??????????? ??????? ????? ????? - ??????? ??????? ???????? ?????? ???????????

മുപ്പത്താറിലും ബി.ജെ.പി നേരിടുന്ന പരിമിതികള്‍

ഗാന്ധിവധത്തിനുശേഷം ആര്‍.എസ്.എസിനെ നിരോധിക്കുകയും സര്‍സംഘ് ചാലക് മാധവ്സദാശിവ്റാവു ഗോള്‍വല്‍ക്കര്‍ അടക്കമുള്ളവരെ ജയിലിലടക്കുകയും ചെയ്ത ചുറ്റുപാടില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും തങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല എന്ന പരിമിതി മറികടക്കാനാണ് ‘ഗുരുജി’യുടെ കൃപാശിസ്സുകളോടെ 1951 ഒക്ടോബര്‍ 21നു ഹിന്ദുമഹാ സഭ നേതാവായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘം രൂപവത്കരിക്കുന്നത്. ഹിന്ദുത്വയാണ് അതിന്‍െറ ആശയാടിത്തറ. ജനസംഘത്തെ മുന്നില്‍നിര്‍ത്തി ആര്‍.എസ്.എസിന്‍െറ അദൃശ്യാംഗുലികള്‍ കാര്യങ്ങള്‍ ചലിപ്പിച്ചെങ്കിലും അധികാരത്തിനടുത്തത്തൊനുള്ള മങ്ങിയ സാധ്യതപോലും ദൃശ്യമല്ലാത്തതുകൊണ്ട് കോണ്‍ഗ്രസിനെയും ഇന്ദിരഗാന്ധിയെയും തരവും സന്ദര്‍ഭവും നോക്കി പിന്തുണക്കുകയായിരുന്നു. 1977വരെ ദേശീയ രാഷ്ട്രീയത്തില്‍ അങ്ങിങ്ങായി സാന്നിധ്യമറിയിച്ച ജനസംഘം അടിയന്തരാവസ്ഥയിലെ അനുഭവങ്ങള്‍ മുന്നില്‍വെച്ച് ലോക്ദള്‍, കോണ്‍ഗ്രസ് (ഒ), സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന് ജനതാപാര്‍ട്ടിയായി രംഗപ്രവേശം ചെയ്തപ്പോള്‍ കോണ്‍ഗ്രസിനൊരു പ്രായോഗികബദല്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞു. എന്നാല്‍, ദ്വയാംഗത്വപ്രശ്നമുയര്‍ത്തി പഴയ ജനസംഘക്കാരെ ആര്‍.എസ്.എസ് വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അത് ജനതാപരീക്ഷണത്തിന്‍െറ തകര്‍ച്ചയില്‍ കലാശിച്ചു.

ജനതാപാര്‍ട്ടിയുടെ  ചാരത്തില്‍നിന്നാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി) 1980ല്‍ പിറവിയെടുക്കുന്നത്. 1951ല്‍ മൂന്നു പാര്‍ലമെന്‍ററംഗങ്ങളും മൂന്നു ശതമാനം വോട്ടുമായി കടന്നുവന്ന പാര്‍ട്ടി ഇന്ന് 282 ലോക്സഭാംഗങ്ങളുടെ പിന്‍ബലവും 31.34ശതമാനം വോട്ട്വിഹിതവുമായി ഒറ്റക്ക് രാജ്യംഭരിക്കാനുള്ള ശേഷി കൈവരിച്ചു. 15 സംസ്ഥാനങ്ങളില്‍ ഭരണം കൈയാളുന്നുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സാഭിമാനം ഉയര്‍ത്തിക്കാട്ടാവുന്ന നേട്ടമാണിതെന്നതില്‍ തര്‍ക്കമില്ല. 1967ല്‍ കോഴിക്കോട്ട് ചേര്‍ന്ന ജനസംഘം സമ്മേളനം പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ അമ്പതാം വാര്‍ഷികം ഒരവസരമായെടുത്ത് ബി.ജെ.പി ദേശീയ കൗണ്‍സില്‍ കോഴിക്കോട് ചേരുമ്പോള്‍ പാര്‍ട്ടി കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുന്നതിനപ്പുറം വര്‍ത്തമാന ദേശീയ ഭൂമികയില്‍ ബി.ജെ.പിയുടെ സാധ്യതകളും അഭിമുഖീകരിക്കാന്‍ പോകുന്ന വെല്ലുവിളികളും ചര്‍ച്ചചെയ്യുന്നതില്‍ ഏറെ പ്രസക്തിയുണ്ട്. കമ്യൂണിസ്റ്റുകളില്‍നിന്ന്  കേരളത്തിലെ അധികാരം പിടിച്ചെടുക്കുക എന്ന ഏകലക്ഷ്യത്തില്‍ ഊന്നിയുള്ള ഒരജണ്ടയുമായി ഹിന്ദുത്വ ദേശീയനേതൃത്വം കോഴിക്കോട്ട് സംഗമിക്കുമ്പോള്‍ ദേശീയരാഷ്ട്രീയത്തിലെ പുതിയ അടിയൊഴുക്കുകള്‍ അവരുടെ അധികാരസ്വപ്നങ്ങളുടെമേല്‍ എത്രകണ്ട് കരിനിഴല്‍ വീഴ്ത്തുന്നുണ്ടെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.  

