പിന്നാക്ക മുസ്ലിം വിഭാഗങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലെ ഇടറാത്ത ശബ്ദമായിരുന്നു ഇന്നലെ അന്തരിച്ച എം.എ. സമദ് സാഹിബ്. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, മെക്ക സംസ്ഥാന പ്രസിഡന്റ്, കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, അവസാന ശ്വാസം വരെയും പ്രവർത്തകർക്ക് ആവേശമായി നിലകൊണ്ടു.
മദ്രസാ അധ്യാപകനായിരുന്ന കരുനാഗപ്പള്ളി കന്നേറ്റി കെ. മുഹമ്മദ് കുഞ്ഞ് ലബ്ബയുടെയും ഐഷ കുഞ്ഞിന്റെയും മകനായി 1940 ജൂൺ 16-നാണ് ജനനം. കരുനാഗപ്പള്ളി ടൗൺ എൽ.പി. സ്കൂൾ, യു.പി. സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. മതപഠന രംഗത്തും തൽപരനായിരുന്ന അദ്ദേഹം പ്രമുഖ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ടി.കെ. അബ്ദുല്ലത്തീഫ് മൗലവി കന്നേറ്റി മുസ്ലിം ജമാഅത്തിൽ നടത്തിവന്ന ദർസിൽ ചേർന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപവത്കരണ യോഗത്തിൽ ഉസ്താദിനോടൊപ്പം പങ്കെടുക്കാൻ അവസരം ലഭിച്ച അദ്ദേഹം ദക്ഷിണയുടെ മുഖപത്രമായ 'അന്നസീമി’ന്റെ രണ്ടാം പതിപ്പിൽ ‘ജീവിതം ശ്മശാനം വരെയോ’ എന്ന ലേഖനം എഴുതിക്കൊണ്ട് സംഘടനാ രംഗത്ത് സജീവമായി.
18-ാം വയസ്സിൽ കന്നേറ്റി സി.എം.എസ്. എൽ.പി സ്കൂളിൽ അധ്യാപകനായി സേവനമാരംഭിച്ച അദ്ദേഹം 1995-ൽ തേവള്ളി ഗേൾസ് ഹൈസ്കൂളിൽ നിന്നാണ് വിരമിച്ചത്.
അറബി ഭാഷയുടെ പുരോഗതിക്കും ഭാഷാധ്യാപകരുടെ അവകാശങ്ങൾക്കുമായി വീറോടെ വാദിച്ച എം.എ. സമദ്, 1965-ൽ ട്രാവൻകൂർ കൊച്ചിൻ അറബിക് മുൻഷീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി. പിന്നീട് ‘കേരള അറബിക് മുൻഷീസ് അസോസിയേഷൻ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ തുടർന്നു. ഒരു അറബിക് യൂണിവേഴ്സിറ്റിക്കായുള്ള നിരന്തര പോരാട്ടം അധികാരികൾ പരിഗണിക്കാത്തതിൽ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു.
1980-ൽ രൂപം കൊണ്ട മെക്കയുടെ (മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ) സ്ഥാപക അംഗങ്ങളിൽ പ്രധാനിയായിരുന്ന അദ്ദേഹം 2000 മുതൽ 2006 വരെ സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിലാണ് സംഘടനയുടെ ആസ്ഥാനമായ ‘മെക്ക ഹൗസ്’ എറണാകുളത്ത് സ്ഥാപിതമായത്.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെയും സ്ഥാപക നേതാവായ അദ്ദേഹം ദീർഘകാലം അതിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 1986-ൽ കൊല്ലത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലിയുടെയും, മണ്ഡൽ-മസ്ജിദ് പ്രക്ഷോഭങ്ങളുടെയും മുൻനിര സംഘാടകനായി പ്രവർത്തിച്ചു. രാഷ്ട്രീയ പക്ഷപാതമില്ലാതെ മുസ്ലിം - പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത എം.എ. സമദിന്റെ വേർപാട് കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണ്.
(കേരളാ മുസ് ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറിയും മെക്ക സംസ്ഥാനസെക്രട്ടറിയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.