ഞങ്ങളുടെ ആഘോഷമായിരുന്നു ആ മണികിലുക്കം...

ഒറ്റയ്​ക്ക്​ പാടാതെ ഒന്നിച്ചു പാടുന്ന നാടൻപാട്ട്​ കണക്കെ സ്വന്തം സന്തോഷങ്ങളെ നാടി​​​​​െൻറ ആഘോഷമാക്കലായിരുന്നു കലാഭവൻ മണിയുടെ രീതി. മണിയോടൊത്ത്​ ചിരിച്ച്​ ചിലങ്കയണിഞ്ഞൊഴുകിയ ചാലക്കുടി പുഴയോരത്ത്​ ആ മണിയൊച്ച നിലച്ചിട്ട്​ രണ്ടു വർഷം കഴിയുന്നു. മണി കിലുക്കത്തിൽ മുങ്ങിയ ഒാണനാളുകൾ ആ നാടി​​​​​െൻറ  ആഘോഷങ്ങളായിരുന്നു. നടനും നർത്തകനും കലാഭവൻ മണിയുടെ സഹോദനുമായ ആർ.എൽ.വി രാമകൃഷ്ണൻ  സഹോദരനൊപ്പമുള്ള ഒാണനാളുകൾ ഒാർത്തെടുക്കുകയാണ്​.

ചാലക്കുടിക്കാർ ഒരിക്കലും മറക്കാനിടയില്ല, ചുണ്ടൻ വള്ളങ്ങൾ ചാലക്കുടിപ്പുഴയുടെ ഒാളപ്പരപ്പിൽ നൃത്തമാടുന്നത്. മണിച്ചേട്ട​​​​​​െൻറ   വാശിയിലൊന്നായിരുന്നു അത്. അതിനായി ചാലക്കുടിയിലേക്ക് വള്ളവും ചുമന്ന് ലോറികളെത്തി. തുഴക്കാരെത്തി, ചാലക്കുടി പാലം മുതൽ ചേട്ട​​​​​​െൻറ പാഡി വരെ അങ്ങനെ 12 വള്ളങ്ങൾ നിരന്നു. വീറോടെ അവർ മത്സരിച്ചു. അമരക്കാരനായി ആർപ്പുവിളികളോടെ മണിച്ചേട്ടൻ ഉണ്ടായിരുന്നു. മറക്കാനാകില്ല, ഒരു ചാലക്കുടിക്കാരനും ആ രംഗം.  അന്ന് വള്ളംകളി നടത്താൻ സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചേട്ടൻ ചെലവിട്ടതിന് സാക്ഷിയാണ്​ ഞാൻ. ഏഴുവർഷത്തിലേറെയായി ആ ചരിത്ര സംഭവം അരങ്ങേറിയിട്ട്. അങ്ങനെയായിരുന്നു കലാഭവൻ മണി എന്ന തലക്കുറി മണിയുടെ ഒാരോ ഒാണക്കാലവും. വീട്ടുകാരുമൊത്ത് ഒാണം എന്നതിലുപരി നാട്ടുകാരില്ലാതെ എനിക്കെന്ത് ഒാണം  എന്ന്  തിരുത്തലുകാരനായിരുന്നു ചേട്ടൻ.

ഇല്ലായ്മയോടുള്ള പകരംവീട്ടൽ
രണ്ട് ഒാണം കഴിഞ്ഞിരിക്കുന്നു ചാലക്കുടി മൂകമായിട്ട്. ആഘോഷങ്ങളുടെ ഒാണക്കാലം ചാലക്കുടിക്ക് സമ്മാനിക്കാൻ ചേട്ടനില്ല. പട്ടിണിക്കാലത്ത് അതിജീവനത്തിനായി കഷ്ടപ്പെടുന്ന തലക്കുറിമണിയുടെ ഇല്ലായ്മയുടെ ഒാണത്തി​​​​​െൻറയും കലാഭവൻ മണി എന്ന താരത്തി​​​​​െൻറ ആഘോഷത്തി​​​​​െൻറ ഒാണത്തി​​​​​െൻറയും ഒപ്പം ഞാനുണ്ടായിരുന്നു. 

