മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് എന്നും കുട്ടികളുടെ പക്ഷത്ത്

പി.എം.ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതിനെ തുടർന്നുണ്ടായ അക്കാദമിക ചർച്ചകളെ സ്വാഗതം ചെയ്യുകയും അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളെ തള്ളിക്കളയുകയും ചെയ്യുകയാണ്. 2016ൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലോകത്തിനുതന്നെ മാതൃകയാവുന്ന തരം മാറ്റങ്ങളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലുണ്ടായത്.

ഭൗതികസാഹചര്യ വികസനത്തോടൊപ്പംതന്നെ അക്കാദമിക ഗുണമേന്മ വർധിപ്പിക്കുന്നതിനായുള്ള സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയും നടപ്പാക്കിവരുകയാണ്. ഇതിന്റെ ഭാഗമാണ് പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളും അധ്യാപക പരിശീലന പരിപാടിയും മൂല്യനിർണയ പരിഷ്കരണങ്ങളും. കേരളീയ പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ പദ്ധതി പ്രവർത്തനങ്ങളുടെയെല്ലാം ഫലം കണ്ടുതുടങ്ങാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ ചർച്ചകൾ ഉയർന്നുവന്നിട്ടുള്ളത്. പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചക്കും വികാസത്തിനും കഴിഞ്ഞ കാലങ്ങളിലെല്ലാം ആരോഗ്യകരമായ ചർച്ചകൾ സഹായിച്ചിട്ടുണ്ട്. എന്നാൽ, അക്കാദമികമല്ലാത്ത ചർച്ചകൾ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തെ പിറകോട്ടടിക്കാനേ സഹായിക്കൂ.

ദേശീയ വിദ്യാഭ്യാസ നയങ്ങളും കേരളവും

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മൂന്ന് പ്രധാന ദേശീയ വിദ്യാഭ്യാസ നയങ്ങളാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 1964-66ലെ കോത്താരി കമീഷന്റെ ചുവടുപിടിച്ച് കൊണ്ടുവന്ന 1968ലെ ദേശീയ വിദ്യാഭ്യാസനയവും 1986ലെ ദേശീയനയവും 2020ലെ ദേശീയ നയവും കേരളം സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. ഒരു ദേശീയ നയത്തോടും പൂർണമായും വിയോജിപ്പ് പ്രകടിപ്പിക്കാതെ ക്രിയാത്മകമായി പ്രതികരിക്കാനാണ് കേരളം ശ്രമിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വലിയ വിദ്യാഭ്യാസ മാറ്റങ്ങൾക്ക് ഇത്തരം നയങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നു. 1968ലെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെച്ച നാഷനൽ സിസ്റ്റം ഓഫ് എജുക്കേഷൻ (10 + 2+3) പാറ്റേൺ വൈകിയാണെങ്കിലും നമ്മുടെ സംസ്ഥാനത്തും ഭാഗികമായി നടപ്പിലാക്കേണ്ടിവന്നു. ത്രിഭാഷാ ഫോർമുലയും ഇത്തരത്തിൽ നടപ്പിലാക്കിയതാണ്.

ദേശീയ വിദ്യാഭ്യാസ നയങ്ങളെ വിലയിരുത്തുമ്പോൾ നാം രണ്ട് ഭാഗങ്ങളെ വിശകലനം ചെയ്യേണ്ടി വരും. ഒന്ന്, ആ നയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കമാണ്. രണ്ട്, സാങ്കേതികമായ ഉള്ളടക്കമാണ്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം നാം വ്യക്തമായി വിശകലനം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ആ ഉള്ളടക്കം ഹൈന്ദവതയിലൂന്നിയ രാഷ്ട്രീയമാണ്. 62 പേജ് മാത്രമുള്ള എൻ.ഇ.പി 2020ൽ ഒളിഞ്ഞിരിക്കുന്ന വർഗീയ പ്രത്യയ ശാസ്ത്രത്തെ വ്യക്തമായും കൃത്യതയോടെയും കേരളം പഠിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, ഈ നയത്തെ അകറ്റിനിർത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളെ പഠിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യൻ നോളജ് സിസ്റ്റം (Indian Knowledge System) IKIS എന്ന ഓമനപ്പേരിട്ട് സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധപൂർവം അടിച്ചേൽപിക്കുന്ന പാഠഭാഗങ്ങൾ ഈ നയത്തിന്റെ പ്രയോഗവത്കരണമാണ്.