ഏതുവിധേനയും അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തില്‍ മുഖംകുത്തിനിന്നപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ സ്വന്തമായി അസ്തിത്വം നേടിയെടുക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്ന യാഥാര്‍ഥ്യത്തെ വിശകലനം ചെയ്താവണം ബി.ജെ.പിയെ കുറിച്ച ചര്‍ച്ചക്ക് തുടക്കമിടേണ്ടത്. തങ്ങള്‍ സാംസ്കാരിക കൂട്ടായ്മ മാത്രമാണെന്ന് ഇടക്കിടെ ആവര്‍ത്തിക്കുന്ന ആര്‍.എസ്.എസിന്‍െറ മടിയില്‍ക്കിടന്ന് 36ാം വയസ്സിലും അമ്മിഞ്ഞപ്പാല്‍  നുണയുന്ന ഒരു പാര്‍ട്ടിക്ക് സംഘപരിവാരത്തിന്‍െറ സഹായമില്ലാതെ ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല എന്ന ദുര്‍ഗതി ദേശീയരാഷ്ട്രീയത്തിലെതന്നെ ദുരന്തമാണ്. ഈ ദുരന്തമുഖത്തുനിന്നാണ് വര്‍ത്തമാനകാല ഇന്ത്യ അഭിമുഖീകരിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ സകലമാന പ്രശ്നങ്ങളും  ഉടലെടുക്കുന്നതും രാജ്യം ആഭ്യന്തരസംഘര്‍ഷങ്ങളിലേക്ക് വഴുതിവീഴുന്നതും. ‘ഒരുദേശം, ഒരു ജനത, ഒരു സംസ്കാരം’ എന്ന പ്രത്യക്ഷത്തില്‍ ദാര്‍ശനിക പരിവേഷമുള്ളതും അതേസമയം, ബഹുമുഖമായ സാംസ്കാരിക ദേശീയതയെ നിരാകരിക്കുന്നതുമായ മുദ്രാവാക്യം ദലിത് ചിന്തകന്‍ കാഞ്ചഐലയ്യ ആവര്‍ത്തിച്ചുണര്‍ത്തിയതുപോലെ ഇന്ത്യന്‍ പൗരസമൂഹത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിയിടാന്‍ പോന്നതാണ്.  ഗോസംരക്ഷണത്തിന്‍െറയും പൊള്ളയായ ദേശസ്നേഹത്തിന്‍െറയും പേരില്‍ രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും മറ്റു ദുര്‍ബലവിഭാഗങ്ങള്‍ക്കുമെതിരെ തുറന്നുവിട്ട മത-ജാതിഭ്രാന്ത് ഹിന്ദുത്വ അടിത്തറ,  ഒരു പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിയെ എത്രമാത്രം വര്‍ഗീയഫാഷിസത്തിന്‍െറ വഴിയിലൂടെ നടത്തിക്കുന്നുണ്ട് എന്ന ഗൗരവചിന്തകള്‍ വെന്തുനീറുമ്പോഴാണ് ബി.ജെ.പി നേതൃത്വം അധികാരത്തിന്‍െറ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി കോഴിക്കോട്ട് ഒത്തുകൂടുന്നത്.

ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവദര്‍ശനം മഹത്തായൊരു രാഷ്ട്രീയതത്ത്വസംഹിതയാണെന്ന് വരുത്താനും  ഹിന്ദുത്വ കാഴ്ചപ്പാടുകളെ വെറുക്കുന്നവരെ കൂടി തങ്ങളുടെ പന്ഥാവിലേക്ക് കൊണ്ടുവരുവാനുമുള്ള സുചിന്തിതനീക്കത്തിന്‍െറ ഭാഗമാണീ കസര്‍ത്തുകളെല്ലാം എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിവൈഭവമൊന്നും വേണ്ട. ഇത്ര മഹത്തായ ദര്‍ശനമാണ് ഏകാത്മ മാനവവാദമെങ്കില്‍ എന്തുകൊണ്ട് അത് പ്രചരിപ്പിക്കാനും പ്രയോഗവത്കരിക്കാനും ബി.ജെ.പി ഇക്കാലമത്രയും അറച്ചുനിന്നു?  1980ല്‍ ബി.ജെ.പി രൂപവത്കരിക്കപ്പെട്ടത് മുതല്‍ ‘ഗാന്ധിയന്‍ സോഷ്യലിസ’ത്തെ കുറിച്ചാണ് അടല്‍ബിഹാരി വാജ്പേയിയും എല്‍.കെ. അദ്വാനിയുമൊക്കെ പ്രഘോഷണങ്ങള്‍ നടത്താറ്. ഗാന്ധിജിയുടെ പേരിലെ മാന്ത്രികത്വം തങ്ങള്‍ക്ക് രാഷ്ട്രീയമായി മുതല്‍ക്കൂട്ടാവും എന്ന സൃഗാലബുദ്ധി ഹിന്ദുത്വ എന്ന സങ്കുചിത ദേശീയമുദ്രാവാക്യത്തെ മറച്ചുപിടിക്കാന്‍  പ്രേരിപ്പിച്ചതാവണം. അതേസമയം, ദീനദയാല്‍ ഉപാധ്യായയുടെ രാഷ്ട്രീയ, സാമൂഹികവീക്ഷണങ്ങളില്‍ ഒരു പുതുമയുമില്ളെന്നും ഗോള്‍വല്‍ക്കറുടെ ‘വിചാരധാര’യോടൊപ്പം അറുപതുകളില്‍ കോണ്‍ഗ്രസ് സാധാരണക്കാരെ വശീകരിക്കാന്‍ ഉയര്‍ത്തിയ മുദാവാക്യത്തിന്‍െറ പൊട്ടും പൊടിയും മേമ്പൊടിയായി ചേര്‍ത്തതാണെന്നും വിലയിരുത്തപ്പെട്ടതാണ്.

‘ദേശത്ത് അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്ന വ്യക്തിയുടെ ജീവിതസാഹചര്യം തന്നെയായിരിക്കും ദേശത്തിന്‍െറ വികാസം നിര്‍ണയിക്കുന്ന ഉരക്കല്ല്’ എന്ന് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്‍െറ ഏകാത്മമാനവദര്‍ശനത്തിലൂന്നിയ ഉദ്ബോധനവും മോദിസര്‍ക്കാറിന്‍െറ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും തമ്മില്‍ എന്തുമാത്രം വൈരുധ്യമുണ്ടെന്ന് ആത്മാര്‍ഥമായി പരിശോധിച്ചിട്ടുണ്ടോ? ‘സമാജം ദേശത്തിന്‍െറ ഭരണസംവിധാനത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നു’വെന്ന മോഹന്‍ ഭാഗവതിന്‍െറ അവകാശവാദം എത്രമാത്രം ബാലിശമാണ്! മോദിയുഗം സമ്മാനിച്ച സാമൂഹിക അരാജകത്വവും സാംസ്കാരിക ഉത്കണ്ഠകളും നാടിന്‍െറ സമാധാനം കെടുത്തുകയല്ളേ്ള ഇന്ന് ദേശമാസകലം? മുസഫര്‍നഗറിലും ഹൈദരാബാദ് കേന്ദ്രയൂനിവേഴ്സിറ്റിയിലും  ജെ.എന്‍.യുവിലും അലഹബാദ് സര്‍വകലാശാലകളിലും ഉനയിലും ദാദ്രിയിലും മേവാത്തിലുമൊക്കെ സംഭവിച്ചത് എന്തിന്‍െറ ലക്ഷണമാണ്? ഹിന്ദുത്വ വിഭാവനംചെയ്യുന്ന വര്‍ഗീയഫാഷിസത്തെ നേരിടാന്‍ പുതിയ തലമുറ വീറുറ്റ പ്രതിരോധമുറകള്‍ വിജയകരമായി പരീക്ഷിച്ചുവരുന്ന സന്ദിഗ്ധഘട്ടത്തില്‍ കോഴിക്കോട്ട് ചേരുന്ന നേതൃയോഗം, സംഘടനയുടെ ഭാവിയില്‍ തല്‍പരരാണെങ്കില്‍  ആത്മാര്‍ഥമായി ചെയ്യേണ്ടത് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലും രോഹിത് വെമുലയുമൊക്കെ ഉയര്‍ത്തിവിട്ട ഭീഷണിയുടെ പൊരുളെന്തെന്ന് സസൂക്ഷ്മം പരിശോധിച്ച് പഠിക്കുകയാണ്. പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികള്‍ പരാജയപ്പെട്ട ഇടങ്ങളിലാണ് ഈ ചെറുപ്പക്കാര്‍ ദേശത്തിന്‍െറ മന$സാക്ഷിയെ തട്ടിയുണര്‍ത്തി കലാപം കൂട്ടുന്നതും ഭരണകൂടത്തെ ഞെട്ടിക്കുന്നതും.

മാതൃകാസംസ്ഥാനമായി താന്‍ കെട്ടിപ്പടുത്ത ഗുജറാത്തില്‍ പ്രധാനമന്ത്രി മോദിക്ക് സൈ്വരമായി ഒരു പര്യടനം നടത്തണമെങ്കില്‍ ജിഗ്നേഷിനെയും ഹാര്‍ദിക്കിനെയുമൊക്കെ കരുതല്‍ തടങ്കലില്‍ വെക്കേണ്ടിവരുന്ന അവസ്ഥ എന്തുമാത്രം ലജ്ജാകരമല്ല? പശുവിന്‍െറ തോലുരിഞ്ഞതിനു ക്രൂരമായി മര്‍ദിക്കപ്പെടുന്ന ദലിത്സമൂഹം 2002ല്‍ ഹിന്ദുത്വവാദികള്‍ തങ്ങളുടെമേല്‍ പുതപ്പിച്ച ഹിന്ദുത്വയുടെ കമ്പിളി വലിച്ചെറിഞ്ഞ് തങ്ങളെക്കൊണ്ട് സംഘപരിവാരം കൊല്ലിച്ച മുസ്ലിം ജനസാമാന്യത്തിന്‍െറ കൈപിടിച്ച് ബി.ജെ.പിക്കെതിരെ പുതിയ രാഷ്ട്രീയമുദ്രാവാക്യം  ഉച്ചത്തില്‍ മുഴക്കുമ്പോള്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അത് കണ്ടില്ളെന്ന് നടിക്കുന്നത് അത്തരം കൊടുങ്കാറ്റുകളെ നേരിടാനുള്ള ചിന്താശേഷിയോ രാഷ്ട്രീയ ഇച്ഛാശക്തിയോ ഇല്ലാത്തതു കൊണ്ടാവാനേ തരമുള്ളൂ. ഗുജറാത്തിലോ യു.പിയിലോ മാത്രം ഒതുങ്ങുന്നതല്ല പ്രതിരോധത്തിന്‍െറ പുതിയ രാഷ്ട്രീയഗീതികള്‍. ‘എന്‍െറ രാജ്യത്തിന്‍െറ മന$സാക്ഷി അപ്പാടേ മരിച്ചുപോയിട്ടില്ളെന്നും ധര്‍മരോഷത്തിന്‍െറ അഗ്നിജ്വാലകള്‍ ഒരുദിവസം ആളിപ്പടരുമെന്നും അറിയുന്നത് എനിക്ക് ചെറുതല്ലാത്ത സുഖം നല്‍കുന്നു’വെന്ന അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍െറ രചയിതാവ് ജെഫേഴ്സന്‍െറ വാക്കുകള്‍ ഉദ്ധരിച്ച് ബാബാ സാഹെബ് അംബേദ്കര്‍ അധ$സ്ഥിതന്‍െറ മോചനത്തെക്കുറിച്ച് നെയ്തെടുത്ത സ്വപ്നങ്ങളാണ് വൈകിയെങ്കിലും പുലരാന്‍ പോകുന്നത്. 

