പിയൂഷ് പാണ്ഡെ ഹൃദയം തൊട്ടപ്പോൾ...

ജീവിതത്തെ സ്പർശിക്കേണ്ടതിന്റെ പ്രാധാന്യം പലരും നമ്മെ പഠിപ്പിച്ചു. എന്നാൽ, ഹൃദയം തൊടേണ്ടതിന്റെ പ്രാധാന്യം പഠിപ്പിച്ചാണ് ഇന്ത്യയുടെ മാസ്റ്റർ ആഡ് മാൻ പിയൂഷ് പാണ്ഡെ വിടപറയുന്നത്

കൊച്ചിയിൽ, ഏതാനും വർഷം മുമ്പ് ഒരു ദിവസം. കേരളത്തിലെ ബ്രാൻഡിങ്-പരസ്യമേഖലയിലുള്ളവർക്കു മുന്നിൽ, തന്റെ സൃഷ്ടികളെയും തൊഴിൽ നൈതികതയെയും കുറിച്ച് സംസാരിക്കുകയാണ് പിയൂഷ് പാണ്ഡെ. എസ്‌.ബി.‌ഐ ലൈഫ് ഇൻഷുറൻസിനുവേണ്ടി താൻ തയാറാക്കിയ വാലന്റൈൻസ് ദിന കാമ്പയിനെക്കുറിച്ച് വിവരിക്കുമ്പോൾ ആ ലെജൻഡിന്റെ കവിളുകളിലൂടെ അക്ഷരാർഥത്തിൽ കണ്ണുനീരൊഴുകി. തന്റെ മുത്തശ്ശിയുമായുള്ള ജീവിത മുഹൂർത്തത്തിൽനിന്ന് തൊട്ടെടുത്തതായിരുന്നു ആ പരസ്യം. ആ പ്രഭാഷണത്തിന്റെ അവസാനംവരെ അദ്ദേഹം വിതുമ്പിയിരുന്നു.

സെപ്റ്റംബറിൽ ദിവാൻ അരുൺ നന്ദയുടെ വിയോഗശേഷം പരസ്യവ്യവസായത്തിന് മറ്റൊരു അതികായനെയാണ് പിയൂഷ് പാണ്ഡെയിലൂടെ നഷ്ടമായത്. അടുത്തടുത്ത മാസങ്ങളിൽ രണ്ട് വലിയ നഷ്ടങ്ങൾ. അരുൺ നന്ദ പ്രാഥമികമായി മികച്ച തന്ത്രജ്ഞനായിരുന്നെങ്കിൽ പിയൂഷ് പാണ്ഡെ കറകളഞ്ഞ സർഗാത്മക രത്നമായിരുന്നു. സർഗശേഷിക്കൊപ്പം സ്ട്രാറ്റജിക് ഇൻപുട്ട് മനോഹരമായി സന്നിവേശിപ്പിക്കുകയും ചെയ്തിരുന്നു.

‘എന്തിനാണ് പിയൂഷ് പാണ്ഡെ പൊതുവേദിയിൽ കരയുന്നതെ’ന്നായിരുന്നു തൊട്ടടുത്തുനിന്ന് ചില സുഹൃത്തുക്കൾ ചോദിച്ചത്. സർഗാത്മകതയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിലാണ് ആ കരച്ചിലിന്റെ ഉത്തരമുള്ളത്. നിധി കണ്ടെത്തുന്നതുവരെ നിങ്ങളെ വിശ്രമിക്കാൻ അനുവദിക്കാത്ത, ജാക്ക്പോട്ട് ലഭിക്കുമ്പോൾ അഡ്രിനാലിൻ കുതിച്ചുകയറുന്ന തരം അഭിനിവേശം. കഴിഞ്ഞ നാല് പതിറ്റാണ്ടായി അദ്ദേഹം അനായാസം ചെയ്തുകാണിച്ചുതന്നത് ആ അഭിനിവേശമാണ്. സർഗാത്മകതയും വികാരവും തമ്മിലുള്ള ബന്ധം ഉൾക്കൊണ്ട വളരെ കുറച്ച് പേർക്ക് മാത്രമേ അന്നത്തെയാ കരച്ചിലിന്റെ കാരണം മനസ്സിലാക്കാനായുള്ളൂ.

പിയൂഷ് പാണ്ഡെയുടെ തത്ത്വചിന്ത ലളിതമാണ്. ആസ്വദിക്കാൻ കഴിയുന്നത് ചെയ്യുക. പാഷൻ ഹൃദയത്തിൽനിന്ന് വരുമ്പോഴാണ് മാജിക് സംഭവിക്കുന്നത്.

