എം.ടി എന്ന രണ്ടക്ഷരങ്ങൾ നമ്മുടെ സാഹിത്യത്തിന്റെ ഭാഗ്യമുദ്രയാണ്. ഓരോ വാക്കും സൂക്ഷ്മതയോടെമാത്രം ഉപയോഗിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. വൈകാരികസംഘർഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസികചലനങ്ങൾ വായനക്കാരിൽ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്നവിധം ആഖ്യാനം ചെയ്തുകൊണ്ടാണ് മലയാളസാഹിത്യത്തിൽ എം.ടി. വാസുദേവൻനായർ അംഗീകാരം നേടിയത്. വൈയക്തികമായ സൂക്ഷ്മാനുഭവങ്ങളെ യാഥാർത്ഥ്യപ്രതീതിയുള്ള കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും, ഭാവഭദ്രവുമായ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. സംവേദനക്ഷമത അവയെ ആകർഷകമാക്കി, അതുകൊണ്ടുതന്നെ തലമുറകളുടെ ഭേദമില്ലാതെ വായനക്കാർ എം.ടിയുടെ രചനകളെ ഏറ്റെടുത്തു.
ലോക കഥാമത്സരത്തിന്റെ ഭാഗമായി മലയാളത്തിൽ മാതൃഭൂമി നടത്തിയ മത്സരത്തിൽ 1953ൽ ഒന്നാംസമ്മാനാർഹമായത് എം.ടി യുടെ വളർത്തുമൃഗങ്ങൾ എന്ന ചെറുകഥയാണ്. ആ ദശകത്തിൽ തന്നെ ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഓപ്പോൾ തുടങ്ങിയ ചെറുകഥകൾ സ്വന്തമായ ഒരു ലോകവും ഭാഷയുമുള്ള കഥാകൃത്ത് എന്ന മേൽവിലാസം എം.ടിക്കു നേടിക്കൊടുത്തു. ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമത്തിെൻറ സവിശേഷതകളുമൊക്കെ മലയാളകഥാരംഗത്ത് അംഗീകരിക്കപ്പെട്ടു.
എം.ടിക്ക് മലയാള സാഹിത്യത്തിെൻറ മുൻനിരയിൽ സ്ഥാനം നേടിക്കൊടുത്തത് 1958ൽ പുറത്തുവന്ന നാലുകെട്ട് എന്ന നോവലാണ്. കാലക്രമേണ എം.ടി എന്ന രണ്ടക്ഷരം മലയാളസാഹിത്യത്തിലെ അക്ഷരമുദ്രയായിത്തീർന്നു. ഇന്ദുലേഖയ്ക്കു ശേഷം കേരളത്തിലെ സവർണ ജന്മിത്തറവാടുകളിൽ സംഭവിച്ച സാമ്പത്തികത്തകർച്ചയും സമ്പദ്ഘടനയിലെ മാറ്റവും കുടുംബബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലുമുണ്ടാക്കിയ വ്യതിയാനത്തെ ചരിത്രപരമായി അടയാളപ്പെടുത്തിയ നോവലാണ് നാലുകെട്ട്. ഫ്യൂഡൽ സമ്പദ്ഘടനയിൽ നിന്ന് മുതലാളിത്തഘടനയിലേക്കുള്ള സാമ്പത്തികമാറ്റം മനുഷ്യബന്ധങ്ങളിലുണ്ടാക്കിയ വിള്ളലുകളുടെ പ്രതിഫലനങ്ങൾ ഇന്ദുലേഖയിൽത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. സ്വന്തം ദേശവും സ്വന്തം തറവാടും അവിടുത്തെ വ്യക്തികളും തകർച്ചയെ അനുഭവിച്ചതെങ്ങനെയെന്ന് സ്വാനുഭവത്തിന്റെ തീവ്രതയോടെ എം.ടി ചിത്രീകരിച്ചപ്പോൾ നാലുകെട്ട് കാലദേശചരിത്രമായിത്തീരുന്നു. അവ്യവസ്ഥയുടെയും അലങ്കോലങ്ങളുടെയും കാലത്തിൽ ജനിച്ചുവളർന്ന അപ്പുണ്ണിയെന്ന കുട്ടി, ബാല്യകൗമാരയൗവനദശകളിൽ അയാളനുഭവിക്കുന്ന ദാരിദ്രവും അപമാനവും ചൂഷണവും അതുണ്ടാക്കിയ അമർഷവും വിദ്വേഷവും അപ്പുണ്ണിയോടൊപ്പം വളരുന്ന ഒരു കൊടുംനീറ്റലാണ്. നാലുകെട്ട് പൊളിക്കാൻ തീരുമാനിക്കുന്ന കഥാന്ത്യം അന്നത്തെ നിലയിൽ വിക്ഷോഭകരമാണ്.
