ഇ​വി​ടെ രാ​ഷ്ട്രീ​യം പ​റ​യു​വി​ൻ

ശസ്തകവി രാവുണ്ണിയുടെ ‘ഇവിടെ രാഷ്ട്രീയം പറയുവിൻ’ എന്ന പുതിയ കാവ്യസമാഹാരത്തിന്റെ ‘പേടിപ്പിക്കുന്ന’ പേരിൽത്തന്നെ പ്രക്ഷോഭത്തിന്റെ തീയുണ്ട്. സാധാരണമെന്ന് തോന്നാവുന്ന ഒരു പേരിനെ ‘പേടിപ്പിക്കുന്ന പേര്’ എന്ന് വിളിച്ചത്, കിടക്കട്ടെ ഒരു വിശേഷണം എന്ന് നിനച്ചല്ല; മറിച്ച് സ്വയം കീറിമുറിക്കാതെ കുതിപ്പുകൾ അസാധ്യമാവും എന്ന തിരിച്ചറിവിന്റെ ബലത്തിലാണ്. രാഷ്‌ട്രീയത്തിനിടയിലേക്ക് ഇടിച്ചുകയറുന്ന അരാഷ്ട്രീയതയെയാണ്, പറച്ചിലിൽ നിന്നും ചെയ്ത്തിൽനിന്നും ചോർന്നുപോവുന്ന ആത്മവിമർശനങ്ങളെയാണ്, രാവുണ്ണിക്കവിതകൾ വിചാരണ ചെയ്യുന്നത്.

 

അഗാധമായ രാഷ്ട്രീയ ബോധത്തിൽ വെന്ത ആ കാവ്യവരികളിൽ വിഭ്രമിപ്പിക്കുന്ന പുതുമകളില്ല; വട്ടം കറക്കുന്ന രൂപകങ്ങളില്ല. ‘അമ്പട ഞാൻ’ മഹത്വ പ്രകീർത്തനങ്ങളില്ല. ഉള്ളത് അധികാരങ്ങൾക്കെതിരെയുള്ള വെട്ടും ഒപ്പം ജീവിതസ്നേഹത്തിന്റെ വിസ്മയങ്ങളുമാണ്. സ്തുതിക്കും ശാപത്തിനുമപ്പുറം സൂക്ഷ്മവിമർശനത്തിന്റെ കനലുകളെരിയുന്ന ആവിഷ്കാരങ്ങളിൽ വെച്ചാണ് രാവുണ്ണിക്കവിതകളൊക്കെയും പൊതുവിൽ കരുത്താർജിക്കുന്നത്. ആക്ഷേപഹാസ്യവും പാവം നർമങ്ങളും ഓർമപ്പെടുത്തലും പ്രത്യാശയും പിടിയിൽ ഒതുങ്ങാത്ത അവതരണ രീതികളും, അധികാര വ്യവസ്ഥകളെ ആഴത്തിൽ അസ്വസ്ഥമാക്കുന്ന നാടകീയതകളും സമകാലിക ജീവിതാവസ്ഥയിൽ വെച്ച് സന്ധിക്കുമ്പോൾ രാവുണ്ണിക്കവിതയിൽ സംഭവിക്കുന്നത് വൻ സ്ഫോടനമാണ്.

മറവികൾക്കെതിരെ ഓർമകളും പുനരുത്ഥാനത്തിനെതിരെ നവോത്ഥാനവും ഉപരിപ്ലവതകൾക്കെതിരെ ആഴ കാഴ്ചകളും സങ്കുചിതത്വങ്ങൾക്കെതിരെ വിസ്‌തൃതികളും സ്വാർഥതകൾക്കെതിരെ സൗഹൃദവും ഒന്നിക്കുമ്പോഴുണ്ടാകുന്ന സമരശരികളിൽ വെച്ചാണ് രാവുണ്ണിക്കവിതകൾ ശക്തിയും സൗന്ദര്യവും സാക്ഷാത്കരിക്കുന്നത്. കാഴ്ചകൾക്കപ്പുറത്തെ ശബ്ദങ്ങളിലേക്കാണ്, കേൾവികൾക്കുള്ളിലെ കണ്ണീരിലേക്കാണ്, ആമാശയങ്ങൾക്കകത്തെ ആശയങ്ങളിലേക്കാണ് കവി കണ്ണുതുറക്കുന്നത്. ചെക്കുപുസ്തകം വേദപുസ്തകമാവുന്ന, പകർപ്പിന്റെ പകർപ്പായി ജീവിതം പരിമിതപ്പെടുന്ന ജീർണാവസ്ഥകൾക്കെതിരെയുള്ള തീജ്വാലകൾക്കിടയിൽ വെച്ചാണ് കവിത തിളങ്ങുന്നത്. ‘പോലെ’യാവാൻ പല കാരണങ്ങളാൽ കഴിയാതെ പോവുന്ന പ്രതിഭാശാലികളുടെ പ്രക്ഷോഭത്തിൽ നിന്നാണ് രാവുണ്ണി സ്വന്തം കവിതകൾ കണ്ടെടുക്കുന്നത്.