വികാരങ്ങൾ മറച്ചുവെക്കേണ്ടവയല്ലെന്നും ഏറ്റവും വൈകാരികമായി തന്നെ അവ പ്രകടിപ്പിക്കണമെന്നുമുള്ള ബോധ്യം അദ്ദേഹം എന്നും പ്രാവർത്തികമാക്കി. ജനങ്ങളുമായി അടുത്തുനിന്ന് പരസ്യങ്ങൾ തയാറാക്കിയാണ് അദ്ദേഹം കളിനിയമങ്ങൾ മാറ്റിമറിച്ചത്. ഡേറ്റയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് പിന്തുണക്കും ദിശ നൽകാനും മാത്രമുള്ളതായിരുന്നു. സർഗാത്മക ഉള്ളടക്കം തന്നെയായിരുന്നു രാജാവ്. സൺലൈറ്റ് ഡിറ്റർജന്റ് പൗഡറിനായി അദ്ദേഹം ആദ്യമായി തയാറാക്കിയ കോപ്പിമുതൽ ഇത് വ്യക്തമാണ്. ക്ലയന്റ് സർവിസിങ് എക്സിക്യൂട്ടിവിൽനിന്ന് ഇന്ത്യൻ പരസ്യവ്യവസായത്തിലെ സർഗാത്മക ഭീമനായി അദ്ദേഹം വളർന്നതിൽ ഒരതിശയവുമില്ല.

ഗ്രാമീണ ഇന്ത്യയെ കണ്ട സർഗപ്രതിഭ

തന്റെ സൃഷ്ടികളിലൂടെ അദ്ദേഹം ആവിഷ്കരിച്ച ജ്ഞാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ക്ലെയന്റിന്റെ ആവശ്യങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങാനും സംക്ഷിപ്തമായി വിവരങ്ങൾ ഉൾക്കൊള്ളാനുമുള്ള കഴിവാണ്. ബ്രീഫിങ് ഉൾക്കൊള്ളുക എന്നത് തുടക്കം മാത്രമാണ്. ആളുകളെയും അവരുടെ ശീലങ്ങളെയും നിരീക്ഷിക്കാനുള്ള കഴിവാണ് പിറകെ വരുന്നത്. ഇത് വീട്ടിൽനിന്നും ചുറ്റുപാടുകളിൽനിന്നും ആരംഭിച്ച് സ്വാഭാവികമായി സമൂഹത്തിലേക്ക് പടരുന്നതാണ്.

സഹകരണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം സഞ്ചരിച്ച് അദ്ദേഹം ചെറുപ്പം മുതൽ ഗ്രാമീണ ഇന്ത്യയെ മനസ്സിലാക്കുന്ന ശീലം വളർത്തിയെടുത്തു. പിന്നീട് ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ നടത്തിയ നിരന്തര ട്രെയിൻ യാത്രകൾ അദ്ദേഹത്തിലെ നിരീക്ഷണ മികവിന് മൂർച്ചകൂട്ടി. വാസ്തുവിദ്യാ കലകളുടെ നാട്ടിൽനിന്നുള്ള അദ്ദേഹം ഒടുവിൽ കോൺക്രീറ്റ് നിർമിതികൾക്ക് പകരം ബ്രാൻഡുകൾ നിർമിക്കുന്ന കല സ്വീകരിക്കാൻ തീരുമാനിച്ചു. ജനങ്ങളെ അദ്ദേഹം എപ്പോഴും പ്രാഥമിക ഗുരുവായി കണ്ടു. കാഴ്ചക്കാരുടെ ബുദ്ധിയെ അദ്ദേഹം ഒരിക്കലും വിലകുറച്ച് കണ്ടില്ല. അവരെ എപ്പോഴും ബഹുമാനിച്ചിരുന്നു. കാൻ സിൽവർ ലയൺ പുരസ്കാരം നേടിയ ഫെവികോളിന്റെ ‘Ultimat Adhesive’ അഥവാ ‘ആത്യന്തികമായ പശ’ എന്ന ഐകോണിക് പരസ്യം ഉദാഹരണമാണ്. ഇവിടെ ക്ലെയന്റും അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ ക്ലൈന്റ് തിരഞ്ഞെടുപ്പുകളുടെ ഗുണനിലവാരവും അവരിൽനിന്ന് അദ്ദേഹത്തിന് ലഭിക്കുന്ന ബഹുമാനവും ഗംഭീരമാണ്.

‘പിരിയരുത്, ഒന്നിക്കുക’