ഒരാഘോഷവും ത​​​െൻറതു മാത്രമായിരുന്നില്ല മണിച്ചേട്ടന്​, നാടി​​​െൻറ ആഘോഷമായിരുന്നു
 

ഇന്നലെകളുടെ ഇല്ലായ്മയോടുള്ള പകരംവീട്ടൽ കൂടിയായിരുന്നു ചേട്ട​​​​​​െൻറ ഒാണാഘോഷങ്ങൾ. മടിക്കുത്തിൽ കുത്തിനിറച്ച നോട്ടുകെട്ടുകളുമായി ഒാണദിവസം ഇറങ്ങുന്ന ചേട്ടനെ എത്രയോ തവണ കണ്ടിരിക്കുന്നു. ചാലക്കുടി ഗവ. ആശുപത്രി മുതൽ വീടുവരെ ചേട്ടൻ വരുന്നതും കാത്ത് നിറയെ ആളുകളുണ്ടാവും. അതിൽ നാട്ടുകാരുണ്ട്​. ഭിക്ഷക്കാരുണ്ട്​. തമിഴ് തൊഴിലാളികളുണ്ട്​. എല്ലാ വർഷവും മുടങ്ങാതെ എത്തുന്നവരുമുണ്ടാകും. രാവിലെ കുളി കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് തിരിക്കുേമ്പാഴേക്കും ചാലക്കുടി വടക്കൻ ജങ്ഷനിൽ ലോറിയിൽ ചേട്ട​​​​​​െൻറ അരിവണ്ടിയെത്തിയിട്ടുണ്ടാകും. അഞ്ച് കിലോ അരി വിതരണവും പണ വിതരണവും അവിടെയുണ്ടാകും. ജീവിക്കാൻ വകയില്ലാത്ത ഒരുപാടുപേർ അവിടെയെത്തും. രാവിലെ മുതൽ വൈകീട്ട് അഞ്ച് മണിവരെ തേടിയെത്തുന്നവരെ നിരാശരാക്കാതെ പണവും അരിയും മറ്റും കൊടുത്ത് വിടുമായിരുന്നു.  മരിക്കുന്നതുവരെ ചേട്ടൻ ഇൗ സ്വഭാവം തുടർന്നു.  മനസ്സിൽ ഏറെ വിഷമമുണ്ടാക്കിയ സംഭവം ചേട്ടൻ മരിച്ച് കഴിഞ്ഞ പിറ്റേ ഒാണത്തിനായിരുന്നു. ചേട്ടൻ മരിച്ചതറിയാതെ ഒാണ ദിവസം സഹായവും തേടി തമിഴ്നാട്ടുകാരായ ചിലർ വന്നുകൊണ്ടേയിരുന്നു. അവരോട് എന്ത് പറയണമെന്നറിയാതെ കണ്ണു നിറഞ്ഞുപോയി.

 

അടുപ്പുപുകയുന്ന ഒാണനാളുകൾ
വൈന്മേലി കൃഷ്ണൻ മേനോൻ എന്ന ഭൂവുടമയുടെ വീട്ടിലെ കാര്യസ്ഥനായിരുന്നു അച്ഛൻ. ആ വരുമാനം കൊണ്ടാണ് അഞ്ച് സഹോദരിമാരെയും ഞങ്ങൾ മൂന്ന് സഹോദരന്മാരെയും അച്ഛൻ പോറ്റിയത്. രണ്ടറ്റം കൂട്ടിമുട്ടില്ലെന്നറിഞ്ഞതോടെ അമ്മയും വീട്ടുജോലിക്കു പോയി. അച്ഛൻ വാങ്ങിക്കൊണ്ടുവന്നിരുന്ന റേഷനരിയും അമ്മ പണിയെടുത്തിരുന്ന വീടുകളിൽ നിന്ന് കൊണ്ടുവന്ന കറികളും വസ്ത്രങ്ങളുമായിരുന്നു ഞങ്ങൾക്ക് സ്വന്തമായുണ്ടായിരുന്നത്. ഞങ്ങളുടെ വീട്ടിൽത്തന്നെ കറികൾ വെച്ച് കഴിക്കുന്നത്​ ഒാണത്തിനും വിഷുവിനും മാത്രമാണ്​. അച്ഛനാണ് വിശേഷ ദിവസങ്ങളിലെ പാചകക്കാരൻ. ഒാണത്തിന് രണ്ട് മൂന്നുദിവസം മുമ്പുതന്നെ പാചകത്തിനായി ഒരുക്കം തുടങ്ങും. വള്ളിനാരങ്ങ മുറിച്ച് മുളക് ചേർക്കും. മാങ്ങ കറിവെച്ച് പാല് പിഴിഞ്ഞ് ഒഴിച്ചുള്ള കൂട്ടാനുമെക്കെ ഉണ്ടാകും. മണി ചേട്ടൻ അച്ഛനിൽ നിന്ന് വേഗം പാചകം പഠിച്ചെടുത്തു. നല്ല പാചകക്കാരൻ കൂടിയായിരുന്നു ചേട്ടൻ. 