ചരിത്രവും ചരിത്രബോധവും തമ്മിലുള്ള വിടവുകളും വിള്ളലും തിരിച്ചറിയുന്നിടത്തുവെച്ചാണ് കവിതകളൊക്കെയും കലഹിക്കുന്നത്. ഭൂമിക്കും ആകാശത്തിനുമിടയിൽ അന്ധാളിക്കുകയല്ല, ചപ്പുചവറുകൾക്ക് ചന്തം ചാർത്തുന്ന, മൂല്യങ്ങളെ നിലംപരിശാക്കുന്ന, സ്വന്തം കാലത്തെ കീറിമുറിക്കും വിധം അഭിമുഖീകരിക്കുകയാണ് കവി ചെയ്യുന്നത്. ചരിത്രത്തിൽ നിന്നും പുറന്തള്ളപ്പെട്ട തിരസ്കൃതരാണ്, ചിരി നഷ്ടമായ ചിതറിയ മനുഷ്യരാണ്, സാമ്രാജ്യത്വ ഫാഷിസ്റ്റ് വർഗീയ പശ്ചാത്തലമാണ് കവിതകളിൽ നിറയുന്നത്.

സ്വന്തം കാലത്തെ കാണാൻ മാത്രമല്ല സ്വയം കാണാനും സഹായിക്കുന്ന കണ്ണാടികൾ കാണാതാവുന്നൊരു കാലത്ത്, ജനായത്തരാഷ്ട്രീയം നമുക്ക് നമ്മെ ശരിക്കും കാണിച്ചു തരുന്നതിന്റെ, ബലതന്ത്രമാണ് കവിതകളിൽ പ്രവർത്തിക്കുന്നത്. കണ്ടുമടുത്ത പുറങ്ങളിൽ നിന്നും മറുപുറങ്ങളിലേക്കാണ്, അധികാരം മറച്ചുവെക്കുന്ന സത്യങ്ങളിലേക്കാണ് കവിത, വായനയെ നയിക്കുന്നത്. ഇരുട്ടുകൾക്കിടയിലുള്ള വെളിച്ചമാണ്, സംഘർഷങ്ങൾക്കിടയിലും സ്വപ്നവഴികൾ വെട്ടുന്നത്. ഒന്നും സാധ്യമല്ല എന്ന വന്ധ്യ അശുഭാപതിവിശ്വാസങ്ങളെ കവിത എതിരിടുന്നത് സമരോത്സുകളായൊരു ശുഭാപ്തിവിശ്വാസം പങ്കുവെച്ചുകൊണ്ടാണ്.

‘ഏയ്.... അത്ര നിസ്സാരമല്ല ജീവിതം

ഒന്നിനോടൊന്ന് ചേർത്തുവെക്കുമ്പോൾ

മഹത്തരമാണത്

മനോഹരമാണത്’

ഒരായുസ്സുകൊണ്ട് ഒന്നും സാധ്യമല്ല എന്നതിനെ കവിത മറിച്ചിടുന്നത്, സങ്കുചിത വ്യക്തിപരതയിൽ നിന്നും വിസ്‌തൃത സാമൂഹ്യപരതയിലേക്കുള്ള കുതിപ്പിലൂടെയാണ്. ഒറ്റെക്കാറ്റക്ക് നോക്കുമ്പോൾ ഒന്നുമല്ലാത്ത മനുഷ്യർ ഒന്നിക്കുമ്പോൾ എല്ലാമാവുന്ന ഔന്നത്യത്തിലേക്കാണ്, സ്വന്തം വിരൽത്തുമ്പിൽ നിന്നും വിശ്വത്തിലേക്കുള്ള വിസ്‌തൃതപ്പെടലിലാണ്, പാരസ്പര്യത്തിന്റെ പൂക്കൾ വിടരുന്നതെന്ന അനുഭൂതിയാണ് കവിതകളിൽ സൗഹൃദം വിതക്കുന്നത്.