പിയൂഷ് പാണ്ഡെയുടെ ആശയങ്ങളിൽ സന്ദർഭം പ്രധാന പങ്കുവഹിക്കുന്നു. ഇതിൽ ഇന്ത്യ -പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനിടെ പുറത്തിറങ്ങിയ ഇന്ത്യൻ, പാക് സൈനികരെ ഉൾപ്പെടുത്തി തയാറാക്കിയ ഫെവികോൾ പരസ്യം വേറിട്ടുനിൽക്കുന്നു. ‘പിരിയരുത്, ഒന്നിക്കുക’ എന്ന ആശയം മൂർച്ചയുള്ളതും കൃത്യവുമായിരുന്നു. ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും മികച്ച പരസ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കാഡ്ബറി ഡയറി മിൽക്ക് പരസ്യമായ കുച്ച് ഖാസ് ഹേയും അദ്ദേഹത്തിന്റെ നിരീക്ഷണ ശക്തിയിൽനിന്ന് ഉരുത്തിരിഞ്ഞതാണ്.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കുവേണ്ടി കൂടിയുള്ള ചോക്ലേറ്റായി കാഡ്ബറിയെ അവതരിപ്പിക്കാൻ ക്ലൈന്റ് ആഗ്രഹിച്ചപ്പോൾ, എല്ലാ മുതിർന്നവരിലും ഒരു കുട്ടിയുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെ അഭിനിവേശം കണക്കിലെടുക്കുമ്പോൾ ആ ആശയം നടപ്പാക്കാൻ അതിലും മികച്ചൊരു മാർഗമില്ലായിരുന്നു. ബെഞ്ച് മാർക്ക് സൃഷ്ടിക്കുന്നതിൽ പിയൂഷ് പാണ്ഡെ സമർഥനായിരുന്നു. അബ്കി ബാർ മോദി സർക്കാർ പ്രചാരണത്തിൽ അത് വ്യക്തമാണ്. രാഷ്ട്രീയ പരസ്യങ്ങളിൽ ഇത് ഒരു ബെഞ്ച് മാർക്ക് ആയി കണക്കാക്കുന്നു.

‘മിലേ സുർ മേരാ തുമാര’

അദ്ദേഹം ഒരു മികച്ച ടീം മാൻ ആയിരുന്നു. എപ്പോഴും അദ്ദേഹം വിജയങ്ങളുടെ അവകാശം താൻ തെരഞ്ഞെടുത്ത് വളർത്തിക്കൊണ്ടുവന്ന ടീമിന് കൂടി നൽകിയിരുന്നു. മരണക്കിടക്കയിലുള്ള വയോധികൻ പ്രത്യക്ഷപ്പെടുന്ന എം സീലിന്റെ പരസ്യത്തിെൻറ ക്ലൈമാക്സിൽ ടീമംഗത്തിന്റെ നിർദേശം കൂടി ഉൾക്കൊണ്ടാണ് അദ്ദേഹം അതിനെ ഇതിഹാസനിലയിലെത്തിച്ചത്.

ജീവിതത്തെ സ്പർശിക്കേണ്ടതിന്റെ പ്രാധാന്യം പലരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഹൃദയത്തെ തൊടേണ്ടതിന്റെ പ്രാധാന്യം പിയൂഷ് പാണ്ഡെയാണ് പഠിപ്പിച്ചത്. ലോകത്തെങ്ങുമുള്ള നിരവധി സർഗാത്മക മനസ്സുകളെ തന്റെ സൃഷ്ടികളിലൂടെ പ്രചോദിപ്പിച്ച അധ്യാപകനായിരുന്നു അദ്ദേഹം. നമ്മൾ ആടുമ്പോൾ പിടിക്കാനുള്ള പിടിപോലെയായിരുന്നു അദ്ദേഹത്തിന്റെ മീശ. പ്രചോദനത്തിന്റെയൊരു പ്രതീകം. സ്വപ്നങ്ങളെ കഠിനമായി പിന്തുടരാൻ തലമുറകളെ അദ്ദേഹം പ്രചോദിപ്പിച്ചു. പലരും മോക്ഷം നേടി. അത് അവരെ ഏറ്റവും മികച്ചതിലേക്ക് അടുപ്പിച്ചു.

അദ്ദേഹത്തിന്റെ പ്രഫഷനൽ ജീവിതത്തിലെ ഏറ്റവും വലിയ പാഠം, പരസ്യങ്ങൾ മനസ്സുകളെ എളുപ്പത്തിൽ കീഴടക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്നതാണ്. ഒരു കാമ്പയിൻ സ്ഥാപിച്ചെടുക്കുന്നതിന് ബജറ്റ് വർധിപ്പിക്കേണ്ട ആവശ്യമില്ല. അത് ഒപ്റ്റിമൈസ് ചെയ്യേണ്ടതുണ്ട്. ഇതിന് ‘മിലേ സുർ മേരാ തുമാര’ എന്ന ദേശീയോദ്ഗ്രഥന കാമ്പയിനെക്കാൾ മികച്ച ഉദാഹരണമില്ല. പ്രായഭേദമന്യേ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകളുടെ മനസ്സിൽനിന്ന് ഒരിക്കലും മായ്ക്കപ്പെടാത്ത ഒന്നാണത്. അദ്ദേഹത്തിന്റെ സൃഷ്ടികളെപോലെ അദ്ദേഹവും, നമ്മളുമായി കെട്ടിപ്പടുക്കാൻ കഴിഞ്ഞ അഗാധബന്ധം കാരണം ഒരിക്കലും ജനങ്ങളുടെ മനസ്സിൽനിന്ന് മാഞ്ഞുപോവില്ല.

Tags:    
News Summary - Piyush Pandey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.