അതിരപ്പിള്ളിയിൽ  നോട്ടമിടുന്നതെന്തിന്​? 

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സ്ഥാപിക്കാനായി കെ.എസ്.ഇ.ബിയും സർക്കാറും പറയുന്ന വാദം സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ലെന്നാണ്. അതിൽ തർക്കമില്ല. കഴിഞ്ഞ ദിവസത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 2828 മെഗാവാട്ടും ഉൽപാദനം 781 മെഗാവാട്ടുമാണ്.എന്നാൽ, അതിരപ്പിള്ളി മാത്രമാണോ ഇതിനു പരിഹാരം? സംസ്ഥാനത്ത് വൈദ്യുതി ബോർഡ് തുടക്കമിട്ട ജലവൈദ്യുതി പദ്ധതികൾക്ക് എന്തു സംഭവിച്ചു? ആദ്യ ജലവൈദ്യുതിപദ്ധതിയായ പള്ളിവാസലിലെ അധികജലം ഉപയോഗിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുടെ നിർമാണം തുടങ്ങിയത് 2007ലാണ്. 2011ൽ കമീഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടത്. ഇപ്പോൾ 2020ൽ എത്തുേമ്പാഴും എങ്ങുമെത്തിയിട്ടില്ല. പള്ളിവാസൽ പദ്ധതിയിൽനിന്നു വെള്ളം ഉപയോഗിക്കാൻ കഴിയാത്തതുമൂലം പ്രതിദിന നഷ്​ടം 50 ലക്ഷം രൂപയാണ്​. ഇവിടെ വൈദ്യുതി ഉൽപാദിപ്പിച്ച് പുറത്തേക്ക് ഒഴുക്കുന്ന വെള്ളം ചെങ്കുളത്ത് എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നിരിക്കെ അതി​​െൻറ പേരിലുള്ള നഷ്​ടം വേറെയും. ഇത് പള്ളിവാസലി​​െൻറ ഒറ്റപ്പെട്ട കഥയല്ല. പത്ത് പദ്ധതികളിൽനിന്നായി 190.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് നിലവിലെ ലക്ഷ്യം. പക്ഷേ, എല്ലാം പാതിവഴിയിൽ നിൽക്കുന്നു. തുടങ്ങിവെച്ച പദ്ധതികൾ പൂർത്തികരിക്കാൻ താൽപര്യമെടുക്കാതെയാണ് വൈദ്യുതിബോർഡ് പുതിയ പദ്ധതികൾക്ക് പിന്നാലെ പോകുന്നത്.

ഇതിൽ കരാറുകാരുടെ താൽപര്യമുണ്ടോ? കഴിഞ്ഞ ഏഴു വർഷത്തിനിടെ ഏഴു മെഗാവാട്ട് വൈദ്യുതി മാത്രമാണ് അധികമായി ഉൽപാദിപ്പിക്കാൻ കഴിഞ്ഞത്. 750 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന 100 ചെറുകിട പദ്ധതികളെങ്കിലും സംസ്ഥാനത്ത് സ്ഥാപിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.എന്നാൽ, വൻകിട പദ്ധതികളിലാണ് ബോർഡി​​െൻറ താൽപര്യം. 

