ബിഹാറിൽ ഇടതുപക്ഷത്തിെൻറ ദൗത്യമെന്തായിരുന്നു?

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനെ രാജ്യം മുഴുവൻ ഉറ്റുനോക്കിയത് ബി.ജെ.പിക്കെതിരെ രൂപവത്കരിച്ച വിശാല മതേതരസഖ്യത്തിെൻറ സാന്നിധ്യം കൊണ്ടാണ്. രാജ്യത്തെയാകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർഗീയ ഫാഷിസത്തിനെതിരെ കൈകോർത്ത മതേതര പാർട്ടികൾ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനാണ് ബിഹാറിനെ വേദിയാക്കിയത്. ഡൽഹിയിലെ അധികാരത്തിെൻറ ബലത്തിൽ സംഘ്പരിവാരങ്ങൾ അഴിച്ചുവിട്ട വർഗീയാതിക്രമങ്ങളും ജനാധിപത്യത്തെതന്നെ അവഹേളിക്കുന്ന നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതകളും അസഹിഷ്ണുതയുടെ പേരിൽ ആവർത്തിക്കപ്പെട്ട കൊലപാതകങ്ങളും കണ്ട് നിസ്സഹായനായ ഇന്ത്യക്കാരൻ ആഗ്രഹിച്ച ജനാധിപത്യ പ്രതിരോധത്തിനാണ് ബിഹാറിൽ തുടക്കമിട്ടത്. ലാലുപ്രസാദ് യാദവും നിതീഷ്കുമാറും ചേർന്ന് മുന്നോട്ടുനയിച്ച മതേതര സഖ്യത്തിനൊപ്പമായിരുന്നു കോൺഗ്രസും. ബിഹാറിലെ സ്വന്തം ശേഷിയും ദേശീയ രാഷ്ട്രീയ സാഹചര്യവും മുൻനിർത്തി ഈ സഖ്യത്തിൽ അണിചേരാൻ കോൺഗ്രസെടുത്ത തീരുമാനം സമീപകാല ഇന്ത്യയിലെ ഏറ്റവും പക്വമായ രാഷ്ട്രീയ ചുവടുവെപ്പായിരുന്നു.

ലോകം തന്നെ അതിസൂക്ഷ്മം നിരീക്ഷിച്ച ഈ സുപ്രധാന രാഷ്ട്രീയ സന്ദർഭത്തിൽ ഇന്ത്യൻ ഇടതുപക്ഷം നിർവഹിച്ച സാമൂഹിക ദൗത്യമെന്തായിരുന്നു? ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് നടത്തുന്ന പ്രത്യയശാസ്ത്ര വിശകലനങ്ങൾക്കപ്പുറം ഒരു ജനാധിപത്യ കൂട്ടായ്മക്കൊപ്പംനിന്ന് പ്രായോഗികവും ജനകീയവുമായ വഴികളിലൂടെ അതിനെ നേരിടുന്നതിന് തടസ്സമാകുന്ന ആന്തരിക വൈരുധ്യങ്ങളെ മറികടക്കാനുള്ള ശേഷി ഇടതുപക്ഷത്തിനില്ലെന്നെ വിമർശം ശരിവക്കുന്നതായിരുന്നു അവരുടെ ബിഹാർ നയം. ലാലുവും നിതീഷും നയിച്ച മതേതരസഖ്യത്തിനൊപ്പം നിൽക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പകരം, സി.പി.ഐ, സി.പി.എം, സി.പി.ഐ എം.എൽ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്, എസ്.യു.സി.ഐ എന്നീ ആറ് പാർട്ടികൾ ചേർന്ന ഇടതുമുന്നണിയുണ്ടാക്കി ഒറ്റക്ക് മത്സരിച്ചു. ആകെ 243 സീറ്റുള്ള ബിഹാറിൽ 221 എണ്ണത്തിലും ഇടത് സ്ഥാനാർഥികളുണ്ടായി. ഒറ്റക്ക് മത്സരിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഇടതുപക്ഷം പറഞ്ഞത്. മതേതര മുന്നണിക്ക് ‘ഫ്യൂഡൽ  ജാതി’ സ്വഭാവമുണ്ടെന്നും ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായ സാമ്പത്തിക നയം ഈ മുന്നണിക്കില്ല എന്നും. ഫാഷിസ്റ്റ് തേരോട്ടത്തിന് മുന്നിൽ ഭയവിഹ്വലമായ ഒരു രാജ്യം രാഷ്ട്രീയ പരിഹാരം അന്വേഷിക്കുമ്പോൾ അവിടെ ഏറ്റവുമാദ്യം ഉന്നയിക്കേണ്ട രണ്ട് അടിസ്ഥാനപ്രശ്നങ്ങൾ ഇവയാണെന്ന് മനസ്സിലാക്കാനേ ബിഹാറിൽ ഇടതുപക്ഷത്തിന് കഴിഞ്ഞുള്ളൂ.

