ ആളുകൾ വിശ്രമത്തിലേക്ക് മാറുന്ന കാലം. പുണ്യമാസത്തിൽ വീടും മാർകെറ്റുമെല്ലാം നിശബ്ദമായി... പള്ളികളെല്ലാം താഴിട്ടു പൂട്ടിയ കാഴ്ചകൾ കാണുമ്പോൾ വിശ്വാസികളുടെ ഹൃദയം ഇടറുമെന്നത് ഉറപ്പാണ്...

ജമാമസ്ജിദിന്‍റെ ആകാശ ദൃശ്യം (ഫയൽ ചിത്രം). ജാമിഅ സർവകാശലയിൽ നിന്ന് ഫോട്ടോഗ്രഫി പഠനം പൂർത്തിയാക്കിയ മലയാളി വിദ്യാർത്ഥി ഷാബിൽ പകർത്തിയത്.
 

മൂന്നാംഘട്ട നിയന്ത്രണങ്ങൾകൂടി പ്രഖ്യാപിച്ചതോടെ ഈ വർഷത്തെ നോമ്പ് പൂർണമായും വീടുകളിൽ തുടരേണ്ട സാഹചര്യം ഉറപ്പായി. പുണ്യമാസം വീടുകളിൽ പരമാവധി പ്രയോജനപ്പെടുത്താൻ ഡൽഹിയെന്നല്ല, ലോകം തന്നെ നേരത്തെ പരിചയപ്പെട്ടു കഴിഞ്ഞല്ലോ. മഹാദുരിതകാലം വിടപറഞ്ഞ് പ്രതീക്ഷയും സന്തോഷവും നിറഞ്ഞ ഈദുൽ ഫിത്വറും പുതിയ ദിനങ്ങളും അനുഭവേദ്യമാകട്ടെ എന്നായിരിക്കും എല്ലാവരുടെയും പ്രാർത്ഥന...

Tags:    
News Summary - delhi jama masjid in ramadan covid time-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.