മരണത്തിന് മണിക്കൂറുകൾ മുമ്പ് ജൻമദിന കേക്കുമായി ജമീൽ അഹമ്മദും അസ്‌ലം ഷാലുവും
പന്തളം: കളിചിരിയിലും പഠനത്തിലും സേവനത്തിലും ഒരുമിച്ച് നിന്ന ഉറ്റചങ്ങാതിമാർ ഒടുവിൽ മരണത്തിലും ഒന്നിച്ചതിന്റെ വേദനയിലാണ് നാട്ടുകാർ. പന്തളം തോന്നല്ലൂർ ഉളമയിൽ ചാങ്ങിത്ത് വടക്കേതിൽ കെ.എം ഷുക്കൂർ -ഷാഹിന ദമ്പതികളുടെ മകൻ ജമീൽ അഹമ്മദ് (21), പൂഴിയ്ക്കാട് ദാറുൽ റഹ്മായിൽ ഷാലു കാസിമിന്റെ മകൻ അസ്‌ലം ഷലൂ (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ബുധനാഴ്ച രാവിലെ എ.സി റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന അസ്‌ലം ഷലൂ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജമീൽ അഹമ്മദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ഇരുവരും ഒന്നാം ക്ലാസ് മുതൽ ഐ.എച്ച്.ആർ.ഡിയിലെ പഠനം വരെ ഒരുമിച്ചായിരുന്നു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ഇവർ ഇക്കഴിഞ്ഞ റമദാൻ മാസത്തിൽ പള്ളികളിലെ ഇഫ്താർ വിരുന്നുകളിൽ സജീവമായിരുന്നു. ജന്മദിന ദിവസം ജമീൽ അഹമ്മദിന്റെ വീട്ടിലെത്തിയ അസ്‍ലം കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷത്തിൽ പങ്കാളികളായി. രാത്രിയിൽ ജമീലിന്റെ വീട്ടിലായിരുന്നു കിടന്നത്.
റീൽ ചിത്രീകരണത്തിൽ താല്പര്യമുള്ള ഇവർ പുലർച്ചയോടെയാണ് ബൈക്കിൽ ആലപ്പുഴയിലേക്ക് പോയത്. ജന്മദിനാഘോഷ റീൽ ചിത്രീകരിക്കാനായിരുന്നു യാത്ര. കൂട്ടുകാരുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കടയ്ക്കാട് മുസ്‍ലിം ജുമാ മസ്ജിദിൽ അസ്‍ലമിന്റെ ഖബറിനരികിലാണ് പ്രിയ കൂട്ടുകാരൻ ജമീൽ അഹമ്മദിനും ഖബർ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.