എം.ടി. വാസുദേവൻനായരുടെ അടുത്ത നോവലാണ് 1962ൽ പ്രസിദ്ധീകരിച്ച അസുരവിത്ത്. അതു കഥാകാരെൻ്റ ജന്മഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന ഒരു പുഴയോരഗ്രാമത്തിലെ തകർച്ചയുടെ നെല്ലിപ്പലക കണ്ട ഒരു നായർത്തറവാടിനെ കേന്ദ്രീകരിച്ചുള്ള കൃതിയാണ്. ആ തറവാട്ടിലെ ഇളമുറക്കാരനായ ഗോവിന്ദൻകുട്ടി എന്ന 22–കാരനെ മുൻനിർത്തിയാണ് ആഖ്യാനം പുരോഗമിക്കുന്നത്. നോവലിന്റെ അടിസ്ഥാനപ്രമേയം മതത്തെ മറയാക്കി സാധാരണമനുഷ്യരെ ചൂഷണം ചെയ്യുകയും അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഇരുണ്ടശക്തികൾക്കെതിരെയുള്ള പ്രതിരോധമാണ്.
1969– ൽ പ്രസിദ്ധീകരിച്ച കാലം ആ കാലഘട്ടത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മയെയും അസ്തിത്വസംഘർഷത്തെയും മാത്രമല്ല, അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന അന്യവൽക്കരണത്തെയും മൂല്യത്തകർച്ചകളെയും ആവിഷ്കരിക്കുന്നു. വ്യത്യസ്തമായ ജീവിതാവസ്ഥയെയും സ്ഥലപശ്ചാത്തലത്തെയും ആധാരമാക്കി ആഖ്യാനത്തിന്റെ പുതിയ മാനങ്ങൾ സാക്ഷാത്കരിച്ച നോവലാണ് മഞ്ഞ്. മുൻനോവലുകളെ അപേക്ഷിച്ച് ദൈർഘ്യം കുറഞ്ഞ, ഭാവകാവ്യത്തിന്റെ കാൽപനിക ചാരുതയുള്ള രചനയാണത്. മഞ്ഞുമൂടിയ നൈനിറ്റാൾ പശ്ചാത്തലമാക്കി പ്രണയഭംഗത്തിന്റെ ഭാരവും പേറി കഴിയുന്ന വിമലയുടെ ഏകാന്തജീവിത്തെ അവതരിപ്പിക്കുന്നു. സ്ഥലഭൂമിക നോവലിന്റെ പ്രാണതന്തുവായിമാറുന്നു.
1978ൽ ആണ് എം.ടിയുടെ അടുത്ത നോവൽ വിലാപയാത്ര പുറത്തുവരുന്നത്. ആ നോവൽ മരണം എന്ന സമസ്യയുടെ സാമൂഹികമാനങ്ങളിലാണു കേന്ദ്രീകരിക്കുന്നത്. പിതാവിന്റെ മരണമറിഞ്ഞ് നാലു സ്ഥലങ്ങളിൽ ജോലിചെയ്യുന്ന നാലു പുത്രന്മാർ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ വരുന്നതും ചിത കത്തിത്തീരുന്നതോടെ സ്ഥലം വിടുന്നതും അവർ നാലുപേരുടെ വീക്ഷണങ്ങളിൽ മാറിമാറി വിലാപയാത്രയിൽ അവതരിപ്പിക്കുന്നു.
ഇതിഹാസം ഇതിവൃത്തം ആക്കിയ ആധുനിക കൃതികളിൽ പല നിലയിലും പ്രധാനപ്പെട്ട ഒന്നാണ് എം.ടിയുടെ രണ്ടാമൂഴം. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായ ഭീമസേനന്റെ കാഴ്ചപ്പാടിൽ കൗരവപാണ്ഢവ സംഘർഷത്തെ ആഖ്യാനം ചെയ്യുന്ന നോവലാണത്. എന്നാൽ അതിലെ ഏറ്റവും കാതലായ ഘടകം ഭീമസേനനു ദ്രൗപദിയോടുള്ള സാക്ഷാൽക്കരിക്കാനാകാതെ പോകുന്ന പ്രണയവും അതിന്റെ നഷ്ടബോധവുമാണ്.
