വിജയമല്ലന്‍

പാവപ്പെട്ട കോടീശ്വരന്മാരുടെ വേദന ആരറിയാന്‍? രാഷ്ട്രീയ രാജാക്കന്മാര്‍ക്കും മാധ്യമപ്രഭുക്കള്‍ക്കും കപ്പംകൊടുത്തുകഴിയുന്ന സാമന്തനായിരുന്നു എന്നും. കോടികളാണ് ആയിനത്തില്‍ ചെലവഴിച്ചത്്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ? പാപ്പരായ കോടീശ്വരനോട് കരുണകാട്ടേണ്ടതല്ളേ? കിങ്ഫിഷര്‍ ബിയര്‍ കുടിക്കുമ്പോഴെങ്കിലും ഈ ദരിദ്രകോടീശ്വരനോട് നന്ദിയുള്ളവരായിരിക്കണം ഇന്ത്യാ രാജ്യത്തിലെ ഓരോ പ്രജയും. സങ്കടംവരുമ്പോഴും സന്തോഷംവരുമ്പോഴും എത്ര കുപ്പിയാണ് അണ്ണാക്കിലേക്ക് കമഴ്ത്തിയിട്ടുള്ളത്?. ശരിയാണ്, ബാങ്കുകള്‍ക്ക് 9000 കോടി കൊടുക്കാനുണ്ട്. കടംകയറി മുടിഞ്ഞ ഒരു ബിസിനസുകാരന് അതെങ്ങനെ തിരിച്ചടക്കാനാവും? ആകെയുണ്ടായിരുന്ന വിമാനക്കമ്പനി പൂട്ടിപ്പോയി. അതിന്‍െറ ആസ്തികള്‍ ഇരുമ്പുവിലയ്ക്ക് ആക്രിക്കച്ചവടക്കാര്‍ക്ക് വിറ്റാല്‍തന്നെ ബാങ്കുകള്‍ക്ക് തിരിച്ചടക്കാനുള്ള കുറച്ച് കോടികള്‍ കിട്ടും.

പക്ഷേ അടയ്ക്കില്ല. കാരണം രാജ്യത്തെ നിയമത്തിനും വ്യവസ്ഥകള്‍ക്കും മീതെ വിരാജിക്കുന്ന മദ്യരാജാവെന്ന പേരുംപെരുമയും പോയിക്കിട്ടും. ആത്മാഭിമാനം വിട്ടൊരു കളിയില്ല. ബാങ്കുകളുടെ കൂട്ടായ്മ നാട്ടില്‍തന്നെ പിടിച്ചുനിര്‍ത്താന്‍ നോക്കിയിട്ട് ഒരു കാര്യവുമില്ല. ലോകം ചുറ്റിനടക്കാനുള്ള ലൈസന്‍സും പാസ്പോര്‍ട്ടും ഭരണകക്ഷി തന്നിട്ടുണ്ട്. നിലവില്‍ ബി.ജെ.പി പിന്തുണയുള്ള രാജ്യസഭാംഗമാണ്, അതുകൊണ്ട് വിമാനത്താവളത്തിലെ പരിശോധകര്‍ കണ്ണടച്ചു. കലണ്ടര്‍ ഗേള്‍സിന്‍െറ തോളില്‍ കൈയിട്ട് ലണ്ടനിലെ ആഡംബര വസതിയിലേക്ക് പറക്കുമ്പോള്‍ പാപ്പരായ ബിസിനസുകാരനല്ല. ജെറ്റ് ഫസ്റ്റ്ക്ളാസിലാണ് പോയത്. കൈയിലുണ്ടായിരുന്നത് ഏഴ് കനപ്പെട്ട ബാഗുകള്‍. വ്യക്തിപരമായി മഹാസമ്പന്നന്‍. പൊതുമേഖലാ ബാങ്കുകള്‍ക്ക് മുന്നില്‍ പ്രാരബ്ധക്കാരന്‍. അതാണ് വിജയ് മല്യ. ബിസിനസിന്‍െറയും രാഷ്ട്രീയത്തിന്‍െറയും മദമാത്സര്യങ്ങള്‍ മാറ്റുരക്കുന്ന ഗോദയില്‍ വിജയശ്രീലാളിതനായ മല്ലന്‍.

