ഛോട്ടാ രാജന്‍െറ ബഡാസാമ്രാജ്യം

27 വര്‍ഷങ്ങള്‍ക്കുശേഷം അധോലോക നേതാവ് ഛോട്ടാ രാജന്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ പിടിയിലാകുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. രാജന്‍ കീഴടങ്ങിയതോ അതോ പിടിയിലായതുതന്നെയാണോയെന്ന് ആര്‍ക്കും നിശ്ചയമില്ല. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തോഴനായിട്ടാണ് രാജന്‍ എന്നും വിശേഷിപ്പിക്കപ്പെട്ടത്. രാജ്യസ്നേഹമുള്ള അധോലോകക്കാരനായി സ്വയംവാഴ്ത്തുകയും പിന്നീട് മറ്റുള്ളവര്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹീമിന്‍െറ ‘ഡി കമ്പനി’ക്കും പാകിസ്താന്‍െറ ഐ.എസ്.ഐക്കുമെതിരെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായിയാണ് രാജേന്ദ്ര സദാശിവ നിഖല്‍ജെ എന്ന ഛോട്ടാ രാജന്‍. ഡി കമ്പനി, ഐ.എസ്.ഐയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയും അവര്‍ക്കെതിരെയുള്ള ഏജന്‍സികളുടെ രഹസ്യ ഓപറേഷനുകളില്‍ പങ്കാളിയായും രാജനും രാജന്‍െറ ‘സി ആര്‍ കമ്പനി’യും സജീവമായിരുന്നു എന്നാണ് വിവരം. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് രാജന്‍ പിടിയിലായി എന്നത് നാടകമാണെന്ന് സംശയിക്കപ്പെടുന്നത്.
ബാലിയില്‍ നടന്നത് ഒരു കീഴടങ്ങല്‍ നാടകമാണെന്നാണ് മുംബൈ പൊലീസിനകത്തും പുറത്തുമുള്ള സംസാരം. രാജന്‍ പിടിയിലാകുന്നത് പ്രത്യേക സാഹചര്യത്തിലാണെന്നതാണ് സംശയത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇടതും വലതുംനിന്ന ഷാര്‍പ് ഷൂട്ടര്‍മാരില്‍ പലരും കാലുമാറി. ചിലരെ സംശയത്തിന്‍െറപേരില്‍ രാജന്‍തന്നെ വകവരുത്തി. നിലവിലുള്ളവര്‍ക്കിടയില്‍ മൂപ്പന്‍ ആരെന്ന തര്‍ക്കവും സജീവം. അങ്ങനെ കരുത്തുചോര്‍ന്നിരിക്കുന്ന അവസ്ഥ. മാത്രമല്ല, രാജന്‍െറ രണ്ടു വൃക്കകളും തകരാറിലാണ്. ഇടക്കിടെ ഡയാലിസിസിന് വിധേയനാകണം. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പെട്ടെന്നുതന്നെ വിധേയനാകേണ്ടതുണ്ട്. സഹോദരപുത്രന്‍ വൃക്ക നല്‍കാന്‍ തയാറാണ്. മറ്റേതെങ്കിലും രാജ്യത്തുചെന്ന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ രാജന് ധൈര്യമില്ളെന്നാണ് സംസാരം. കരുത്തരായ ആരും കൂടെയില്ലാതെ ഇടതും വലതും ക്ഷയിച്ചുനില്‍ക്കുമ്പോള്‍ എതിരാളിയായ ‘ഡി കമ്പനി’യില്‍നിന്ന് ആക്രമണമുണ്ടായാല്‍ സംരക്ഷിക്കാന്‍ ആരുമില്ല. ഈയിടെ ‘ഡി കമ്പനി’യുടെ വധശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതേയുള്ളൂ. കൊന്നേ അടങ്ങൂയെന്ന മുറവിളിയുമായി ദാവൂദ് ഇബ്രാഹീമിന്‍െറ വലംകൈ ഛോട്ടാ ശക്കീല്‍ തന്‍െറ ഷാര്‍പ് ഷൂട്ടര്‍മാരുമായി കളത്തിലിറങ്ങിയിട്ടുമുണ്ട്. ബാലിയിലും അവരത്തെിയിട്ടുണ്ടെന്നാണ് ഇന്ത്യ, ഇന്തോനേഷ്യന്‍ പൊലീസിന് നല്‍കിയ വിവരം. ഇത്തരം അവസ്ഥയില്‍ എങ്ങനെയാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ രാജന് ധൈര്യമുണ്ടാകുക എന്ന ചോദ്യമാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് കേള്‍ക്കുന്നത്. തിരിച്ചത്തെിയാല്‍ ഇന്ത്യന്‍ ഏജന്‍സികളുടെ കാവലില്‍ രാജന് ശസ്ത്രക്രിയക്ക് വിധേയമാകാം. അതിനുശേഷം ആവശ്യമായ വിശ്രമവും ആകാം.