രാജാക്കന്മാരുടെ കഥപറയുന്ന രണ്ടാമൂഴത്തിൽ എം.ടി കീഴാളപക്ഷം തിരിച്ചറിയുന്നുണ്ട്. ഭീമന്റെ ജീവിതത്തിലേക്ക് ആദ്യം കടന്നുവന്ന സ്ത്രീ കാട്ടാളത്തിയായ ഹിഡുംബിയാണ്. ഭീമന്റെ ആദ്യ പുത്രൻ ഘടോൽക്കചനാണ് പാണ്ഡവരുടെ പുത്രന്മാരിൽ മൂത്തവൻ. ബാല്യകൗമാരങ്ങളിൽ പുത്രവാത്സല്യത്തിന്റെ ഒരു കണികപോലും ഭീമൻ അവനു നൽകിയില്ല. ഒടുവിൽ ആ വീരകുമാരന്റെ ബലിയാണ് കുരുക്ഷേത്രത്തിൽ പാണ്ഡവരുടെ വിജയം ഉറപ്പിച്ചത്. രണ്ടാമൂഴത്തിൽ പ്രാധാന്യം നേടുന്ന മറ്റൊരുകഥാംശം വനവാസത്തിനിടയിൽ അരക്കില്ലം ദഹിപ്പിക്കുമ്പോൾ അവിടെ അിയിൽ ആഹൂതി ചെയ്യപ്പെടുന്ന കാട്ടാളത്തിയും അഞ്ച് ആൺമക്കളുമാണ്. അതുപോലെ സ്ത്രീപക്ഷവും തിരിച്ചറിയുന്നു. കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണ്ണീരുകണ്ടു രസിച്ചവരാണ്, വരാൻ പോകുന്ന നിങ്ങളുടെ വധുക്കളെ ഓർത്താണ് എനിക്കിപ്പോൾ ദു:ഖം. അന്ധന്മാർക്കും ഷണ്ഡമാർക്കും വേണ്ടി ആഹൂതിചെയ്യപ്പെട്ട രാജാംഗനകളുടെ നെടുവീർപ്പുകൾ ഈ കൊട്ടാരക്കെട്ടുകളിൽ തേങ്ങിനടക്കുന്നു. ഇവിടെ എന്റെ അഭിപ്രായം ആരും ചോദിക്കില്ല. പണയപ്പണ്ടത്തിന് നാവില്ലല്ലോ എന്നും ദ്രൗപദി ആഞ്ഞടിക്കുന്നു.
വാരാണാസി എന്ന നോവൽ സ്ത്രീകളുമായുള്ള ബന്ധത്തിൽ ഉത്തരവാദിത്തങ്ങളേറ്റെടുക്കാതെ ഒളിച്ചോടിക്കൊണ്ടിരുന്ന സുധാകരന്റെ കഥയാണ്. വ്യവസ്ഥാപിതമായ കുടുംബജീവിതത്തിന്റെ വഴിയിൽ മുന്നേറാനാകാതെ ഒറ്റപ്പെട്ടുപോയ അയാൾ താൻ കുറെക്കാലം ഗവേഷണ വിദ്യാർത്ഥിയായിരുന്ന വാരാണാസിയിൽ വാർധക്യത്തിൽ വീണ്ടും എത്തുകയാണ്. കാശിയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ നോവലിലും മരണം മുഖ്യപ്രമേയമാണ്.
എം.ടി യുടെ കഥകളും നോവലും പോലെ ആകർഷകമാണ് ഉപന്യാസങ്ങളും ലേഖനങ്ങളും. ഉപന്യാസങ്ങളെ അദ്ദേഹം ചെറുകഥപോലെ ഹൃദ്യമാക്കി. എം.ടിയുടെ ഉപന്യാസങ്ങൾ കേന്ദ്രീകരിച്ച പ്രധാന വിഷയമേഖല പാരിസ്ഥിതിക പ്രശ്നങ്ങളാണ്. വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് അദ്ദേഹം ആ വിഷയത്തിലേക്കു വരുന്നത്.