മതേതര ചേരിയിലെത്തേണ്ട വോട്ടുകൾ ഭിന്നിപ്പിച്ച് പ്രത്യക്ഷത്തിൽ തന്നെ ഫാഷിസ്റ്റ് മുന്നണിയുടെ സഹായിയായി സ്വയം മാറേണ്ട അവസ്ഥയിലേക്കാണ് ഈ പരിമിതി ഇടതുപക്ഷത്തെ എത്തിച്ചത്.  ഫാഷിസം ഏറ്റവും അക്രമാസക്തമായ കാലത്ത് ഇടതുപക്ഷം കാണിച്ച ഈ ചരിത്രപരമായ വിഢ്ഢിത്തം എത്രമേൽ അപകടകരംകൂടി ആയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ വ്യക്തമാകും. 221 മണ്ഡലങ്ങളിൽ മത്സരിച്ച മുന്നണിക്ക് ആകെ കിട്ടിയത് മൂന്ന് സീറ്റ് മാത്രം. മൂന്നും സി.പി.ഐ എം.എല്ലിന്. തെരഞ്ഞെടുപ്പ് വിജയമല്ല രാഷ്ട്രീയ പ്രസക്തി നിശ്ചയിക്കുന്നത് എന്നത് ശരിയാണ്. എന്നാൽ വലിയ ആശയങ്ങളുടെ പേരിൽ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഫാഷിസ്റ്റ് ചേരിക്ക് നിയമസഭയിൽ കരുത്തുപകർന്നു. ആകെ 53 സീറ്റാണ് ബി.ജെ.പിക്ക് ബിഹാറിൽ കിട്ടിയത്. ഇതിൽ 10 സീറ്റെങ്കിലും സംഭാവനചെയ്തത് അവിടെ ഒറ്റക്ക് മത്സരിച്ച ഇടതുമുന്നണിയാണ്. ചേൻപൂർ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത് വെറും 671 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ്. ഇടതുമുന്നണിക്ക് വേണ്ടി ഇവിടെ മത്സരിച്ച് ആറാം സ്ഥാനത്തെത്തിയ സി.പി എം. സ്ഥാനാർഥി രംഗ്ലാൽ പസ്വാൻ പിടിച്ചത് 2573 വോട്ട്. മതേതര പക്ഷത്തുനിന്ന് ഇടതുമുന്നണി ഒറ്റ തിരിച്ചെടുത്ത വോട്ടുകൾ ബി.ജെ.പിയെ വിജയിപ്പിക്കുന്നത് എങ്ങനെയെന്ന് ഇതിലേറെ പറയേണ്ടതില്ല. ഇത് ഒരിടത്തെ മാത്രം അനുഭവമല്ല.

