മലയാളത്തിന്​ ഒരു അറബി​ സർവകലാശാല

ലോകത്തി​െൻറ സാമ്പത്തിക, സാംസ്​കാരിക, സാങ്കേതിക, വൈജ്ഞാനിക, തൊഴിൽമേഖലകളിൽ അനുദിനം വികാസം പ്രാപിക്കുന്ന ഭാഷ എന്ന നിലയിൽ അറബി ഭാഷാപഠനം തൊഴിൽസാധ്യതകളുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്നു.ഖുർആ​െൻറ ഭാഷയായതിനാൽ ആഗോളപ്രചാരം ലഭിച്ച അറബി, വിവരസാങ്കേതികമേഖലയിലെ എല്ലാ കണ്ടുപിടിത്തങ്ങൾക്കും മാറ്റങ്ങൾക്കും പുതിയ പദങ്ങളും പ്രയോഗങ്ങളും സംഭാവന ചെയ്യാൻ പ്രാപ്​തി നേടി. ലോകത്ത് 22 രാഷ്​ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും 50 കോടി ജനങ്ങൾ ജീവിതത്തിൽ ഉപയോഗിക്കുന്ന ഭാഷയുമാണത്. കേരളത്തിൽ മാത്രം 50 ലക്ഷം ജനങ്ങൾ അറബി സാക്ഷരരായുണ്ട്​.

അറബി രാഷ്​ട്രഭാഷയല്ലാത്ത നാടുകളിൽ ആ ഭാഷയും സംസ്കാരവും ഏറ്റവും കൂടുതൽ പ്രചാരം നേടിയത്​ കേരളത്തിലാണ്. അതുകൊണ്ടുതന്നെ, അറബി ഭാഷ സാഹിത്യരംഗത്തും തൊഴിൽരംഗത്തും അനന്തമായ അവസരങ്ങളും സാധ്യതകളുമാണ് മലയാളികൾക്കുള്ളത്. ഭാഷാ സാഹിത്യ വിവർത്തന മേഖലകളിൽ ഗണ്യമായ സംഭാവനകളാണ് മലയാളികൾ അറബിഭാഷക്കും അറബി സാഹിത്യം മലയാളത്തിനും നൽകിയിട്ടുള്ളത്. മലയാള ഭാഷ പിറവിയെടുക്കും മുമ്പ് എഴുതപ്പെട്ടതും നിരവധി ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും വിദേശരാജ്യങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചതുമായ മലയാളിയായ അറബി ഭാഷാ പണ്ഡിതൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂമി​െൻറ തുഹ്ഫത്തുൽ മുജാഹിദീൻ വിവിധ രാജ്യങ്ങളിൽ ആധികാരിക റഫറൻസ്​ ഗ്രന്ഥമാണ്.

സൗദി അറേബ്യ പൗരത്വം നൽകിയ മലയാളി പണ്ഡിതൻ ശൈഖ് അബ്​ദുസ്സമദ് അൽ കാത്തിബ്, ഈജിപ്തിലെ വിവിധ സർവകലാശാലകളിൽ അധ്യാപകനും നിരവധി അറബി പത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്ന ഡോ. മുഹ്​യിദ്ദീൻ ആലുവായി, അസ്​ഹരി തങ്ങൾ തുടങ്ങിയ നിരവധി പണ്ഡിതന്മാരുടെ കൃതികൾ ഇന്നും വിവിധ വിദേശ സർവകലാശാലകളിലെ സിലബസിലുണ്ട്​.

മഹാത്്മാഗാന്ധി, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ പ്രമുഖരുടെയും കുമാരനാശാൻ, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ്​ ബഷീർ, കമല സുറയ്യ, പെരുമ്പടവം ശ്രീധരൻ, ശശി തരൂർ, ബെന്യാമിൻ തുടങ്ങിയ മലയാളി എഴുത്തുകാരുടെ രചനകൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാചീനപണ്ഡിതരുടെ ക്ലാസിക്​ കൃതികളും അറബ് ലോകത്തെ പണ്ഡിതരുടെയും പ്രശസ്​ ​ത എഴുത്തുകാരുടെയും എണ്ണമറ്റ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും കേരളത്തിലെ സർവകലാശാലകളിൽ ഗവേഷണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികൾക്കു കീഴിലും കേരളത്തിനു പുറത്ത് ഇരുപതിലധികം പ്രമുഖ യൂനിവേഴ്സിറ്റികളിലും വിദേശരാജ്യങ്ങളിൽ സ്​റ്റൈപെ​ൻഡോടു കൂടിയും മലയാളികൾക്ക് അറബിഭാഷയിൽ ഉപരിപഠനത്തിന് അവസരമുണ്ട്. അറബിയിൽ പ്രാവീണ്യം നേടുന്ന മലയാളികൾ പലരും അധ്യാപനത്തിനപ്പുറം അനന്തമായി കിടക്കുന്ന തൊഴിൽ മേഖലകളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല. വാർത്തമാധ്യമങ്ങൾ, എംബസികൾ, ഐ.ടി മേഖല, യൂനിവേഴ്സിറ്റി ലൈബ്രറികൾ, ഐക്യരാഷ്​ട്രസഭയുടെ വിവിധ ഏജൻസികൾ തുടങ്ങിയ നിരവധി മേഖലകളിലും തൊഴിലവസരങ്ങൾ ഏറെയാണ്.