1968ലും 1986ലും രാജ്യം മുന്നോട്ടുവെച്ച ദേശീയ വിദ്യാഭ്യാസ നയങ്ങൾ രാജ്യത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ 2020ലെ നയം ഹൈന്ദവ പ്രത്യയശാസ്ത്രത്തെ ബുദ്ധിപൂർവം ഒളിച്ചുകടത്താനുള്ള ഒന്നാക്കി മാറ്റിയിരിക്കുകയാണ്. ഈ നയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ച് ആർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാനിടയില്ല. ആയതിനാൽതന്നെ ഈ നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തുന്ന പാഠ്യപദ്ധതിയെയും കേരളം നിരാകരിക്കുകയാണ്.

എന്നാൽ, ദേശീയ വിദ്യാഭ്യാസ നയങ്ങൾ മുന്നോട്ടുവെക്കുന്ന അക്കാദമികമായ സാങ്കേതിക ഭാഗങ്ങൾ നാം സൂക്ഷ്മമായി വിലയിരുത്തി നടപ്പിലാക്കേണ്ടതാണ്. ഇതിൽ ജാഗ്രതയോടെയാണ് കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകുന്നത്. സ്കൂൾ ഘടനാപരമായ മാറ്റങ്ങൾ, സ്കൂൾ പ്രവേശന പ്രായം, മൂല്യനിർണയ മാറ്റങ്ങൾ, അധ്യാപകരുടെ യോഗ്യതകൾ, നാഷനൽ ക്രെഡിറ്റ് ഫെയിംവർക്ക്, അപാർ ഐ.ഡി (Automated Permanent Academic Account Registry) നാലുവർഷ സംയോജിത അധ്യാപക പരിശീലന കോഴ്സ് എന്നിവയെല്ലാം തന്നെ ഈ നയത്തിന്റെ സാങ്കേതികപരമായ അക്കാദമിക നിർദേശങ്ങളാണ്.

ഇവയെല്ലാം തന്നെ നമ്മുടെ കുട്ടികളുടെ പഠനത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് വിശദമായി വിലയിരുത്തിയശേഷമേ തീരുമാനങ്ങളിലേക്ക് പോവുകയുള്ളൂ. എന്നാൽ ഒരു കാര്യം വ്യക്തമാക്കട്ടെ, നമ്മുടെ കുട്ടികൾ ലോകത്തെല്ലായിടത്തും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സഞ്ചരിച്ച് ഉന്നത വിദ്യാഭ്യാസം നേടാനും ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാനും ആഗ്രഹിക്കുന്നവരാണ്. അവരുടെ ഉന്നത വിദ്യാഭ്യാസ, തൊഴിൽപരമായ ഭാവിക്ക് പ്രഥമപരിഗണന നൽകിയാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. രാജ്യത്ത് മുഴുവൻ ഈ നയങ്ങൾ വ്യാപിക്കുന്ന വേളയിൽ നാം സംസ്ഥാനത്തിന്റെ പ്രത്യേകതകൾ കൂടി പരിഗണിച്ച് തീരുമാനം പ്രഖ്യാപിക്കേണ്ടതായിവരും.