മുംബൈ അധോലോകത്തെ കാരണവന്മാരില്‍ ഒരാളായ വരദരാജ മുതലിയാരുടെ തട്ടകത്തില്‍നിന്നായിരുന്നു ഛോട്ടാ രാജന്‍െറയും തുടക്കം. എഴുപതുകളുടെ അവസാനത്തില്‍ കുര്‍ള, തിലക്നഗറിലെ സഹകാര്‍ തിയറ്റര്‍ പരിസരത്ത് കരിഞ്ചന്തക്ക് ടിക്കറ്റ് വിറ്റായിരുന്നു അധോലോകത്തേക്ക് കാലെടുത്തുവെച്ചത്. മില്‍ തൊഴിലാളിയായ പിതാവ് സദാശിവ നിഖല്‍ജെക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ പഠിത്തംനിര്‍ത്തി ജീവിതം തേടി ഇറങ്ങിയതായിരുന്നു രാജേന്ദ്രന്‍. മിഥുന്‍ ചക്രവര്‍ത്തിയുടെ കടുത്ത ആരാധകനായ രാജേന്ദ്രന് സിനിമാശാലയിലെ ടിക്കറ്റ് കച്ചവടം നന്നേ രസിച്ചു. അന്ന് ചെമ്പൂര്‍ ഭാഗങ്ങളിലെ തിയറ്ററുകളിലെ കരിഞ്ചന്ത ബിസിനസ് തൃശൂര്‍കാരനായ രാജന്‍ നായരുടെ മേല്‍നോട്ടത്തിലായിരുന്നു. ട്യൂബ് ലൈറ്റ്, സോഡാക്കുപ്പി, സൈക്കിള്‍ ചെയിന്‍, പിച്ചാത്തി എന്നിവയായിരുന്നു ആയുധങ്ങള്‍. അതുകൊണ്ട് എതിരാളിയെ വീഴ്ത്തുന്നവനായിരുന്നു കരുത്തന്‍. അങ്ങനെ കരുത്തുകാട്ടി രാജേന്ദ്ര, രാജന്‍നായരുടെ വലംകൈയായി മാറി. അതോടെ, രാജന്‍നായര്‍ ബഡാരാജനും രാജേന്ദ്ര ഛോട്ടാ രാജനുമായി മാറി. വ്യാജ മദ്യവാറ്റും സംരക്ഷണ പണംവാങ്ങലും മറ്റുമായി രാജന്മാര്‍ കൂറ്റന്‍ ദാദകളായി മാറി. അന്ന് ഇവരുടെ മേഖലയില്‍ പേടിസ്വപ്നമായിരുന്ന യശ്വന്ത് ജാദവിനെയും ഫിലിപ് ഫന്താരെയെയും രാജന്മാര്‍ തല്ലി ഒതുക്കി.
1983ല്‍ ബഡാരാജന്‍ കൊല്ലപ്പെട്ടതോടെയാണ് ഛോട്ടാ രാജന്‍ ദക്ഷിണ മുംബൈയില്‍ കരുത്തനായ ദാവൂദ് ഇബ്രാഹീമുമായി അടുക്കുന്നത്. മറ്റൊരു മലയാളി അധോലോകക്കാരനായ അബ്ദുല്‍ കുഞ്ഞ് എന്ന കാലിയ അബ്ദുല്‍ ആയിരുന്നു ബഡാരാജന്‍െറ കൊലക്കുപിന്നില്‍. രാജനെ തീര്‍ക്കാന്‍ ചന്ദ്രശേഖര്‍ ശഫാലികെയെ അബ്ദുല്‍ കുഞ്ഞ് ഏര്‍പ്പെടുത്തുകയായിരുന്നു. ദക്ഷിണമുംബൈയിലെ കില്ലാ കോര്‍ട്ടിനകത്ത് നാവിക ഉദ്യോഗസ്ഥന്‍െറ വേഷത്തിലത്തെിയ ശെഫാലികെ ബഡാരാജനുനേരെ നിറയൊഴിക്കുകയാണുണ്ടായത്. ബഡാരാജന്‍ ഇല്ലാതായതോടെ സംഘത്തിന്‍െറ തലവന്‍ ഛോട്ടാ രാജനായി മാറി. പിന്നീട് ഛോട്ടാ രാജന്‍ ദാവൂദിന്‍െറ ആളായി മാറുകയായിരുന്നു. അന്ന് കരിം ലാലയുടെ പത്താണ്‍ സംഘവുമായി ദാവൂദ് യുദ്ധത്തിലായിരുന്നു. ദാവൂദിന്‍െറ ജ്യേഷ്ഠന്‍, സഹോദരീഭര്‍ത്താവ് എന്നിവരടക്കം ദാവൂദിന്‍െറ ആളുകളെ പത്താണ്‍സംഘം കൊന്നിരുന്നു. ദാവൂദിനൊപ്പം ചേര്‍ന്ന രാജന്‍ പത്താണ്‍ സംഘത്തിലെ പ്രധാനി കരിംലാലയുടെ സഹോദരപുത്രനായ സമദ്ഖാനെ വെടിവെച്ചിട്ടതോടെ ദാവൂദിന്‍െറ വലംകൈയായി മാറി.
