തിളക്കുന്ന വെള്ളത്തിലേക്ക് തവളയെ  എടുത്തിട്ടാൽ നിമിഷങ്ങൾക്കുള്ളിൽ അത് പുറത്തേക്കു ചാടി രക്ഷപ്പെടും.  എന്നാൽ, സാധാരണ വെള്ളത്തിൽ തവളയെ ഇട്ട് സാവധാനം അത് ചൂടാക്കുക.  ചൂടു കൂടുന്നതറിയാതെ വെള്ളത്തിൽതന്നെ കഴിയുന്ന തവള വൈകാതെ ചത്തുപൊങ്ങും.  ഇന്ത്യയുടെ രാഷ്​ട്രീയ, സാമൂഹിക ഭൂമികയിൽ നടക്കുന്ന മാറ്റങ്ങൾക്ക് സാമൂഹിക നിരീക്ഷകരുടെ ഭാഷയിൽ പറയുന്ന ഈ തവള സിൻഡ്രവുമായി ബന്ധമുണ്ടോ?

 

ബാബരി മസ്​ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചതിന് കാൽനൂറ്റാണ്ട് പൂർത്തിയായി. 500 വർഷം പഴക്കമുള്ള ബാബരി പള്ളി അവസാനം കാണാൻ ഭാഗ്യം ലഭിച്ച മാധ്യമപ്രവർത്തക​​​​െൻറ വിചാര^വികാരപ്രക്ഷോഭങ്ങളാണ് ഈ കുറിപ്പിനാധാരം. ബാബരി മസ്​ജിദിൽനിന്ന് താജ്മഹലിലേക്കുള്ള ദൂരം ഏതാണ്ട് 500 കിലോമീറ്ററാണ്.  എന്നാൽ, ആ ദൂരത്തിനിടയിൽ ഇന്ത്യ പ്രവേശിച്ചത് ഇരുണ്ട കാലഘട്ടത്തിലേക്കാണെന്ന് കേവല നിരീക്ഷണത്തിൽതന്നെ ബോധ്യമാവും.  ബാബരി മസ്​ജിദ് തകർന്ന ഘട്ടത്തിൽ ഞാനെഴുതിയ വാർത്താശകലങ്ങൾ ഇന്നുമെ​​​​െൻറ മനസ്സിനെ കൊളുത്തിവലിക്കുന്നുണ്ട്.  ഡിസംബറി​​​​െൻറ തണുപ്പിൽ മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി ഫൈസാബാദിൽനിന്ന് അയോധ്യയിലേക്കുള്ള യാത്ര ‘‘മതനിരപേക്ഷ ഭാരതത്തി​​​​െൻറ ചരമക്കുറിപ്പെഴുതാനായിരുന്നെന്ന് ഞങ്ങളാരും നിനച്ചിരുന്നില്ല...’’  ഇന്ത്യൻ രാഷ്​ട്രീയത്തി​​​െൻറ ഇന്നത്തെ ഗതിവിഗതികൾ നിരീക്ഷിക്കുമ്പോൾ അന്ന് കോറിയ വരികൾക്ക് ഒരു പ്രവചന സ്വഭാവം ഉണ്ടായിരുന്നില്ലേ?
ചരിത്രവും വസ്​തുതകളും ഇന്ന് എടുക്കാച്ചരക്കാണ്.  പുരാണവും നാടോടിക്കഥകളും അന്ധവിശ്വാസങ്ങളുമൊക്കെ ചരിത്രനിർമിതികളായി മാറുന്നു.  പൗരത്വം എന്നത് ഹിന്ദുത്വമായി ചുരുങ്ങുമ്പോൾ ദേശസ്​നേഹത്തിന് ഒരൊറ്റനിർവചനം മാത്രമേ നിർദേശിക്കപ്പെടുന്നുള്ളൂ.  ഇന്ത്യ എന്ന ആശയത്തിന് വൈവിധ്യമാർന്ന മാനങ്ങളാണുണ്ടായിരുന്നത്. ഒരേസമയംതന്നെ ഇന്ത്യൻ ജനത പല നൂറ്റാണ്ടുകളിലാണ് ജീവിക്കുന്നത്.  മലയാളി ജീവിക്കുന്ന കാലഘട്ടത്തിലല്ല ബിഹാറിലെ ഒരു ഗ്രാമീണൻ ജീവിതം തള്ളിനീക്കുന്നത്.  ഒരേസമയം ഇന്ത്യക്കാർ പരസ്​പരപൂരകങ്ങളല്ലാത്ത സാംസ്​കാരിക വഴിത്താരയിലൂടെയാണ് സഞ്ചരിക്കുന്നത്.  ജനസംഖ്യയുടെ 50 ശതമാനം പേർക്ക് ഹിന്ദി മനസ്സിലാകില്ല.  ഭരണഘടനതന്നെ 23 ഭാഷകളെ അംഗീകരിച്ചിട്ടുണ്ട്.  25,000 കുഞ്ഞൻഭാഷകൾ ഇന്ത്യയിൽ ഇപ്പോഴും നിലകൊള്ളുന്നു.  ഈ യാഥാർഥ്യങ്ങളെയെല്ലാം ഉൾക്കൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപികൾ രാഷ്​ട്രനിർമിതിക്കുള്ള അടിസ്​ഥാനശില പാകിയത്.