നല്ല പാചകക്കാരനായിരുന്ന അച്ഛനിൽ നിന്ന്​ മണിച്ചേട്ടൻ പാചകം പഠിച്ച്​ ഞങ്ങൾക്ക്​ സദ്യയൊരുക്കി..
 

ഒാണത്തപ്പനെ ഉണ്ടാക്കുന്ന ഉത്തരവാദിത്തം ഞാനും ചേട്ടനുമടങ്ങുന്ന കുട്ടികൾക്കായിരുന്നു. പുഴയിൽ നിന്ന് മണ്ണ്കൊണ്ടുവന്ന് തൃക്കാക്കരയപ്പനെ തല്ലിയുണക്കി ഉണ്ടാക്കും. ഒാണത്തറയുണ്ടാക്കി പൂക്കളമിടും. ഒാണത്തപ്പനെ വെച്ച് ആർപ്പുവിളിക്കാൻ ചേട്ടൻ മിടുക്കനാണ്. ഒാണം ഞങ്ങൾക്ക് വലിയ ആഘോഷമായിരുന്നു. ഇല്ലായ്മകൾക്കിടയിലും ഒത്തുചേരലി​​​​​െൻറയും കളിചിരികളുടെയും ഒാണം. മറ്റേത് ദിവസത്തെയും പോലെ അച്ഛൻ ഇറയത്ത് പായ വിരിച്ച് കിടന്ന് പാടും. ജന്മി കൃഷ്ണമേനോ​​​​​െൻറ പാടത്തെ നെല്ല് മെതിക്കാൻ വീട്ടുമുറ്റം ചാണകം മെഴുകി വൃത്തിയാക്കിയിട്ടുണ്ടാകും അക്കാലത്ത്.
കലാഭവനിൽ ആയപ്പോൾ  പല പറമ്പുകളിലും വേദികളിലും ആയിരുന്നു ചേട്ടൻ. ഒാണത്തിന് പലപ്പോഴും കിട്ടാറില്ല. ദാരി​ദ്ര്യത്തിൽ നിന്ന് മാറി നല്ല വസ്ത്രമുടുക്കാനും ഭക്ഷണമുണ്ണാനും ഞങ്ങൾക്കായത് ചേട്ടൻ ഇൗ മേഖലയിലേക്ക് വന്നതിന് ശേഷമാണ്. അതുവരെ പുതുവസ്ത്രം ഞങ്ങളുടെ ഒാർമയിലില്ല. പിന്നീട് ട്രൂപ്പിൽ വിദേശയാത്രയുമൊക്കെയായി ചേട്ട​​​​​​െൻറ ഒാണനാളുകൾ.

വെള്ളിത്തിരയിലെ നക്ഷത്രം
ഒാണത്തിന് റിലീസ് ചെയ്ത ചേട്ട​​​​​​െൻറ സിനിമ രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലി വാല രാജകുമാരൻ’ ആയിരുന്നു. ചാലക്കുടി അക്കര തിയറ്ററിലേക്ക് വൈകുന്നേരം ആകാംക്ഷയോടെ ചേട്ടനും ചേച്ചിമാരും എല്ലാവരും കൂടി പോയത് ഇനിയും മറന്നിട്ടില്ല. ചേട്ടനെ സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഞങ്ങളുടെ കൂട്ടത്തിൽ ഇരിക്കുന്ന ചേട്ടനെ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന കൗതുകം എനിക്ക് ഉണ്ടായിരുന്നു.