പിപ്ര മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തെത്തിയ സി.പി.എം പിടിച്ചത് 8,366 വോട്ട്. അവിടെ ബി.ജെ.പി ജയിച്ചത് 3,930 വോട്ടിെൻറ ഭൂരിപക്ഷത്തിൽ. ചൻപാട്ടിയയിൽ ഇടതുമുന്നണി സീറ്റ് സി.പി.ഐക്കായിരുന്നു. മൂന്നാമതെത്തിയ സി.പി.ഐ സ്ഥാനാർഥി പിടിച്ചത് 10,136 വോട്ട്. ഇവിടെ ബി.ജെ.പി ജയിച്ചത് വെറും 404 വോട്ടിന്. ഗോഹിൽ സി.പി.ഐക്ക് കിട്ടിയത് 18,951 വോട്ട്. ബി.ജെ.പി ജയിച്ചത് 7,672 വോട്ടിെൻറ ഭൂരിപക്ഷത്തിന്. ഇതുപോലെ നിരവധി മണ്ഡലങ്ങൾ. ബി.ജെ.പിയും മതേതരചേരിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കണമെന്ന രാഷ്ട്രീയ ബോധവും ഇടതുപാർട്ടികൾ പ്രകടിപ്പിച്ചില്ല. ബിഹാർ ഷരീഫ്, ലാഖിസറൈ പോലുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷത്തോടടുത്ത് നിൽക്കുന്ന വോട്ട് ഇടതുപാർട്ടികൾ നേടിയിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങളിലെങ്കിലും വോട്ട് ചിതറിപ്പോകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞതയും  ഇടതുപക്ഷത്ത് നിന്നുണ്ടായില്ല.

ജാതിസാമ്പത്തിക നയങ്ങളുടെ പേരിൽ  മതേതരചേരിക്കെതിരെ രംഗത്തിറങ്ങിയ ഇടതുപക്ഷം പലയിടത്തും പരസ്പരം മത്സരിക്കുക കൂടി ചെയ്തു. സ്വന്തം നിലപാടുകൾക്ക് പരമാവധി സ്വീകാര്യതയുണ്ടാക്കാൻ മത്സരിച്ചവർ തെരഞ്ഞെടുപ്പിൽ പോലും ഒന്നിച്ച് നിന്നില്ലെന്നർഥം. ബിഹാറിെൻറ പശ്ചാത്തലത്തിൽ ഈ ഭിന്നത അവരുടെ രാഷ്ട്രീയത്തെ കൂടുതൽ ദുരൂഹവും സംശയാസ്പദവുമാക്കുന്നുണ്ട്. ഒന്നിലധികം ഇടത് പാർട്ടികൾ മത്സരിച്ച സ്ഥലങ്ങളിൽ പോലും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ സാധ്യതയെ സഹായിക്കാൻ ഒരൊറ്റ ഇടതുപാർട്ടിയും തയാറായില്ല. പട്ന സാഹിബ് മണ്ഡലം ഇതിന് മികച്ച ഉദാഹരണമാണ്. ഇവിടെ മൂന്ന് ഇടത് പാർട്ടികളാണ് പരസ്പരം മത്സരിച്ചത്. ആർ.എസ്.പി, സി.പി.ഐ എം.എൽ, ഫോർവേഡ് ബ്ലോക് എന്നിവ. യഥാക്രമം നാല്, അഞ്ച്, ഒമ്പത് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട മൂന്ന് പാർട്ടികളും ചേർന്ന് 4,305 വോട്ട് നേടി. ഇവിടെ ആർ.ജെ.ഡിയെ തോൽപിച്ച് ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത് 2,792 വോട്ടിെൻറ ഭൂരിപക്ഷത്തിന്. സുഗൗലിയിൽ പരസ്പരം മത്സരിച്ചത് സി.പി.എമ്മും സി.പി.ഐയും. അഞ്ചും ആറും സ്ഥാനത്തെത്തിയ രണ്ട് പാർട്ടികളും ചേർന്ന് 7000ത്തിലധികം വോട്ട് പിടിച്ചു. ഇവിടെ ബി.ജെ.പിയുടെ ഭൂരിപക്ഷം 7,756. ഇത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമുണ്ടായ സ്ഥിതിവിശേഷമല്ല. ബി.ജെ.