വിരുദ്ധ വികാരങ്ങളില്‍ ഉരുകി യു.ഡി.എഫ് വീണു

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിരുദ്ധ വികാരങ്ങളിലുരുകി യു.ഡി.എഫ് വീണു. അതേസമയം, ഭരണവിരുദ്ധ വികാരവും വര്‍ഗീയതക്കെതിരായ പ്രതിരോധവും എല്‍.ഡി.എഫിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പിന് കാരണവുമായി.
ബാര്‍ കോഴയടക്കമുള്ള അഴിമതിയെ നിസ്സാരവത്കരിച്ച് എ.കെ. ആന്‍റണിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുതല്‍ താഴത്തേട്ടിലെ നേതാക്കള്‍ വരെ നടത്തിയ പ്രതികരണത്തിനുള്ള മറുപടികൂടിയാണ് ഈ ഫലം. ഭരണത്തിന്‍െറ വിലയിരുത്തല്‍ എന്നുപറഞ്ഞ ഉമ്മന്‍ ചാണ്ടിക്ക് അഴിമതിയടക്കമുള്ള വിഷയങ്ങളെ ജനം എതിര്‍ക്കുന്നെന്ന് ഇനി സമ്മതിക്കാതിരിക്കാനുമാവില്ല. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറയും മന്ത്രി രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങള്‍ കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന അശാന്തി വ്യക്തമാക്കുന്നതുമാണ്. ബാര്‍ കോഴ ജനകീയ കോടതിയിലാണെന്നു പറഞ്ഞ സുധീരന് അതിലെ വിധി വന്നതോടെ നിലപാട് വ്യക്തമാക്കാതിരിക്കാനാവില്ല.
പാലായില്‍ പാര്‍ട്ടി ജയിച്ചതുകൊണ്ട് ബാര്‍ കോഴ പ്രശ്നമല്ളെന്ന മാണിയുടെ പ്രഖ്യാപനത്തിലെ കോണ്‍ഗ്രസ് നിലപാടും പ്രധാനമാണ്. പ്രചാരണമധ്യേ ഉയര്‍ന്ന ‘നേതാവാര്’ എന്ന ചോദ്യം കുറച്ചുകൂടി ശക്തിയായി ഇനി ഉയരുകയും ചെയ്യും. പാര്‍ട്ടിയിലെ ഐക്യമാണ് എല്‍.ഡി.എഫിന് വിജയം നല്‍കിയതെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ അഭിപ്രായം ആ ഭാഗത്തെ ചില സൂചനകളും നല്‍കുന്നുണ്ട്. ത്രിതലത്തിലും നഗര-കോര്‍പറേഷനുകളിലും ബി.ജെ.പി അറിയിച്ച വ്യാപക സാന്നിധ്യം നെയ്യാറ്റിന്‍കര മുതലുള്ള അവരുടെ കേരള യാത്രയുടെ തുടര്‍ച്ചയായി കാണേണ്ടി വരും.
അരുവിക്കരയില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിക്ക് മുഖ്യധാരയില്‍ ഇടംനല്‍കിയ ഉമ്മന്‍ ചാണ്ടിക്കുള്ള മറുപടിയാണ് അവരുടെ തിരുവനന്തപുരത്തെ രണ്ടാം സ്ഥാനം. കോണ്‍ഗ്രസിനെ പിന്നിലാക്കിയാണ് ബി.ജെ.പി തലസ്ഥാന നഗരത്തില്‍ പ്രബലരാവുന്നതും. എസ്.എന്‍.ഡി.പി - ബി.ജെ.പി ബന്ധംകൊണ്ട് തങ്ങള്‍ക്കൊന്നും സംഭവിക്കില്ളെന്നാണ് കോണ്‍ഗ്രസ് കരുതിയതെങ്കിലും ചോര്‍ന്നതില്‍ അവരുടെ വോട്ടുമുണ്ട്. ബീഫ് വിവാദം, കേന്ദ്രത്തിന്‍െറ ന്യൂനപക്ഷ വിരുദ്ധത, എസ്.എന്‍.ഡി.പി - ബി.ജെ.പി ബന്ധം തുടങ്ങിയവയില്‍ യു.ഡി.എഫ് കൈക്കൊണ്ട തണുപ്പന്‍ നിലപാടുകള്‍ ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ പ്രതികരണവും സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. അതേസമയം, ബാര്‍ കോഴയില്‍ മാണിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ വ്യക്തിപരമായ ആക്രമണമാക്കി ചിത്രീകരിച്ച് ധ്രുവീകരണമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നാണ് കോട്ടയത്തെയും മറ്റും ഫലം തെളിയിക്കുന്നത്.
ബി.ജെ.പി സംസ്ഥാനത്താകെ അവരുടെ നില മെച്ചപ്പെടുത്തിയെങ്കിലും അത് വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധംകൊണ്ടാണെന്ന് പറയാനാവില്ല. തന്‍െറ സ്വന്തം വാര്‍ഡില്‍ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തത്തെിക്കാനാണ് അദ്ദേഹത്തിനായത്. അതോടൊപ്പം ഈ കൂട്ടുകെട്ടിനെ എതിര്‍ത്ത എന്‍.എസ്.എസിന്‍െറ ആസ്ഥാനമായ പെരുന്നയില്‍ വിജയിച്ചത് ബി.ജെ.പിയാണെന്ന കൗതുകവുമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്‍െറ പേരില്‍ എല്‍.ഡി.എഫ് വിട്ട ആര്‍.എസ്.പിക്ക് വന്‍ തിരിച്ചടിയാണുണ്ടായത്. പ്രേമചന്ദ്രന്‍ എം.പി ആയി എന്നതൊഴിച്ചാല്‍ പാര്‍ട്ടിക്കോ അവരെക്കൊണ്ട് യു.ഡി.എഫിനോ ഗുണമൊന്നുമുണ്ടായില്ല. മന്ത്രി ഷിബു ബേബിജോണും സ്വന്തം സ്ഥാനാര്‍ഥിയുടെ തോല്‍വിയറിഞ്ഞു. ആര്‍. ബാലകൃഷ്ണപിള്ളയുടെ അവസ്ഥയും വ്യത്യസ്തമല്ല. കൊട്ടാരക്കരയില്‍ അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥികളേറെയും തോറ്റു. എല്‍.ഡി.എഫിന്‍െറ ഒൗദാര്യത്തില്‍ വേണം ഇനി അദ്ദേഹത്തിന് അകത്തുകയറാന്‍. അതേസമയം, പി.സി. ജോര്‍ജ് തന്‍െറ നാട്ടില്‍ ശക്തി പ്രകടിപ്പിച്ചെന്നു മാത്രമല്ല, മാണിക്ക് തലവേദനയായി തുടരുമെന്ന് തെളിയിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളിലെ വന്‍ തിരിച്ചുവരവാണ് സി.പി.എമ്മിന് ആശ്വാസമാവുന്നത്. അടിസ്ഥാന ശക്തി വീണ്ടെടുക്കാനായി എന്നത് മുന്നോട്ടുള്ള പോക്കിന് കരുത്ത് നല്‍കുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.