ബൗദ്ധിക അന്ധത
ഇന്ത്യയിലെ എക്കാലത്തെയും പ്രശസ്​ത വ്യക്തികളിൽ ഒന്നായ രവീന്ദ്രനാഥ ടാഗോറി​​​െൻറ വാക്കുകൾ ഏറെ പ്രശസ്​തമാകുന്ന കാലഘട്ടമാണിത്.  മാനവിക മൂല്യങ്ങൾക്ക് മുകളിൽ രാജ്യത്തെ പ്രതിഷ്ഠിക്കുമ്പോൾ ജനങ്ങളെ സങ്കുചിതപാതയിലേക്ക് അത് നയിക്കുമെന്നും ആത്യന്തികമായി സൃഷ്​ടിക്കപ്പെടുന്നത് ധാർമികച്യുതിയും ബൗദ്ധിക അന്ധതയുമായിരിക്കുമെന്നുമാണ് ടാഗോർ കുറിച്ചത്.  ലോകത്തിലാദ്യം വിമാനം ഉണ്ടാക്കി പറത്തിയത് ഇന്ത്യക്കാരനാണെന്നും പ്ലാസ്​റ്റിക് സർജറിയിലൂടെയാണ് ഗണപതിക്ക് മൂക്കുണ്ടാക്കിയ​െതന്നും പ്രധാനമന്ത്രി പറയുന്നിടത്തേക്ക്​ ടാഗോർ പറഞ്ഞ ബൗദ്ധിക അന്ധത എത്തി നിൽക്കുന്നു.