അമ്ലം കൊണ്ടെന്ന പോലെ കൈപ്പെരുമാറ്റം കൊണ്ട് തേയ്മാനം വന്ന, വിയർപ്പും പുകയും നിറഞ്ഞ, ലില്ലിപ്പൂവും മൂത്രവും മണക്കുന്ന, നിയമമനുസരിച്ചും അല്ലാതെയും നാം ചെയ്യുന്ന കാര്യങ്ങളുടെ വൈവിധ്യം ചാർത്തുന്ന കവിതകളെ കുറിച്ച് പാബ്ലോ നെരുദ പറയുന്നത് ‘ഇവിടെ രാഷ്ട്രീയം പറയുവിൻ’ എന്ന കവിത സമാഹാരത്തിലെ എഴുത്തുരീതിക്കും നന്നായി ചേരും. പൊട്ടിയ കുപ്പിച്ചില്ലും തേഞ്ഞ പെൻസിലും വലിച്ചെറിയപ്പെട്ട തുണികളും തുരുമ്പിച്ച ആണികളും ചേർത്തുണ്ടാക്കുന്ന പരുക്കൻ ശിൽപങ്ങളെപ്പോലെ അനാഡംബരമാണ് കുത്തും ചവിട്ടും ഏറെയുള്ള രാവുണ്ണിയുടെ കാവ്യലോകം.

ചെമ്മേ ചെഞ്ചമ്മേ പൊന്നാരങ്ങളോട് എന്നോ വിട ചോദിച്ച, ജീവിത ചളിയിലിറങ്ങിയ, ചെറുത്തുനിൽപിന്റെ പുതുവഴികൾ വെട്ടിയ ഒരു കവിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രത്യേകം എടുത്തു പറയേണ്ടതല്ല. എന്നിട്ടും പറയേണ്ടി വരുന്നത് പഴയ പോരാളികളിൽ ചിലരെങ്കിലും എല്ലാമവസാനിച്ചുവെന്നതിൽ വിശ്രമിക്കുമ്പോൾ രാവുണ്ണിക്കവിതകൾക്ക് വിശ്രമമില്ലെന്നുള്ളത് വ്യക്തമാക്കേണ്ടതില്ലാത്ത വിധം വ്യക്തമാണെന്ന് ഒന്നുകൂടി അമർത്തി പ്പറയാനാണ്.

കീഴ്മേൽ മറിക്കപ്പെട്ട സ്വന്തം കാലത്തിന്റെ ഭൂപടം വരക്കാൻ ഒരു വരിപോലും വേണ്ട, ഒരു വാക്കുമതി എന്ന് കവി നമ്മെ ബോധ്യപ്പെടുത്തുന്നതിന്റെ മർമ്മം ‘നീ ഗോമാതാമാംസം ഭുജിച്ചില്ലേ’ എന്ന വരിയിലെ ആ ഗോമാതാ മാംസം എന്നതിൽ കൃത്യം തെളിയുന്നുണ്ട്. ഗോമാംസം എന്ന പരിചിത പ്രയോഗം ഗോമാതാമാംസമായി മാറുമ്പോൾ കിട്ടുന്ന ഊക്കു കൂടിയാണ് സമരോത്സുക രാഷ്ട്രീയം.

“ഈഴവ ശിവന്റെ ബിംബത്തിന്റെ ചുറ്റും ബ്രാഹ്മണ്യം കലിതുള്ളുന്നു”; ഭൂരിപക്ഷ ഹിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോർത്ത് പള്ളീപ്പോക്ക് വേണ്ടെന്നുവെച്ച് ന്യൂനപക്ഷം പ്രായോഗിക ബുദ്ധി പ്രകടിപ്പിച്ചു; കാക്കയെ കൊക്കാക്കാൻ ജീവശാസ്‌ത്രമൊന്നും വേണ്ടടോ, ആർക്കും വേണ്ടാതെ കിടക്കുന്ന വ്യാകരണം മതി; പാടിയ പാട്ടുകളെല്ലാം നിലവിളികളായി മാറിയ ജീവിവംശത്തിന്റെ പേര് കൃഷീവലൻ എന്നാകുന്നു; ‘വീട് വിൽപനക്ക് എന്ന പരസ്യത്തിൽ സ്വന്തമായതെല്ലാം നിഷ്‌പ്രയോജനമായതിന്റെ കണ്ണീരുണ്ട്’ തുടങ്ങിയ വികാരാർദ്രമായ കാവ്യ പ്രയോഗങ്ങൾക്ക് സത്യത്തിൽ പ്രസ്താവനകളോടുള്ള അടുപ്പം പ്രകടമാണ്. എന്നിട്ടുമത് അകത്ത് അസ്വസ്ഥതകളുടെ തിരയിളക്കങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളിടത്താണ് കവിയുടെ പദസംയോജന ശേഷി തിളങ്ങുന്നത്.

