ഹിംസ കാട്ടുതീ പോലെ പടരുന്നതെന്തുകൊണ്ട്​?

ഭയമാണ് ഇപ്പോള്‍ ഇന്ത്യയെ ഭരിക്കുന്നത് എന്ന് പറയപ്പെടുന്ന​ുണ്ട്. കുറേക്കൂടി ശരിയായ പ്രസ്താവന ഹിംസയാണ് രാജ്യത്തെ ഭരിക്കുന്നത് എന്നാണ്. ആ ഹിംസയുടെ ഫലമാണ് മുറ്റിനില്‍ക്കുന്ന ഭയം. അക്രമം ഇപ്പോള്‍ ഭരണകൂട സംസ്‌കാരമാണ്. അതൊരു അപഭ്രംശം എന്നതിനേക്കാള്‍ ഒരു സാധാരണത്തം ആയി മാറിക്കഴിഞ്ഞു. സംഘ്​പരിവാര്‍ അങ്ങനെ ഭരണത്തെ മാറ്റിയെടുത്തിരിക്കുന്നു. അവരുടെ ഭരണത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണത്. അക്രമങ്ങള്‍ ഭരണകൂടത്താല്‍ ആദര്‍ശവത്​കരിക്കപ്പെടുന്നു. മാധ്യമങ്ങള്‍ അതിനെ പിന്തുണക്കുകയോ അതി​​​െൻറ മുന്നില്‍ നിശ്ശബ്​ദത പാലിക്കുകയോ ചെയ്യുന്നു.

ഹിംസയുടെ ചിഹ്നങ്ങള്‍
സ്വയം സംസാരിക്കുന്ന പലതരം ചിഹ്നങ്ങളിലൂടെയാണ് ഏതു സംസ്‌കാരവും രൂപപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രദ്ധേയനാക്കിയത് 2002ലെ ഗുജറാത്ത് വംശഹത്യയാണ്. ഗുജറാത്ത് മോഡല്‍ വികസനം എന്ന പദാവലിപോലും വ്യംഗ്യാർഥം വിനിമയം ചെയ്യുന്ന പ്രയോഗമാണ്. ഒരു പ്രധാനമന്ത്രിയുടെ യോഗ്യത 56 ഇഞ്ച് നെഞ്ചളവാകുമ്പോള്‍ അത് കൈമാറുന്ന സന്ദേശം വളരെ കൃത്യമായും ഹിംസയുടേതാണ്. ആഭ്യന്തരമന്ത്രി അക്രമത്തി​​​െൻറ മറ്റൊരു ചിഹ്നമാണ്. കറുത്ത താടിയും വെളുത്ത താടിയും എന്ന പ്രയോഗം ഓര്‍ക്കുക.

മുസ്​ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ലിഞ്ചിങ്​ ഒരു ദേശീയ രാഷ്​​ട്രീയ പരിപാടിയായി രാജ്യത്ത് സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സുപ്രീംകോടതി പോലും അതി​​​െൻറ മുമ്പില്‍ ഇപ്പോള്‍ നിശ്ശബ്​ദമാവുന്നു. സംഘ്​പരിവാര്‍ ലിഞ്ചിങ്​ നടത്തുക മാത്രമല്ല, അതിനെ മഹത്വപ്പെടുത്തുകകൂടിയാണ്. സുപ്രീംകോടതി നിർദേശപ്രകാരം ലിഞ്ചിങ്ങിനെതിരെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഗവണ്‍മ​​െൻറ്​ നിയമനിർമാണത്തിന് ശ്രമിച്ചപ്പോള്‍ ബി.ജെ.പി അതിനെതിരെ രംഗത്തുവന്നു. അത് പ്രീണന നടപടിയാണ് എന്നായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം. അപ്പോള്‍ ഭരണകൂട പാര്‍ട്ടിയാല്‍ മഹത്വവത്​കരിക്കപ്പെട്ട അക്രമമാണെന്നർഥം.
മുസ്​ലിംകളെക്കുറിച്ച ഭരണകൂടത്തി​​​െൻറ ഒാരോ പ്രസ്താവനയും കൊലവിളിയായാണ് രാജ്യത്തുയരുന്നത്. ആക്രമികള്‍ ആരാണെന്ന് വേഷം കണ്ടാലറിയാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. നേരിട്ടുള്ള കൊലവിളിയേക്കാള്‍ പ്രഹരശേഷിയുള്ളതാണ് വ്യംഗ്യാർഥമുള്ള പ്രസ്താവനകളും പ്രതീകാത്മക നടപടികളും. അതിന് ഒരു സംസ്‌കാരത്തെ രൂപപ്പെടുത്താനുള്ള ശേഷിയുണ്ട്. 19 ശതമാനം മുസ്​ലിംകളുള്ള ഉത്തർപ്രദേശില്‍ ഒരു മുസ്​ലിമിനെപ്പോലും മത്സരിപ്പിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്യുന്നത് ആയിരം മുസ്​ലിം വിരുദ്ധ പ്രസംഗങ്ങളേക്കാള്‍ പ്രഹരശേഷിയുള്ള നടപടിയാണ്. ഇത്തരം നിരവധി നടപടികളിലൂടെ ഹിംസ ഉദാത്തീകരിക്കപ്പെടുന്ന സമൂഹമനസ്സ് രൂപപ്പെട്ടിരിക്കുന്നു.