പശുവി​​​​െൻറ പേരിൽ ദലിതനും മുസ്​ലിമും ഒക്കെ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ഇന്ന് വാർത്തകൾപോലും അല്ലാതായിരിക്കുന്നു.  കേട്ടും കണ്ടും, കാതും കണ്ണും തഴമ്പിക്കുമ്പോൾ വാർത്താകൗതുകംതന്നെ അസ്​തമിക്കും.  ഒരു ഹിന്ദു പെൺകുട്ടിക്ക് പകരം 100 മുസ്​ലിം പെൺകുട്ടികളെ റാഞ്ചണമെന്ന് പരസ്യാഹ്വാനം ചെയ്ത വ്യക്തി ഇന്ത്യയുടെ ഏറ്റവും സുപ്രധാന സംസ്​ഥാനത്തി​​​െൻറ ഭരണത്തലവനാകുന്നു.  ബാബരി മസ്​ജിദി​​​െൻറ ധൂളികളിൽനിന്നാണ് ഹിന്ദുത്വശിൽപികൾ ആദിത്യനാഥ് എന്ന നേതാവിനുതന്നെ രൂപം നൽകിയത്.
ഇന്നത്തെ സാമൂഹിക സംവാദങ്ങളെല്ലാം മതം എന്ന ഘടകത്തെ മുൻനിർത്തി മാത്രമാണ്.  എന്തു  പറയുന്നു എന്നതിലല്ല ആരു പറയുന്നു എന്നതിനാണ് കൂടുതൽ ഉൗന്നൽ.  മൂന്നു പതിറ്റാണ്ട് കാലത്തെ മാധ്യമപ്രവർത്തനപരിചയമുള്ള ഞാനെന്ന മാധ്യമപ്രവർത്തകനെപ്പോലും ക്രിസ്​ത്യാനിയുടെ തുലാസ്സിൽ തൂക്കാൻ ശ്രമം നടന്നു.  സാധാരണ അർഥത്തിൽ ഒരു കേവല ക്രിസ്​ത്യൻ വിശ്വാസി എന്ന പരിവേഷം പോലും അവകാശപ്പെടാൻ കഴിയാത്ത എന്നെയാണ് മാതാ അമൃതാനന്ദമയിക്കു നേർക്ക് കാമറക്കണ്ണുകൾ ചലിപ്പിച്ചു എന്ന പേരിൽ വർഗീയ ചേരുവകൾകൊണ്ട് പൊതിഞ്ഞത്.  നമ്മുടെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന തെറിവിളികളുടെ കാഠിന്യം രാജ്യത്തെ കീറിമുറിക്കുകയാണ്.   ഡോളറി​​​െൻറ സമൃദ്ധിയിൽ കാലിഫോർണിയയിലും സിയാറ്റിനിലുമൊക്കെ കഴിയുന്നവരാണ് ഇന്ത്യയിൽ ജീവിക്കുന്നവൻ അനുഷ്ഠിക്കേണ്ട ദേശീയതയുടെ ഡ്രില്ലിനെക്കുറിച്ച് ഉപദേശങ്ങൾ വർഷിക്കുന്നത്.  

ഭീതി ഗ്രസിച്ച കാമ്പസുകൾ
ഇന്ത്യയുടെ സാമൂഹികാവസ്​ഥയിൽ ഗുണപരമായ വ്യതിയാനം സൃഷ്​ടിച്ചിട്ടുള്ള സംവാദങ്ങളിൽ നല്ലൊരു പങ്കും ഉറവകൊണ്ടിട്ടുള്ളത് നമ്മുടെ സർവകലാശാലകളിൽനിന്നാണ്.  യോജിപ്പി​​​െൻറയും വിയോജിപ്പി​​​െൻറയും പ്രസക്തിയാണ് ഈ സംവാദങ്ങളുടെയൊക്കെ അന്തഃസത്ത.  എന്നാൽ , ഇന്ന് കാമ്പസി​​​െൻറ പ്രതീകം വിദ്യാർഥികൾക്കുനേരെ തുറിച്ചുനോക്കുന്ന ടാങ്കുകളാണ്. ‘‘എ​​​െൻറ അച്ഛനെ കൊന്നത് പാകിസ്​താനല്ല മറിച്ച് യുദ്ധമാണ്’’  എന്നു പ്രഖ്യാപിച്ച കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമേഹർ വഴിപിഴച്ചവളാകുന്നു.  ഡൽഹി സർവകലാശാലയിലെ വിദ്യാർഥിയായ ഗുർമേഹർ കോറിയ വരികൾ മാത്രം മതി ഇന്ത്യയുടെ ഇരുളിമക്ക്​ അടിവരയിടാൻ.  രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് ഇന്ത്യക്കുവേണ്ടി പൊരുതി കാർഗിലിൽ വീരമൃത്യു വരിച്ചത്.  പിച്ച​െവച്ചുതുടങ്ങിയപ്പോൾ ഗുർമേഹറി​​​െൻറ തലച്ചോറിൽ നിറഞ്ഞത് വിദ്വേഷമായിരുന്നു.  ബുർക്ക ധരിച്ചു എന്നുള്ള ഒറ്റക്കാരണത്താൽ ഒരു സ്​ത്രീക്കെതിരെ ആറു വയസ്സായ ഗുർമേഹർ കത്തി വീശി.  അന്നു ഗുർമേഹറിനെ ചേർത്തുപിടിച്ച് അവളുടെ അമ്മ കാതിൽ പറഞ്ഞതാണ് മനസ്സിലെ അന്ധകാരത്തി​​​െൻറ കാർമേഘത്തുണ്ടുകളെ അകറ്റിയത്.  ‘‘പാകിസ്​താനല്ല മോളെ യുദ്ധമാണ് നി​​​െൻറ അച്ഛനെ കൊണ്ടുപോയത്.’’  ഈ തിരിച്ചറിവിലൂടെ ഗുർമേഹർ  വളർന്നതാണ് ദേശസ്​നേഹ വക്താക്കളെ ചൊടിപ്പിച്ചത്.  രാജ്യത്തെ ദൈവംപോലെ ആരാധിക്കുന്നത് രാജ്യത്തിനുമേൽ ശാപം വർഷിക്കുന്നതുപോലെയാണെന്ന ടാഗോറി​​​െൻറ വരികൾക്ക്