ചോദ്യവും ആശ്ചര്യവും മറഞ്ഞുനിൽക്കുന്നതിലാണ്, അധികാര വിമർശനം തീവ്രമായതിലാണ്, വാക്കുകളെ ഇച്ഛാനുസരണം വരുതിയിലാക്കാനാവുന്നതിലാണ്, കാവ്യവിസ്മയത്തിന്റെ ആഴം കിടക്കുന്നത്. രാഷ്ട്രീയം കവിയുടെ ജീവശ്വാസമല്ലായിരുന്നുവെങ്കിൽ കവിതകളിൽ പലവിധം ഉന്തികയറ്റലുകൾ ഉണ്ടായിപ്പോവുമായിരുന്നു. അത്തരം ഭാരങ്ങളില്ലാത്തൊരു സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യമാണ് ‘ഇവിടെ രാഷ്ട്രീയം പറയുവിൻ’ എന്ന കാവ്യസമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. പൊരുത്തപ്പെടലുകൾ ക്രമാതീതമായി കൂടുകയും പൊരുതൽ വളരെ കുറയുകയും, ക്ഷണിക ചാരിതാർഥ്യ മാനസികാവസ്ഥ വളരുകയും ചെയ്യുമ്പോഴാണ് അരാഷ്ടീയത, ജീവിതത്തിൽ മേൽക്കോയ്മ സ്ഥാപിക്കുന്നത്. ശരിപക്ഷത്തേക്കാൾ എന്തെന്തു കൊള്ളരുതായ്മകളുണ്ടെങ്കിലും ഭൂരിപക്ഷത്തിനും ഒപ്പം നിൽക്കുന്നതാണ് സുരക്ഷിതത്വമെന്ന കണക്കുകൂട്ടൽ മനുഷ്യരെ എപ്രകാരം കണ്ടാമൃഗങ്ങളാക്കി മാറ്റുമെന്ന് അയനസ്കോ എഴുതിയത് ഏറക്കുറെ ചെറിയ ഭേദഗതികളോടെ ഇന്ത്യൻ പശ്ചാത്തലത്തിലും നിലവിൽ വരുമോ എന്ന പേടി പതുക്കെ വളർന്നുകൊണ്ടിരിക്കെയാണ്, രാവുണ്ണിയുടെ, ‘ഇവിടെ രാഷ്ട്രീയം പറയുവിൻ’ എന്ന കാവ്യസമാഹാരം പുറത്തിറങ്ങുന്നതെന്നുള്ളത് അസ്വസ്ഥതയുണ്ടാക്കും. വ്യാജ ശുഭാപ്തിവിശ്വാസത്തെ പിളർക്കുന്ന ആ അസ്വസ്ഥതയിലെ സമരോത്സുകതയാണ് അയനസ്കോയുടെ നാടകത്തിലെ ബറിംഗറെ അനുസ്മരിപ്പിക്കും വിധം രാവുണ്ണിക്കവിതകളിൽ കുതറുന്നത്.

‘നമുക്ക് മാറാം, റേഡിയോ സ്റ്റേഷൻ ഇപ്പോൾ കണ്ടാമൃഗങ്ങളാണ് നിയന്ത്രിക്കുന്നത്. അവരുമായി നാം ഇണങ്ങണം. അവരെപ്പോലെയായിത്തീരാൻ നാം ശ്രമിക്കണം. ഹവ്വയും ആദവുമാകാൻ ഡെയ്സിക്ക് താൽപര്യമില്ല. കണ്ടാമൃഗങ്ങളിൽ ഇപ്പോളവർ സൗന്ദര്യം കണ്ടെത്തിയിരിക്കുന്നു. അവയുടെ ശബ്ദത്തിൽ സംഗീതവും. തീർന്നില്ല, അവയുടെ ചലനത്തിൽ നൃത്തത്തിന്റെ താളാത്മകമായ ഭംഗിയാണുള്ളത്. അവ ദേവതകളാണ്. പിന്നെയും മനുഷ്യനായി തുടരുന്ന ആ പ്രിയ കാമുകനെ അവളും ഉപേക്ഷിക്കുന്നു.’