കിരീടത്തില്‍ കൊച്ചിന്‍ ഹനീഫ അവതരിപ്പിക്കുന്ന ഹൈദ്രോസിനെപ്പോലെയാണ് ഇന്ത്യയിലെ ബാങ്കുകളുടെ കളി. തെരുവില്‍ കീരിക്കാടന്‍ ജോസ് വീണുകഴിഞ്ഞെന്ന് ഉറപ്പുവരുത്തിയാണ് അയാള്‍ മീശ പിരിച്ച് ധൈര്യംനടിച്ച് കത്തിവീശി വെല്ലുവിളി മുഴക്കുന്നത്. മല്യ നാടുവിട്ടതിനുശേഷമാണ് നമ്മുടെ ബാങ്കുകള്‍ ഇയാളെ നാടുവിട്ടുപോവാന്‍ അനുവദിക്കരുതെന്നും കിട്ടാക്കടം തിരിച്ചുപിടിക്കണമെന്നും പറഞ്ഞ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇയാള്‍ ഇത്രയുംനാള്‍ ഇവിടെയുണ്ടായിരുന്നു. ഭരണയന്ത്രം തിരിക്കുന്നവരുടെയും നിയമസംവിധാനങ്ങളുടെയും കണ്‍മുന്നില്‍. ഒരുപക്ഷേ അവരിലൊരാളായി, രാജ്യസഭാ അംഗമെന്ന നിലയില്‍ നിയമനിര്‍മാതാക്കളിലൊരാളായി നമ്മുടെ ജനാധിപത്യത്തിന്‍െറ സിരാകേന്ദ്രങ്ങളിലൊന്നില്‍ ജനപ്രതിനിധിയുടെ എല്ലാ ആനുകൂല്യങ്ങളോടെയും പരിലസിച്ചു. പാര്‍ലമെന്‍റ് അംഗത്വം ദുരുപയോഗപ്പെടുത്തി ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് രാജ്യംവിട്ടതെന്നും ശ്രുതിയുണ്ട്. അപ്പോള്‍ വിജയ് മല്യ പുഴുക്കുത്തേറ്റ ജനാധിപത്യത്തിന്‍െറ അടയാളങ്ങളിലൊന്നാണ്. പണവും രാഷ്ട്രീയ മാധ്യമബന്ധങ്ങളും ഉപയോഗിച്ച് ഒരാള്‍ക്ക് നിഷ്പ്രയാസം നീതിന്യായവ്യവസ്ഥയെ വെല്ലുവിളിച്ച് കഴിയാന്‍പറ്റും എന്നതിന്‍െറ തെളിവ്.

നിലവില്‍ സിവില്‍ വ്യോമയാന ഉപദേശകസമിതി അംഗമാണ്. വ്യോമയാന മന്ത്രി പശുപതി അശോക് ഗജപതി രാജുവിന്‍െറ അടുത്തിരുന്ന് വ്യോമഗതാഗത വികസനത്തിനുള്ള നയങ്ങള്‍ ഉണ്ടാക്കേണ്ട ആള്‍. നാട്ടുകാരെയും ബാങ്കുകളെയും വെട്ടിച്ച് ഫസ്റ്റ്ക്ളാസ് ജെറ്റില്‍ പറന്നുകളഞ്ഞ ആളാണ് രാജ്യത്തെ വിമാനയാത്രാ സൗകര്യം വികസിപ്പിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കേണ്ടത്. ആയിരം രൂപ ലോണടയ്ക്കാനുണ്ടെങ്കില്‍ സാധാരണക്കാരന്‍െറ വീട്ടുമുറ്റത്ത് ബാങ്കിന്‍െറ പ്രതിനിധി എത്തും. നവതലമുറ ബാങ്കുകളാണെങ്കില്‍ ഗുണ്ടകളെ അയക്കാനും മടിക്കില്ല. അങ്ങനെയുള്ള ഒരു രാജ്യത്ത് 9000 കോടി രൂപ തിരിച്ചടക്കാനുള്ള ആള്‍ സ്വതന്ത്രനായി വിഹരിക്കുകയായിരുന്നു ഇത്രയും നാള്‍. ‘വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍’ (മന$പൂര്‍വം വായ്പ തിരിച്ചടക്കാതിരിക്കുന്ന ആള്‍ എന്ന് അര്‍ഥം) ആയി മല്യയെ ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ട് കൊല്ലങ്ങളായി.