കർസേവകർ തകർക്കുന്നതിന്​ മുമ്പ്​ ബാബ​രി മസ്​ജിദിൽ നിന്ന്​ പുറത്തേക്കുവരുന്ന എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, പ്രമോദ്​ മഹാജൻ തുടങ്ങിയവർ
 

ഇന്ന് ഒരു നൂറ്റാണ്ട് തികയുന്നു!
വർത്തമാനകാലത്തെ ഭൂതകാലത്തി​​​െൻറ തടവിലിടുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വിനോദം.  ഷാജഹാനെ അവസാനകാലം ഔറംഗസേബ് തടവിലിട്ടു എന്നത് ചരിത്രം. ഇന്ന് പഴയകാല കോട്ടകൊത്തളങ്ങളുടെ ഇരുട്ടറകളിലേക്ക്​ നിഷ്കളങ്കരായ ജനങ്ങളെ തള്ളിനിറക്കാൻ ശ്രമം.  പത്മാവതിക്ക് പുതിയ ഭാഷ്യം ചമക്കുമ്പോൾ അതിൽ നഷ്​ടപ്പെടുന്നത് ഭൻസാലിയുടെ തലയും ദീപികയുടെ  മൂക്കും മാത്രമല്ല, സ്വതന്ത്രമായി ചിന്തിക്കാനും ആവിഷ്​കരിക്കാനുമുള്ള ഓരോ ഇന്ത്യക്കാര​​​​െൻറയും അവകാശമാണ് ഇതിലൂടെ കവർന്നെടുക്കപ്പെടുന്നത്.  ഇന്ത്യ ഭരിച്ച രാജാക്കന്മാർ ഏത​ു മതവിഭാഗത്തിൽപെട്ടവരാണെങ്കിലും അവരെല്ലാം നല്ലതും ചീത്തയും ചെയ്തിട്ടുണ്ട്. സമ്പൽസമൃദ്ധമായിരുന്ന കോഴിക്കോട്​ സാമൂതിരിയുടെ ദേശത്തെ തോൽപിക്കാൻ വിദേശശക്തികളുമായി കൈകോർത്തത് കൊച്ചി രാജാവായിരുന്നില്ലേ? ഇവിടെ മതത്തിനും ജാതിക്കുമൊക്കെ എന്തു പ്രസക്തി.  1857ൽ ഹിന്ദുക്കളും മുസ്​ലിംകളും ഒരുമിച്ചുചേർന്നാണ് ബ്രിട്ടീഷുകാർക്കെതിരെ കലാപക്കൊടി ഉയർത്തിയത്.

