ദുബൈ: ജാനകിയമ്മയോടുള്ള സ്നേഹം അഭിലാഷിന്‍റെ രക്തത്തിൽ കലർന്നതാണ്. അച്ഛനും അമ്മയും എസ്. ജാനകിയെന്ന വിഖ്യാത പാട്ടുകാരിയുടെ പാട്ടുകളെ പ്രണയിച്ചവർ. കുഞ്ഞുന്നാൾ മുതൽ വീട്ടിൽ അഭിലാഷ് കേട്ടുവളർന്നത് ആ സ്വരമാധുരി. മാതാപിതാക്കൾക്ക് കേൾപ്പിച്ചുകൊടുക്കാനായി എസ്. ജാനകിയുടെ പാട്ടുകൾ തേടിപ്പിടിക്കുമായിരുന്നു. പതിയെ ആ പാട്ടുകളുടെയും പാട്ടുകാരിയുടെയും കടുത്ത ആരാധകനായി മാറിയതിനൊപ്പം അഭിലാഷ് ആ പാട്ടുവഴികളിലേക്ക് ഇറങ്ങിനടക്കുകയും ചെയ്തു. ആ പാട്ടുകൾ പിറന്ന വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ജീവിതചര്യയായി മാറിയപ്പോൾ അതെല്ലാം കുറിച്ചുവെച്ചു. അങ്ങനെ, അഭിലാഷ് പുതുക്കാട് എന്ന ചെറുപ്പക്കാരൻ എഴുതിയ ‘എസ്. ജാനകി- ആലാപനത്തിലെ തേനും വയമ്പും’ എന്ന സുദീർഘ പുസ്തകം ആ പാട്ടുകളുടെ പിന്നാമ്പുറങ്ങളിലേക്കുള്ള വെളിച്ചമായി.
രണ്ടു ഭാഗങ്ങളിലായി 900 പേജുകളിലായാണ് ‘എസ്. ജാനകി- ആലാപനത്തിലെ തേനും വയമ്പും’ പുറത്തിറങ്ങിയത്. ഒരു ഗായികയെക്കുറിച്ച് ലോകത്തിൽ ഇന്നേവരെ ഇറങ്ങിയ ഏറ്റവും വലിയ പുസ്തകമാണതെന്ന് അഭിലാഷ് പറയുന്നു. 2023ലെ ഷാർജ പുസ്തകോത്സവത്തിലാണ് അത് പ്രകാശനം ചെയ്തത്. അന്യഭാഷയിൽനിന്നെത്തിയ ഗായികയായിട്ടുകൂടി മലയാളത്തിൽ താൻ പാടിയ ഓരോ പാട്ടിനു പിന്നിലെയും ജാനകിയമ്മയുടെ പ്രയത്നവും പൂർണതയിൽ അത് പാടി ഫലിപ്പിക്കാനുള്ള ശ്രമങ്ങളും അതിനുപിന്നിലെ കഥകളുമെല്ലാം അനാവരണം ചെയ്തതായിരുന്നു പുസ്തകം.
ജാനകിയമ്മയുടെ പാട്ടുകളെക്കുറിച്ച് മറ്റ് 10 പുസ്തകങ്ങളുടെ പണിപ്പുരയിലായിരുന്നു തൃശൂർ പുതുക്കാട് സ്വദേശിയായ അഭിലാഷ്. അവരുടെ പ്രശസ്തമായ 10 പാട്ടുകളുടെ വരികളിൽനിന്നാണ് 10 പുസ്തകങ്ങൾക്ക് പേരുകൾ നിശ്ചയിക്കുന്നത്. ഏറക്കുറെ പണി പൂർത്തിയായ പുസ്തകങ്ങൾ അടുത്ത വർഷം പുറത്തിറക്കണമെന്ന ആലോചനയിലായിരുന്നു. ഇതിന് പ്രസാധകരെ തേടി നടക്കുന്നതിനിടയിലാണ് ജാനകിയമ്മയുടെ വിയോഗമെത്തിയതെന്ന് സങ്കടത്തോടെ പറയുന്നു അഭിലാഷ്.
വ്യക്തിപരമായി എസ്. ജാനകിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു അഭിലാഷിന്. അഭിലാഷിന്‍റെ വിവാഹത്തിന് അവർ പുതുക്കാട് എത്തിയിരുന്നു. ‘എനിക്ക് അമ്മയെപ്പോലെയായിരുന്നു അവർ. മിക്കപ്പോഴും ഞാൻ വിളിക്കും. വിഡിയോകോളിലായിരിക്കും അധികവും. കഴിഞ്ഞ ആഴ്ചയും ഞങ്ങൾ സംസാരിച്ചിരുന്നു. എന്‍റെ പിറന്നാളിന് ഒരിക്കൽ വീട്ടിൽവന്നിരുന്നു. ഞാൻ അബൂദബിയിലുള്ള സമയത്തും പലപ്പോഴും വീട്ടിൽവന്നിട്ടുണ്ട്.. ആഗസ്റ്റ് 14ന് ഓണത്തിന് നാട്ടിലേക്ക് പോകാനിരിക്കുകയാണ് ഞാൻ. എന്തായാലും ഓണത്തിന് കുടുംബത്തെക്കൂട്ടി കാണാൻ ചെല്ലണമെന്ന് ജാനകിയമ്മ പറഞ്ഞിരുന്നു. ഇളയ മകളെ കണ്ടിട്ടില്ലെന്ന പരിഭവവും പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ വിഷുവിന് നാട്ടിൽപോയപ്പോൾ മകനെയും കൂട്ടി ഞാൻ അവരെ കാണാൻ പോയിരുന്നു. ഇങ്ങനെയൊരു മടക്കമുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല’ -അഭിലാഷിന്‍റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
അബൂദബിയിലെ ഒരു കമ്പനിയിൽ മാനേജറായി ജോലി നോക്കുകയാണ് അഭിലാഷ്. യു.എ.ഇയിലെത്തിയിട്ട് 20 വർഷമായി. ജോലിത്തിരക്കിനിടയിലും ദിവസം നാലു മണിക്കൂർ എഴുത്തിനായി മാറ്റിവെച്ചിട്ടാണ് 11 വർഷം കൊണ്ട് ‘ആലാപനത്തിലെ തേനും വയമ്പും’ എഴുതി പൂർത്തിയാക്കിയത്. പലരുമായും നിരന്തര ഫോൺകാളുകളും നാട്ടിലെത്തിയാൽ നിർത്താത്ത യാത്രകളുമൊക്കെയായാണ് വിവരങ്ങൾ ശേഖരിച്ചത്. വെക്കേഷന് പോയാൽ അധികവും ആ പാട്ടുകളുടെ പിന്നാലെയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. ജാനകിയമ്മയുടെ പാട്ടുകളെക്കുറിച്ചുള്ള ‘എൻസൈക്ലോപീഡിയ’ തന്നെയായ അഭിലാഷ് അവസാനമായി അവരെ ഒന്നു കാണാൻ കഴിയാത്ത ദുഃഖവും പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.