കലാരൂപങ്ങളും സംഗീതവും

അറബി ഭാഷ കേരളക്കരക്ക് ധാരാളം സാംസ്കാരിക ചിഹ്നങ്ങളും കലാരൂപങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബന തുടങ്ങിയ കലാരൂപങ്ങളിൽ അറബി ഭാഷയുടെ കൈയൊപ്പ് തെളിഞ്ഞുകാണാം. കുഞ്ഞായിൻ മുസ്‍ലിയാർ, മോയിൻകുട്ടി വൈദ്യർ, പുലിക്കോട്ടിൽ ഹൈദർ തുടങ്ങിയവരുടെ രചനകളിൽ അറബി, പേർഷ്യൻ, ഉർദു, തമിഴ് തുടങ്ങിയ ഭാഷകൾ ചേർന്നിട്ടുണ്ടെങ്കിലും അറബിക്കാണ് മുൻഗണന.

മാപ്പിളപ്പാട്ടുകൾ ആദ്യകാലത്ത് 'സബീന പാട്ടുകൾ'എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. അറബിയിൽ 'സഫീന'എന്നാൽ കപ്പൽ എന്നാണർഥം. മനുഷ്യ ശരീരത്തെ കപ്പലിനോടും ജീവിതവഴിയെ കടലിനോടും കടൽ യാത്രയെ ജീവിതത്തോടുമാണ് കവികൾ ഉപമിച്ചിരുന്നത്. കുഞ്ഞായിൻ മുസ്‍ലിയാരുടെ കപ്പപ്പാട്ടുകളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അറബിക്കവിതയിലെ അന്ത്യാക്ഷരപ്രാസമാണ് 'കാഫിയ'. ഇത് മാപ്പിളപ്പാട്ടിലെ വരികളിലെ 'വാൽകമ്പി'എന്നപേരിലാണ് അറിയപ്പെടുന്നത്.

അറബ് ലോകത്ത് പ്രാചീനകാലം മുതൽ നിലനിൽക്കുന്ന കലാരൂപമാണ് ദഫ് മുട്ട്. പ്രവാചകൻ മുഹമ്മദ് നബി മക്കയിൽനിന്ന് മദീനയിലേക്ക് എത്തിയപ്പോൾ പെൺകുട്ടികൾ ദഫ് മുട്ടി സ്വീകരിച്ചത് ചരിത്രത്തിൽ വളരെ പ്രസിദ്ധമാണ്. അറബി ബൈത്തിന്റെ (ഗാനത്തിന്റെ) താളത്തിൽ ദഫ് മുട്ടുന്നത് കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹിജ്റ വർഷം അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ശൈഖ് അഹ്മദുൽ കബീർ രിഫായിയാണ് ഇതിന് കലാരൂപത്തിന്റെ മാനം നൽകിയത്.

പാട്ടുകൾക്കനുസരിച്ച് അനുഷ്ഠാനവും ആയോധനയും ചേർന്ന കലാരൂപമാണ് അറബനമുട്ട്. പാട്ടിലെ അയാ റബ്ബനാ... എന്ന പദത്തിൽനിന്നാണ് ഈ കലാരൂപത്തിന് അറബന എന്ന പേര് കിട്ടിയതെന്ന് പറയുന്നവരുണ്ട്.

അറബി അക്ഷരമാല അടിസ്ഥാനമാക്കിയുള്ള കൈയെഴുത്തിന്റെയും ഡിസൈനിങ്ങിന്റെയും മനോഹര കലാരൂപമായ അറബിക് കാലിഗ്രഫിക്കും നമ്മുടെ നാട്ടിൽ പ്രചാരം ഏറിവരുകയാണ്. അറബി ഭാഷയുടെ അക്ഷരങ്ങൾ വിവിധ തരത്തിൽ എഴുതപ്പെടാറുണ്ട്. കൂഫി, ഫാരിസി, ദീവാനി, സുലുസി തുടങ്ങിയ രീതികളിലൂടെ അറബി അക്ഷരങ്ങൾ എഴുതാറുണ്ട്. ഇവയും ഒരു കലാരൂപമായി പരിഗണിക്കപ്പെടുന്നു.

Tags:    
News Summary - arabic language-Art forms and music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.