ഹിന്ദുത്വരാഷ്ട്രീയം കെട്ടിപ്പടുത്തിരിക്കുന്നത് സവര്‍ണവ്യവസ്ഥയെ പരിപാലിക്കുന്ന മനുവാദരാഷ്ട്രീയത്തിലാണെന്നിരിക്കെ, പ്രത്യയശാസ്ത്രത്തിലെ ആന്തരികവൈരുധ്യം താമസിയാതെ ബി.ജെ.പിയുടെ കഴുത്തിനു പിടിക്കുമെന്ന് ആദ്യം മനസ്സിലാക്കേണ്ടത് പാര്‍ട്ടി നേതൃത്വം തന്നെയാണ്.
പാര്‍ലമെന്‍ററി രാഷ്ട്രീയത്തിനു അനുപേക്ഷണീയമായ ജനാധിപത്യരീതികളും കീഴ്വഴക്കങ്ങളും പിന്തുടരുന്നതുകൊണ്ടുമാത്രം ബി.ജെ.പി വര്‍ഗീയഫാഷിസ്റ്റ് പ്രസ്ഥാനമല്ല എന്ന് വിലയിരുത്തുന്നത് ആത്മവഞ്ചനാപരമായിരിക്കും. ബി.ജെ.പിയെ മുന്നില്‍നിര്‍ത്തി ആര്‍.എസ്.എസാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അത്യന്തം നിഗൂഢവും ദുരൂഹവുമായ ഒരു ഭരണഘടനാ ബാഹ്യശക്തിക്കുമുന്നില്‍ സര്‍വസ്വവും സമര്‍പ്പിച്ച് 125കോടി ജനം അധിവസിക്കുന്ന ഒരു രാജ്യത്തിനു എത്രനാള്‍ മുന്നോട്ടുപോവാന്‍ സാധിക്കും എന്ന ചോദ്യമായിരിക്കും വരും ദിവസങ്ങളില്‍ ‘ന്യൂജനറേഷന്‍ പൊളിറ്റിക്സ്’ ഉയര്‍ത്താന്‍ പോകുന്നത്. മോദിസര്‍ക്കാറിലെ സീനിയര്‍ മന്ത്രിമാരെല്ലാം വര്‍ഷാവര്‍ഷം ആര്‍.എസ്.എസ് നേതൃത്വത്തിനു മുന്നില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് ഹാജരാക്കുന്നുണ്ട് എന്ന വാര്‍ത്ത ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ല. ജനാധിപത്യവ്യവസ്ഥ ഇമ്മട്ടില്‍ അട്ടിമറിക്കപ്പെടുന്നതോടൊപ്പം, പൂര്‍ണനഗ്നനായ ജൈനസന്ന്യാസി ഹരിയാന അസംബ്ളിയില്‍ ഗവര്‍ണറുടെ കസേരക്കു മുകളില്‍ കയറിയിരുന്ന് ഉദ്ബോധനം നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടത്തെിച്ച സാംസ്കാരികപരിസരം ഏതുതരത്തിലുള്ള ഋതുപ്പകര്‍ച്ചയിലേക്കാണ് ഹിന്ദുത്വപാര്‍ട്ടി രാജ്യത്തെ കൊണ്ടത്തെിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.