തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിപുലാധികാരം നല്‍കണം

പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തര ബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ സമര്‍പ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പരിഷ്കരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി

തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഇനി വിപ്ളവകരമായ മാറ്റങ്ങളാണുണ്ടാകേണ്ടത്. ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ വിഭാവനംചെയ്യുന്നതും ലക്ഷ്യംവെക്കുന്നതും ഗവണ്‍മെന്‍റിന്‍െറ പ്രാദേശികതലത്തിലെ ഒരു മൂന്നാം ഘടകത്തെയാണ്. പദ്ധതികളുടെ രൂപവത്കരണത്തിനും നടപ്പാക്കുന്നതിനും പ്രാദേശിക ഗവണ്‍മെന്‍റുകളുടെ  ഒരു ഘടകത്തെ പ്രാദേശികതലത്തില്‍ രൂപവത്കരിക്കണമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അനുച്ഛേദം 243 (ജി) പറയുന്നത് സംസ്ഥാന നിയമസഭകള്‍ നിയമാനുസൃതം പഞ്ചായത്തുകള്‍ക്ക് സ്വയംഭരണഘടകമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അധികാരവും ശക്തിയും നല്‍കണമെന്നാണ്. മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ 243 (ഡബ്ള്യു) അനുച്ഛേദവും ഇതുതന്നെ പറയുന്നു. ഇതനുസരിച്ചാണ് കേരളം നിയമമുണ്ടാക്കിയതും അധികാരങ്ങള്‍ അനുവദിച്ചതും. തുടര്‍ന്ന് ജനകീയാസൂത്രണം നടപ്പാക്കി. അധികാരവികേന്ദ്രീകരണത്തിലും വികേന്ദ്രീകൃത ആസൂത്രണത്തിലും കേരളം വളരെ മുന്നില്‍ നില്‍ക്കുന്നു. എന്നാലും കേരളത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗവണ്‍മെന്‍റിനാല്‍ നിയന്ത്രിക്കപ്പെടുന്ന വികസന ഏജന്‍സികള്‍ മാത്രമാണ്. ഇവിടെനിന്നുവേണം പുതിയ ഗവണ്‍മെന്‍റ് ഈരംഗത്ത് എന്തു ചെയ്യണമെന്ന് ചിന്തിക്കാന്‍. അപ്പോള്‍ വിപ്ളവകരമായ മാറ്റങ്ങള്‍തന്നെ വേണമെന്ന് കണ്ടത്തൊന്‍ സാധിക്കും. സംസ്ഥാന ഗവണ്‍മെന്‍റ് കൈമാറ്റംചെയ്ത ചുമതലകളും അധികാരങ്ങളും പൂര്‍ണമായല്ളെങ്കിലും നല്ളൊരു പരിധിവരെയെങ്കിലും കൈകാര്യംചെയ്യാനുള്ള സ്വാതന്ത്ര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അവരുടെ പദ്ധതികളുടെ നടത്തിപ്പിനും ധനപരമായ ചെലവുകള്‍ നിര്‍വഹിക്കുന്നതിനും അനുമതിക്കായി ഗവണ്‍മെന്‍റിനെ സമീപിക്കുന്ന അവസ്ഥ ഒഴിവാക്കപ്പെടണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകളും അധികാരവും വിഭവങ്ങളും ലഭ്യമാക്കണം. പ്രവര്‍ത്തനസ്വാതന്ത്ര്യവും ധനവിനിയോഗത്തിനുള്ള സ്വാതന്ത്ര്യവും കൂടുതല്‍ നല്‍കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായി ലഭ്യമാക്കാന്‍ ഗവണ്‍മെന്‍റിന്‍െറയും മറ്റ് ഏജന്‍സികളുടെയും പ്രവര്‍ത്തനവുമായി സംയോജിപ്പിച്ച് നടപ്പാക്കാനുള്ള പ്രത്യേക ശ്രദ്ധ ഉണ്ടാകണം. ഇന്ന് ഗവണ്‍മെന്‍റിന്‍െറ പ്രവര്‍ത്തനങ്ങള്‍ വേറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ വിഭജിച്ചുമാണ് നടക്കുന്നത്. ഇത് വികസനത്തിന്‍െറ ലക്ഷ്യത്തിന് വിഘാതമായി നില്‍ക്കുന്നു. ഇവ പരസ്പരം ഏകോപിപ്പിച്ചുകൊണ്ടുള്ള ഉദ്ഗ്രഥനമാണ് ഇവിടെ അനിവാര്യം.

ഭരണഘടന അനുച്ഛേദം 243 (ഇസെഡ് ഡി) ജില്ലാ പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ജില്ലാ പ്ളാനിങ് കമ്മിറ്റിയുടെ ചുമതലയിലാണ് ഈ പദ്ധതികള്‍ക്ക് രൂപംനല്‍കേണ്ടത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഭരണഘടനാ ഭേദഗതിക്കുശേഷം ജില്ലാ പ്ളാന്‍ ഉണ്ടാക്കിയിട്ടില്ല. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയും ആലോചിക്കാതെയും ധിറുതിയില്‍ പ്ളാനിങ് കമീഷന്‍ പിരിച്ചുവിട്ടത് എല്ലാവരെയും ഞെട്ടിച്ചതാണ്. അവക്ക് ഉചിതമായ ബദലുകള്‍ ഉണ്ടാക്കാതെയായിരുന്നു ഈ പിരിച്ചുവിടല്‍. എന്നാല്‍, പ്ളാനിങ് രീതി നിര്‍ബന്ധമായും കേരളം നിലനിര്‍ത്തണം.

ജില്ലാ പ്ളാന്‍ ഉണ്ടാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുകയും ജില്ലാ പ്ളാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനും സംയോജിപ്പിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുകയും വേണം. ഈ ലേഖകന്‍ ചെയര്‍മാനായ ലോക്കല്‍ ഗവണ്‍മെന്‍റ് കമീഷന്‍ ഗവണ്‍മെന്‍റിന് മുന്നില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. അതില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞത് ഗ്രാമസഭ/വാര്‍ഡ് സഭകളുടെ ശാക്തീകരണം, പ്രതിബദ്ധത ശക്തിപ്പെടുത്തല്‍, തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളും ആദിവാസി ഗോത്രമേഖലകളുടെ വികസനത്തിന് നല്‍കേണ്ട ഊന്നലുകള്‍, ആരോഗ്യപ്രശ്നങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം, ജില്ലാ പ്ളാനിങ്, പൊതു ശിപാര്‍ശകള്‍, മത്സ്യത്തൊഴിലാളികളുടെ ഉന്നമനം എന്നിവയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്ത ചുമതലകള്‍ നന്നായി നിര്‍വഹിക്കുന്നതിനുള്ള ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. അത് ഗവണ്‍മെന്‍റിന്‍െറ മുമ്പാകെയുണ്ട്. ഗവണ്‍മെന്‍റിന് ഇത് പരിശോധിക്കാവുന്നതാണ്. അവസാനമായി ആവര്‍ത്തിച്ച് സൂചിപ്പിക്കാനുള്ളത് ചരടുകളില്ലാതെ, വിലങ്ങുകളില്ലാതെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഇനിയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായി അനുഭവിക്കാന്‍ സാധിക്കണം എന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.