നാടകാവസാനം ബറിംഗർ പറയുന്നു: എന്റെ മുഖം വികൃതമാണ്. ലോകത്തിൽ അവശേഷിക്കുന്ന അവസാനത്തെ മനുഷ്യൻ ഞാനാണ്. അന്ത്യം വരെ ഞാൻ മനുഷ്യനായിത്തന്നെ ജീവിക്കും. രാവുണ്ണിയുടെ കവിതകളും കവിതകൾക്ക് സഹജമായ ഭാഷയിൽ ധീരമായി ഇതുതന്നെയാണ് പറയുന്നത്.

രാഷ്ട്രീയം സർഗാത്മകമാകുമ്പോൾ മുദ്രാവാക്യങ്ങൾ കവിതയാകുമെന്ന് മാവോ മുമ്പ് പറഞ്ഞതിന്റെ എതിരവസ്ഥയോടാണ് കവി കലഹിക്കുന്നത്. യാന്ത്രികതകൾക്കിടയിൽ ചോരുന്ന മാനവികതയെ ചേർത്തുപിടിക്കാനാണ്, അധികാര ഹിംസയെ പ്രതിരോധിക്കാനാണ് കവി വാക്കുകൾക്ക് കാവൽ നിൽക്കുന്നത്. കേരളത്തിൽ ജനായത്താശയ പ്രചാരണ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്ത എത്രയോ രാവുണ്ണിക്കവിതകൾ ഈ സമാഹാരത്തിലുണ്ടെന്നുള്ളത് ആവേശകരമാണ്. ഒരു ദിവസം പാതിരാത്രിയിൽ ‘നമോ നമഃ’ എന്ന കവിത രാവുണ്ണി ചൊല്ലിക്കേൾപ്പിച്ചത് ഈ ആമുഖക്കുറിപ്പ് എഴുതുമ്പോഴും എന്നെ വിടാതെ പിന്തുടരുന്നുണ്ട്. പല പ്രസംഗവേദികളിലും സ്വകാര്യ സംഭാഷണങ്ങളിലും, ഒരു തവണയല്ല പലതവണ, ഞാനത് പങ്കുവെച്ചു. മലയാളത്തിൽ ഗുജറാത്ത് വംശഹത്യയെക്കുറിച്ചെഴുതിയ കരളലിയിക്കുന്ന, കണ്ണുതുറപ്പിക്കുന്ന, വട്ടംകറക്കുന്ന ശ്രദ്ധേയ കവിതകളിലൊന്നാണത്.

ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റിയിലെ ഇഹ്‌സാൻ ജാഫ്രിയുടെ തകർക്കപ്പെട്ട വീടിനുമുന്നിൽ നിന്നപ്പോഴുണ്ടായ സംഘർഷം പ്രിയകവി രാവുണ്ണി പങ്കുവെച്ചതോർക്കുന്നു. ആ സംഘർഷം അതിന്റെ സമഗ്രതയിൽ ‘നമോ നമഃ’ എന്ന കവിതയിൽ മനസ്സ് പൂർണമായും മരവിച്ചിട്ടില്ലാത്ത ആരും അനുഭവിക്കും. വംശഹത്യയുടെ ഊടുവഴികളിലേക്ക് വായനക്കാരെ അതുന്തിവീഴ്ത്തും. ഇഹ്‌സാൻ ജാഫ്രിയുടെ കൊലയും തുടർന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവൾ സാക്കിയ ജാഫ്രി നടത്തിയ നിയമസമരങ്ങളും അതിന്റെ വേദനാജനകമായ പരിണതികളും വംശഹത്യകളിൽ മനുഷ്യർക്കൊപ്പം കൊലചെയ്യപ്പെടുന്ന നീതിയെ കുറിച്ചുള്ള ആകുലതകളും എല്ലാം കൂടിച്ചേർന്ന മലയാള കവിതയിലെ ഒരു വൻ ചുവടുവെപ്പ് എന്നർഥത്തിൽ സ്മരണകൾ അധികാര പ്രചാരണങ്ങളിൽ കുത്തിയൊലിച്ച് പോവുന്നില്ലെങ്കിൽ ‘നമോ നമഃ’ മലയാള കവിതാലോകത്ത് വരുംകാലങ്ങളിലും ശിരസ്സുയർത്തിനിൽക്കും. കോടതിയും അന്വേഷണ കമീഷനും ദൈവവും ചെകുത്താനും പൊലീസും പട്ടാളവും വേട്ടക്കാരുടെ ഗർജനവും ഇരകളുടെ നിലവിളികളും പ്രതിഷേധങ്ങളും പ്രതീക്ഷകളും ഇടകലർന്ന ‘നമോ നമഃ’ അധികാരത്തിന് കുഴിച്ചുമൂടാനാകാത്ത സങ്കടസ്മരണകളുടെ ശക്തമായൊരാവിഷ്കാരമാണ്.