വിമാനക്കമ്പനി തുടങ്ങിയത് 2005ലാണ്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ എടുത്ത വായ്പ തിരിച്ചടക്കാതിരുന്ന കമ്പനിക്ക് ബാങ്കുകള്‍ പിന്നെയും കൊടുത്തു കോടികള്‍. എട്ടുകൊല്ലമാണ് മല്യയുടെ വിമാനങ്ങള്‍ പറന്നത്. ഈ കാലയളവിനുള്ളില്‍ ഒരിക്കല്‍പോലും കമ്പനി ലാഭം ഉണ്ടാക്കിയിട്ടില്ല. ബാങ്കുകള്‍ പിന്നെയും പിന്നെയും കൊടുത്ത വായ്പ ഉപയോഗിച്ച് കൂടുതല്‍ വിമാനങ്ങള്‍ മല്യ ആകാശത്തേക്കുവിട്ടു. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി. ബാങ്കുകള്‍ പിന്നെയും മണ്ടത്തരങ്ങള്‍ ചെയ്തുകൂട്ടി. കമ്പനിക്ക് നല്‍കിയ വായ്പയുടെ ഒരുഭാഗം ഓഹരിയാക്കി മാറ്റി. അതും നിലവില്‍ കമ്പനിക്ക് ഷെയര്‍മാര്‍ക്കറ്റിലുള്ള ഓഹരിവിലയുടെ അറുപതുശതമാനം കൂടുതല്‍ കൊടുത്ത്. കമ്പനി ഓഹരിവിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ ബാങ്കുകള്‍ക്ക് കൈപൊള്ളി. 2012ല്‍ പല സര്‍വിസുകളും റദ്ദാക്കി. ജീവനക്കാര്‍ക്ക് ശമ്പളമില്ലാതായി. പക്ഷേ ബുദ്ധിമാനായ മല്യ വിദേശ വിമാനത്താവളങ്ങളില്‍ ഇറങ്ങാനും തിരിച്ചുപറക്കാനുമുള്ള അവകാശം മറ്റ് വിമാനക്കമ്പനികള്‍ക്ക് വിറ്റ് കോടികള്‍ കൈക്കലാക്കി. കിങ്ഫിഷറിലെ സുന്ദരിമാരായ എയര്‍ ഹോസ്റ്റസുമാരെ തെരഞ്ഞെടുത്തത് സൗന്ദര്യാരാധകനായ മല്യ തന്നെയായിരുന്നു. അവര്‍ പട്ടിണിയിലായി.

1955 ഡിസംബര്‍ 18ന് കൊങ്കണി സംസാരിക്കുന്ന ഗൗഡ സാരസ്വത ബ്രാഹ്മണകുടുംബത്തില്‍ ജനനം. പിതാവ് വിത്തല്‍ മല്യ. മാതാവ് ലളിത രാമയ്യ. പിതാവിന് മംഗലാപുരത്ത് ബിസിനസായിരുന്നു. 1970ല്‍ കൊല്‍ക്കത്ത സെന്‍റ് സേവിയേഴ്സ് കോളജില്‍നിന്ന് വാണിജ്യത്തില്‍ ബിരുദം. കോളജില്‍ പഠിക്കുന്ന കാലത്ത് കുടുംബ ബിസിനസില്‍ സഹായിക്കുമായിരുന്നു. ബിരുദത്തിനുശേഷം അമേരിക്കയിലെ കെമിക്കല്‍സ് കമ്പനിയില്‍ പരിശീലനംനേടി. 28ാം വയസ്സില്‍ പിതാവിന്‍െറ മരണത്തിനുശേഷം യുനൈറ്റഡ് ബ്രവറീസ് ഗ്രൂപ്പിന്‍െറ ചെയര്‍മാനായി. പിതാവിന്‍െറ പല കമ്പനികളെയും ചേര്‍ത്ത് യു.ബി ഗ്രൂപ് ഉണ്ടാക്കി. മദ്യത്തോടായിരുന്നു മല്യക്ക് പ്രിയം. അങ്ങനെ മദ്യ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.

ഒരു പത്രമില്ലാതെ പറ്റില്ളെന്നുവന്നപ്പോള്‍ ദ ഏഷ്യന്‍ ഏജ് തുടങ്ങി. ബോളിവുഡിലെ താരസുന്ദരിമാരും മോഡലുകളും എന്നും ഒരു ദൗര്‍ബല്യമായിരുന്നു. അവരുടെ അപദാനങ്ങള്‍ വാഴ്ത്താന്‍ 2001ല്‍ സിനി ബ്ളിറ്റ്സ് എന്ന സിനിമാ പ്രസിദ്ധീകരണം ആരംഭിച്ചു. ഇന്ത്യന്‍ ബിയര്‍ വിപണിയില്‍ മല്യയുടെ കിങ്ഫിഷര്‍ ബിയറിന് അമ്പതുശതമാനം വിപണിവിഹിതമുണ്ട്. 1986ല്‍ എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസ് സമീറ ത്വയ്ബ്ജിയെ കണ്ടുമുട്ടി. ആ പ്രണയം വിവാഹത്തിലത്തെി. 1987 മേയ് ഏഴിന് സിദ്ധാര്‍ഥ് എന്ന മകന്‍ പിറന്നു. അധികം താമസിയാതെ അവര്‍ വേര്‍പിരിഞ്ഞു. കുട്ടിക്കാലം മുതലേ പരിചയമുണ്ടായിരുന്ന രേഖയെ 1993ല്‍ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ലീന, തന്യ എന്നീ രണ്ട് പെണ്‍മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.