ദേശദ്രോഹ മുദ്ര
ബാബരി മസ്​ജിദ് തകർന്ന വേളയിൽ ഒരു വിഭാഗം മാധ്യമങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്തായിരുന്നു. എന്നാൽ, ഇന്ന് വിരലിലെണ്ണാവുന്ന മാധ്യമപ്രവർത്തകർ മാത്രമാണ് സുബോധത്തോടെ പെരുമാറുന്നത്.  ക്രിക്കറ്റ് പിച്ചിനെപ്പോലും യുദ്ധക്കളമായി കണ്ടാണ് വാർത്താപ്രസരണം നടത്തുന്നത്.  ടെലിവിഷൻ സ്​റ്റുഡിയോവിൽ അവതാരകർ പട്ടാള യൂനിഫോം അണിഞ്ഞ് പാകിസ്​താനെതിരെ ആേക്രാശമുയർത്തുമ്പോൾ േപ്രക്ഷകർ പകച്ചുനിൽക്കുകയാണ്.  ഭരണസംവിധാനത്തെയും കോടതികളെയും പട്ടാളത്തെയും വിമർശിച്ചാൽ തത്സമയം നിങ്ങൾ  ദേശ​േദ്രാഹികളാകും.  അന്തമാനിലെ സെല്ലുലാർ ജയിൽ വീർ സവർക്കർ സ്​മൃതിമന്ദിരമായി ചുരുങ്ങുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം സർദാർ പട്ടേലി​​​െൻറ പടിപ്പുരയിലേക്ക് ഒതുക്കിനിർത്തുന്നു.  മുസ്​ലിമിനു ഭരണപങ്കാളിത്തം എന്നത് ദേശ​േദ്രാഹപരമാണ്.  ഉത്തർപ്രദേശി​​​െൻറ ജനസംഖ്യയിൽ 19 ശതമാനം വരുന്ന ഒരു ജനവിഭാഗത്തിന് നാമമാത്ര പ്രാതിനിധ്യംപോലും ഭരണനിർവഹണത്തിനില്ല.  കേന്ദ്ര ഗവൺമ​​​െൻറിലെയും ബഹുഭൂരിപക്ഷം സംസ്​ഥാനങ്ങളിലെയും സ്​ഥിതി ഇതിനു സമാനമാണ്.  കേന്ദ്ര സർക്കാറിൽ മുക്താർ അബ്ബാസ്​ നഖ്​വി  എന്നൊരു കോലം പ്രതിഷ്ഠിച്ചാണ് വലിയൊരു വിഭാഗത്തി​​​െൻറ വികാരവിക്ഷോഭങ്ങളോട് കേന്ദ്രസർക്കാർ പ്രതിക്രിയ ചെയ്യുന്നത്.  യഥാർഥത്തിൽ ബാബരി മസ്​ജിദി​​​െൻറ തകർച്ചയാണ് തങ്ങൾ കേവലം ‘ന്യൂനപക്ഷ‘മെന്ന ചിന്തയിലേക്ക്​ ഉൾവലിയാൻ മുസ്​ലിം സമൂഹത്തെ േപ്രരിപ്പിച്ചത്.  എന്നിട്ടും അവർ ‘പ്രീണനവും പരിലാളനവും‘ ഏറ്റുവാങ്ങുന്നവരായി തുടരുന്നു.  മസ്​ജിദി​​​െൻറ ധൂളികൾ കോറിയിട്ട വഴിത്താരയിലൂടെ ഇനിയും എത്ര കാലം ഇന്ത്യ മുന്നോട്ടുപോകും?

Tags:    
News Summary - Babri Demolition Anniversary, Memories by John Britas-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT