ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ വൻസ്ഫോടനത്തിൽ കൊല്ലപ്പെട്ട കുൽഗാം സ്വദേശിയും ക്രൈം ബ്രാഞ്ച് ഫോട്ടോഗ്രാഫറുമായ അർഷാദ് അഹമ്മദ് ഷാ തന്റെ കുഞ്ഞിനൊപ്പം (ഫയൽ ചിത്രം)

കിളിക്കൊഞ്ചലുമായി മകൾ കാത്തിരിക്കുന്നു, അർഷാദി​ന്റെ തിരിച്ചുവരവിന്...

ശ്രീനഗർ: ക്രൈം ബ്രാഞ്ച് ഫോട്ടോഗ്രാഫർ അർഷാദ് അഹമ്മദ് ഷായുടെ മടിയിലിരുന്ന് കൊഞ്ചിക്കളിക്കുന്ന പിഞ്ചുകുഞ്ഞിന്റെ വിഡിയോ ഹൃദയവേദനയോടെയല്ലാതെ ഇപ്പോൾ കണ്ടുനിൽക്കാനാവില്ല. ഇനിയൊരിക്കലും തിരിച്ചുവരാത്ത വാപ്പയെ കാത്ത് അവൾ വീട്ടിൽ കിളിക്കൊഞ്ചലുമായി കാത്തിരിക്കുന്നത് ആരെയും കണ്ണീരണിയിക്കും.

ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ വൻസ്ഫോടനത്തിലാണ് കുൽഗാം സ്വദേശിയും ക്രൈം ബ്രാഞ്ച് ഫോട്ടോഗ്രാഫറുമായ അർഷാദ് അഹമ്മദ് ഷാ (33) അടക്കം ഒമ്പത് പേർ ദാരുണമായി മരിച്ചത്. അർഷാദിന്റെ സഹോദരൻ മുമ്പ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെയും വിയോഗം. രണ്ടുമക്കളുടെയും മരണം മുൻ​ പൊലീസുദ്യോഗസ്ഥൻ കൂടിയായ പിതാവിനെ ആകെ തളർത്തിയിരിക്കുകയാണ്.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പിടികൂടിയ സ്ഫോടക വസ്തുക്കളിൽനിന്ന് സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് അബദ്ധത്തിൽ വൻ സ്ഫോടനം സംഭവിച്ചത്. സംഭവസമയത്ത് പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ, ഫോറൻസിക് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, ഒരു തയ്യൽക്കാരൻ എന്നിവരാണ് മരിച്ചത്. 30-നും 45-നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട എല്ലാവരും.

വെള്ളിയാഴ്ച രാത്രി 10.50ന് ജോലി കഴിഞ്ഞ ശേഷം ഒരുമിച്ച് കുപ്‌വാരയിലെ വീട്ടിലേക്ക് പോകാനായി ഹൈവേയിൽ കാത്തുനിൽക്കാൻ ബന്ധുവിനെ ഫോൺ വിളിച്ച് പറഞ്ഞതായിരുന്നു ഇൻസ്‌പെക്ടർ അസ്രാർ അഹമ്മദ് ഷാ. എന്നാൽ, 30 മിനിറ്റിനുള്ളിൽ എല്ലാം മാറിമറിഞ്ഞു. പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിയുണ്ടാവുകയും അസ്രാർ എ​ന്നെന്നേക്കുമായി യാത്രയാവുകയും ചെയ്തു. 37കാരനായ അസ്രാർ കശ്മീർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം 2010ലാണ് ജമ്മു കശ്മീർ പൊലീസിൽ ചേർന്നത്. അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്.

വഴിയിൽ അ​ദ്ദേഹത്തെ കാത്തിരുന്ന ബന്ധു, സംഭവമറിഞ്ഞ് രാത്രി മുഴുവൻ ശ്രീനഗറിലെ ആശുപത്രികളിൽ കയറി ഇറങ്ങി അസ്രാറിനെ തിരയുകയായിരുന്നു. അടുത്ത ദിവസം രാവിലെ മോർച്ചറിയിൽ വെച്ച് അദ്ദേഹത്തിന്റെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്.

മരിച്ചവരിൽ ത്രാലിൽ നിന്നുള്ള ജാവേദ് മൻസൂർ റാത്തറും (40) ഉൾപ്പെടുന്നു. ക്രൈം ഫോട്ടോഗ്രാഫിയിൽ സ്പെഷ്യലൈസ് ചെയ്ത ഇദ്ദേഹം, നാലു വർഷം മുൻപാണ് പോലീസ് സേനയിൽ കോൺസ്റ്റബിളായി ചേർന്നത്. കൊല്ലപ്പെട്ട സോയിബഗ് സ്വദേശി നായിബ് തഹസിൽദാർ മുസഫർ അഹമ്മദ് ഖാൻ (33) ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‍ലാമിയയിൽ ഫിസിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2020ലാണ് സർക്കാർ സർവിസിൽ പ്രവേശിച്ചത്. റവന്യൂ വകുപ്പിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ സുഹൈൽ അഹമ്മദ് റാത്തറും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

കോൺസ്റ്റബിൾമാരായ ഐജാസ് അഹമ്മദും മുഹമ്മദ് അമീനും ശ്രീനഗറിലെ എഫ്എസ്എല്ലിൽ (FSL) ഫോറൻസിക് ഇൻവെസ്റ്റിഗേഷനിലെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരായിരുന്നു. അവിടെ ലബോറട്ടറി അസിസ്റ്റൻറായി ജോലി ചെയ്തിരുന്നയാളാണ് കൊല്ലപ്പെട്ട ഷൗക്കത്ത് അഹമ്മദ് ശൈഖ്. നൗഗാം പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള തയ്യൽക്കാരനായ മുഹമ്മദ് ഷാഫി, പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

ശ്രീനഗറിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കുള്ള കുപ്‌വാരയിലെ ഷാഹ്‌വാലിയിലുള്ള അസ്രാറിന്റെ വീട്ടിൽ ഡിജിപി നളിൻ പ്രഭാതും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശിച്ചു. അസാധാരണ പ്രഫഷണലിസവും അർപ്പണബോധവുമുള്ള അസ്റാർ പ്രതിബദ്ധതയും സത്യസന്ധയുമുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

Full View

Tags:    
News Summary - Crime photographer Arshad among 9 dead in Nowgam police station blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.