‘കുഴഞ്ഞുവീഴലിലൂടെ സാക്കിയ ജാഫ്രി ചോദിച്ചു:

ആരുടെ കൈയിലാണ് വിധികർത്താക്കൾ

പിടിക്കുന്നത്?

ജേതാക്കളുടെയോ?

പരാജിതരുടെയോ?

മായ്ച്ചവരുടെയോ?

മാഞ്ഞവരുടെയോ?

തടവറ ഒരു രാജ്യത്തേക്കാൾ നന്നാവുന്ന സമയം വരും

അത് ഇതാണ്

കഴുമരം ജീവിതത്തേക്കാൾ നന്നാവുന്ന ഒരു സമയം വരും

അത് ഇതാണ്

കോടതിയിൽ നിന്നും പുറത്തായ സാക്കിയ ജാഫ്രി എഴുന്നേൽക്കാൻ ശ്രമിക്കുന്നു

നിവർന്നു നിൽക്കാൻ തുനിയുന്നു

കൈകളുയർത്തുന്നു

മർത്ത്യാകാരം പൂണ്ട തീജ്വാല പോലെ’

ഇഹ്‌സാൻ ജാഫ്രി കൊലയും കോടതിയിൽ നീതിക്കുവേണ്ടിയുള്ള സാക്കിയ ജാഫ്രിയുടെ തോൽവിയും, വംശഹത്യ സൃഷ്‌ടിച്ച നടുക്കങ്ങളും, അധികാരത്തിന്റെ അഹന്തതയും അന്ധതയും, ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങളുടെ ക്രൂരതകൾ മറക്കുകയില്ലെന്ന മുന്നറിയിപ്പും, പിന്നെ ഏതൊരു വംശഹത്യയും ബാക്കിവെക്കുന്ന മുറിവേറ്റ മൗനങ്ങളുമാണ് ‘നമോ നമഃ’യിൽ ഒരു നിലവിളിയോടെ എവിടെ നിന്നൊക്കെയോ വന്നുനിറയുന്നത്.