ഇടുക്കി പദ്ധതി കമീഷൻ ചെയ്യുന്നതിന് മുേമ്പ സൈലൻറ്​വാലിയുടെയും മൂന്നാറി​െൻറയും പൂയംകുട്ടിയുടെയും ഇൻവെസ്​റ്റിഗേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ശക്തമായ എതിർപ്പിനെ തുടർന്ന് അതൊക്കെ ഉപേക്ഷിക്കേണ്ടി വന്നു. അതോടെയാണ് 1979ൽ അതിരപ്പിള്ളിയിലെത്തിയത്. ലോവർ പെരിയാർ പദ്ധതി കമീഷൻചെയ്ത ശേഷമാണ് അതിരപ്പിള്ളിക്ക് വേണ്ടിയുള്ള സമ്മർദം ശക്തമായതെന്നു കാണാം. ചാലക്കുടിപ്പുഴ നദിതടത്തിൽ ഏഴാമത് അണക്കെട്ടായിരിക്കും അതിരപ്പിള്ളി. കേരളത്തി​െൻറ ഷോളയാർ, പെരിങ്ങൽകുത്ത്, തമിഴ്നാടി​​െൻറ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപള്ളം, ഷോളയാർ എന്നിവയാണ് മറ്റുള്ളവ. ഇരുസംസ്ഥാനങ്ങളും ഒപ്പിട്ട പറമ്പിക്കുളം-ആളിയാർ പദ്ധതി കരാറി​െൻറ (പി.എ.പി) ഭാഗമായാണ് ഇൗ അണക്കെട്ടുകളൊക്കെ നിർമിച്ചത്.വാഴച്ചാൽ വെള്ളച്ചാട്ടത്തിന് മുകളിൽ 23 മീറ്റർ ഉയരവും 311 മീറ്റർ നീളവുമുള്ള അണക്കെട്ടും കണ്ണംകുഴിതോടിന് സമീപം വൈദ്യുതി നിലയവുമാണ് പദ്ധതിയിലുള്ളത്. 80 മെഗാവാട്ട് സ്ഥാപിത ശേഷയുള്ള രണ്ട് ജനറേറ്ററുകൾ പ്രധാന നിലയത്തിലും വെള്ളച്ചാട്ടം നിലനിർത്താൻ ഒന്നര മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളും സ്ഥാപിക്കും. കേരള ഷോളയാറിൽ 54 മെഗാവാട്ടും പെരിങ്ങൽകുത്തിൽ 48 മെഗാവാട്ടുമാണ് ശേഷി. പി എ പി കരാർ പ്രകാരം കേരള ഷോളയാറിൽ തമിഴ്നാട് തരുന്ന വെള്ളം ഉപയോഗിച്ച് വേണം പദ്ധതികൾ പ്രവർത്തിക്കാൻ. 

അണക്കെട്ട് സ്ഥാപിക്കുന്നതോടെ 138.6 ഹെക്ടർ വനം ഇല്ലാതാകുമെന്ന് വൈദ്യുതി ബോർഡ് തന്നെ പറയുന്നു. ഇതിന് പുറമെ 13.2 ഹെക്ടർ വനംകൂടി വേണ്ടി വരുമെങ്കിലും അത് തിരിച്ച് നൽകുമത്രെ. പദ്ധതി വരുന്നതുമൂലമുണ്ടാകുന്ന മറ്റ് വനനശീകരണം ഇൗ പട്ടികയിൽ വരില്ല. അതി​​െൻറ തോത് കണക്കാക്കാനും കഴിയില്ല.എന്നാൽ, നശിപ്പിക്കപ്പെടുന്ന വനത്തി​​െൻറ പരിസ്ഥിതിമൂല്യം ആര് കണക്കാക്കും? പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രാധാന്യമുള്ള വനമാണ് പദ്ധതിക്കായി നശിപ്പിക്കപ്പെടുന്നത്. കാലാവസ്ഥവ്യതിയാനത്തെ തുടർന്ന് ലോകമാകെ വനവത്​കരണത്തിന് പിന്നാലെ പോകുേമ്പാഴാണ് ഇതെന്നറിയുക. സമുദ്ര നിരപ്പിൽനിന്നു അധികം ഉയരത്തിൽ അല്ലാതെയുള്ള വനമേഖലയെന്ന പ്രാധാന്യവും ഇൗ വനത്തിനുണ്ട്. അതിരപ്പിള്ളിയിലെ വൃക്ഷസാന്ദ്രത ഹെക്ടറിൽ ഏകദേശം 508 ആണെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാനായിരുന്ന ഡോ. വി.എസ്. വിജയൻ പറയുന്നു. ഹെക്ടറിൽ 5000-6000 കുറ്റിച്ചെടികളുണ്ട്. നാലിനം വേഴാമ്പലുകളെ ഒന്നിച്ച് കാണണമെങ്കിൽ ഇൗ വനത്തിൽ വരണം. മലമുഴക്കി, പാണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടുവേഴാമ്പൽ എന്നിവയാണ് ശല്യപ്പെടുത്തൽ ഇല്ലാതെ അതിരപ്പിള്ളി വനത്തിൽ ജീവിക്കുന്നത്. വൈദ്യുതിപദ്ധതി വരുന്നതോടെ ഇവയുടെ ആവാസവ്യവസ്ഥയാകും തകരുക. പശ്ചിമഘട്ടത്തിലെ 16 ഇനം പക്ഷികളിൽ 12ഉം ഇവിടെയുണ്ട്. ഇൗ വനത്തിൽ കാണപ്പെടുന്ന 155 സസ്യവർഗങ്ങളിൽ 33ഉം വംശനാശ ഭീഷണി നേരിടുന്നു. ഇൗ വനത്തിൽമാത്രം കാണപ്പെടുന്ന ചിത്രശലഭങ്ങൾക്കുവേണ്ടിയാണ് കേരള വന ഗവേഷണ ഇൻസ്​റ്റിറ്റ്യൂട്ട് ശലഭപാർക്ക് ഒരുക്കിയത്. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾക്ക് പുറമെ ആനകളുടെ വഴിത്താര കൂടിയാണ് ഇവിടം. വികസനപദ്ധതികൾക്കു വേണ്ടി പലയിടത്തെയും ആനത്താരകൾ നശിപ്പിക്കപ്പെട്ടതോടെയാണ് കാട്ടാനകൾ കൂട്ടത്തോടെ തീറ്റതേടി നാട്ടിലിറങ്ങി തുടങ്ങിയത്. 

