റായ്പൂർ: പാലക്കാട് വാളയാറിൽ ബി.ജെ.പി പ്രവർത്തകരടങ്ങുന്ന സംഘം ബംഗ്ലാദേശിയെന്നാരോപിച്ച് തല്ലിക്കൊന്ന രാം നാരായണന്റെ മൃതദേഹം സംസ്കരിച്ചു. സ്വദേശമായ ചത്തീസ്ഗഢിലെ ശക്തി ജില്ലയിലെ കർഹി വില്ലേജിൽ ഇന്ന് രാവിലെയാണ് മൃതദേഹം സംസ്കരിച്ചത്. വില്ലേജിലെ പൊതുശ്മശാനത്തിൽ ഇന്ന് രാവിലെ ഒമ്പതുമണിക്ക് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. മക്കളായ ആകാശും അനൂജും അന്തിമ കർമങ്ങൾ നിർവഹിച്ചു.
ഇന്നലെയാണ് രാംനാരായണിന്‍റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലേക്കും 11 മണിക്കുള്ള വിമാനത്തിൽ ഛത്തിസ്ഗഢിലേക്കും മൃതദേഹം കൊണ്ടുപോയി. കുടുംബവും ഇതേ വിമാനത്തിൽതന്നെയാണ് നാട്ടിലേക്ക് പോയത്.
അതിനിടെ, കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മർദനസമയത്ത് ഇവരും സ്ഥലത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിൽ എസ്.സി/എസ്.ടി (അതിക്രമം തടയൽ) നിയമം 1989 പ്രകാരവും ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്) സെക്ഷൻ 103(2) പ്രകാരവും കർശന നടപടി സ്വീകരിച്ചതായി പാലക്കാട് ജില്ല ഭരണകൂടം അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട വ്യക്തിക്കെതിരായ അതിക്രമമെന്ന നിലയിൽ ശക്തമായ നടപടിയാണ് എടുത്തത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗൗരവമായി ഇടപെടും. നിയമം കൈയിലെടുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണ്. ജില്ല ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയാണ് നേതൃത്വം നൽകുന്നത്.
അറസ്റ്റിലായവരിൽ ബി.ജെ.പി, സി.ഐ.ടി.യു, കോൺഗ്രസ് പ്രവർത്തകരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കെതിരെ നേരത്തേയും ക്രിമിനൽ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.