ന്യൂനപക്ഷവും സ്​ത്രീകളും
അക്രമ സംസ്‌കാരമെന്നത് ചിലര്‍ക്ക് ചിലര്‍ക്കെതിരെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം മാത്രമല്ല. അതിന് സ്വന്തമായ ചലനനിയമമുണ്ട്. അത് വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. അതാണിപ്പോള്‍ രാജ്യത്ത് പല ഭാഗങ്ങളിലായി സ്ത്രീകള്‍ക്കും മറ്റു ദുര്‍ബലര്‍ക്കുമെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലം. ഭൂരിപക്ഷം ന്യൂനപക്ഷത്തെ ആക്രമിക്കണം എന്നത് മഹത്തായ ഒരു സന്ദേശമായി മാറുന്നിടത്ത് പുരുഷന്‍മാര്‍ സ്ത്രീകളെ ആക്രമിക്കുക തെറ്റല്ലാത്ത കാര്യമായി, പുരുഷ​​​െൻറ അവകാശമായി മനസ്സിലാക്കപ്പെടും. ദലിതരെ ആക്രമിക്കുന്നതിന് ഭരണകൂടത്തി​​​െൻറ ആശയപിന്തുണയുണ്ടെങ്കില്‍ ഏത് ദരിദ്രരേയും ദുര്‍ബലരേയും ആക്രമിക്കുന്നത് ന്യായമാണെന്ന സംസ്‌കാരം രൂപപ്പെടും. ഭരണകൂട ശക്തികള്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും. രാജ്യത്ത് ഇപ്പോള്‍ ഒറ്റപ്പെട്ട ഹിംസകള്‍ സംഭവിക്കുകയല്ല ചെയ്യുന്നത്. പലതരം ഹിംസകളുടെ പരമ്പരകള്‍ സംഭവിക്കുകയാണ്. അക്രമം ഒരു സംസ്‌കാരമാവുകയാണ്. ഹിംസയുടെ യുക്തി ഒന്നാമതായി മുസ്​ലിംകള്‍ക്കെതിരിലും തുടര്‍ന്ന് ദലിതുകള്‍ക്കെതിരിലും തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരിലും മറ്റു ദുര്‍ബല സമൂഹങ്ങള്‍ക്കെതിരിലുമെല്ലാം സമൂഹ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അംബേദ്കര്‍ ‘ജാതി നിര്‍മൂലന’ത്തില്‍ ചൂണ്ടിക്കാട്ടിയപോലെ മുസ്​ലിം എന്ന അപരന്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ഭൂരിപക്ഷസമൂഹം ഐക്യപ്പെടുക. അല്ലാത്തപ്പോഴെല്ലാം അനൈക്യപ്പെട്ട പല സ്വത്വങ്ങളായി പരസ്പരം എതിരായി നില്‍ക്കും. ഇങ്ങനെ നില്‍ക്കുമ്പോള്‍, മുസ്​ലിംകള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ആക്രമണത്തി​​​െൻറ യുക്തി ഭൂരിപക്ഷ സമൂഹം പരസ്പരം പ്രയോഗിക്കും. ​ൈകയൂക്കി​​​െൻറയും ഭൂരിപക്ഷത്തി​​​െൻറയും ബലത്തി​​​െൻറയും യുക്തിയാണത്. ഇത് ഭൂരിപക്ഷ സമൂഹത്തില്‍ മാത്രമല്ല, ന്യൂനപക്ഷ സമൂഹത്തിലുമെല്ലാം അറിയാതെ അരിച്ചിറങ്ങുന്ന ഭരണകൂട പ്രത്യായശാസ്ത്രമാണ്.