രാഷ്‌ട്രീയ കവിതയുടെ പ്രകട ഭാവാവിഷ്‌കാരത്തിന്റെ ഭാഗമായി രൂപപ്പെട്ട ഒരുജ്ജ്വല പോസ്റ്റർ കവിതയാണ് രാവുണ്ണിയുടെ ‘പൗരത്വ കാർഡ്’. മനസ്സുകളിലെന്ന പോലെ ചുമരുകളിലും നിറയേണ്ടൊരു കവിത. ഭാവനാസമ്പന്നരായ വായനക്കാർക്കും എഴുത്തുകാർക്കും വായനയിലെന്നപോലെ എഴുത്തിലും ഒന്നിക്കാനാവും വിധം വിസ്‌തൃത ഇടമുണ്ട് എന്നുള്ളതാണ് പോസ്റ്റർ കവിതകളുടെ പ്രത്യേകത. ബ്രഹ്തോൾട് ബ്രഹ്‌ത്തും ഹന്ന ആരൻറും ഓട്ടോ റെനോ കാസ്റ്റിലോയും ഒത്തുചേരുന്ന, ആശയങ്ങൾ ഇളകിമറിയുന്ന ഒരിടമാണ്, ഇടം നഷ്ടമാവുമെന്ന് അവസ്ഥയുമായി ചേർന്ന് ‘പൗരത്വ കാർഡി’ൽ കലമ്പുന്നത്! ജീർണ രാഷ്ട്രീയത്തിൽ നിന്നും ആദ്യം ജ്വലിക്കുന്ന രാഷ്ട്രീയത്തിലേക്കും പിന്നെ രാഷ്ട്രീയമേയില്ലാത്ത രാഷ്ട്രീയ പ്രബുദ്ധതയിലേക്കുമുള്ള കുതിപ്പാണ് ആ കവിതയുടെ കാണാത്ത ഊർജം. നീതി വിപരീതം അനീതി പോലെയുള്ള ഒന്നല്ല രാഷ്ട്രീയം വിപരീതം അരാഷ്ട്രീയം! അരാഷ്ടീയം വേഷം മാറി വരുന്ന ഭരണവർഗ രാഷ്ടീയമായിരിക്കുമ്പോൾ, ഭരണകൂടം പോലുള്ള രാഷ്ട്രീയ സ്ഥാപനങ്ങൾ അവസാനിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന രാഷ്ട്രീയമില്ലാത്ത, അധിക രാഷട്രീയം അഥവാ പ്രബുദ്ധ മാനവബോധമാണ് സൂക്ഷ്മതലത്തിൽ രാഷ്ട്രീയത്തിനൊരു വിപരീതമുണ്ടെങ്കിൽ ഉണ്ടാവുക. അതായത് രാഷ്ട്രീയം വിപരീതം അരാഷ്ട്രീയമല്ല, മറിച്ച് അധിക രാഷ്ട്രീയം! ‘പൗരത്വ കാർഡ്’ എന്ന മലയാളത്തിലെ പല നിലകളിൽ ശ്രദ്ധേയമായ കവിത ആസന്ന ഇന്ത്യൻ സന്ദർഭത്തിലെ പൗരത്വ നിരാകരണാവസ്ഥയുമായി മാത്രം ബന്ധപ്പെട്ടല്ല, അതിനുമപ്പുറം മനുഷ്യരുടെ രാഷ്ട്രീയ കർതൃരൂപങ്ങളിൽ പ്രമുഖമായ ‘പൗരത്വം’ തന്നെ അതിനേക്കാൾ വികസിച്ച ‘പ്രിയ’ത്തിന് സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്ന പ്രബുദ്ധതയുടെ പരമാവധിയെയാണ് ആ കവിത ഒരാകാശ വിസ്തൃതിയോടെ സ്വപ്നം കാണുന്നത്.

‘അതിർത്തിയിൽ പൂമരങ്ങൾ പട്ടാളമാവുന്ന രാജ്യത്തിന്റെ

കരുണ ഭരണഘടനയാവുന്ന രാജ്യത്തിന്റെ

ജീവിതം വസന്തമാവുന്ന രാജ്യത്തിന്റെ

കവിതയും സംഗീതവും മരുന്നാവുന്ന രാജ്യത്തിന്റെ.....

എനിക്കൊരു പൗരത്വ കാർഡുവേണം

പൗരത്വ കാർഡ്

ഇല്ലാത്ത

രാജ്യത്തിന്റെ’

സംഘർഷവും സ്വപ്നവും പരിഹാസവും പ്രിയവും സ്മരണയും സഹകരണവും ആത്മനൊമ്പരങ്ങളും ആത്മാഭിമാനവും ചരിത്ര ബോധത്തിലേക്ക് സർഗാത്മകമായി ഉദ്ഗ്രഥിക്കപ്പെടാനായാൽ ശരീരത്തിലേക്കും ആദർശങ്ങളിലേക്കും പടരുന്ന ‘ചിതലു’കളെ ചെറുത്തുനിൽക്കാനാവുമെന്ന സമരോത്സുക പ്രതീക്ഷയാണ് സർവ കീഴ്മറിച്ചിലുകളെയും കണ്ടുകൊണ്ട് അതിന്റെ തീവ്രത, കാണുന്നതിനുമപ്പുറമാണെന്ന് താക്കീത് നൽകിക്കൊണ്ട് പ്രിയകവി രാവുണ്ണി ഇവിടെ മാത്രമല്ല എവിടെയും, രാഷ്ട്രീയം പറയുവിൻ എന്ന കാലം ആവശ്യപ്പെടുന്ന സമരോത്സുക കാഴ്ചപ്പാടിലൂടെ അനുഭവിപ്പിക്കുന്നത്.

Tags:    
News Summary - article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.