1986ല്‍ ദാവൂദും 1988ല്‍ രാജനും ദുബൈയിലേക്ക് പറന്നു. പിന്നീട് അവിടെയായിരുന്നു ഓപറേഷനുകള്‍. കരിംലാലയുടെ പത്താണ്‍ സംഘവുമായി ദാവൂദ് രമ്യതയിലാവുകയും അധോലോക കച്ചവടം റിയല്‍ എസ്റ്റേറ്റിലേക്കും മറ്റും തിരിയുകയും ദാവൂദ് സംഘത്തിലെ ഛോട്ടാ ശക്കീല്‍, ദാവൂദിന്‍െറ ജ്യേഷ്ഠന്‍ നൂറ, ഇഖ്ബാല്‍ മിര്‍ച്ചി എന്നിവര്‍ ‘ഡി കമ്പനി’യില്‍ ശക്തരാവുകയും ചെയ്തതോടെ ഛോട്ടാ രാജന്‍െറ പ്രാധാന്യം കുറയുകയും ചെയ്തുവെന്നാണ് സംസാരം. ഇത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുതലെടുത്തു. രാജനെ അവര്‍ വശത്താക്കി. 1993ലെ മുംബൈ സ്ഫോടന പരമ്പരക്കു പിന്നാലെ രാജനും ദാവൂദും തമ്മിലുടക്കി. ഇവിടെ രക്ഷക്കത്തെിയത് ഇന്ത്യന്‍ ഏജന്‍സികളാണെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. രാജനെ അവര്‍ ബാങ്കോകിലേക്ക് കടത്തുകയായിരുന്നുവെന്നാണ് സംസാരം. 1993ലെ മുംബൈ സ്ഫോടനപരമ്പരയുടെ മുഖ്യ സൂത്രധാരന്‍ ദാവൂദാണെന്ന് വെളിവായതോടെ രാജന്‍ ദേശ സ്നേഹിയായ അധോലോകക്കാരന്‍െറ പരിവേഷംനേടി. ദാവൂദിന്‍െറ ബിനാമികളെയും സഹായികളായ പ്രമുഖരെയും രാജന്‍ വെടിവെച്ചുകൊന്നു. ഈസ്റ്റ് വെസ്റ്റ് എയര്‍വേസ് ഉടമ തക്കിയുദ്ദീന്‍ വാഹിദും രാജന്‍സംഘത്തിന്‍െറ ദാവൂദ് വിരോധത്തിന് ഇരയാവുകയായിരുന്നുവെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം. ദാവൂദിന്‍െറ സഹായിയായി അറിയപ്പെട്ടിരുന്ന നേപ്പാള്‍ പാര്‍ലമെന്‍റംഗം മിര്‍സാ ദല്‍ശാദ് ബെയിഗിനെ വകവരുത്തിയതും രാജനാണ്.