ദേശീയ വിദ്യാഭ്യാസനയം 2020നെ കേരളം വിമർശിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. എൻ.ഇ.പി 2020 കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയോളം വളർന്നിട്ടില്ല എന്നതുകൂടി കൊണ്ടാണ്. ഈ നയരേഖയും ആദ്യഭാഗത്ത് (എൻ.ഇ.പി പേജ് 3 പാരഗ്രാഫ് 2ൽ) പറയുന്നതു തന്നെ ഇതിന് ഉദാഹരണമാണ്. 2030 ഓടുകൂടി ഇന്ത്യയിലെ മുഴുവൻ കുട്ടികളെയും ഒന്നാം ക്ലാസിൽ എത്തിക്കുമെന്നും ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (ജി.ഇ.ആർ)100 ശതമാനമായി മാറുമെന്നും രേഖ പ്രഖ്യാപിക്കുമ്പോൾ നാം ഇത് 20 വർഷം മുമ്പേ നേടിക്കഴിഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ജി.ഇ.ആർ 26.3 ശതമാനം (2018) എന്നത് 2035 ഓടുകൂടി 50 ശതമാനമായി ഉയർത്താൻ എൻ.ഇ.പി 2020 നയരേഖ (പേജ് 35 പാരഗ്രാഫ് 4) ലക്ഷ്യം വെക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യസ മേഖലയിലെ ജി.ഇ.ആർ 20205ൽ 41.7 ശതമാനമാണ്. ആയതിനാൽ തന്നെ എൻ.ഇ.പി 2020 നയരേഖയിലെ സംസ്ഥാനത്തിന് അനുഗുണമാകുന്ന നിർദേശങ്ങൾ മാറുന്ന ലോക സാഹചര്യത്തിനനുസൃതമായി ഭാവിയെ മുന്നിൽനിർത്തി നടപ്പിലാക്കാനാണ് നാം ശ്രമിക്കുന്നത്. എന്നാൽ, നാം തന്നെ നമ്മുടെ സ്കൂൾ മേഖലയിൽ കണ്ടെത്തിയ പ്രധാന വിടവുകളെ തിരിച്ചറിയാനും അതിനനുസൃതമായി ആസൂത്രണം ചെയ്യാനുമാണ് വിഷൻ 2031 ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടു വർഷം മുമ്പ് സ്ഥാപിച്ച സെൽഫി പോയിന്റ് 

പി.എം ശ്രീ പദ്ധതിയും കേരള പാഠ്യപദ്ധതിയും

ദേശീയ വിദ്യാഭ്യാസ നയത്തെ മുൻനിർത്തി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പി.എം ശ്രീ. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്ത് ആരംഭിച്ച നവോദയ വിദ്യാലയങ്ങളെ ഓർമിപ്പിക്കും തരത്തിലാണ് ഈ പദ്ധതിയും ആവിഷ്കരിക്കുന്നത്. എന്നാൽ, നവോദയ വിദ്യാലയങ്ങളെ പോലെ ഈ മേഖലയിൽ വലിയ നിക്ഷേപം നടത്താൻ കേന്ദ്ര സർക്കാർ താൽപര്യം കാണിക്കുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് നിലവിലുള്ള വിദ്യാലയങ്ങളെ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ. സംസ്ഥാനങ്ങൾ അവരുടെ ഫണ്ടുകൊണ്ട് പടുത്തുയർത്തിയ വിദ്യാലയങ്ങളെ എളുപ്പവഴിയിൽ സ്വന്തമായി അവതരിപ്പിക്കാനുള്ള ശ്രമമായും നാം ഈ പദ്ധതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആയതിനാൽ പി.എം ശ്രീ പദ്ധതി നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമായ ഒന്നായി നാം പരിഗണിച്ചിട്ടുമില്ല. എന്നാൽ, ഈ പദ്ധതിയെ മുന്നിൽനിർത്തി കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷയുടെ 1400 കോടിയിലധികം രൂപ തടഞ്ഞു വെക്കുമ്പോൾ, നവോത്ഥാന പ്രസ്ഥാനങ്ങളുടെയും അനേകം രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെയും ഇടപെടലുകളുടെ ഭാഗമായി ഉയർന്നുവന്ന കേരളീയ പൊതുവിദ്യാഭ്യാസത്തിന് കേന്ദ്രസർക്കാർ കാണിക്കുന്ന തരംതാണ രാഷ്ട്രീയത്തിന്റെ മുന്നിലും അഭിമാനത്തോടെ ഉയർന്നു നിൽക്കാനും, സംസ്ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാനും പി.എം ശ്രീ പദ്ധതിയെ പേരിനെങ്കിലും കൂടെനിർത്തി എന്നു മാത്രമേ ഉള്ളൂ.