ചാലക്കുടിപ്പുഴ മത്സ്യസമ്പത്ത് കൊണ്ടും സമ്പന്നമാണ്. വംശനാശ ഭീഷണി നേരിടുന്ന നാലിനം മത്സ്യങ്ങൾ ഇൗ പുഴയിലുണ്ട്. ചൂരലാമയും ഇവിടെ മാത്രം. ഒഴുക്കിന് എതിരെയും ഒപ്പവും സഞ്ചരിക്കുന്ന മത്സ്യങ്ങളാണ് ഏറെയും. അണക്കെട്ട് വരുന്നതോടെ ഇൗ മത്സ്യസഞ്ചാരം നിലക്കും. അത് വംശനാശത്തിന് കാരണമായേക്കും. മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും പ്രശ്​നങ്ങളെ വികസനവാദികൾ പുച്ഛിച്ച് തള്ളുമെന്നറിയാം. എന്നാൽ, ഒറ്റപ്പെട്ടുപോകുന്ന കുറെ മനുഷ്യജീവനുകൾ ഇൗ വനത്തെ ആശ്രയിച്ചു ജീവിക്കുന്നു. വികസനത്തിനായി തലമുറകളായി ആട്ടിപ്പായിക്കപ്പെടുന്നവർ. അത് അതിരപ്പിള്ളിയിൽ മാത്രമല്ല, എവിടെ വൈദ്യുതിപദ്ധതികൾ വന്നാലും പലായനം ചെയ്യപ്പെടേണ്ടി വരുന്നത് കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളാണ്. ഇടുക്കിയിലെ വിവിധ പദ്ധതികൾ വന്നതോടെയാണ് മുതുവാൻ, മന്നാൻ ആദിവാസി സമൂഹം കൂട്ടം തെറ്റിയത്. അവരുടെ കൃഷിഭൂമി ഇെട്ടറിഞ്ഞ് വൈദ്യുതി ബോർഡും വനംവകുപ്പും ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എത്തി. അവിടെയും പദ്ധതി വന്നപ്പോൾ വീണ്ടും പായിക്കപ്പെട്ടു. അതുതന്നെയാണ് പ്രാക്തന ഗോത്രവർഗ വിഭാഗത്തിൽപ്പെടുന്ന കാടരുടെ അവസ്ഥയും. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ പറമ്പിക്കുളം-ചാലക്കുടി ട്രാംവേ നിർമിക്കാൻ തുടങ്ങിയതേ ാ
ടെ പലായനം ആരംഭിച്ചതാണ് കാടർ. പിന്നീട് അണക്കെട്ടുകൾക്ക് വേണ്ടിയായി. പറമ്പിക്കുളം തുടങ്ങി പെരിങ്ങൽകുത്ത് വരെയുള്ള ആറ് അണക്കെട്ടുകൾ നിർമിച്ചപ്പോഴും അവർ വെള്ളം കയറാത്ത സ്ഥലത്തേക്ക് ഒാടി. കേന്ദ്ര വനനിയമം വന്നതോടെ ഇനി അവർക്ക് പുതിയ വനപ്രദേശത്ത് പ്രവേശിക്കാൻ കഴിയില്ല. അതിരപ്പിള്ളി പദ്ധതി വന്നാൽ കാടും ഉപേക്ഷിച്ച് പോകേണ്ടി വരും. 306 കുടുംബങ്ങളിലായി ആയിരത്തോളമാണ് തൃശൂർ ജില്ലയിലെ കാടരുടെ ജനസംഖ്യ.