പി ജയിച്ച മറ്റ് പല മണ്ഡലങ്ങളിലും ഇടതുപാർട്ടികൾ ഇങ്ങനെ പരസ്പരം മത്സരിച്ചിട്ടുണ്ട്. കുംഹറാറിലും മോട്ടിഹറിലും സി.പി.എമ്മും സി.പി.ഐയും തമ്മിൽ. ബങ്കിപ്പൂരിൽ സി.പി.ഐയും ആർ.എസ്.പിയും തമ്മിൽ. കുർഹാനി, ജാലെ, തറൈയ തുടങ്ങി വിവിധ മണ്ഡലങ്ങളിലും ഇതുകാണാം. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മുഖ്യപ്രമേയമായ ഒരു തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാർട്ടികൾ ഇങ്ങനെ മൂപ്പിളമത്തർക്കത്തിൽ അഭിരമിച്ച് ബി.ജെ.പിയെ സഹായിച്ചതെന്നോർക്കണം. ബിഹാറിൽ വോട്ട് പിളർത്തിയതിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഇടതുപക്ഷം മാത്രമല്ല. ബി.എസ്.പിയും എസ്.പിയും മുതൽ മുസ്ലിം ലീഗും എം.ഐ.എമ്മും എസ്.ഡി.പി ഐയും വരെ ഇക്കൂട്ടത്തിലുണ്ട്.

ഇടതുപക്ഷം മതേതര സഖ്യത്തിൽ ചേർന്നിരുന്നെങ്കിൽ മഹാസഖ്യത്തിന്  സ്വാഭാവികമായി ലഭിക്കുന്ന ചില വോട്ടുകൾ നഷ്ടപ്പെടുമായിരുന്നെന്ന് ബിഹാറിൽ ഏറെ പ്രവർത്തനപരിചയമുള്ള മാധ്യമപ്രവർത്തകനായ ഷാജി ജോസഫ് നിരീക്ഷിച്ചിട്ടുണ്ട്. നേരത്തെ ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന ദലിത് പിന്നാക്ക വിഭാഗങ്ങൾ അവിടെ നിന്ന് മാറി പൂർണമായി നിതീഷിനും ലാലുവിനൊപ്പമായി എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇടത് പാർട്ടികളോട് കൂടുതൽ ആഭിമുഖ്യം കാണിക്കുന്ന ചില ജാതികളും വൻതോതിൽ പിന്നാക്കദലിത് പിന്തുണ ആർജിച്ച മതേതര സഖ്യത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ മഹാസഖ്യത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടു. തങ്ങൾ മത്സരിച്ചതിനാൽ, ഭരണവിരുദ്ധ വികാരത്തിെൻറ പേരിൽ ബി.ജെ.പിക്ക് ലഭിക്കുമായിരുന്ന വോട്ടുകൾ ഭിന്നിപ്പിക്കാൻ കഴിഞ്ഞെന്നും അത് മതേതരസഖ്യത്തിന് സഹായകരമായെന്നുമുള്ള (വിചിത്രമായ) ന്യായം തെരഞ്ഞെടുപ്പിനുശേഷം ഇടത് നേതാക്കളും മുന്നോട്ടുവെക്കുന്നുണ്ടത്രെ. ഇവ രണ്ടും പരിഗണിച്ചാൽ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മക്ക് ഒപ്പം നിൽക്കുന്നതിന് ഇടതുപക്ഷത്തെ തടഞ്ഞ ഘടകങ്ങൾ അത്ര ലളിതമോ നിസ്സാരമോ അല്ലെന്ന് വ്യക്തമാകും.  ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സ്വീകരിക്കേണ്ട സൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകൾ പ്രത്യയശാസ്ത്ര ദുശ്യാഠ്യങ്ങളാൽ അട്ടിമറിക്കപ്പെടുന്നത് ബിഹാറിലായാലും കേരളത്തിലായാലും ബി.ജെ.പിയെ മാത്രമാണ് സഹായിക്കുകയെന്ന് ഇടതുപക്ഷം തിരിച്ചറിയണം. അതിനുപറ്റിയ പാഠമാണ് ബിഹാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.