പി.എം ശ്രീ പദ്ധതിയുടെ ധാരണപത്രത്തിൽ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ മത്സരിക്കുകയാണ് ഇവിടെ ചിലർ. അതിൽ പത്രമാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും കൂടിയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നു. പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചാൽ കേരളത്തിലെ പാഠ്യപദ്ധതി എല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനൽകുന്ന പാഠ്യപദ്ധതി നടപ്പിലാക്കേണ്ടിവരും എന്നത് തികച്ചും അവാസ്തവമായ കാര്യമാണ്. സംസ്ഥാനങ്ങൾക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസ നയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (പേജ് 17 പാരഗ്രാഫ് 3). മാത്രമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. ഒന്നു മുതൽ 10ാം ക്ലാസ് വരെയുള്ള 597 പാഠപുസ്തകങ്ങൾ പരിഷ്കരിച്ച് വിദ്യാലയങ്ങളിലെത്തിക്കുകയും ഹയർസെക്കൻഡറി ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്.

ഈ കാര്യത്തിൽ നാം വർഷങ്ങളായി തുടർന്നുപോരുന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ. സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചതിനുശേഷം എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളും എസ്.സി.ഇ.ആർ.ടി പുസ്തകങ്ങളും ചേർത്തുനിർത്തിയാണ് പാഠ്യപദ്ധതി രൂപവത്കരിച്ചിട്ടുള്ളത്. ഇപ്പോൾ എൻ.സി.ഇ.ആർ.ടിയുടെ 44 ടൈറ്റിൽ പുസ്തകങ്ങളും കേരള എസ്.സി.ഇ.ആർ.ടി തയാറാക്കുന്ന 80 പുസ്തകങ്ങളും നാം ഉപയോഗിച്ചുവരുകയാണ്. ഓരോ വർഷവും എൻ.സി.ഇ.ആർ.ടിയും എസ്.സി.ഇ.ആർ.ടിയും തമ്മിൽ ഒപ്പുവെക്കുന്ന ധരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്യങ്ങൾ നിർവഹിക്കുന്നത്.

എന്നാൽ, ഈ ധാരണപത്രത്തിൽ ഒരിടത്തുപോലും എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിലെ പാഠഭാഗങ്ങൾ മുഴുവൻ നമ്മൾ പഠിപ്പിച്ചുകൊള്ളാമെന്ന ഒരു ധാരണയുമില്ല. പുസ്തകങ്ങളുടെ എണ്ണം കണക്കാക്കി റോയൽറ്റി മാത്രമാണ് നമ്മൾ നൽകിവരുന്നത്. ഇവിടെ വ്യക്തമാകുന്ന കാര്യം അക്കാദമികപരമായി ഏത് പുസ്തകം സ്വീകരിച്ചാലും അതിലെ ഏത് പാഠം പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള പരമാധികാരം ഭരണഘടനാപരമായി കൺകറന്റ് ലിസ്റ്റിൽപെട്ട വിദ്യാഭ്യാസം എന്ന വിഷയത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ട്. അതുകൊണ്ടാണ് എൻ.സി.ഇ.ആർ.ടി രാഷ്ട്രീയ താൽപര്യം മുൻനിർത്തി പാഠഭാഗങ്ങൾ വെട്ടിമാറ്റിയപ്പോൾ കേരളം അഡീഷനൽ പാഠപുസ്തകങ്ങൾ പുറത്തിറക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തത്. പി.എം ശ്രീ പദ്ധതിയുടെ പേരിൽ പാഠ്യപദ്ധതി മുഴുവൻ കേന്ദ്രം തീരുമാനിക്കുമെന്ന പ്രചാരണത്തിന് നമ്മുടെ കൺമുന്നിലുള്ള ഉദാഹരണമാണ് ചൂണ്ടിക്കാണിച്ചത്. ഇതിലും തൃപ്തിയില്ലാത്തവർ പി.എം ശ്രീ നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്. എതിർക്കുന്ന ചില ദേശീയ പാർട്ടികൾക്ക് ഈ വിവരങ്ങൾ വേഗത്തിൽ ശേഖരിച്ച് ജനങ്ങളെ അറിയിക്കാനും കഴിയും.