ഇതിനും പുറമെയാണ് അതിരപ്പിള്ളിയിലെ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരങ്ങൾ. വെള്ളച്ചാട്ടം ഇല്ലാതായാൽ ടൂറിസം നിലക്കും. ചാലക്കുടി മുതലുള്ള വിവിധ മേഖലയിലുള്ളവരെയാണ് അത് ബാധിക്കുക. പാരിസ്ഥിതിക നഷ്​ടവും വിവിധ ജനവിഭാഗങ്ങൾക്കുണ്ടാകുന്ന നഷ്​ടവും പരിഹരിക്കാൻ അതിരപ്പിള്ളിയിൽ ഉൽപാദിപ്പിക്കുമെന്ന് അവകാശപ്പെടുന്ന 233 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാവില്ല.

ഇതിനും പുറമെയാണ് കുടിവെള്ള പ്രശ്നം. ചാലക്കുടിപ്പുഴയെ ആശ്രയിച്ചാണ് 28 തദ്ദേശസ്ഥാപനങ്ങളിലെ കുടിവെള്ളം. അതിനു പുറമെ ജലസേചനവും. വർഷത്തിൽ രണ്ടു തവണ കേരള ഷോളയാർ നിറക്കണമെന്ന് പി.എ.പി കരാറിൽ വ്യവസ്ഥ ചെയ്തതു തന്നെ കുടിവെള്ള ജലസേചന സൗകര്യങ്ങൾ മുന്നിൽ കണ്ടാണ്. 1974ലെ പഠനപ്രകാരം 110 ടി.എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം ചാലക്കുടിപ്പുഴയിലൂടെ ഒഴുകുന്നു. പി.എ.പിയിലെ അണക്കെട്ടുകൾ പൂർത്തിയായതോടെ 91 ടി.എം.സിയായി. അതിൽ 90-95 ശതമാനവും മൺസൂൺ കാലയളവിലാണ്. അപ്പോൾ മറ്റു സമയങ്ങളിൽ നിർദിഷ്​ട ജലവൈദ്യുതിപദ്ധതി എങ്ങനെയാണ് പ്രവർത്തിക്കുക? പലപ്പോഴും തമിഴ്നാട്ടിൽനിന്നു വെള്ളം കിട്ടാറില്ലെന്നത് വൈദ്യുതി ബോർഡ് അംഗീകരിക്കുന്ന കാര്യമാണ്.

അതിരപ്പിള്ളിയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്താണ് പദ്ധതി പാടില്ലെന്ന് ഡോ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. എന്നിട്ടും പദ്ധതി ഉപേക്ഷിക്കാൻ വൈദ്യുതി ബോർഡ് ഒരുക്കമല്ല, അവസരം കിട്ടിയാൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനാണ് ഒരിക്കൽ ലഭിച്ച എൻ.ഒ.സി പുതുക്കാനുള്ള തീരുമാനം. ജലവൈദ്യുതി പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന കേന്ദ്ര സർക്കാറി​​െൻറ നയമാണ് വൈദ്യുതി ബോർഡ് പിടിവള്ളിയാക്കുന്നത്.  

Tags:    
News Summary - athirappilly project in kerala-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.