ബാങ്കോക്കില്‍ രാജനെ വകവരുത്താന്‍ 2000ത്തില്‍ ദാവൂദും ശ്രമംനടത്തി. ഛോട്ടാ ശക്കീല്‍ നടത്തിയ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രാജന്‍ രക്ഷപ്പെട്ടെങ്കിലും വലംകൈയായ രോഹിത് ശര്‍മയും ഭാര്യയും വെടിയേറ്റുമരിച്ചു. അന്ന് ആശുപത്രിയിലായ രാജനെ ഇന്ത്യക്ക് കിട്ടേണ്ടതായിരുന്നു. എന്നാല്‍, ഒടുവില്‍ രാജന്‍ ഹോസ്പിറ്റലില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടാ യത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളൊരുക്കിയ നാടകമായിരുന്നു ആ രക്ഷപ്പെടലെന്നാണ് അന്ന് പ്രചരിക്കപ്പെട്ടത്. രോഹിത് ശര്‍മയുടെ കൊലപാതകത്തിന് രാജന്‍ പകരംവീട്ടിയത് ദാവൂദിന്‍െറ വലംകൈയായ ശരത് ഷെട്ടിയെ വകവരുത്തിയാണ്. രാജന്‍െറ സഹായത്തോടെ 1998നും 2005നുമിടയില്‍ ദാവൂദിനെതിരെ നാലു വധശ്രമങ്ങളത്രെ ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയത്. ഇതിനായി രാജന്‍െറ ഷാര്‍പ് ഷൂട്ടര്‍മാരായ ഫരീദ് തനാഷ, വിക്കി മല്‍ഹോത്ര എന്നിവര്‍ക്ക് ഇന്‍റലിജന്‍സ് ബ്യൂറോ പ്രത്യേകം പരിശീലനം നല്‍കി. 2001 ല്‍ കറാച്ചിയില്‍വെച്ച് ദാവൂദിനെ വധിക്കാന്‍ ശ്രമം നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവസാനനിമിഷം പിന്മാറി. 2005ല്‍ മകളുടെ വിവാഹ സല്‍ക്കാരത്തിനിടെ ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നുഴഞ്ഞു കയറി ദാവൂദിനെ കൊല്ലുകയായിരുന്നു മറ്റൊരു പദ്ധതി. ഇതിനായി വിക്കിയെയും ഫരീദിനെയും ദുബൈയിലേക്ക് പറക്കാന്‍ ഡല്‍ഹിയില്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നവഴി മുംബൈ പൊലീസ് സംഘം പിടികൂടി. അന്നത്തെ ഐ.ബി ഡയറക്ടര്‍ അജിത് കുമാര്‍ ഡോവലിന്‍െറ കാറില്‍നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഇന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവാണ് അജിദ് ഡോവല്‍.
ഈ സംഭവങ്ങള്‍ക്കുശേഷം വിക്കി മല്‍ഹോത്ര, ഫരീദ് തനാഷ തുടങ്ങിയ രാജന്‍െറ ആളുകളെ ദാവൂദ് തന്നിലേക്ക് അടുപ്പിക്കാനാണ് ശ്രമിച്ചതെന്ന് മുംബൈ പൊലീസ്, ‘ഡി കമ്പനി’ വൃത്തങ്ങള്‍ പറയുന്നു. ‘ഡി കമ്പനി’യിലെ ഇഖ്ബാല്‍ മിര്‍ച്ചിയുമായി അടുക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഫരീദ് തനാശയെ രാജന്‍െറ ആളുകള്‍തന്നെ വകവരുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഫരീദും ഇഖ്ബാല്‍ മിര്‍ച്ചിയും തമ്മിലെ അടുപ്പത്തിന് ചുക്കാന്‍പിടിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് പ്രമുഖ ക്രൈംറിപ്പോര്‍ട്ടര്‍ ജെ.ഡേയെ രാജന്‍ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നു. രാജന്‍സംഘത്തിലെ ഭരത് നേപ്പാളിയും പിന്നീട് കൊല്ലപ്പെട്ടു. രാജനുമായി ഇടഞ്ഞ സന്തോഷ് ഷെട്ടി പിടിയിലുമായി. ഒടുവില്‍, വിക്കി മല്‍ഹോത്രയും രാജനെ കൈയൊഴിഞ്ഞു. വിക്കി മല്‍ഹോത്രയത്രെ രാജന്‍ സിഡ്നിയില്‍ കഴിയുന്ന വിവരം ‘ഡി കമ്പനി’ക്ക് ഒറ്റിക്കൊടുത്തത്. തുടര്‍ന്ന് ഛോട്ടാ ശക്കീല്‍ ഷാര്‍പ് ഷൂട്ടര്‍മാരുമായി സിഡ്നിയില്‍ എത്തിയെങ്കിലും രാജന്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഏജന്‍സികള്‍ വിവരം ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നായിരുന്നു രാജന്‍െറ രക്ഷപ്പെടല്‍. ഈ സംഭവം വെളിച്ചത്തായതിനു പിന്നാലെ ആസ്ട്രേലിയന്‍ അധികൃതര്‍ രാജനെ ഇന്തോനേഷ്യയിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്നാണ് പറയുന്നത്. രാജന്‍ പിടിയിലായത് വാര്‍ത്തയായതോടെയാണ് മുംബൈ പൊലീസ് അറിഞ്ഞതെന്നത് മറ്റൊരു കൗതുകമായി.
ദാവൂദുമായി ഉടക്കി സ്വന്തം സാമ്രാജ്യം പടുത്ത രാജന്‍െറ ആസ്തി 4000 കോടി രൂപയാണെന്നാണ് കണക്ക്. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള രാജന്‍െറ ബിസിനസ് ഭാര്യ സുജാതയുടെ മേല്‍നോട്ടത്തിലാണ്. സഹോദരന്‍ ദീപക് നിഖല്‍ജെ ദലിത് പാര്‍ട്ടിയായ ആര്‍.പി.ഐ അത്താവ്ലെ ഗ്രൂപ്പിലെ നേതാവാണ്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.