ഏഴ് പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന സജീവമായ എഴുത്തുജീവിതം: അതിൽ നോവലും നാടകവും ലേഖനങ്ങളും തൊട്ട് സിനിമയും സീരിയലും തിരക്കഥകളുമടങ്ങുന്ന വൈവിധ്യമാർന്ന ജനുസുകളിലുള്ള രചനകൾ. പുരാണങ്ങളും ഐതിഹ്യങ്ങളും തൊട്ട് സമകാലികവും സാർവലൗകികവുമായ പ്രമേയങ്ങളെയും ഇതിവൃത്തങ്ങളെയും ആസ്പദമാക്കിയ തിരക്കഥകൾ. മലയാളസിനിമയിലെ വിവിധതലമുറകളിൽപ്പെട്ട സംവിധായകരുമായുള്ള കൂട്ടുകെട്ട്. എ. വിൻസെന്റ്, പി.ഭാസ്കരൻ, കെ.എസ്, സേതുമാധവൻ, പി.എൻ. മേനോൻ, എൻ.എൻ. പിഷാരടി എന്നിവരിൽ തുടങ്ങി ഐ.വി. ശശി, ഹരിഹരൻ, ഭരതൻ പോലുള്ളവരിലൂടെ തുടർന്ന് പ്രതാപ് പോത്തൻ, ഹരികുമാർ, സിബി മലയിൽ, വേണു, കണ്ണൻ എന്നിവർ വരെ ആ നിരനീളുന്നു.
ഇത്ര നീണ്ട കാലം സാഹിത്യത്തിലും സിനിമയിലും സർഗക്ഷമതയോടെയും വമ്പിച്ച ജനപ്രീതിയോടെയും കർമ്മജീവിതം നയിച്ചിട്ടുള്ള എഴുത്തുകാർ അപൂർവമാണ്. അതുകൊണ്ടു തന്നെ എം.ടിയുടെ സർഗജീവിതത്തെ വിശകലനം ചെയ്യുക ദുഷ്കരമാണ്. സാഹിത്യവും സിനിമയും – വാക്കും ദൃശ്യവും വായനയും കാഴ്ചയും തമ്മിലുള്ള സൂക്ഷ്മവും ഗാഢവുമായ പാരസ്പര്യം എം.ടിയുടെ രചനകളിലുണ്ട്. സാഹിത്യത്തിലേക്ക് സിനിമയെയും സിനിമയിലേക്ക് സാഹിത്യത്തെയും ഈ രീതിയിൽ സന്നിവേശിപ്പിച്ച എഴുത്തുകാർ കുറവാണ്. സിനിമാറ്റിക് ആയ എഴുത്തും സാഹിത്യചുവയുള്ള സിനിമയുമാണ് എം.ടിയുടേത്.
എം.ടിയുടെ സിനിമകൾ കണ്ടും കൃതികൾ വായിച്ചും കുട്ടിക്കാലം മുതലേ ആരാധനയോടെ കണ്ട അദ്ദേഹത്തെ അഞ്ചു വർഷം മുൻപ് കോഴിക്കോട്ടെ വസതിയായ സിത്താരയിൽ പ്രിയസുഹൃത്തും കഥാകൃത്തുമായ വിനു എബ്രഹാമിനൊപ്പം സന്ദർശിച്ചത് ഇപ്പോൾ ഓർക്കുന്നു. ഒന്നരമണിക്കൂർ സമയം ഏറെ പ്രഭാമയമായിരുന്നു. ചിരിക്കും വാക്കുകൾക്കും പിശുക്ക് ഉള്ള എം.ടിയെ അല്ല അവിടെ കണ്ടത്. വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഉൾക്കാമ്പുള്ള വാക്കുകൾ സമൃദ്ധമായി, ആവശ്യത്തിന് ചിരിയും ചേർത്ത് ഉപയോഗിക്കുന്ന ഒരു മനുഷ്യനെയാണ്. എം.ടിയുടെ തന്നെ വരികൾ കടം എടുത്താൽ ഒരു മന്ദഹാസത്തിന്റെ പകൽപ്പൂരം ഏറ്റുവാങ്ങിയ നിമിഷങ്ങൾ ആയിരുന്നു അത്. അക്ഷരങ്ങൾ കൊണ്ട് ആത്മാവിനെ തൊട്ട പ്രിയ എം.ടി യ്ക്ക് വിട. സ്നേഹാഞ്ജലികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.