എന്തുകൊണ്ട് ഇപ്പോൾ ഒപ്പുവെച്ചു ?

കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗപ്പെടുത്തിയാണ്. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ തത്ത്വങ്ങളിൽ വിശ്വസിക്കുന്ന കേരളം പദ്ധതികളെ നിരാകരിക്കുന്നത് ജനദ്രോഹപരമായ നിലപാടായി മാറിയേക്കും. സമഗ്രശിക്ഷ, പി.എം പോഷൺ സ്റ്റാർസ്, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്നിവയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പി.എം ഉഷയും ഇതിനകം തന്നെ നാം നടപ്പാക്കിവരുന്ന പദ്ധതികളാണ്.

ഈ പദ്ധതികളെയെല്ലാം കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 2022 മുതൽ സമഗ്രശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസ നയം 2020ലെ 86 നിർദേശങ്ങളുമായി ബന്ധപ്പെടുത്തി പുനഃക്രമീകരണം കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം നമ്മുടെ തനതായ പദ്ധതികൾ കേരളീയ സാഹചര്യത്തിൽ നിന്നുകൊണ്ട് നടപ്പിലാക്കുകയാണ് ഉണ്ടായത്. സാക്ഷരതാ പ്രവർത്തനത്തിന്റെ പുതിയ പദ്ധതിയായ എൻ.ഐ.എൽ.പിയും ദേശീയ വിദ്യാഭ്യാസ നയത്തെ ചേർത്തുവെച്ചാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നതെങ്കിലും കേരളത്തിലെ സാക്ഷരതാമിഷൻ അതോറിറ്റി കേരളീയ രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ തലത്തിൽ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

കേരളത്തിലെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികൾക്കും വിദ്യാഭ്യാസ അവകാശങ്ങളുണ്ട്. 2009ലെ വിദ്യാഭ്യാസ അവകാശനിയമപ്രകാരം കുട്ടിയുടെ മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഞങ്ങൾക്ക് എന്തു കൊണ്ട് നിഷേധിക്കുന്നു എന്ന കുട്ടികളുടെ അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഭരണകൂടം മറുപടി നൽകേണ്ടതായുണ്ട്. പദ്ധതിയെ എതിർക്കുന്നവരുടെ വാദങ്ങൾപോലെ തന്നെ കുട്ടികളുടെ ഈ ചോദ്യങ്ങളും പ്രസക്തമാണ്. വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പുനൽകുന്ന ഗുണമേന്മാ വിദ്യാഭ്യാസ ആവശ്യങ്ങൾ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സൗജന്യ പാഠപുസ്തകങ്ങൾ, യൂനിഫോമുകൾ, ഭിന്നശേഷി കുട്ടികളുടെ പഠനം, ട്രൈബൽ, തീരദേശ മേഖലയിലെ കുട്ടികളുടെ പ്രത്യേക വിദ്യാഭ്യാസ പദ്ധതികൾ, അധ്യാപക പരിശീലനങ്ങളുടെ പരീക്ഷകൾ എന്നിവയെല്ലാം തന്നെ അടിയന്തര പ്രാധാന്യത്തോടുകൂടി നാം തുടർന്നും നടപ്പിലാക്കേണ്ടവയാണ്.

കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കോടതികളെ സമീപിക്കണമെന്ന വാദവും തമിഴ്നാട് മാതൃക സ്വീകരിക്കണമെന്ന വാദവും ശ്രദ്ധയിൽപ്പെട്ടു. കുട്ടികൾക്ക് ലഭ്യമാകേണ്ട വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുക എന്ന പ്രാഥമിക ഉത്തരവാദിത്ത ബോധമാണ് കാലതാമസം വരുന്ന ഇത്തരം പ്രവർത്തനങ്ങളിലേക്ക് പോകാതിരിക്കാൻ കാരണം. തമിഴ്നാട് കോടതിയെ സമീപിച്ചത്, കേരളത്തിൽ നമ്മൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത വിദ്യാഭ്യാസ അവകാശനിയമം 12 (1) c നേടിയെടുക്കുന്നതിന് വേണ്ടിയാണ്. 2022ൽ പി.എം ശ്രീ പദ്ധതിയുടെ ഭാഗമാവുകയും തുടർന്ന് കരാറിൽനിന്ന് പിന്മാറുകയും ചെയ്ത പഞ്ചാബിന് 2023ൽ വീണ്ടും പദ്ധതിയുടെ ഭാഗമാകേണ്ടി വന്ന സാഹചര്യങ്ങളുമെല്ലാം പഠിച്ചതിന് ശേഷമാണ് കേരളം അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.

കേരളത്തിന്റെ അചഞ്ചല നിലപാടുകൾ

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്നതിന് അനേകം മനുഷ്യരുടെ ബുദ്ധിയും പ്രയത്നവുമുണ്ട്. അത് സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്കുമുന്നിൽ അടിയവെക്കാൻ നാം ഒരുക്കമല്ല. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രത്യേകത തന്നെ അതിന്റെ മതനിരപേക്ഷമായ ഉള്ളടക്കമാണ്. മതസൗഹാർദത്തിന്റെ മികച്ച ഇടമായി നമ്മുടെ നാടിനെ വളർത്തിയതും പൊതുവിദ്യാഭ്യാസമാണ്. ഇതിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികളെ മുഖംനോക്കാതെ എതിർക്കുക എന്ന നയം നാം നടപ്പിലാക്കിവരുന്നു.

മതനിരപേക്ഷ ജനാധിപത്യ ഉള്ളടക്കത്തെ തകർക്കാൻ സഹായിക്കുന്ന ചെറുതും വലുതുമായ എല്ലാ അക്കൗണ്ടുകളെയും പൂട്ടിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ വർഗീയതക്കു മുന്നിൽ മുട്ടുമടക്കാതെ മുന്നോട്ടുപോയി കേരളത്തിന്റെ മതനിരപേക്ഷമായ പരിസരം കാത്തുസൂക്ഷിക്കണമെന്ന ഇടതുപക്ഷപാഠം പ്രവർത്തനത്തിലൂടെ തെളിയിക്കാൻ നാം എല്ലാവരും ബാധ്യസ്ഥരാണ്. ഒരു കാര്യം അടിവരയിട്ടു പറയുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കുള്ളതാണ്, അവരുടെ വിദ്യാഭ്യാസത്തിനാണ്. അതിലൂടെ ആരോഗ്യകരമായ-സാംസ്കാരിക സമ്പന്നമായ സമൂഹത്തെ വളർത്താനാണ്. കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തുടർന്നും ധീരമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോവുക തന്നെ ചെയ്യും.  

Tags:    
News Summary - Always on the side of students, upholding secularism - V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.