ഗൾഫ് രാജ്യങ്ങളിലെ തൊഴിൽപ്രതിസന്ധിയിൽ ആശങ്കപ്പെടുന്ന മലയാളിക്ക് അറബി​ പരിജ്ഞാനമുണ്ടെങ്കിൽ ആശ്വസിക്കാൻ അവസരങ്ങൾ നിരവധിയാണ്. ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, പത്രസ്​ഥാപനങ്ങൾ, ട്രാവൽ ടൂറിസം, പെേട്രാളിയം മേഖലകൾ, ആതുരാലയങ്ങൾ തുടങ്ങിയവയിൽ ഭാഷാപരിജ്ഞാനികൾക്ക് അവസരങ്ങൾ തുറന്നു കിടക്കുന്നു.

അറബിഭാഷ, സാഹിത്യപഠനം വ്യാപകമാക്കാനും ടൂറിസം, വ്യവസായം, ചികിത്സ തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് വിദേശികളെ ആകർഷിക്കാനും ഈ രംഗത്ത് സ്വദേശത്തും വിദേശത്തും മലയാളികൾക്ക് തൊഴിലവസരമൊരുക്കുന്നതിനും ആധുനിക സംവിധാനങ്ങളോടു കൂടിയ കൂടുതൽ പഠനപരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനും നിലവിലുള്ളവയെ പരിപോഷിപ്പിക്കാനും സർക്കാർ തലത്തിലുള്ള നീക്കങ്ങളാണ് ഇനി ആവശ്യം.

അറബി ഭാഷക്ക്​ ഒരു സർവകലാശാല കേരളത്തിൽ സ്​ഥാപിക്കുന്നത് വിദേശത്ത് മെച്ചപ്പെട്ട ഉദ്യോഗ തൊഴിലവസരങ്ങൾക്കും വിദേശ നിക്ഷേപത്തിനും അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ സംവരണം ഉൾപ്പെടെ ആനുകൂല്യങ്ങൾക്ക് അർഹരായ മുസ്​ലിംകൾക്ക് മുഖ്യധാരയിലെത്താൻ സാധിക്കാത്തതി​െൻറ കാരണം മനസ്സിലാക്കിയാണ് കേരളത്തിൽ അറബി സർവകലാശാല സ്​ഥാപിക്കണമെന്ന് പാലോളി മുഹമ്മദ്​ കമ്മിറ്റി ശിപാർശ ചെയ്തതും നിയമസഭ അംഗീകരിച്ചതും.

അറബിഭാഷ പഠനത്തിന്​ വളരെ പരിമിതമായ റഫറൻസ്​ സൗകര്യം മാത്രമാണ് നമ്മുടെ നാട്ടിൽ ഉള്ളത്. ആധുനിക ലോകത്ത് വാണിജ്യ, വ്യവസായമേഖലകളിൽ അറബി​ ഭാഷാപരിജ്ഞാനവും കഴിവും അനിവാര്യമായി വരുകയാണ്. അതുകൊണ്ടുതന്നെ ജാതി, മത,വർഗ, വർണ വ്യത്യാസമില്ലാതെ അറബിപഠനം ജീവിത മാർഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പാശ്ചാത്യ ലോകത്ത് അറബി, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുള്ളവർക്ക് വിവിധ തൊഴിൽ സാധ്യതകൾ തുറന്നു കിടക്കുന്നു. സംസ്​ഥാനത്തി​െൻറ റവന്യുവരുമാനത്തി​െൻറ മൂന്ന് ഇരട്ടി അറബ് രാജ്യങ്ങളിലെ പ്രവാസികളിൽ നിന്നുമാത്രം കേരളത്തിൽ എത്തുന്നു. സംസ്​ഥാനത്തി​െൻറ സാമ്പത്തിക വളർച്ചക്ക് ഉപകരിക്കുന്ന പ്രവാസ ലോകത്തെ തൊഴിൽ ഉദ്യോഗരംഗം വർധിപ്പിക്കാൻ അറബി​ ഭാഷാപഠനം അത്യന്താപേക്ഷിതമാണ്. ആ ഭാഷയുടെ ഉന്നതമായ പഠനത്തിന് ഒരു സർവകലാശാല കേരളത്തിൽ എത്രയും വേഗം യാഥാർഥ്യമാകേണ്ടതുണ്ട്.

(കേരള അറബിക് മുൻഷീസ്​ അസോസിയേഷൻ സംസ്​ഥാന സെക്രട്ടറിയാണ്​ ലേഖകൻ)

Tags:    
News Summary - Arabic University for Malayalam-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.