വെള്ളിത്തരിയിലെ മണി
 

 ‘ഏനും എ​​​​​െൻറ കുഞ്ഞേലിയും’ എന്ന നാലുഗാനങ്ങളടങ്ങിയ മഞ്ജു വാരിയരുമൊത്തുള്ള പരിപാടി ദൂരദർശനിൽ വന്നതും ഒരു ഒാണക്കാലത്താണ്. ഞങ്ങളുടെ നാട്ടിലായിരുന്നു ഷൂട്ടിങ്. വീട്ടിൽ ടി.വി വാങ്ങിയ സമയമാണത്​. പിന്നീടാണ് ഒാണപ്പാട്ടുകളിൽ സജീവമായത്.‘തൂശിമേ കൂന്താരോ...’ എന്ന നാടൻ പാട്ടുകളുടെ കാസറ്റ് പിന്നീട് ഇറക്കി. പാട്ടുകൾ എഴുതൽ, കോമഡി സ്കിറ്റ്, പാട്ടുപാടൽ എന്നിവ കൊണ്ട് ബഹളങ്ങളിൽ മുങ്ങിയിരുന്നു ആ ദിനങ്ങളിൽ ഞങ്ങളുടെ കൊച്ചുവീട്. ആ സമയത്ത് നാട്ടിൽ ഒാണാഘോഷങ്ങളിൽ സജീവമായി. പൂക്കളമത്സരം സംഘടിപ്പിക്കൽ, വാഴപ്പിണ്ടി കയറ്റം, വീട്ടമ്മമാർക്ക് പായസ മത്സരം തുടങ്ങിയവ നടത്തി. സ്വന്തം കാശ് മുടക്കിത്തന്നെയായിരുന്നു സംഘാടനം.

നാട്ടുകാർക്കിടയിലെ മണി                                                       ചിത്രം: അജീബ്​ കെമാച്ചി
 

ആ ദിനങ്ങൾ തിരിച്ചുവരില്ല ഒരിക്കലും
രാവിലെ കുളിച്ച് അമ്പലത്തിൽ പോയശേഷം ഉച്ചക്ക് തറവാട്ടിൽ നിന്ന് ഉൗണ് കഴിച്ച് ചേട്ടൻ ചേട്ടത്തിയുടെ വീട്ടിലെത്തി ഉൗണുകഴിച്ച് മടങ്ങും. ഉത്സവങ്ങളിൽ പരമാവധി ആളുകളെ സന്തോഷിപ്പിക്കുക എന്നതായിരുന്നു ചേട്ട​​​​​​െൻറ രീതി. ചെണ്ടയും തുടിയും കൊട്ടി രാവും പകലും വീട്ടുകാരും നാട്ടുകാരുമൊത്ത് ഒാണനാളുകൾ ചെലവിടും. ഇന്നും ഒരുപാടുപേർ ചേട്ട​​​​​​െൻറ വീടുകാണാൻ എത്തുന്നുണ്ട്.

കലാഭവൻ മണിയും അനുജൻ ആർ.എൽ.വി രാമകൃഷ്​ണനും
 

ചേട്ട​​​​​​െൻറ ഒത്തിരി സ്നേഹം ലഭിച്ചവരാണ് അവർ. ചേട്ടൻ പോയി എന്ന സത്യം ഉൾകൊള്ളാൻ ഞങ്ങൾക്കുമായിട്ടില്ല. ചേട്ടൻ പോയ ശേഷം ഞങ്ങളുടെ മുറ്റത്ത് ഒരു പൂക്കളം പോലും ഇട്ടിട്ടില്ല. ശബ്ദാഘോഷം പോലുമില്ല. ഇനി ജീവിതത്തിൽ ആഘോഷങ്ങൾ ഇല്ല. ചേട്ടൻ പോയതോടെ എല്ലാം ഞങ്ങളിൽ നിന്ന് അകന്ന് പോയിരിക്കുന്നു...

ആർ.എൽ.വി രാമകൃഷ്​ണൻ                                              ചിത്രം: അഷ്​കർ ഒരുമനയൂർ
 

 

Tags:    
News Summary - ramakrishnan-onam 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.