ഗുജറാത്തി​​​െൻറ അനുഭവം
പ്രമുഖ അക്കാദമീഷ്യനായ ശിവ്​ വിശ്വനാഥന്‍ പറഞ്ഞ ഒരു അനുഭവമുണ്ട്. ‘‘ഒരിക്കല്‍ ഗുജറാത്തിലെ ഒരു അധ്യാപിക ഞാനൊരു മനഃശാസ്ത്രജ്ഞന്‍ ആണെന്നു കരുതി കുട്ടികളെ ഉപദേശിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചു. 12 വയസ്സുള്ള പെണ്‍കുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും. അവര്‍ കളിക്കുകയാണ്. വഴക്കിടുന്നതുവരെ അവര്‍ സാധാരണ രീതിയിലാണ് പെരുമാറുന്നത്. വഴക്ക് തുടങ്ങിയപ്പോള്‍ ആണ്‍കുട്ടി പറഞ്ഞു: ‘ഞാന്‍ പറയുന്നത് കേട്ടിട്ടില്ലെങ്കില്‍ മുസ്​ലിംകളോട് ഹിന്ദുക്കള്‍ ചെയ്തപോലെ ചെയ്യും’. അമ്മയായ ഈ അധ്യാപിക ഇതുകേട്ട് വിഷമിച്ചുനിന്നു’’. കലാപങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ സാധാരണ ഗതി പ്രാപിച്ചുവരുന്നു എന്ന് അധികാരികള്‍ പറയാറുണ്ട്. ഇതി​​​െൻറയർഥം ഹിംസ സാധാരണസംഗതിയായി അംഗീകരിക്കപ്പെട്ടുവരുന്നു എന്നാണെന്ന് ഗുജറാത്ത് വംശഹത്യയെ മുന്‍നിര്‍ത്തി ശിവ വിശ്വനാഥ് പറയുന്നുണ്ട്.

യഥാ രാജ തഥാ പ്രജ എന്ന് സംസ്‌കൃതത്തിലും, ജനങ്ങള്‍ രാജാക്കന്മാരുടെ മതത്തിലായിരിക്കുമെന്ന് അറബിയിലും ചൊല്ലുണ്ട്. ഭരണകൂടം മുന്നോട്ടുവെക്കുന്ന സംസ്‌കാരം വളരെവേഗം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളോടെ ജനങ്ങളുടെ സംസ്‌കാരമായി മാറും. മുസ്​ലിമിനെ കൊല്ലണമെന്ന് വ്യക്തമായും വ്യംഗ്യമായും പഠിപ്പിക്കപ്പെടുമ്പോള്‍ മുസ്​ലിമല്ലാത്ത സ്ത്രീയേയും കൊല്ലണമെന്ന് ചുരുങ്ങിയത് ബലാത്​കാരം ചെയ്യാമെന്ന് ജനം പഠിക്കും. ഭരണകൂട സംസ്‌കാരത്തിനെതിരായ മറ്റൊരാശയം നേരത്തേ അവരില്‍ നിലനില്‍ക്കുകയോ പുതുതായി അവര്‍ സ്വായത്തമാക്കുകയോ ചെയ്യാത്തിടത്തോളം. മൂര്‍ത്തമായ ഫാഷിസ വിരുദ്ധ സമരത്തോട് കണ്ണിചേര്‍ന്ന് മാത്രമേ സ്ത്രീകള്‍ക്കും മറ്റു ദുര്‍ബലര്‍ക്കുമെതിരെ ഇപ്പോള്‍ ശക്തിപ്പെടുന്ന അക്രമങ്ങളെ ചെറുക്കാനാവുകയുള്ളൂ.

Tags:    
News Summary - CAA Protest-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.